Current Date

Search
Close this search box.
Search
Close this search box.

‘ഹയ്യാക്കല്ലാഹ്, അബൂമിശ്അല്‍ ‘

palestine1.jpg

പരേതനായ സര്‍വോദയ നേതാവ് കെ കേളപ്പന്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനം നടത്തി വരവെ, മേലാളന്മാരുടെ അടിയേറ്റു വന്ന ഒരു പാവത്തോട് പറഞ്ഞതിങ്ങനെ “എത്രകാലമായെടാ തമ്പുരാന്‍ തല്ലിയെന്നു പറഞ്ഞു കരയുന്നു. ഇനി തമ്പുരാനെ അടിച്ച വിവരവുമായി വാ, കേസ് ഞാന്‍ നടത്താം”.

വൈറ്റ് ഹൗസ് വാഴുന്ന തമ്പുരാന്‍ കുനിയാന്‍ പറഞ്ഞാല്‍ കുമ്പിടുകയും നടക്കാന്‍ പറഞ്ഞാല്‍ ഓടുകയും ചെയ്യുന്ന അനുഭവങ്ങള്‍ കണ്ടു മടുത്തവരാണ് നാം. നാല് പതിറ്റാണ്ടുകാലം അടിയന്തരാവസ്ഥയുടെ ഉരുക്കു മുഷ്ടിയില്‍ നൈലിന്‍ തീരം ഭരിച്ച അഭിനവ ഫിര്‍ഔന്‍, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഹമാസിനെ ഭീകരവാദികളായി മുദ്രകുത്തുകയും ഗസക്ക് നേരെ ബോംബ് വര്‍ഷിപ്പിക്കുമ്പോള്‍ ചര്‍ച്ചക്ക് ചെന്ന മഹാ പണ്ഡിതന്മാര്‍ക്ക് നേരെ വാതിലടക്കുകയും ചെയ്തത് നാല് വര്‍ഷം മുമ്പാണ്.

ഈയൊരു ചുറ്റുപാടിലാണ് അറബ് വസന്തം സുഗന്ധം പരത്തുന്ന ഈജിപ്തിന്റെ മണ്ണില്‍ വിമാനമിറങ്ങി, റഫാഹ് അതിര്‍ത്തിയിലൂടെ കരമാര്‍ഗം ഖത്തര്‍ അമീര്‍ നടത്തിയ സന്ദര്‍ശനം ചരിത്ര പ്രസിദ്ധവും ശ്രദ്ധേയവുമാകുന്നത്. വര്‍ഷങ്ങളോളം ഇരുട്ടിലും ചൂടിലും കഴിഞ്ഞ ഇമാം ശാഫി പിറന്ന ഗസ നിവാസികള്‍ക്ക് കഴിഞ്ഞ റമദാനില്‍ ദോഹയില്‍ നിന്ന് ഇന്ധനവും വാതകവുമെത്തിച്ചത് ഏറെ ആശ്വാസമായിരുന്നു. ഒറ്റയും ഇരട്ടയുമല്ലാത്ത ന്യായം പറഞ്ഞ് ഹമാസ് നേതാക്കളെ പല രാഷ്ട്ര തലവന്മാരും അകറ്റി നിര്‍ത്തിയപ്പോള്‍ ഖാലിദ് മിശ്അലിനെ, അബു മിശ്അല്‍ എന്ന് വിളിപ്പേരുള്ള അമീര്‍ വജ്ബ പാലസില്‍ പല തവണ സ്വീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്റ്റേറ്റ് മസ്ജിദില്‍ ഇസ്മാഈല്‍ ഹനിയ്യ ഖുതുബ നടത്തുമ്പോള്‍ ശ്രോതാവായി ശെയ്ഖ് ഹമദ് താഴെയുണ്ടായിരുന്നു. “വിസ്തൃതിയില്‍ ചെറുതെങ്കിലും നിലപാടുകളില്‍ വിശാലമാണ് ഖത്തര്‍” എന്ന് അദ്ദേഹം  അന്ന് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഈ സന്ദര്‍ശനം തെളിയിച്ചിരിക്കുന്നു. നൂറ് കണക്കിന് വീടുകളും അനേകം രോഗികള്‍ക്ക് ആശ്വാസം പകരുന്ന ആശുപത്രിയും, ഖുദ്‌സിന്റെ മോചകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ പേരിലുള്ള ദീര്‍ഘദൂര പാതയുമൊക്കെ ഉയര്‍ന്നു വരുമ്പോള്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തിലും അത് അനുസ്മരിക്കപ്പെടും.

സ്വതന്ത്ര ഫലസ്തീന്‍ അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്നും വന്‍രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് നയവും ഇസ്രായേല്‍ അനുകൂല നിലപാടുമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമെന്നും പറഞ്ഞത് ഒരു കൊച്ചുരാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ ധീരമായ വാചകങ്ങളാണ്.

അറബി ശൈലിയില്‍ പറഞ്ഞു പോവുന്നു. ‘ഹയ്യാകല്ലാഹ്, അബൂമിശ്അല്‍’ (ദൈവം അങ്ങയെ തുണക്കട്ടെ)
 

Related Articles