Current Date

Search
Close this search box.
Search
Close this search box.

സീസി പിന്തുടരുന്നത് നാസറിന്റെ നിഴല്‍

ഈജിപ്തില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. പലരുടെയും മനസില്‍ ഇപ്പോഴും നാസര്‍ ഭരണകാലത്തെ ഓര്‍മകളുണ്ട്. പ്രസിഡണ്ട് സ്ഥാനം പ്രതീക്ഷിച്ച് കൊണ്ടിരിക്കന്ന അബ്ദുല്‍ ഫതാഹ് സീസിക്ക് ഹംദീന്‍ സബാഹി എന്ന എതിരാളി മാത്രമേയുള്ളു. 1950-60 കാലഘട്ടങ്ങളിലെ ഈജിപ്ത് ദേശീയവാദിയായിരുന്ന നാസറുമായി സീസി ഇടക്കിടെ താരതമ്യം ചെയ്യപ്പെടാറുമുണ്ട്. നാസറിനെയും സീസിയെയും താരതമ്യം ചെയ്ത് ഒരു ഗൃഹാതുരത്വം സൃഷ്ടിക്കുന്നതിലൂടെ വലിയ ചില കാര്യങ്ങള്‍ ജനങ്ങളോട് പറയാതെ പറയുന്നുണ്ട്.

ഈജിപ്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ സന്ദര്‍ഭത്തില്‍ രാഷ്ട്രീയത്തിലേക്ക് വന്ന സൈനികരായത് കൊണ്ടാകണം സീസിയും നാസറും തമ്മിലുള്ള താരതമ്യങ്ങള്‍ നടക്കാനുള്ള കാരണം. അവര്‍ കരിസ്മാറ്റിക് വ്യക്തിപ്രഭാവത്തിലൂടെ ജനങ്ങളിലേക്കിറങ്ങിയാണ്  ജനപ്രീതി നേടിയത്. രണ്ടുപേരും മുസ്‌ലിം ബ്രദര്‍ഹുഡിനോട് വിദ്വേഷമുള്ളവരാണ്. അവസരോചിതമായി ചലിക്കാന്‍ കഴിയുന്ന തന്ത്ര ശാലികളും ധീരരുമാണ്. പൊതു ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മാന്യന്മാരുടെ വൈകാരിക പിന്തുണ രണ്ടു പേരും നേടിയിരുന്നു. പ്രശ്‌ന കലുശിതമായ കാലഘട്ടത്തില്‍ ആശ്വാസം നല്‍കുന്ന രീതിയിലാണ് രണ്ട് പേരുടെയും വാക്കുകള്‍. ഫറോവന്‍ സ്വഭാവങ്ങളും ജനപിന്തുണയും സമ്മിശ്രമായ സീസി രക്ഷിക്കുമെന്നാണ് ഒരു പാടാളുകളുടെ കണക്ക് കൂട്ടല്‍.

കള്‍ട്ടുകളെ നേതാവാക്കുന്ന സ്വഭാവം കാലങ്ങളായി നിലനില്‍ക്കുന്നു എന്നത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഈ  സമ്പ്രദായം ഇനിയും ഇവിടെ അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല ധാരാളം ആളുകള്‍ അത് നിലനില്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും തമ്മില്‍ യുഗങ്ങളുടെ വ്യത്യാസമുണ്ട്.

ബ്രിട്ടീഷുകാരുടെ കോളനി ഭരണത്തിനെതിരെ നടന്ന പോരാട്ടങ്ങളിലൂടെ വളര്‍ന്ന് വന്നയാളാണ് നാസര്‍. അദ്ദേഹം അന്നത്തെ വ്യവസ്ഥകളോട് പോരാടിയ നല്ല സേനാനി, അലക്‌സാണ്ടറിയയിലെ യുവ പോരാളി, റവല്യൂഷണറി ഫ്രീ ഓഫീസേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകന്‍, ഇസ്രയേല്‍ രൂപീകരണത്തിനെതിരെ പോരാടിയ സൈനികന്‍, എന്നീ നിലകളില്‍ അറിയപ്പെട്ട നാസര്‍ ഒരു പ്രസിഡണ്ട് എന്ന നിലയില്‍ സൂയസ് കനാല്‍ ദേശസാല്‍ക്കരിക്കുക, സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതിനേടി. എന്നാല്‍ ഇന്നത്തെ പ്രശ്‌നങ്ങളുടെ ഹേതു അദ്ദേഹമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

