Current Date

Search
Close this search box.
Search
Close this search box.

സ്‌കാര്‍ഫ് അഴിക്കേണ്ടി വരുന്ന തായ് മുസ്‌ലിംകള്‍

തായ്‌ലാന്റിന് പുറത്ത് ജീവിക്കുന്നവര്‍ അതിനെ ഏകസ്വഭാവമുള്ള ഒരു സമൂഹമായിട്ടാണ് കാണുന്നത്. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ അവിടെ ധാരാളം വൈവിധ്യങ്ങളുണ്ടെന്ന് വ്യക്തമാകും.
അനൗദ്യോഗിക മതമാണെങ്കിലും ഭൂരിഭാഗം തായ്കളും ബുദ്ധമതവിശ്വാസികളാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധേയമായ രീതിയില്‍ തന്നെ ക്രിസ്ത്യന്‍, കണ്‍ഫൂഷ്യസ്, ഹിന്ദു, ജൂത, സിഖ്, താഓ മതവിശ്വാസികളുടെയും സാന്നിദ്ധ്യം അവിടെയുണ്ട്. 64 മില്യണ്‍ വരുന്ന തായ്‌ലന്റിന്റെ ജനസംഖ്യയില്‍ 10 ശതമാനവും മുസ്‌ലിംകളാണെന്നതാണ് വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. തായ്‌ലാന്റിലെ രണ്ടാമത്തെ വലിയ മതവിഭാഗമാണ് മുസ്‌ലിംകള്‍. തായ് മുസ്‌ലിംകളില്‍ പേര്‍ഷ്യന്‍, കമ്പോഡിയന്‍, ബംഗാളി, ഇന്ത്യന്‍, പാകിസ്ഥാനി, ചൈനീസ് വംശപരമ്പരിയില്‍ നിന്നുള്ളവരാണെങ്കിലും ഭൂരിഭാഗവും മലയ്കള്‍ തന്നെയാണ്.

മുസ്‌ലിം – തായ് സംസ്‌കാരം
തായ്‌ലന്റിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിക്കുന്നവരാണ് അവിടത്തെ മുസ്‌ലിംകള്‍. തായ്‌ലാന്റിന്റെ തെക്കന്‍ പ്രദേശങ്ങളായ പറ്റാനി, യാലാ നരാതിവാത്, സോങ്‌ലാ സാതൂണ്‍ എന്നിവിടങ്ങളിലും മലേഷ്യന്‍ അതിര്‍ത്തിയിലുമാണ് മലയ് മുസ്‌ലിംകളില്‍ ഭൂരിഭാഗവും കഴിയുന്നത്.
മലയ്കളല്ലാത്ത മുസ്‌ലിംകള്‍ തായ് സംസാകരത്തോട് ഇഴുകി ചേര്‍ന്നാണ് ജീവിക്കുന്നത്. എന്നാല്‍ മലയ് മുസ്‌ലിംകള്‍ക്കത് സാധിക്കുന്നില്ല. തല്‍ഫലമെന്നോണം ധാരാളം വിഭാഗീയ സംഘടനകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഘടനകളെ അടിച്ചമര്‍ത്തുന്നതിനായി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ പതിറ്റാണ്ടുകളോളം നീണ്ട കലാപങ്ങള്‍ക്ക് കാരണമായി. തീവ്രമായ ഏറ്റുമുട്ടലുകള്‍ പ്രശ്‌നത്തിന് അടിയന്തിരമായുള്ള ഒരു പരിഹാരമെന്ന ആവശ്യത്തെ പുതുക്കി. അവരെ ഇഴുകിചേര്‍ക്കുന്നതിനും ഏകീകരിക്കുന്നതിനും തെക്കന്‍ പ്രദേശങ്ങളില്‍ തായ് ഗവണ്‍മെന്റ് പതിറ്റാണ്ടുകളായി സ്വീകരിച്ച സമീപനങ്ങള്‍ അതിന്റെ ഭാഗമാണ്.

