Current Date

Search
Close this search box.
Search
Close this search box.

റാഇദ് സലാഹിനെ തുറങ്കിലടക്കാനുള്ള ഇസ്രായേല്‍ തന്ത്രം: ഭാഗം1

രാഷ്ട്രീയ സംഘങ്ങള്‍ക്കിടയില്‍ വിഭജിതമാണ് ഫലസ്തീന്റെ രാഷ്ട്രീയ ശരീരം. ചരിത്രപരമായി, ഇടത് സംഘടനകള്‍ (പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനാണ് അതില്‍ പ്രമുഖര്‍), ഫതഹ്, ഫലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ് എന്നിവ ചേര്‍ന്നതാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഓ). 1980-90 കാഘട്ടത്തില്‍ ഇസ്‌ലാമിസ്റ്റ് സംഘങ്ങളുടെ പ്രചാരം വര്‍ദ്ധിച്ചു. ഹമാസ്, ഇസ്‌ലാമിക് റസിസ്റ്റന്‍സ് മൂവ്‌മെന്റ് എന്നിവയാണ് അതിന് നേതൃത്വം വഹിച്ചത്.

പിന്നീടുള്ള വര്‍ഷങ്ങള്‍ പരസ്പര പോരിന്റെയും മത്സരത്തിന്റെയും കാലഘട്ടമായിരുന്നു. ഹമാസും ഫത്ഹും തമ്മിലുള്ള ശത്രുത 2006-ലും 2007-ലും ഗസ്സയുടെ തെരുവീഥികളില്‍ ചെറിയ ആഭ്യന്തരയുദ്ധത്തിന് പോലും വഴിവെച്ചു.

പക്ഷെ, ഇസ്രായേല്‍ പ്രചരിപ്പിക്കുന്നതിന് നേര്‍വിപരീതമാണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ അന്ന് സംഭവിച്ചത്. ഗസ്സയിലെ ഫലസ്തീന്‍ അതോറിറ്റിയെ അട്ടിമറിയിലൂടെ ഹമാസ് പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ ഇന്നും നടത്തുന്ന പ്രചാരണം.

യഥാര്‍ത്ഥത്തില്‍, 2006-ലെ ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറിയ ഹമാസിനെതിരെ ഫതഹിനുള്ളില്‍ തന്നെയുള്ളവര്‍ (യുദ്ധമുതലാളി മുഹമ്മദ് ദഹ്‌ലാന്റെ നേതൃത്വത്തില്‍) നടത്തിയതാണ് 2007-ലെ അട്ടിമറി. മേഖലയിലെ ജനാധിപത്യ വിരുദ്ധന്‍മാരും, അവരുടെ അന്താരാഷ്ട്ര പിന്താങ്ങികളും ഈ അട്ടിമറി ശ്രമത്തിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദാന്‍, അമേരിക്ക എന്നിവരാണ് അവര്‍. ഹമാസിനോട് കൂറു പുലര്‍ത്തുന്ന സംഘങ്ങള്‍ ഒത്തൊരുമിച്ചാണ് അന്നത്തെ അട്ടിമറി ശ്രമത്തെ മുളയിലേ നുള്ളി കളഞ്ഞത്. ഹമാസിന്റെ കൈയ്യിലാണ് ഇന്നും ഗസ്സ മുനമ്പിന്റെ നിയന്ത്രണം. എന്നിരുന്നാലും, 2014-ല്‍ ഫതഹുമായി ഉണ്ടാക്കിയ അനുരഞ്ജന കരാറിന്റെ അടിസ്ഥാനത്തില്‍ ഗസ്സയുടെ അധികാരം തെരഞ്ഞെടുക്കപ്പെടാത്ത ഫലസ്തീന്‍ അതോറിറ്റിക്ക് ഹമാസ് തത്വത്തില്‍ കൈമാറിയിട്ടുണ്ട്.

പക്ഷെ, ഹമാസ്-ഫതഹ് വിഭജനം ഉള്ളതോടൊപ്പം തന്നെ, ഫലസ്തീനിലെ രാഷ്ട്രീയ വൈവിധ്യങ്ങളുടെ വിശാലഭൂമികയെ എല്ലായ്‌പ്പോഴും അവഗണിക്കുന്ന സമീപനമാണ് പാശ്ചാത്യത്തെ ലോകത്തെ നിരീക്ഷകര്‍ വെച്ചുപുലര്‍ത്തുന്നത്. രാഷ്ട്രീയ കക്ഷികളല്ല മറിച്ച് ഭൂമിശാസ്ത്രപരവും, ചരിത്രപരവുമായ വൈവിധ്യങ്ങളാണ് ഫലസ്തീന്‍ വിഭജനത്തിന്റെ പ്രാഥമിക ചരിത്ര യാഥാര്‍ത്ഥ്യം.

