Current Date

Search
Close this search box.
Search
Close this search box.

വ്യത്യസ്തതകളോട് അസ്വസ്ഥതകളില്ലാത്ത രാഷ്ടീയം

diversity.jpg

പ്രപഞ്ചത്തിലെ ഓരോന്നും വ്യത്യസ്തമാണ്. വ്യത്യസ്തതകളുടെ ഐക്യമാണ് യഥാര്‍ഥത്തില്‍ പ്രകൃതിയുടെ നിലനില്‍പ്. രാവ്പകല്, മണ്ണ്‌വിണ്ണ്, ഉയര്ച്ചതാഴ്ച്ച, ആണ്‌പെണ്ണ്. ഓരോന്നിനും അതാതിന്റെ സ്വത്വം. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്. (യാസീന്40) അതിനപ്പുറം ഓരോ ഗണത്തില്‍ പെടുന്നവയിലും വ്യത്യസ്തതകള്‍. ഇവയെല്ലാം തന്നെ ദൈവം നല്കിയ വൈവിധ്യങ്ങളാണ്. എന്നാല് ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് സ്വയം തീരുമാനിക്കുന്നതോ മറ്റുള്ളവര്‍ നിര്‍ണ്ണയിച്ചുനല്‍കുന്നതോ ആയ ചില വൈവിധ്യങ്ങള്‍ കുടെ കാണാം. മതം, രാഷ്ട്രീയം, ചിന്ത, ദേശം, ജാതി, വര്‍ഗ്ഗം തുടങ്ങി മനുഷ്യര്‍ പലതിനെയും സ്വീകരിക്കുകയോ വന്ന് ചേരുകയോ ചെയ്യുന്നു.

പ്രകൃതിപരമായ വൈവിധ്യങ്ങളുടെയും (ഉദാ ലിംഗം, വര്‍ണ്ണം) ആര്‍ജ്ജിത വൈവിധ്യങ്ങളുടെയും പേരില്‍ മനുഷ്യകുലം വിഭജിക്കപ്പെടുന്നു. അതിന്റെ പേരില്‍ സംവാദങ്ങളും സൗഹൃദങ്ങളും യുദ്ധവും സമാധാനവും വേര്‍തിരിവുകളും ഐക്യവും പല കാലഘട്ടങ്ങളില്‍ രൂപപ്പെട്ടതായി കാണാം. വ്യത്യസ്തതകളെ ഒരു യാഥാര്‍ഥ്യവും അനിവാര്യതയുമായാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി തീര്‍ച്ച യായും നിങ്ങള്‍ ചോദിക്കപ്പെടും. (അന്നഹ്‌ല്:93). അഥവാ എല്ലാ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല.

എന്നാല്‍ ഇസ്‌ലാമാണ് ഉത്തമ സമുദായമെന്ന് വ്യക്തമാക്കുകയും അതിലേക്ക് ജനങ്ങളെ നയിക്കാന്‍ പ്രവാചകന്മാരെ അയക്കുകയും ചെയ്യുന്നു. ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ശുഭവാര്ത്ത  അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. (അല്‍ബഖറ:213)

മനുഷ്യരിലെ വ്യത്യസ്തതകളെ അസ്വസ്ഥതകളോടെ സമീപിക്കുന്നതിന് പകരം തിരിച്ചറിവുകളോടെ നാം സമീപിക്കണം.  മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. (ഹുജുറാത്ത്:13)

നീതിയുടെ പക്ഷം

പ്രവാചകന്മാരില്‍ പലരെയും നിഷേധിക്കുന്നതിന് മുന്നില്‍ നിന്നവര്‍ പ്രമാണികളായിരുന്നു.  ഫറവോനും ഖാറൂനും ഹാമാനും അതിന് ഉദാഹരണങ്ങളാണ്. മാത്രമല്ല, അധികാരസമ്പത്തിക പ്രമാണികള്‍ അവരുടെ കീഴിലുള്ളവരെ അടിച്ചമര്‍ത്തുന്നതും ചൂഷണം ചെയ്യുന്നതും അവര്‍ ചോദ്യം ചെയ്തു. സുറത്ത് അഅ്‌റാഫില്‍ പല പ്രവാചകന്മാരുടെയും ചരിത്രത്തില്‍ നിന്ന് ഇത് നമുക്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.  അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും  നിഷേധിക്കുന്നവരാണ്. (അല്‍അഅ്‌റാഫ്:75,76)