കിങ്ഡം ഓഫ് തായ്‌ലാന്റ് ഇന്നത്തെ തായ്‌ലാന്റ് ആയി മാറുന്നതിന് മുമ്പേ അവിടെ വസിക്കുന്നവരായിരുന്നു മലായ് മുസ്‌ലിംകള്‍. തായ്‌ലാന്റിനോട് കൂട്ടിചേര്‍ക്കുന്നതിനെ മലായ് മുസ്‌ലിംകള്‍ എതിര്‍ത്തിരുന്നു. കാരണം ഒരു സ്വതന്ത്ര മുസ്‌ലിം ഭരണകൂടമായി നിലകൊള്ളുകയായിരുന്നു അവര്‍. ഒരു മലായ് സ്റ്റേറ്റായി മാറുകയോ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നതായിരുന്നു അവരുടെ ആവശ്യം.
പിബുല്‍ സോണ്‍ഗ്രാമിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് പാര്‍ട്ടി 1940-ല്‍ വമ്പിച്ച തോതില്‍ സ്വാംശീകരണ തന്ത്രങ്ങള്‍ നടപ്പാക്കുകയുണ്ടായി. ഇത് മലായ് മുസ്‌ലിംകള്‍ക്കിടിയില്‍ ഉണ്ടായിരുന്ന നീരസം വര്‍ദ്ധിപ്പിച്ചു. മലായ്, മുസ്‌ലിം എന്നീ അസ്ഥിത്വങ്ങള്‍ ഉപേക്ഷിക്കുന്നതിന് അവരില്‍ നിര്‍ബന്ധം ചെലുത്താന്‍ ഗവണ്‍മെന്റ് ശ്രമിച്ചു. അവരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയായിരുന്ന സാരോങ് പോലുള്ള മലായ് പാവാടയും ഹെഡ് സ്‌കാര്‍ഫും ധരിക്കുന്നതില്‍ നിന്നും അവര്‍ വിലക്കപ്പെട്ടു. മലായ് ഭാഷ സംസാരിക്കുന്നത് വിലക്കുകയും തായ് പേരുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബുദ്ധമതമാണ് തായ്‌ലാന്റിലെ പ്രബല മതം എന്ന ന്യായം ഉന്നയിച്ച് ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും അവരെ അകറ്റി.
മുസ്‌ലിം കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ചിരുന്ന ഇസ്‌ലാമിക കോടതികള്‍ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. അപ്രകാരം പബ്ലിക് സ്‌കൂളുകളില്‍ സ്ഥാപിച്ചിരുന്ന ബുദ്ധന്റെ ചിത്രങ്ങളോട് മലായ് വിദ്യാര്‍ഥികളും വണങ്ങേണ്ടിയിരുന്നു. അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യുകയും ചിലരെയെല്ലാം പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം നടപടികളെല്ലാം തായ് ഗവണ്‍മെന്റും തെക്കന്‍ ഭാഗത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ വളരെ ദോഷകരമായി ബാധിച്ചു.

പ്രസ്തുത നിലപാടുകള്‍ എടുത്ത് മാറ്റപ്പെട്ടുവെങ്കിലും സാമൂഹികവും സാംസ്‌കാരികവുമായി വളരെ ആഴത്തില്‍ ആണ്ടിറങ്ങിയ സംഘട്ടനത്തിന്റെ പ്രകൃതം തിരിച്ചറിയുന്നതിനുള്ള ഗവണ്‍മെന്റിന്റെ വിമുഖത മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഗവണ്‍മെന്റ് ക്രിയാത്മകമായി ഇടപെടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. പ്രധാനമന്ത്രി തക്ഷിന്‍ ഷിനോവത്രയുടെ ഗവണ്‍മെന്റ് നടപ്പാക്കിയ വരുമാനം കൊണ്ട് തെക്കന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ് പദ്ധതി അത്തരത്തിലുള്ള ഒന്നായിരുന്നു. ലോട്ടറിയില്‍ നിന്നായിരുന്നു അതിന്റെ വരുമാനം കണ്ടെത്തിയിരുന്നത്. ചൂതാട്ടത്തിന്റെ ഈ രീതി മലായ് മുസ്‌ലിംകള്‍ക്ക് സ്വീകാര്യമായിരുന്നില്ല. എന്നാല്‍ തെക്കന്‍ മേഖലകളിലെ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തന ഫലമായാണ് സംഘട്ടനം നടക്കുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ ഗവണ്‍മെന്റിന്റെ നടപടികളുടെ നട്ടെല്ലാണെന്നതായിരുന്നു ബാങ്കോക്കിന്റെ (തായ്‌ലാന്റിന്റെ തലസ്ഥാനം) വാദം.
മലായ് മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ വംശപരമായി തായികളും ബുദ്ധമത വിശ്വാസികളുമാണ്. ദേശീയ തലത്തില്‍ തന്നെ മലായ് മുസ്‌ലിംകള്‍ ഭൂരപക്ഷമുള്ള പ്രദേശത്തെ ഔദ്യോഗിക സ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ ഇല്ലാതായി എന്നതാണ് ഇതിന്റെ ഫലം. ഏകീകരണത്തിനുള്ള ശ്രമങ്ങളെ പറ്റി ഗവണ്‍മെന്റ് പുനരാലോചിക്കേണ്ടതുണ്ട്. മലായ് മുസ്‌ലിംകളെ സമാധാനപരമായി തായ്‌ലാന്റില്‍ ലയിപ്പിക്കുന്നതിനുള്ള മാര്‍ഗം അവര്‍ക്ക് അവരെ നിയന്ത്രിക്കുന്നതിനുള്ള സ്വയംഭരണാവകാശം നല്‍കുകയെന്നതാണ്. സ്വയംഭരണത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിച്ചേക്കും. സൈനിക നടപടികളേക്കാള്‍ ഊന്നല്‍ നല്‍കേണ്ടത് സാംസ്‌കാരികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനായിരിക്കണം. ഏകീകരണത്തിനും ലയിപ്പിക്കുന്നതിനുമുള്ള പോളിസിയാണ് തെക്കന്‍ തായ്‌ലാന്റിലെ സംഘട്ടനങ്ങളുടെ കേന്ദ്രബിന്ദു. ഈ പ്രശ്‌നത്തെ ക്രിയാത്മകമായി നേരിടുന്നില്ലെങ്കില്‍ ഇനിയും അതുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles