Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തത്തിന്റെ 10 വര്‍ഷങ്ങള്‍

2010 ഡിസംബര്‍ പകുതിയോടെയാണ് തുനീഷ്യന്‍ നഗരമായ സെയ്ദ് ബൗസീദില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആദ്യമായി ആരംഭിക്കുന്നത്. അന്ന് തൊഴിലില്ലാത്ത സര്‍വകലാശാല ബിരുദധാരിയായിരുന്നു 20കാരനായ സകരിയ ഹംദി. പ്രതിഷേധക്കാരെ തെരുവിലിറക്കിയ നിരാശയുടെയും കോപത്തിന്റെയും അതേ അളവ് തന്നെ ഹംദിയുടെ മനസ്സിലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സുരക്ഷ സേനയുടെ അടിച്ചമര്‍ത്തലൊന്നും വകവെക്കാതെ അദ്ദേഹവും തെരുവിലിറങ്ങിയത്. ബൗസീദിലെ 90 ശതമാനം ചെറുപ്പക്കാരുടെയും അവസ്ഥ എന്നെപ്പോലെ തന്നെയായിരുന്നു.

ഞങ്ങള്‍ സര്‍വകലാശാലകളില്‍ പോയി, എന്നാല്‍ കഫേകളില്‍ കയറിയാല്‍ ഒരു കോഫി അല്ലെങ്കില്‍ സിഗരറ്റിന് പണം നല്‍കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഞങ്ങളെ പരോപജീവികളായാണ് അധികൃതര്‍ കണ്ടത്- ഹംദി അല്‍ജസീറയോട് പറഞ്ഞു.

സിസംബര്‍ 17ന് സീദി ബൗസീദിലെ തെരുവ് കച്ചവടക്കാരനായ മുഹമ്മദ് ബൗസൂസിയെന്ന യുവാവ് ആത്മഹത്യ ചെയ്തതോടെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തിരി തെളിഞ്ഞത്. അദ്ദേഹത്തിന്റെ കട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയ ശേഷം ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ബൗസൂസിയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കടുത്ത നിരാശയാണ് അദ്ദേഹത്തെ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ രാജ്യമൊന്നാകെ സര്‍ക്കാരിന്റെ അഴിമതിക്കും അസമത്വത്തിനും തൊഴിലില്ലായ്മക്കുമെതിരെ സര്‍ക്കാര്‍ താഴെയിറങ്ങണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചു.

മറ്റുള്ളവരും മെച്ചപ്പെട്ട ജീവിതവും കൂടുതല്‍ പ്രതീക്ഷകളും ആഗ്രഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇതാണ് ബൗസൂസിയും സ്വപ്നം കണ്ടിരുന്നത്. അദ്ദേഹവും ഞങ്ങളെപ്പോലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ജീവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ തന്റെ ജീവിതവഴിയില്‍ പൊലിസ് വിലങ്ങുതടിയായി നില്‍ക്കുന്നത് അവന്‍ കണ്ടു. തുടര്‍ന്നുണ്ടായ നിരാശ അവനെ തീ കൊളുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ജനങ്ങളുടെ പ്രകോപനം വര്‍ധിക്കുന്നതിനിടെ ജനുവരിയില്‍ പ്രസിഡന്റ് സൈനുല്‍ ആബീദീന്‍ ബിന്‍ അലി രാജി വെക്കാന്‍ നിര്‍ബന്ധിതനായി. അപ്പോഴേക്കും മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ജനകീയ പ്രക്ഷോഭം പടര്‍ന്നിരുന്നു. ഈജിപ്ത്, സിറിയ, യെമന്‍, ലിബിയ എന്നിവിടങ്ങളിലെല്ലാം അറബ് വസന്തമെന്ന പേരിലുളള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. മേഖലയിലുടനീളമുള്ള സര്‍ക്കാറുകള്‍ തിരിച്ചടി നേരിട്ടു. അഴിമതി, സാമ്പത്തിക ഞെരുക്കം, അസമത്വം, സാമ്പത്തിക നയങ്ങളുടെ ഫലമായുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവയെല്ലാം നിരവധി പേരുടെ കണ്ണില്‍ ഈ സര്‍ക്കാരുകള്‍ക്കെതിരെ തിരിച്ചടി നേരിട്ടു.

നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍

തുനീഷ്യയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പ്രതിഷേധം അതിവേഗം വ്യാപിച്ചത് ചില നിരീക്ഷകരെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ വക്കിലെത്തിയ നിരവധി രാജ്യങ്ങളില്‍ സ്ഥിരതയുണ്ടായിരുന്നുവെന്ന ഒരു ധാരണ ഉണ്ടായിരുന്നു, പ്രത്യേകിച്ചും അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരും സ്ഥാപനങ്ങളും അങ്ങിനെയാണ് നിരീക്ഷിച്ചുപോന്നിരുന്നത്.

തുനീഷ്യക്ക് സുസ്ഥിര സമ്പദ്‌വ്യവസ്ഥയുള്ളതായാണ് പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ ജനസംഖ്യയുള്ള ഇവിടെ വാര്‍ഷിക ജി ഡി പി വളര്‍ച്ച ശരാശരി അഞ്ച് ശതമാനമായിരുന്നു. ഈജിപ്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ടായിരുന്നെങ്കിലും വരുമാന അസമത്വ നിരക്ക് 2000ല്‍ 36.1 ശതമാനത്തില്‍ നിന്ന് 2009ല്‍ 30.7 ശതമാനമായി ഇടിഞ്ഞിരുന്നു.