മൂസായും(അ) ഹാറൂനും(അ) ഇസ്രായേല്യരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫറവോന്റെ മുന്നില്‍ ചെന്നതും നമുക്ക് കാണാം. ദുര്‍ഭലരാക്കപ്പെട്ടവര്‍ക്ക് വേണ്ടി അവര്‍ വാദിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ  ദൂതന്മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദി ക്കരുത്. നിന്റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്മാതര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. (ത്വാഹാ 47)

നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗളത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും  സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  വേണ്ടി, അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ‘ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്കു നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക്  ഒരു സഹായിയെ നല്‍കേണമേ. (അന്നിസാഅ്:75)

ഇന്നും പലരും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെടുന്നു. അധികാരം ലഭിച്ചവര്‍ സാധാരണക്കാരെ ദുര്‍ഭലരാക്കിമാറ്റുന്നു. സാമ്പത്തിക മേല്‍ക്കോയ്മയുള്ളവര്‍ പട്ടിണിപ്പാവങ്ങള്‍ക്കുകൂടെ അവകാശമുള്ള സമ്പത്ത് അന്യായമായി തടഞ്ഞുവെക്കുന്നു. എന്തിനേറെ വിജ്ഞാനം പോലും ചിലര്‍ കുത്തകയാക്കുന്നു. അറബ് വിപ്ലവത്തിലേക്ക് നയിച്ചത് അവിടങ്ങളിലെ ഭരണാധികാരികളുടെ സ്വേച്ഛാധിപത്യ ഭരണമായിരുന്നു. അമേരിക്കയില്‍ നടന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ സമ്പത്തിന്റെ വികേന്ദ്രീകരണം ആവശ്യപ്പെട്ടായിരുന്നു. ഇത്തരം നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളെയും ഭരണകൂടങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരെയും ഇസ്ലാമിന്റെ പക്ഷത്ത് നിലയുറപ്പിച്ചുതന്നെ നമുക്ക് സഹായിക്കാന്‍ കഴിയേണ്ടതുണ്ട്. ലോകത്ത് നിലനില്‍ക്കുന്ന ഭിന്നതകളെ നാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് നാം വിശകലനം ചെയ്യേണ്ടതുണ്ട്. ഇസ്ലാമിനെ ശത്രുക്കളായി പ്രഖ്യാപിച്ചവരുണ്ട്. അത്തരം ശത്രുക്കള്‍ക്കപ്പുറവും ഒരുപാട് വ്യത്യസ്ഥതകളെ നാം അഭിമുഖീകരിക്കേണ്ടി വരുന്നു. നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും വേണ്ടി ഇസ്ലാം എഴുന്നേറ്റുനില്‍ക്കുന്നു.

ഇസ്ലാമിന്റെ ഈ നിലപാടില്‍ നിലയുറപ്പിച്ച് കൊണ്ട് വ്യത്യസ്ഥ വര്‍ണ്ണവര്‍ഗ്ഗലിംഗമതജാതി വിഭാഗങ്ങളുമായുള്ള സമീപനങ്ങളെക്കുറിച്ച് ഇസ്ലാമിക ലോകം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈയൊരവസരത്തില്‍ അതിന്റെ പ്രായോഗതലത്തിലെ സാധ്യതകളെ കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എസ്.ഐ.ഒ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായാണ് അക്കാദമിക രംഗത്തെ പ്രമുഖരെയും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കന്മാരെയും അണിനിരത്തിയും നീതിക്കു വേണ്ടി പോരാടുന്ന വ്യത്യസ്ത സംഘങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 2012 നവംമ്പര്‍ 25 ന് എസ്.ഐ.ഒ Difference and Democracy Conference നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്തതകളോട് തിരിച്ചറിവ് രൂപപ്പെടുത്താനും സഹകരണത്തിന്റെ തലങ്ങള് കണ്ടെത്താനും ഈ കോണ്‍ഫറന്‍സ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Related Articles