എന്നാല്‍ പഴയ പട്ടാള ജനറലായ സീസിക്ക് ഇങ്ങനെ ഒരു ചരിത്രമില്ല. അദ്ദേഹം സൈന്യം എന്ന കോണി ഉപയോഗിച്ച്  മൂഢമായ രീതിയില്‍ അവസരത്തിന്റെ ആനുകൂല്യത്തില്‍ അധികാരത്തിലേറിയയാളാണ്.  ഒരു വ്യവസ്ഥയുടെയും മിലിട്ടറിയുടെയും ഭാഗമാണദ്ദേഹം എന്നാല്‍ നാസര്‍ ഫ്രീ ഓഫീസേഴ്‌സ് എന്ന സംഘടനയുപയോഗിച്ച് വിപ്ലവം ഉണ്ടാക്കി അധികാരത്തിലേറുകയാണുണ്ടായത്. സീസി ഏതാനും പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു.

അക്കാലഘട്ടത്തിലെ അതികായന്‍
നാസറിനെ ആദരിച്ചാലും ഇല്ലെങ്കിലും നാസര്‍ ആ കാലഘട്ടത്തിലെ രാഷ്ട്രീയ അതികായനായിരുന്നു.  അന്താരാഷ്ട്ര തലത്തില്‍ അലയടിച്ച സോഷ്യലിസത്തിന്റെ ഭാഗമായിരുന്നു അന്ന് നാസറിസം. കോളനി അടിമത്തത്തില്‍ നിന്ന് മുക്തമായി സാമൂഹ്യസമത്വം സ്വപ്‌നം കണ്ടിരുന്ന കാലഘട്ടത്തില്‍ പ്രതീക്ഷയുടെ കിരണമായിക്കൊണ്ടാണ് നാസര്‍ ഉദയം കൊള്ളുന്നത്. അന്ന് ഇസ്രയേലിനെതിരെ തങ്ങളുടെ അടിമകളാക്കപ്പെട്ട അറബികളും ഫലസ്തീനികളുമായ സഹോദരന്മാര്‍ക്ക് വേണ്ടി നേരിട്ടുള്ള യുദ്ധം നടക്കുന്ന കാലമാണ്.

ഇന്നത്തെ സാഹചര്യത്തെ നാസറിയന്‍ കാലഘട്ടത്തോട് താരതമ്യം ചെയ്ത് നാസറിയന്‍ വികാരങ്ങള്‍ ഇളക്കിവിടുന്നതിനെക്കുറിച്ച് ഒരു ഈജിപ്ത്യന്‍ നിരീക്ഷകന്‍ പറഞ്ഞത് ‘കാലം മാറിയെന്നാണ്’ അതായത് കാലം മാറി ഇനി നാസറിസത്തിന് പ്രസക്തിയില്ല. നാസറിന്റെ കാലഘട്ടത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളുമല്ല സീസിക്കുള്ളത്. ആഗോളമൂലധനം അനിവാര്യമാണ് അതോടൊപ്പം തന്നെ അതൊരു പ്രശ്‌നവുമാണ്. സമ്പദ്ഘടനയുടെ നിര്‍മാണത്തിനായി ധാരളം മൂലധനം  ഒഴുകേണ്ടതുണ്ട്. അത് ഇന്നത്തെ പൗരന്മാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.  അതിലപ്പുറം ഈജിപ്ത്യന്‍ ജനതയുടെ ഐതിഹാസികമായ ക്ഷമ എക്കാലത്തും ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. സീസിക്ക് ഇക്കാര്യങ്ങളെല്ലാം അറിയുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ചെറിയ പ്രതീക്ഷകള്‍ മാത്രമേയുള്ളു. നാസറിനെപ്പോലെ സീസിയും സാമൂഹ്യ നീതി പിന്തുടരുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കണമെങ്കില്‍ അദ്ദേഹത്തിന് പെട്രോഡോളറുകള്‍ തന്നെ വേണ്ടിവരും പക്ഷെ ഈജിപ്തിന് അതിനുള്ള കോപ്പില്ല.