1948-ല്‍ സയണിസ്റ്റ് സായുധസംഘങ്ങള്‍ ഫലസ്തീനികളെ വംശീയമായി കൂട്ടക്കൊല ചെയ്ത നഖബ സംഭവം മുതല്‍ക്കാണ് പ്രാഥമികമായി മൂന്ന് മേഖലകളിലായി ഫലസ്തീനികള്‍ വിഭജിക്കപ്പെട്ടത്: വെസ്റ്റ്ബാങ്കിലെയും, ഗസ്സ മുനമ്പിലെയും (1967 ഇസ്രായേല്‍ അധിനിവേശം നടത്തി) ഫലസ്തീനികള്‍, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, പലായനം ചെയ്തവരുമായ ഫലസ്തീനികള്‍, 1948-ല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ അതിര്‍ത്തികള്‍ക്കുള്ളില്‍ കഴിയുന്ന ഫലസ്തീനികള്‍ (എന്നുവെച്ചാല്‍ ഇസ്രയേല്‍ പൗരന്‍മാരായ ഫലസ്തീനികള്‍).

ഈ മൂന്നാമത് പറഞ്ഞ മേഖലയില്‍ വസിക്കുന്ന ഫലസ്തീനികളാണ് ഫലസ്തീന്‍ ജനതയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പാശ്ചാത്യ നിരീക്ഷകന്‍മാരാല്‍ അവഗണിക്കപ്പെടുന്നത്. ഇസ്രായേല്‍ പൗരത്വമുള്ള ഫലസ്തീനികളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ഇസ്രായേല്‍ ഉപയോഗിക്കുന്ന ‘അറബ് ഇസ്രായേലികള്‍’ എന്ന പ്രചാരണ സംജ്ഞ തന്നെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും (ഗാര്‍ഡിയന്‍ അടക്കം)ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹൈഫ, ജാഫ, നസ്‌റേത്ത് തുടങ്ങിയവിടങ്ങളിലെ ഫലസ്തീനികളുമായി നിങ്ങള്‍ സംസാരിച്ചാല്‍, അവരെല്ലാം തങ്ങള്‍ ‘ഇസ്രായേലി അറബികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നവരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വളരെ കുറച്ച് പേര്‍ മാത്രമേ തങ്ങളുടെ മേലുള്ള ഈ ‘ഇസ്രായേല്‍’ മുദ്ര അംഗീകരിക്കുന്നുള്ളു.

വൈരുദ്ധ്യമെന്ന് തോന്നുമെങ്കിലും, ഇസ്രായേലി നിയമത്തിലും പ്രയോഗത്തിലും ‘ഇസ്രായേലി’ എന്നൊരു പൗരത്വം ആര്‍ക്കും നല്‍കുന്നില്ല. മറിച്ച് ‘ജൂത പൗരത്വം’ ആണ് നല്‍കുന്നത്. 2013-ല്‍, തങ്ങളുടെ തിരിച്ചറിയല്‍ രേഖകളിലെ ‘നാഷണാലിറ്റി’ എന്ന ഫീല്‍ഡില്‍ നിന്നും ‘ജൂതന്‍’ എന്നത് മാറ്റി ‘ഇസ്രായേലി’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം സെക്കുലര്‍ ഇസ്രായേലി ജൂതന്‍മാര്‍ നല്‍കിയ അപേക്ഷ ഇസ്രായേലി ഹൈകോടതി തള്ളിക്കളഞ്ഞിരുന്നു. ഇത്തരം നീക്കങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ‘ജൂത’ സ്വഭാവത്തെ അവഹേളിക്കുന്നതാണ് എന്നാണ് കോടതി അന്ന് പറഞ്ഞത്. ‘1948-ലെ ഫലസ്തീനികള്‍’ക്ക്(ഇങ്ങനെയാണ് അറബിയില്‍ അവരെ വിശേഷിപ്പിക്കുന്നത്) അവരുടേതായ പ്രസ്ഥാനങ്ങളും, സംഘടനകളും, രാഷ്ട്രീയ നേതാക്കളും ഉണ്ട്. വിശാലമായ ഫലസ്തീനിയന്‍ രാഷ്ട്രീയ ശരീരത്തെ പ്രതിഫലിപ്പിക്കുന്നതാണ്അവരുടെ രാഷ്ട്രീയഭൂമിക; നാഷണലിസ്റ്റുകള്‍, ഇസ്‌ലാമിസ്റ്റുകള്‍, ഇടതുപക്ഷക്കാര്‍. എന്നിരുന്നാലും, ഇവര്‍ക്കിടയിലുള്ള അതിര്‍ത്തികള്‍ പരസ്പരം അതിക്രമിച്ചു കടക്കപ്പെടുന്നത് പതിവാണ്.

