Current Date

Search
Close this search box.
Search
Close this search box.

സുദര്‍ശനനും പെരുന്നാള്‍ നമസ്‌കാരത്തിന്!

sudar.jpg

ഇത്തവണത്തെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷവേളയില്‍ കൗതുകകരമായ ഒരു സംഭവമുണ്ടായി. പെരുന്നാള്‍ ദിവസം രാവിലെ ഭോപ്പാലിലെ ആര്‍. എസ്. എസ് ആസ്ഥാന മന്ദിരത്തില്‍ കഴിയുന്ന സംഘടനയുടെ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ കെ.എസ് സുദര്‍ശനന്‍ തന്റെ വസതിക്ക് കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് തനിക്കിപ്പോള്‍ തന്നെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഭോപ്പാലിലെ താജുല്‍ ഹുദാ പള്ളിയിലേക്ക് പോകണമെന്ന് പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ ആകെ അങ്കലാപ്പിലായി. അവര്‍ ഉടനെ പോലീസിനെ വിവരമറിയിച്ചു. താജുല്‍ മസ്ജിദിലേക്കുള്ള വഴി അപ്പാടെ ട്രാഫിക് ബ്ലോക്കാണെന്നും ഈദ് നമസ്‌കാരം രാവിലെത്തന്നെ കഴിഞ്ഞുപോയെന്നും പോലീസ് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ താജ് മസ്ജിദിന് പുറത്ത് ഈദ് സന്ദേശം കൈമാറുകയായിരുന്ന നഗര വികസന മന്ത്രി ബാബുലാല്‍ ഗൗറിനെ വിളിച്ചു വരുത്തേണ്ടിവന്നു. ഈദ് നമസ്‌കാരമെല്ലാം കഴിഞ്ഞുപോയെന്ന് അദ്ദേഹവും സുദര്‍ശനെ അറിയിച്ചു. പിന്നീട് ബാബുലാല്‍ അദ്ദേഹത്തെ തന്റെയൊരു മുസ്‌ലിം സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോവുകയും അവിടെ വെച്ച് സുദര്‍ശന്‍ ഈദ് സന്ദേശം കൈമാറുകയും അവര്‍ നല്‍കിയ പാലും പഞ്ചസാരയും ചേര്‍ത്ത സിവയ്യാന്‍ ആസ്വദിച്ച് കഴിക്കുകയും ചെയ്തു.

സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസ് (ആഗസ്റ്റ് 21) ‘ഈദ് ആശംസ’ എന്നു തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. മറ്റു പത്രങ്ങള്‍ ഈദ് നമസ്‌കാരം എന്നും. പക്ഷേ എല്ലാ റിപ്പോര്‍ട്ടുകളിലും വന്ന പൊതുവായ സംഗതി സുദര്‍ശനന്‍ താജുല്‍ മസ്ജിദില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ്.

സ്വാഭാവികമായും നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചോദ്യം ഇതാണ്: ഒരു മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവിന്റെ മനസ്സില്‍ എന്തുകൊണ്ടാണ് പള്ളിയില്‍ പോയി നമസ്‌കരിക്കണമെന്ന തോന്നലുണ്ടായത്? ഇനി പെരുന്നാള്‍ സന്ദേശം നല്‍കുക മാത്രമാണ് ഉദ്ദശ്യമെങ്കിലും അതിനും ഒരര്‍ഥവും പ്രാധാന്യവും ഒക്കെയുണ്ട്. കാരണം, മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ. സാദാ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലും അങ്ങനെ ചെയ്യാറില്ല. പിന്നെ എങ്ങനെ അതിന്റെ നേതാക്കള്‍ ചെയ്യും? പ്രായാധിക്യം കാരണം അദ്ദേഹത്തെ മറവി രോഗം ബാധിച്ചിട്ടുണ്ടെന്നും മനോനില തകരാറിലായിട്ടുണ്ടെന്നും അതിന്റെയൊക്കെ ഫലമാണ് ഇത്തരം പെരുമാറ്റങ്ങളെന്നും കരുതുന്നവരാണ് കൂടുതലും. മറ്റു ചില രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരിക്കല്‍ രാവിലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ കാണാതാവുകയുണ്ടായി. മണിക്കുറുകള്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ കണ്ടെത്താനായത്. എണ്‍പത് കഴിഞ്ഞ ഒരാള്‍ക്ക് ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, സംഭവത്തിന് അസാധാരണമായ ചില മാനങ്ങളുണ്ടെന്നാണ് ഈ കുറിപ്പുകാരന് തോന്നുന്നത്. മനഃശാസ്ത്രവും മനസ്സിന്റെ ചാഞ്ചാട്ടങ്ങളും പഠന വിധേയമാക്കുന്നവര്‍ക്ക് ഇതില്‍ ചിലതെല്ലാം പഠിക്കാനുണ്ട്.

സുദര്‍ശനന്‍ ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന സമുന്നത നേതാവാണ്. നല്ല വിദ്യാസമ്പന്നനാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും അധ്യാപനങ്ങളും അദ്ദേഹം പഠിച്ചിരിക്കാന്‍ ഇടയുണ്ട്. സുദര്‍ശനടക്കമുള്ള നിരവധി ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ നല്‍കാറുണ്ടായിരുന്നു. 1975-ലെ അടിയന്തരാവസ്ഥ കാലത്ത് ആ സംഘടനയുടെ നേതാക്കളുമായി ജയിലില്‍ വെച്ച് ആശയ വിനിമയം നടത്താനും ജമാഅത്ത് നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. സുദര്‍ശനന്‍ ആര്‍.എസ്.എസ് അധ്യക്ഷനായിരിക്കെ മുസ്‌ലിം നേതാക്കളുമായും പണ്ഡിതരുമായും ഒരു സംവാദവും സംഘടിപ്പിച്ചിരുന്നു. ഈ ആവശ്യാര്‍ഥം അദ്ദേഹം ഒരിക്കല്‍ ദല്‍ഹിയിലെ ജംഇയത്തുല്‍ ഉലമ ആസ്ഥാനവും സന്ദര്‍ശിച്ചിരുന്നു. ഒരു പക്ഷേ ഈ പഠനങ്ങളും സംവാദങ്ങളും ചര്‍ചകളും അദ്ദേഹത്തിന്റെ അബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. വേണമെങ്കില്‍ അങ്ങനെയും നമുക്ക് അനുമാനിക്കാമല്ലോ. ജീവിതം അതിന്റെ അന്ത്യത്തോടടുക്കുന്നു എന്ന തോന്നലുണ്ടാവുമ്പോള്‍ മിക്കയാളുകളും ജീവിതത്തെക്കുറിച്ച് മുമ്പത്തേക്കാള്‍ സ്വതന്ത്രമായും മുന്‍ധാരണകളില്ലാതെയും ചിന്തിച്ചു തുടങ്ങും. സര്‍വശക്തനായ തമ്പുരാന്‍ ആര്‍ക്ക്, എപ്പോള്‍, എങ്ങനെ സത്യപ്രകാശം കാണിച്ചുകൊടുക്കും എന്ന് നമുക്ക് പറയാനാവില്ലല്ലോ.

(ദഅ്‌വത്ത് ത്രൈദിനം 2012 ആഗസ്റ്റ് 29)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

 

Related Articles