ഈജിപ്തിന്റെ ആവശ്യങ്ങളെ നിവര്‍ത്തിച്ച് കൊടുക്കാന്‍ സീസിക്കാവുമോ എന്നതാണ് തെരെഞ്ഞടുപ്പിലെയും തെരെഞ്ഞടുപ്പ് കഴിഞ്ഞാലും ഉണ്ടാകുന്ന യഥാര്‍ഥ ചോദ്യം.  ഒരു കള്‍ട്ട് നേതാവിന് രാഷ്ട്രീയപരമായി ചതഞ്ഞരഞ്ഞ ഈ രാജ്യത്തിന്റെ സാമ്പത്തിക ഉദാസീനതകളില്‍ നിന്ന് മുന്നോട്ട് നയിക്കാന്‍ കഴിയുമോ?

തന്റെ പൊതുസമ്മതിയെക്കുറിച്ചും ജനങ്ങള്‍ സ്വയം സമര്‍പ്പിതാരാവേണ്ടതിനെക്കുറിച്ചുമെല്ലാം സീസി വലിയ ഒച്ചപ്പാടുകളുണ്ടാക്കുന്നുണ്ട്. എന്നാല്‍ സീസിയുടെ മുന്നോട്ടുള്ള വഴികള്‍ വ്യക്തമല്ല എന്നത് പോലെ തന്നെ എളുപ്പവുമല്ല. ഇക്കാലത്ത് രാജ്യം ഭരിക്കണമെങ്കില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പുകളും സാമ്പത്തികമായ കരുത്തും ആവശ്യമാണ്. നാസറിന്റെ പാത പിന്തുടര്‍ന്ന് കൊണ്ട് ഭരണത്തിന്റെ കറുത്ത ഭാഗമായ കേന്ദ്രീകൃത നിയന്ത്രണത്തിലേക്ക് മാറുമ്പോള്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ സുസ്ഥിരതക്കായി ഇന്റലിജന്‍സിനെയും മറ്റു രാജ്യസുരക്ഷാ ഉപാധികളെയും ഉപയോഗിക്കുന്നത് കാലത്തിന് യോജിക്കാത്തതും അപകടകരവുമാണ്.

സീസി യഥാര്‍ഥത്തില്‍ ഈ സുരക്ഷസംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഭരണ മാതൃകകള്‍ അവസാനിപ്പിച്ച് (ഒരു മിലിട്ടറിക്കാരന് അത് സാധ്യമാവുമെന്ന് തോന്നുന്നില്ല)ജനസമ്മിതിയുള്ള മറ്റ് മാര്‍ഗങ്ങളിലേക്ക് മാറേണ്ടതാണ്. മൃതാവസ്ഥയില്‍നിന്ന് പുനരുജ്ജീവിച്ച് വരുന്ന ഈ സാമ്പത്തിക ഘടനക്ക് സ്ഥിരത ഉണ്ടാവണം. അതിന് വലിയ അളവോളം രാഷ്ട്രീയപരമായ പൊതു സമ്മിതി ആവശ്യമായി വന്നേക്കാം. സീസിക്ക് രാഷ്ട്രീയ പരമായ പൊതു സമ്മിതിയില്ല.   