തീര്‍ച്ചയായും, ഇസ്രായേലിലെ ഫല്‌സതീന്‍ പൗരന്‍മാര്‍ക്കിടയിലെ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ നേതാക്കൡ ഒരാളായ റാഇദ് സലാഹ്. ഈ പ്രസ്ഥാനത്തിലെ ഒരു വിഭാഗം വര്‍ഷങ്ങളായി ഇസ്രായേലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത് വരുന്നുണ്ടെങ്കിലും, റാഇദ് സലാഹിന്റെ നേതൃത്വത്തിലുള്ള വിഭാഗം തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചത്.

വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഫലസ്തീനികള്‍ക്കിടയില്‍, എല്ലാവരാലും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന, ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും, അവരുടെ വംശീയ നയങ്ങള്‍ക്കെതിരെയും അഹിംസയിലധിഷ്ടിതമായ സമരരീതികളിലൂടെ പ്രതിരോധം തീര്‍ക്കുന്ന ഒരു ധീര വ്യക്തിത്വമാണ് റാഇദ് സലാഹ്. ഫലസ്തീനികളുടെ പുണ്യസ്ഥലങ്ങള്‍ കൈയ്യേറുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ഒരു മതനേതാവ് എന്ന നിലയിലും അധിനിവേശ വിരുദ്ധ ചെറുത്ത് നില്‍പ്പിനെ നയിക്കുന്നയാളാണ് അദ്ദേഹം. പലതരത്തിലാണ് അത്തരം കൈയ്യേറ്റങ്ങള്‍ നടക്കുന്നത്. ഉദാഹരണത്തിന്, ജൂലൈ മാസത്തില്‍, ഗലീലി കടലിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ‘ചര്‍ച്ച് ഓഫ് ലോവ്‌സ് ആന്റ് ഫിഷസ്’ എന്ന ക്രിസ്ത്യന്‍ പള്ളി, തീവ്ര-ദേശീയവാദികളെന്ന് സംശയിക്കപ്പെടുന്നവര്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു : ‘കപട ആരാധനാപാത്രങ്ങള്‍ തകര്‍ക്കപ്പെടും’ എന്ന ഒരു ഹിബ്രൂ ചുമരെഴുത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

മസ്ജിദുല്‍ അഖ്‌സ അങ്കണം കൈയ്യേറുക എന്നതാണ് വര്‍ഷങ്ങളായുള്ള ഇസ്രായേല്‍ അധിനിവേശ നയത്തിന്റെ കേന്ദ്രബിന്ദു. ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലവും, ഫലസ്തീന്‍ ദേശീയതയുടെ അടയാളവുമാണ് മസ്ജിദുല്‍ അഖ്‌സ. അതിലേക്കുള്ള ഫലസ്തീനികളുടെ പ്രവേശനം തടയുന്നത് ഇസ്രായേല്‍ അധിനിവേശ സേനയുടെ ഒരു സ്ഥിരം കാര്യപരിപാടിയാണെങ്കിലും ശരി, ഫലസ്തീന്‍ മുസ്‌ലിംകളുടെ മതകീയ ജീവിതത്തിന്റെ കേന്ദ്രമാണത്.

ജൂത തീവ്രവാദ സംഘങ്ങള്‍ മസ്ജിദുല്‍ അഖ്‌സയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് അവിടെ ‘തേര്‍ഡ് ടെംപ്ള്‍’ നിര്‍മിക്കുക എന്ന ഉദ്ദേശ്യലക്ഷ്യം അവര്‍ പരസ്യമായി തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അങ്ങനെ സംഭവിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വാക്കിന് വിപരീതമായ അസ്വസ്ഥതയുളവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. (തുടരും)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

റാഇദ് സലാഹിനെ എന്തിന് ഇസ്രായേല്‍ തുറങ്കിലടക്കുന്നു

Related Articles