Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ ; ചക്രങ്ങള്‍ ചതുരത്തിലായ ഒരു റോള്‍സ് റോയ്‌സ് പോലെയാണ്

പ്രധാനമന്ത്രി രാജി വച്ചു. പറയാന്‍ പോലും ഒരു സര്‍ക്കാരില്ല. ട്രിപ്പളിയില്‍ മറ്റൊരു തെരുവുയുദ്ധത്തിന്റെ പ്രതീതി, തട്ടിക്കൊണ്ടു പോകലുകളുടെ ഭീതിയും. ആഭ്യന്തര യുദ്ധത്തിലായിരുന്നെന്ന് നാം പറയാറുണ്ടായിരുന്ന ലബ്‌നാന്‍ പക്ഷെ സാധാരണ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുകയാണെന്ന് തോന്നിയിരുന്നു. ഒരര്‍ഥത്തില്‍ ഈ പ്രസ്താവനയില്‍ സത്യമുണ്ട്. എന്നും വന്‍ ദുരന്തങ്ങളില്‍ നിന്നും വന്‍ ദുരന്തങ്ങളിലേക്കുളള യാത്ര മാത്രമായിരുന്നു ലബ്‌നാനിന്റെ ചരിത്രം. പക്ഷെ ഇപ്പോള്‍ നടക്കുന്നത് കുറച്ചുകൂടി ഗുരുതരമായി വിലയിരുത്തപ്പെടേണ്ടുന്ന  ഒരുതരം നാടകമാണ്.
നജീബ് മിഖാത്തി (ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനും അതേ സമയം ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രിയുമായ ഒരാള്‍) രാജി വച്ചിരിക്കുന്നു. ഒട്ടും പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥയിലേക്ക് തന്റെ സര്‍ക്കാര്‍ മാറുകയും ഒരു പുതിയ തെരഞ്ഞെടുപ്പു നിയമം രൂപപ്പെടുത്തുന്നതില്‍ എം.പി മാര്‍ പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ രാജി. ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടു കൊണ്ട് തൊഴിലാളി സംഘടനകള്‍ രാജ്യമൊട്ടുക്കും സമരത്തിലാണ്. അന്താരാഷ്ട്ര വിമാനത്താവളം വരെ മണക്കൂറുകളോളം അടച്ചിടേണ്ടി വന്ന അവസ്ഥ. തന്റെ ഏറ്റവും ഒടുവിലത്തെ നടപടിയിലൂടെ മിഖാത്തി തന്നെയാണ് ഇതിന് കാരണമുണ്ടാക്കിയത്. പക്ഷെ അദ്ദേഹം ഒരിക്കലും സന്തോഷിക്കുന്ന അവസ്ഥയിലായിരുന്നില്ല.
എല്ലാത്തിനുമുപരി ഒരു ആഭ്യന്തര കലഹത്തിന്റെ പടിവതില്‍ക്കല്‍ ജീവിക്കുക എന്നത് എളുപ്പമുളള കാര്യമല്ല. പ്രത്യേകിച്ചും ലബനാന്‍ അതിര്‍ത്തിക്കകത്ത് രണ്ടു വീടുകളില്‍ സിറിയന്‍ ബോംബ് വര്‍ഷിക്കപ്പെട്ടു എന്നറിയുമ്പോള്‍.  ഇസ്‌റായേല്‍ നിരന്തരമായി ലബനാന്‍ ആകാശാതിര്‍ത്തി ലംഘിക്കുമ്പോള്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത വാഷിംഗ്ടണ്‍ ഇപ്പോളിതാ സിറിയന്‍ അതിക്രമത്തിനെതിരെ ദമസ്‌കസിനോട് കുതിര കയറുന്നു. സിറിയക്കെതിരെ അനുമതി നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ല ലബനാനുളളത്. തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശത്തുളള ശിയാക്കള്‍, സുന്നികള്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ കലഹത്തിലേര്‍പ്പെടാതെ തൃപ്തിപ്പെടുത്തി നിര്‍ത്തേണ്ടതിനാല്‍ നിര്‍ബന്ധിതാവസ്ഥയിലുളള ഒരുതരം നിഷ്പക്ഷ സമീപന നയമാണ് ലബനാന്‍ എടുത്തിട്ടുളളത്. ലബനീസ് പട്ടാളക്കാരനുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ട ട്രിപ്പളിയിലെ സുന്നി കലാപം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ നോക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മിഖാത്തിയുടെ ജന്മദേശമാണ് ട്രിപ്പളിയെന്നിരിക്കെ. പക്ഷേ ലബനാന്റെ ഈ നയം അത്ര കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നു തോന്നുന്നുന്നില്ല. തുടക്കത്തില്‍തന്നെ സിറിയന്‍ പക്ഷപാതിയായ വിദേശകാര്യമന്ത്രി