പരിക്കിന്റെ യുഗങ്ങള്‍
ഈജിപ്തിന് പരിക്കിന്റെ നാലു യുഗങ്ങള്‍ കഴിഞ്ഞ് പോയിട്ടുണ്ട് മുബാറക്കിന്റെ ഭരണകാലം, പട്ടാള ഭരണ കാലം, ബ്രദര്‍ഹുഡ് ഭരണകാലം, അതിനെ അട്ടിമറിച്ച ശേഷം പിന്നീട് ഇതുവരെയുള്ള കാലം. ഈ കാലങ്ങളിലെല്ലാം ആക്രമണങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. സീസിക്ക് ഇക്കാലത്തെ മുറിവുകളെ ഉണക്കാന്‍ കഴിയണം. പക്ഷെ സീസി എല്ലാവരെയും ശത്രുതാപരമായാണ് കാണുന്നത്. അദ്ദേഹം തന്റെ സഹോദരങ്ങളെ  ചെകുത്താന്റെ സഹകാരികളും തീവ്രവാദികളുമാക്കി മുദ്രകുത്തുന്നു. തന്റെ ഭരണത്തിന് കീഴില്‍ ബ്രദര്‍ഹുഡിനെ വെച്ച് പൊറുപ്പിക്കില്ലെന്ന പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്.  

വിപ്ലവാനന്തരം രൂപപ്പെട്ട വികാരപൂര്‍ണമായ ദേശീയ ബോധം ശക്തിപ്പെടുത്താനാണ് സീസി ശ്രമിക്കുന്നത്. ഇംഗ്ലണ്ടിനും ഫ്രാന്‍സിനും സയണിസ്റ്റുകള്‍ക്കുമെതിരെ പോരാടുന്നതില്‍ ഈ ദേശീയ വികാരത്തെ നാസര്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാസറിന് വലിയ ഔത്സുക്യമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് വാക്കുകള്‍ ആവശ്യമില്ല, അവര്‍ക്ക് യുദ്ധത്തിന്റെ ശബ്ദമാണ് ആവശ്യം, വിധിയുടെ യുദ്ധം എന്നാണ് നാസര്‍പറഞ്ഞത്.

എന്നാല്‍ അത്തരത്തിലുള്ള ആഢംബരങ്ങളൊന്നും സീസിക്കില്ല. അയാള്‍ക്ക് ആഭ്യന്തര ശത്രുക്കളോട് എതിരിടാനാണ് താല്‍പര്യം. പക്ഷെ ഇന്നത് വളരെ പ്രയാസമാണ്. 2011 ലെ ഈജിപ്ത്യന്‍ വിപ്ലവം അഴിമതികാരണം ഉണ്ടായതാണ്. എന്നാല്‍ നാസറുമായി താരതമ്യം ചെയ്തത് കൊണ്ടൊന്നും അടിയില്‍ പോയ ഈജിപ്തിന്റെ  വ്യവസായ രംഗത്തെ മെച്ചപ്പെടുത്താനാവില്ല. തന്റെ കാലഘട്ടത്തെ രൂപപ്പെടുത്തുന്നതില്‍ നാസര്‍ നേരിട്ട് ഇടപെട്ടിരുന്നു.  അദ്ദേഹം എല്ലാവരുടെയും ആശീര്‍വാദത്തോടെയാണ് അതാരംഭിച്ചത് എല്ലാവരുടെയും ആശീര്‍വാദത്തോടെ അത് അവസാനിപ്പിക്കുകയും ചെയ്തു. ഈജിപ്ത് ആരു ഭരിച്ചാലും അവര്‍ക്ക് ആരുടെയും നിയന്ത്രണത്തിലില്ലാത്ത വന്യ സ്വഭാവമുള്ള കടുവയുടെ പുറത്ത് യാത്ര ചെയ്യുന്നതുപോലെ പ്രയാസകരമായിരിക്കും ഭരണം. ഈജിപ്തിലെ ജനസംഖ്യാ പരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഒരു ദീര്‍ഘകാല പരിഹാരം ആവശ്യമാണ്. അക്കാര്യം സീസിക്ക് ബോധ്യമുണ്ടായിരിക്കും. പക്ഷെ രക്തരൂക്ഷിതമായ വിപ്ലവകാലത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് കൈപേറിയ ദുരന്തമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. അതിനദ്ദേഹം കൂട്ടാക്കിയില്ലെങ്കില്‍ ചരിത്രത്തില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനാകും.

Related Articles