Current Date

Search
Close this search box.
Search
Close this search box.

സത്യത്തില്‍ ഭീകരതക്കൊരു ‘മതമി’ല്ലേ?

“ഗുജറാത്ത് കലാപാനന്തരമാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനക്ക് രൂപം നല്‍കുന്നതെന്ന് എന്‍. ഐ. എയുടെ ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കെ ബി. ജെ. പിയും ആര്‍. എസ്സ്. എസ്സും അവരുടെ വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇനിയും ഒരുക്കമല്ലേ?’ (ശക്കീല്‍ അഹ്മദ് ജൂലൈ 21, 2013)

ശക്കീല്‍ അഹ്മദിന്റെ ട്വിറ്റര്‍ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ശക്തമയ രാഷ്ട്രീയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് മത തീവ്രവാദവും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഭീകരതയും ഇനിയും നമ്മുടെ രാജ്യം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ്. നമ്മുടെ സാമൂഹിക നിര്‍മിതിയില്‍ ആഴത്തില്‍ വേരൂന്നിയ ചെറുപ്പക്കാരെ അക്രമത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ രോഗം എന്താണ്?

വാരണാസി ക്ഷേത്രം, ജയ്പൂര്‍ മാര്‍ക്കറ്റ്, അഹ്മദാബാദ് തെരുവ്, മുംബൈയിലെ ട്രെയിനുകള്‍ തുടങ്ങിയിടങ്ങളില്‍ ഹിന്ദുക്കളെ മാത്രം വധിക്കാനുദ്ദ്യേശിച്ച് നിര്‍മിക്കപ്പെട്ട ബോംബുകളുടെ പിന്നില്‍ ആരാണ്? മാലേഗാവ്, മക്കാ മസ്ജിദ്, സംഝോധാ എക്‌സ്പ്രസ് തുടങ്ങിയവയില്‍ മുസ്‌ലിംകള്‍ വധിക്കപ്പെടണമെന്നാഗ്രഹിക്കുന്നതാരാണ്? ഇത്തരം കൊലപാതകങ്ങളുടെ പിന്നിലുള്ളവര്‍ നേടുന്ന നേട്ടമെന്താണ്? എന്താണവരുടെ പ്രചോദനം? വളരെ സാധാരണമായി കൈകാര്യം ചെയ്യപ്പെടേണ്ടുന്ന ക്രിമിനല്‍ കുറ്റങ്ങളാണോ ഇവയൊക്കെ?

നാം ഇത്തരം കാര്യങ്ങളെ അത്ര ഗൗരവമായി കാണാറില്ല. ഭീകരവാദികള്‍ക്ക് മതമില്ല, അവര്‍ ക്രിമിനലുകളാണ്, എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും മനുഷ്യത്വത്തിനെതിരാണ് തുടങ്ങിയ പല്ലവികള്‍ നാം ഇത്തരം നിസ്സാരവല്‍കരണത്തിനു വേണ്ടി നിരന്തരമായി ഉരുവിട്ടു കൊണ്ടിരിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ നേതാക്കള്‍ ആത്തിഫ് അമീന്‍ നിരപരാധിയായിരുന്നു, ഇന്ത്യന്‍ മുജാഹിദീന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍മിതിയാണ് എന്നൊക്കെ പറയുന്ന മാത്രയില്‍ ആശ്വാസം കിട്ടിക്കഴിഞ്ഞു.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ നേതാക്കള്‍ ഹിന്ദുക്കളാരും തന്നെ ഭീകരവാദികളല്ല, പ്രഗ്യാനന്ദയും അസിമാനന്ദയുമൊക്കെ ന്യൂനപക്ഷ പ്രീണനങ്ങളുടെ ഇരകള്‍ മാത്രമാണ്, ബോംബ് നിര്‍മാണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആര്‍. എസ്സ്. എസ്സ്ും മറ്റും അവരുടെ മതകീയ അസ്ത്വിത്വത്തിന്റെ പേരിലാണ് ക്രൂശിക്കപ്പെടുന്നത് തുടങ്ങിയ വര്‍ത്തമാനങ്ങള്‍ പറയുമ്പോള്‍ അവരും തൃപ്തിയടയുകയാണ്. എല്ലാ ഭീകരവാദ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മുടെ രാഷ്ട്രീയക്കാര്‍ അതെല്ലാം പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെ്ന്ന് പറയുന്നതോടെ നമ്മില്‍ ഭൂരിഭാഗവും സംതൃപ്തരാകും. മഹത്തായ രാജ്യങ്ങള്‍ സത്യത്തിലും നീതിയിലുമാണ് പടുത്തുയര്‍ത്തപ്പെട്ടതെങ്കില്‍ നമ്മുടേത് മഹത്തായ രാജ്യം തന്നെയാണോ എന്ന ചോദ്യത്തിന് ഇനിയും പ്രസക്തിയുണ്ട്. ശക്കീല്‍ അഹ്മദിന്റെ പ്രസ്താവന അനവസരത്തിലുള്ളതും ദുരുപതിഷ്ടവുമായേക്കാം. പക്ഷെ അത് സത്യത്തില്‍ നിന്നും അകലെയല്ല എന്നു കാണാം.

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘം രൂപപ്പെടാനുണ്ടായ കാരണങ്ങളില്‍ സുപ്രധാനമായത് ഗുജറാത്ത് കലാപം തന്നെയാണ്. രാജ്യത്തെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒരുപോലെ ബാധിക്കുന്ന ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പ്രചോദനമെന്തായിരുന്നു എന്നറിയേണ്ടതുണ്ട്. സത്യത്തിനു വേണ്ടിയുള്ള അന്വേഷണം പോലീസിനെയും കോടതിയെയും മാത്രം ഏല്‍പിച്ചു കൊടുക്കേണ്ടതല്ല. നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണത്.

മതത്തിന്റെ മറ പിടിച്ചുള്ള തീവ്ര ഭീകരപ്രവര്‍ത്തനം നമ്മുടെ രാജ്യത്തിനു യോജിച്ചതല്ല. നാം നമ്മുടെ ന്യൂനപക്ഷത്തിന് തുല്യ നീതിയും തുല്യ അവകാശവും നല്‍കാന്‍ ബാധ്യസ്ഥപ്പെട്ടവരാണ്. 2002 നു മുമ്പും കലാപമുണ്ടായിട്ടുണ്ടെങ്കിലും ഗുജറാത്ത് കലാപം രാജ്യത്ത് പലതുകൊണ്ടും ഭീകരമായിരുന്നു. ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ നിയമസംവിധാനത്തിന്റെ സഹായത്തോടെ സംഘടിക്കപ്പെട്ട ആസൂത്രിത കൊലപാതകങ്ങളായിരുന്നു അവ. ഇവിടെ മറ്റൊരു കാര്യം പോലീസ് സാധാരണ നിലയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് നിരപരാധികളെയാണ് എന്നതാണ്. നമുക്ക് ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. സത്യം വെളിച്ചത്തുകൊണ്ടു വരാന്‍ പര്യപ്തമായ ഒരു കമ്മീഷനില്‍ കുറഞ്ഞതൊന്നും നമുക്കാവശ്യമില്ല. കൈകളില്‍ രക്തം പുരണ്ടവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം എല്ലാവര്‍ക്കും നീതി ഒരുപോലെയാകാന്‍ നമുക്ക് പരിശ്രമിക്കാം.

വിവ : അത്തീഖുറഹ്മാന്‍

Related Articles