അറബ് ലീഗില്‍ സിറിയക്കുളള പ്രാതിനിധ്യം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗള്‍ഫ് അറബികളെ രോഷാകുലരാക്കുകയുണ്ടായി. അതേ സമയം ഈ മന്ത്രി സിറിയയുടെ വ്യോമാധിനിവേശത്തെക്കുറിച്ച് അത്ര പെട്ടെന്ന് പ്രതികരിച്ചു കണ്ടില്ല. ഒരു സുന്നി ശൈഖ് അതിര്‍ത്തിയില്‍ ജീവിക്കുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിറിയയിലേക്ക് പോകുകയായിരുന്ന ഇന്ധനം നിറച്ച വാഹനങ്ങള്‍ തടയുകയുണ്ടായി. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യമാണ് മിക്കവാറും ആ ഇന്ധനം ഉപയോഗിക്കുക.
രാജിയുമായി മുന്നോട്ടു പോകാനുളള മിഖാത്തിയുടെ തീരുമാനം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്താനുളളതാണ്. പ്രത്യേകിച്ചും ശിയാ ഗ്രൂപ്പായ ഹിസ്ബുല്ലയെയും വധഭീഷണിയുണ്ടെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടു വര്‍ഷമായി സൗദി അറേബ്യയില്‍ ഒളിച്ചു കഴിയുന്ന സഅ്ദ് ഹരീരിയുടെ അഭാവത്തില്‍ അസ്വസ്ഥമായി നില്‍ക്കുന്ന സുന്നികളെയും. അതിലൂടെ ഒരു പ്രവര്‍ത്തനക്ഷമമായ ഗവണ്‍മെന്റിന് രൂപം നല്‍കുകയും ഒരു പുതിയ തെരഞ്ഞെടുപ്പ് നിയമം കൊണ്ടു വരുകയും അതിലൂടെ ആഴ്ചകളായി രാജ്യം നേരിടുന്ന ദൗര്‍ബല്യത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയുമാണ് ലക്ഷ്യം. പ്രശ്‌നം എപ്പോഴും അപരിഹാര്യവും ദീര്‍ഘകാലത്തേക്കുമുളളതുമാണ്.
ഒരു ആധുനിക രാജ്യമാകുന്നതിന് ലബനാന്‍ തീര്‍ച്ചയായും സ്വയം വിചാരണ നടത്തേണ്ടതുണ്ട്. പ്രസിഡന്റ് എല്ലായ്‌പ്പോഴും ഒരു മരോണൈറ്റ് ക്രിസ്ത്യന്‍ ആകുക, പ്രധനമന്ത്രി എപ്പോഴും സുന്നിയാകുക, പാര്‍ലമെന്റ് സ്പീക്കര്‍ എപ്പോഴും ശിയയാകുക. ഇങ്ങനെയുളള രാജ്യം എങ്ങനെയാണ് പ്രവര്‍ത്തനക്ഷമമാകുക?  നല്ല മനോഹരമായ പര്‍വതങ്ങള്‍, നല്ല ഭക്ഷണം, അനിതരസാധാരണമായ അക്ഷരാഭ്യാസികളായ ജനത, പക്ഷെ അതെല്ലാം  വെറുതെയാകുന്നു . ചുരുക്കിപ്പറഞ്ഞാല്‍ നല്ല ലെതര്‍ സീറ്റുളള ഒരു റോള്‍സ് റോയ്‌സ് കാറു പോലെ, പക്ഷെ അതിന്റെ ചക്രങ്ങള്‍ ചതുരാകൃതിയിലായിപ്പോയി. അതിനോടാന്‍ സാധിക്കില്ല.
എന്നാലും ലബനാന്‍ പ്രധാനമന്ത്രിയാകുക എന്നത് ചിരിച്ചുതള്ളേണ്ടുന്ന ഒന്നല്ല. എം.പി മാരുടെയും മന്ത്രിമാരുടെയും സഹായത്തോടെ നിങ്ങള്‍ക്ക് കാര്‍ കുറച്ചു ദൂരം തളളിക്കൊണ്ടു പോകാം. പക്ഷെ കുറച്ചു കഴിഞ്ഞാല്‍ ഇവരെല്ലാം തളളല്‍ നിര്‍ത്തി വീണ്ടും തങ്ങളുടെതായ ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങും. ഹിസ്ബുല്ല അംഗമായ നിലവിലെ ഗവണ്‍മെന്റ് സിറിയയില്‍ അസദിനെതിരെ സമരം നയിക്കുന്ന സുന്നി ധാരയെ പ്രതിനിധീകരിക്കുകയില്ല. മിഖാത്തിയുടെ രാജിയില്‍ തീര്‍ച്ചയായും ഹരീരി സന്തോഷിക്കുന്നുണ്ടാകും. രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാന്‍ അദ്ദേഹം മുന്നോട്ടു വച്ച 14 നിര്‍ദ്ദേശങ്ങളിലൊന്നാണത്.
ഏതായാലും ശരിയായ രീതിയിലുളള തെരഞ്ഞെടുപ്പ് നടക്കുന്നതിലൂടെ മാത്രമേ ലബനാനിനെ ശാന്തമായ അന്തരീക്ഷത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സാധിക്കൂ.. ഇപ്പോള്‍ നിലവിലുളള പാര്‍ലിമെന്റ് അതോരിറ്റിയുടെ നിയന്ത്രണത്തില്‍ ഒരിക്കലും ട്രിപ്പളിയില്‍ തുടരുന്ന കലാപത്തിന് അന്ത്യം കുറിക്കാനാകില്ല.

വിവ: അത്തീഖുറഹ്മാന്‍

Related Articles