Current Date

Search
Close this search box.
Search
Close this search box.

സവിശേഷമായ തുര്‍ക്കി-ഇറാന്‍ ബന്ധം

യമന്‍ വിഷയത്തിലുള്ള ഇറാന്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും പ്രദേശത്ത് തങ്ങളുടെ അപ്രമാദിത്വത്തിന് ശ്രമിക്കുകയുമാണ് ഇറാന്‍ ചെയ്യുന്നതെന്ന് ആരോപിച്ചു കൊണ്ട് ഉര്‍ദുഗാന്‍ രംഗത്ത് വരികയും ഒരുനിലക്കും അംഗീകരിക്കാനാവാത്ത കാര്യമാണതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാത്രമല്ല ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് തെഹ്‌റാനെ അസ്വസ്ഥപ്പെടുത്തുന്നതിനും നീരസം ഉയര്‍ത്തുന്നതിനും കാരണമായി. അതിനെ തുടര്‍ന്ന് തെഹ്‌റാനിലെ തുര്‍ക്കി സ്ഥാനപതിയെ ഇറാന്‍ വിദേശകാര്യ മന്ത്രി വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും പ്രസിഡന്റിന്റെ പ്രസ്താവനയിലുള്ള ഔദ്യോഗിക വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടും അവസാനിപ്പിക്കാതെ, മിഡിലീസ്റ്റിലെ അസ്വസ്ഥതകള്‍ക്ക് പോഷണം നല്‍കുകയാണ് തുര്‍ക്കിയെന്ന ആരോപണവും ഉയര്‍ത്തി.

ഇറാന്‍ ശൂറാ കൗണ്‍സിലിലും ഉര്‍ദുഗാന്റെ പ്രസ്താവന പ്രതിഷേധം ഉയര്‍ത്തി. ഏപ്രില്‍ ഏഴിലെ തുര്‍ക്കി പ്രസിഡന്റിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് അവരില്‍ ഇരുപത് പേര്‍ ആവശ്യപ്പെട്ടു. സന്ദര്‍ശനത്തിന് മുമ്പ് ഉര്‍ദുഗാന്‍ ഇറാന്‍ നേതൃത്വത്തോട് മാപ്പ് പറയണമെന്ന് വരെ ഒരംഗമായ ഹുസൈന്‍ മുസഫര്‍ ആവശ്യപ്പെട്ടു. ഈ വലിയ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. നിരവധി സംഘര്‍ഷങ്ങളും വിയോജിപ്പുകളും നിറഞ്ഞതാണ് അവക്കിടയിലെ ബന്ധം. മിക്കപ്പോഴും വിയോജിപ്പുകളുടെ അടിസ്ഥാനം ഇറാഖിനെയും സിറിയയെയും കേന്ദ്രീകരിച്ചുമായിരുന്നു. ആ രണ്ട് രാഷ്ട്രങ്ങളോടുള്ള ഇറാന്റെ സമീപനത്തെ വിമര്‍ശിച്ച ഉര്‍ദുഗാന്‍ യമനിന്റെ കാര്യത്തിലും അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തങ്ങളുടെ പോരാളികളെ പിന്‍വലിക്കാനും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തുര്‍ക്കിയിലെ ഇറാന്‍ മാധ്യമങ്ങള്‍ ഇതിന് നേരെ കണ്ണടക്കുയാണ് ചെയ്തത്. അങ്കാറ – വാഷിങ്ടണ്‍ ബന്ധത്തെ വിമര്‍ശിക്കുന്നതിലും തുര്‍ക്കിയുടെ നാറ്റോ അംഗത്വത്തെ കുറ്റപ്പെടുത്തുന്നതിനും ഇസ്രയേലുമായുള്ള തുര്‍ക്കിയുടെ ബന്ധത്തിലുമെല്ലാമായിരുന്നു അവ കേന്ദ്രീകരിച്ചിരുന്നത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ 25 വര്‍ഷത്തോളം നീണ്ടു നിന്ന സഫവി – ഓട്ടോമന്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ വരെ ചില നിരീക്ഷകര്‍ ചികഞ്ഞെടുത്തു. ഒരു വശത്ത് ഓട്ടോമന്‍ ഭരണാധികാരി സുലൈമാന്‍ ഖാനൂനിയും മറുവശത്ത് ശാ തഹ്മാസ് ഒന്നാമനുമായിരുന്നു അതില്‍ നേതൃത്വം വഹിച്ചിരുന്നത്. രണ്ട് വന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്മല്ല ഇതെന്നും, ശിയാക്കളായ സഫവികള്‍ക്കും അഹ്‌ലുസ്സുന്നയെ പ്രതിനിധീകരിക്കുന്ന ഓട്ടോമന്‍ രാഷ്ട്രത്തിനും ഇടയിലുള്ള യുദ്ധത്തിന്റെ സ്ഥാനത്താണിതിനെ കാണേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. തെഹ്‌റാനും അങ്കാറക്കും ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വിഭാഗീയ വ്യാഖ്യാനം നല്‍കുന്നത് ഇപ്പോഴും തുടരുന്ന ഒന്നാണ്.