തുനീഷ്യയിലെ സാമ്പത്തിക കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു എന്നാണ് തുനീഷ്യന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് മുഹമ്മദ് ദിയ ഹമാമി പറയുന്നത്. ഭരണകൂടത്തിന്റെ പതനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പ്രതിഷേധക്കാര്‍ തെരുവില്‍ കഴിയുമ്പോള്‍, ലോക ബാങ്ക് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, തുനീഷ്യ ഈ മേഖലയിലെ മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള ഒരു മാതൃകയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു അത്. കൂടുതല്‍ വിവരമുള്ള ആളുകള്‍, തുനീഷ്യന്‍ തീരത്തെ ആസ്ഥാനമാക്കി ജീവിക്കുന്ന വരേണ്യവര്‍ഗങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ പിന്തുടരുകയും എല്ലാം ശരിയായി നടക്കുന്നുവെന്ന് കരുതുകയും വിപണിയില്‍ ഉദാരവല്‍ക്കരണ നയം തുടരുകയും ചെയ്തു.

ബിന്‍ അലിയുടെ രണ്ടു പതിറ്റാണ്ടിന്റെ ഭരണത്തില്‍ 200ലധികം സംസ്ഥാന സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു, മുന്‍ പ്രസിഡന്റ് ഹബീബ് ബൗര്‍ഗിബയുടെ കീഴില്‍ നിലവിലുണ്ടായിരുന്ന ക്ഷേമ നയങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വികലമായ സാമ്പത്തിക നയങ്ങളാണ് ബിന്‍ അലി ഭരണകൂടവും അദ്ദേഹത്തിന്റെ അനുയായികളും നടപ്പിലാക്കിയിരുന്നത് എന്ന് നിരവധി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ ഒരുപാട് പഠിച്ചിറങ്ങി. എന്നാല്‍ ഇവര്‍ക്ക് വേണ്ട തൊഴിലവസരങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇത്തരം അവസരങ്ങള്‍ നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വരെ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങി.

മേഖലയിലെ കുഴപ്പങ്ങള്‍

അറബ് വസന്തം പ്രതിഷേധം നേരിട്ട ഓരോ രാജ്യത്തിനും അതിന്റേതായ സവിശേഷമായ ആഭ്യന്തര സാഹചര്യങ്ങളുണ്ടായിരുന്നു. നിരവധി ആളുകള്‍ സാമ്പത്തിക ഞെരുക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ വരേണ്യവര്‍ഗ്ഗം സമ്പത്തികമായി വളരുകയും ചെയ്തു. ഈ വിഷയം പരിചിതമായ ഒന്നായിരുന്നു. മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യെമനില്‍ 2007ലെ ഹിറാക് പ്രതിഷേധം ക്രമേണ വിഘടനവാദ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ രക്ഷാധികാര ശൃംഖലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ നേരിടാന്‍ കഴിയാത്തതിന്റെ ഫലമായിരുന്നു അത്.

2007നും 2011നും ഇടയില്‍ ഈജിപ്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായി വര്‍ധിച്ചു. അറബ് വസന്തത്തിന് 10 വര്‍ഷത്തിനിപ്പുറവും പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ പല സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പരിഹരിക്കപ്പെടാതെ തന്നെ കിടക്കുകയാണ്. ലിബിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ ഭീകരമായ ആഭ്യന്തര യുദ്ധത്തിന് കീഴിലാണ്. ഈജിപ്തില്‍ ജനാധിപത്യം അഭിവൃദ്ധി പ്രാപിച്ചിട്ടില്ല. ഇവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന തുനീഷ്യയെ ശോഭനമായ കഥയായാണ് കണക്കാക്കുന്നത്. ടുണീഷ്യക്കാര്‍ക്ക് അവരുടെ നേതാക്കള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമെങ്കിലും, പ്രക്ഷോഭത്തിന് കാരണമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അവശേഷിക്കുന്നു.

അറബ് വസന്തത്തിനു മുമ്പ് നിങ്ങള്‍ സെയ്ദ് ബൗസീദില്‍ പോയി ഇപ്പോള്‍ തിരിച്ചുപോയി നോക്കിയാല്‍, അവിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇപ്പോഴും പഴയ താമസസ്ഥലത്ത് കഴിയുന്ന സകരിയ ഹംദി പറയുന്നു. ‘തൊഴിലില്ലായ്മ വര്‍ദ്ധിച്ചു; രാഷ്ട്രീയ നേതൃത്വം ഞങ്ങളോട് ക്ഷമയോടെയിരിക്കാന്‍ പറയുന്നു, പക്ഷേ ആളുകള്‍ക്ക് എത്രത്തോളം ക്ഷമിക്കാന്‍ കഴിയും? 2010ല്‍ ജോലി, സ്വാതന്ത്ര്യം, ദേശീയത,അന്തസ്സ് എന്നിവയായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം, ഇപ്പോള്‍ ഒരു തുനീഷ്യക്കാരന്റെ സ്വപ്നം ഒരു ഗ്യാസ് കാനിസ്റ്ററും അവന്റെ കുട്ടികള്‍ക്കായി ഒരു കഷണം റൊട്ടിയുാണ്- ഹംദി പറഞ്ഞു നിര്‍ത്തി.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്‌

Related Articles