സഹോദരങ്ങളായ ശത്രുക്കള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ മൂന്ന് കാര്യങ്ങള്‍ പ്രധാനമായും നാം മനസ്സിലാക്കണം. ഒന്ന്, ഇതൊരിക്കലും പര്‌സപര ബന്ധം മുറിക്കുന്നതിനോ ശത്രുവാക്കി മാറ്റുന്നതിനോ കാരണമാകുന്നില്ല. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പാലം എപ്പോഴും തുറന്നു കിടക്കുകയാണ്. രണ്ട്, രാഷ്ട്രീയ വിയോജിപ്പുകള്‍ നേതാക്കളുടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്കോ അവരുടെ അന്തസ്സ് ഹനിക്കുന്നതിലേക്കോ കടക്കുന്നില്ല. വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള വിഷയത്തില്‍ തന്നെ അത് പരിമിതപ്പെടുന്നു. ആ നിലപാടെടുത്ത വ്യക്തിയിലേക്കു പോലും അത് കടക്കുന്നില്ല. മൂന്ന്, സാമ്പത്തിക താല്‍പര്യങ്ങള്‍ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നതിലും രാഷ്ട്രീയ പിടിവലികളില്‍ നിന്ന് അതിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും ഇരു രാഷ്ട്രങ്ങളും വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഒരിക്കലും ജനജീവിതത്തില്‍ ദോഷകരമായി പ്രതിഫലിക്കരുതെന്ന അടിസ്ഥാനത്തിന്റെ പ്രായോഗിക വല്‍കരണമാണ് അതില്‍ കാണുന്നത്.

തെഹ്‌റാനും അങ്കാറക്കും ഇടയില്‍ ഇങ്ങനെയെല്ലാ വിയോജിപ്പുകളുണ്ടായിട്ടും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ തെഹ്‌റാന്‍ സന്ദര്‍ശനത്തിന് അതൊരു തടസ്സമായില്ല. ഏപ്രില്‍ ഏഴിന് അദ്ദേഹം തെഹ്‌റാന്‍ സന്ദര്‍ശിക്കുകയും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായും പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് യമന്‍ പ്രതിസന്ധിയുമായി ബന്ധമുണ്ടെന്നുള്ളത് വ്യക്തമാണ്. തെഹ്‌റാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി സൗദിയുടെ രണ്ടാം കിരാടീവകാശി മുഹമ്മദ് ബിന്‍ നായിഫ് തുര്‍ക്കി സന്ദര്‍ശിച്ചത് ആകസ്മികമായിരുന്നില്ല. അപ്രകാരം സാമ്പത്തിക വിഷയങ്ങളും ചര്‍ച്ചകളില്‍ വിഷയമായിരുന്നു. തുര്‍ക്കി ഉപയോഗിക്കുന്ന ഗ്യാസിന്റെ വലിയൊരളവ് ഇറാനില്‍ നിന്നുള്ളതാണ്. അപ്രകാരം തുര്‍ക്കിയുടെ ഉല്‍പന്നങ്ങള്‍ ഇറാന്‍ മാര്‍ക്കറ്റിലും വലിയ സ്വീകാര്യതയുണ്ട്.

ഇറാന്‍ തുര്‍ക്കി ബന്ധത്തിലെ വിയോജിപ്പുകളെയും അറബ് ലോകത്തെ വിയോജിപ്പുകളെ പൊതുവെയും, തുര്‍ക്കി – ഈജിപ്ത് ബന്ധത്തെ സവിശേഷമായും എന്റെ മനസ്സ് ദീര്‍ഘനേരം താരതമ്യപ്പെടുത്തി. തുര്‍ക്കിയും ഇറാനും വിയോജിച്ചുണ്ട്, എന്നാല്‍ ശത്രുക്കളായി മാറിയിട്ടില്ല. അതോടൊപ്പം സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും പോഷിപ്പിക്കുകയുമാണ് അവര്‍ ചെയ്തത്. ഈ സന്ദര്‍ശനത്തില്‍ പോലും തെഹ്‌റാനുമായുള്ള സാമ്പത്തിക സഹകരണത്തിന് 8 ഉടമ്പടികളാണ് ഉര്‍ദുഗാന്‍ ഒപ്പുവെച്ചത്.

എന്നാല്‍ 2013 ജൂണ്‍ 30 തുര്‍ക്കി ഈജിപ്ത് ബന്ധത്തില്‍ സംഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. രാഷ്ട്രീയ വിയോജിപ്പ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം മുറിഞ്ഞതിന് സമാനമായ അവസ്ഥയിലേക്കാണ് എത്തിച്ചത്. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും കുറ്റപ്പെടുത്തലിലും പ്രതിഷേധിക്കുന്നതിലും അങ്ങേയറ്റം വേദനാജനകവും ലജ്ജാകരവുമായ സമീപനമാണ് സ്വീകരിച്ചത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ബന്ധത്തെ അത് തകിടം മറിക്കുകയും ഈജിപ്തിലെ തുര്‍ക്കി ഫാക്ടറികളെയും ഈജിപ്തിലേക്കും ഗള്‍ഫ് നാടുകളിലേക്കും ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലേക്കുമുള്ള തുര്‍ക്കിയുടെ കയറ്റുമതിയിലും അത് പ്രതിഫലിച്ചു. തുര്‍ക്കിക്കും ഈജിപ്തിനും ഇടയിലെ ‘റോ റോ’ സമുദ്ര സഞ്ചാര ഉടമ്പടിയുടെ കാലാവധി ഈ ഏപ്രില്‍ മാസത്തോടെ അവസാനിക്കുകയാണ്. പ്രസ്തുത ഉടമ്പടി പുതുക്കുന്നില്ലെന്ന് ഈജിപ്ത് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

അറബ് ലോകത്തെ സഹോദര രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും രാഷ്ട്രീയ വിയോജിപ്പുകള്‍ അവക്കിടയിലെ എല്ലാ തരത്തിലുമുള്ള ബന്ധത്തെയും തകര്‍ക്കുന്നതാണ് കാണുന്നത്. വിശദീകരണം അര്‍ഹിക്കുന്ന വിഷയമാണിത്. നമ്മുടെ നാടുകളിലെ വിയോജിപ്പുകളും സംഘട്ടനങ്ങളും കൈകാര്യം ചെയ്യുന്ന ശൈലിയുമായി അതിന് അടുത്ത ബന്ധമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഗോത്രങ്ങള്‍ അവരുടെ വിയോജിപ്പുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്ന് രാഷ്ട്രങ്ങള്‍ മാറിയിരുന്നെങ്കില്‍ എന്നാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ഏതൊരു വിയോജിപ്പിനും അതുമായി ബന്ധപ്പെട്ട ഒരു സംവിധാനമോ വകുപ്പോ ഉണ്ടാകും വിയോജിപ്പ് അതിനപ്പുറം കടന്ന് പൊതുതാല്‍പര്യങ്ങളെ ഹനിക്കുന്നതായി മാറരുത്. രാഷ്ട്രീയത്തെയും സാമ്പത്തികത്തെയും സ്‌പോര്‍ട്‌സിനെയുമെല്ലാം വേര്‍തിരിച്ച് കാണാന്‍ സാധിക്കണം. ഒന്നിലുണ്ടാകുന്ന വിയോജിപ്പ് മറ്റൊന്നിലേക്ക് കടന്നു വരാന്‍ പാടില്ല.

എന്നാല്‍ ഗോത്രങ്ങളുടെ സംഘര്‍ഷം തീര്‍ത്തും വ്യത്യസ്തമാണ്. അതിന്റെ തലവനോടൊ നേതാവിനോടോ പ്രമാണിയോടോ ഉള്ള വിയോജിപ്പ് മുഴുവന്‍ ഗോത്രത്തോടുമുള്ള വിയോജിപ്പായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഓരോ ഘടകങ്ങളും ആ സംഘര്‍ഷത്തിന്റെ ഭാഗമായി മാറും. നാം ഇപ്പോഴും ജീവിക്കുന്നത് ഗോത്ര സംസ്‌കാരത്തില്‍ തന്നെയാണ്, രാഷ്ട്രത്തിന്റെ ഘട്ടത്തിലേക്ക് നാം കടന്നിട്ടില്ലെന്നാണിത് സൂചിപ്പിക്കുന്നത്.

മൊഴിമാറ്റം: നസീഫ്

Related Articles