Current Date

Search
Close this search box.
Search
Close this search box.

മെഡിറ്റേറിയനില്‍ മുങ്ങിത്താഴുന്ന ഫലസ്തീന്‍ ജീവിതങ്ങള്‍

മധ്യപൗരസ്ത്യ ദേശത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യവും ആഭ്യന്തര സംഘര്‍ഷങ്ങളും കാരണം മെഡിറ്റേറിയന്‍ കടല്‍ ഇന്നൊരു ‘ചാവുകടലായി’ മാറിയിരിക്കുന്നു. മധ്യപൗരസ്ത്യ ദേശത്തു നിന്നും യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 500 ലധികം പേരാണ് ഈ ഒക്ടോബര്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ മാത്രം മെഡിറ്റേറിയന്‍ കടലില്‍ മുങ്ങി മരിച്ചത്. അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഫലസ്തീന്‍, സിറിയന്‍ അഭയാര്‍ഥികളാണ് ഇത്തരത്തില്‍  കടല്‍ ക്ഷോഭങ്ങളില്‍ പെട്ട് മുങ്ങി മരിക്കുന്നത് എന്നതുകൊണ്ടു തന്നെ മരണപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാകാനാണ് സാധ്യത. 1948 ല്‍ ഇസ്രയേല്‍ രൂപം കൊണ്ടത് മുതല്‍ സ്വന്തം നാടും വീടും വിട്ടുപോകാന്‍ നിര്‍ബന്ധിതരായി അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ മൂന്നും നാലും തലമുറയില്‍ പെട്ടവരാണ് ഇന്ന് കടല്‍ കടന്ന് ദുരിത ജീവിതത്തിന് അറുതി കണ്ടെത്താന്‍ ശ്രമിക്കുന്നത്. ജനനം മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തില്‍ മുങ്ങിത്താണവരുടെ ജീവിതാവസാനം ഒടുവില്‍ മെഡിറ്റേറിനിയന്റെ ആഴങ്ങളിലൊതുങ്ങുന്നു.

രണ്ടു വര്‍ഷത്തിലധികമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷം സിറിയന്‍ ജനതയുടെ ജീവിതത്തെ മാത്രമല്ല സാരമായി ബാധിച്ചത്. 1948 ല്‍ തുടങ്ങിയ ഇസ്രയേല്‍ കയ്യേറ്റത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി സിറിയയിലെത്തിയ ഫലസ്തീനികളുടെ ജീവിതത്തെയും സംഘര്‍ഷം കൂടുതല്‍ ദുരിത പൂര്‍ണമാക്കിയിരിക്കുന്നു. 235,000 ത്തിനും 529,000 ത്തിനും ഇടയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ സിറിയയുടെ വിവിധ പ്രദേശങ്ങളായി ചിന്നിചിതറി കിടക്കുന്നതായി യു.എന്നിന്റെ പുനരിധിവാസ വിഭാഗം പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നു. ഇതില്‍ 90% പേരും അതീവ ദുരിതമനുഭവിക്കുന്നവരും അടിയന്തര സഹായം ലഭ്യമാക്കേണ്ടവരുമാണ്. എന്നാല്‍ യു.എന്‍ അംഗ രാജ്യങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ഫണ്ട് ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യു.എന്‍ രൂപീകരിച്ച റിലീഫ് സെല്ലിന്റെ സഹായം ലഭിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റെടുത്ത് പരിശോധിച്ചാല്‍ അതില്‍ ഒരു അറബ് രാഷ്ട്രത്തെ പോലും കാണുകയില്ല. ഫലസ്തീന്‍ ജനതയോട് യു.എന്‍ വെച്ചു പുലര്‍ത്തുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്നതാണിത്. ഫലസ്തീന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ യു.എന്നിനെ പോലെ തന്നെ അറബ് ലീഗും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. അറബ് ലീഗിന്റെ യോഗങ്ങളില്‍ ഇതുസംബന്ധമായ പ്രമേയങ്ങള്‍ ചിലപ്പോഴെങ്കിലും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഏതാനും ചില ഫലസ്തീന്‍ വിരുദ്ധ അംഗ രാജ്യങ്ങളുടെ കുത്സിത ശ്രമം കാരണം അത്തരം ഉദ്യമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. മെഡിറ്റേറിയന്റെ ക്ഷോഭിക്കുന്ന തിരമാലകളെ മുറിച്ചു കടന്ന് ജീവിതത്തിന്റെ പച്ചപ്പ് കണ്ടെത്താന്‍ ഫലസ്തീന്‍ അഭയാര്‍ഥികളെ തള്ളി വിടുന്ന നടപടിയാണ് അറബ് ലീഗും യു.എന്നും കഴിഞ്ഞ കാലങ്ങളിലെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്.   

ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിച്ചതുമൂലം സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ കുത്തൊഴുക്ക് തടയാന്‍ അയല്‍ രാജ്യങ്ങളെല്ലാം തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടുത്ത സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഇതിനകം പതിനായരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ ജോര്‍ദാന്‍ തങ്ങളുടെ അതിര്‍ത്തി പൂര്‍ണമായും അടച്ചു കഴിഞ്ഞു. ഇനിയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ചതിന് ശേഷം ഈജിപ്തില്‍ നിലവില്‍ വന്ന സൈനിക മേധാവിത്വത്തിലുള്ള ഭരണകൂടം ഇസ്രയേലിന്റെ ആജ്ഞാനുവര്‍ത്തികളായി ഫലസ്തീന്‍ ജനതയെ കൂടുതല്‍ പീഡനത്തിനിരയാക്കി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി റഫാ അതിര്‍ത്തി വഴിയുള്ള എല്ലാ നീക്കവും സൈന്യം തടയുകയും തുരങ്കങ്ങള്‍ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. സിറിയയില്‍ അഭയാര്‍ഥികളായി ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് തങ്ങളുടെ സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങാനുള്ള മോഹത്തിനു മുന്നില്‍ കൈറോയിലെ അവരുടെ ‘സഹോദരങ്ങള്‍’ തന്നെ തടസ്സം നില്‍ക്കുന്നു.

ലബനാനിലും ഫലസ്തീന്‍ അഭയാര്‍ഥികള്‍ ക്രൂരമായ വിവേചനത്തിനാണിരയാവുന്നത്. ആഭ്യന്തര സംഘര്‍ഷത്തില്‍ നാടു വിട്ടുവന്നവരാണെന്ന പരിഗണന പോലും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ലബനാന്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല ടൂറിസ്റ്റുകളോടു പെരുമാരുന്നത് പോലെയാണ് അവരെ കൈകാര്യം ചെയ്യുന്നത്. വീടും നാടും വിട്ടു പോകാന്‍ നിര്‍ബന്ധിതരായി ലബനാനിലെത്തുന്ന ഫലസ്തീനികള്‍ക്ക് അഭയം നല്‍കണമെങ്കില്‍ പ്രവേശനാനുമതി പത്രവും ലബനാനിലെ ബന്ധുക്കളുടെ പേരു വിവരങ്ങളും ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നു. ഫലസ്തീന്‍ അഭയാര്‍ഥികളെ രാജ്യത്ത് നിന്നും ഇല്ലായ്മ ചെയ്യാനുള്ള ലെബനാന്‍ സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ക്രൂര നടപടികള്‍. രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നല്‍കിയാല്‍ തന്നെ മറ്റുള്ളവര്‍ക്ക് അനുവദനീയമായ ഭൂരിപക്ഷം തൊഴില്‍ മേഖലയില്‍ നിന്നും അഭയാര്‍ഥികളെ ഗവണ്‍മെന്റ് വിലക്കുകയും ചെയ്യുന്നു. ഇതാണ് ‘സഹോദര’ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥികളോട് വെച്ചു പുലര്‍ത്തുന്ന സമീപനങ്ങള്‍.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളുടെയും മൂല കാരണം ഇസ്രയേലാണ്. ആയിരക്കണക്കിനു ഫലസ്തീന്‍ ഭവനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുമേലാണ് ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. 1948 മുതല്‍ ഇസ്രയേലെന്ന സയണിസ്റ്റ് ഭീകര രാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടില്‍ മില്യണ്‍ കണക്കിനു ഫലസ്തീനികളാണ് അഭയാര്‍ഥികളായി ഇതര രാജ്യങ്ങളില്‍ ദുരിത ജീവിതം നയിക്കുന്നത്. യുദ്ധങ്ങളില്‍ ആട്ടിയോടിക്കപ്പെടുകയും ദുരിതങ്ങളനുഭവിക്കുകയും ചെയ്യുന്നവരെ സഹായിക്കാനും അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാനും യു.എന്നിന്റെ കീഴില്‍ അന്താരാഷ്ട്ര പുനരിധിവാസ സംഘടനയുണ്ട്. എന്നാല്‍ ഫലസ്തീനില്‍ ഈ സംഘടനക്ക് യാതൊരു വിധ റോളുമില്ലന്നതാണ് വിരോധാഭാസം. മറിച്ച് യു.എന്‍.ആര്‍.ഡബ്ലു.എ എന്ന സഹായ സംഘമാണ് ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്നത്. ഫലസ്തീനികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുവരിക എന്നതല്ല ഈ സംഘത്തിന്റെ പ്രവര്‍ത്തന മേഖല. മറിച്ച് അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിലാണ് ഈ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവിടെ ഒരു ചോദ്യമുയരുന്നു. എന്തുകൊണ്ട് ഫലസ്തീനികള്‍ക്ക് വേണ്ടി മാത്രം ഒരു പ്രത്യേക സംഘടന? മറ്റുള്ള അഭയാര്‍ഥികളെ അപേക്ഷിച്ച് വ്യത്യസ്തമായ സമീപനം ഫലസ്തീനകളോട് സ്വീകരിക്കുന്നത് എന്തുകൊണ്ട്? അന്യ രാജ്യങ്ങളില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് ഫലസ്തീനിലേക്ക് തന്നെ മടങ്ങാനുള്ള അവസരമൊരുക്കുന്നതിന് പകരം ‘ഇസ്രയേലിലേക്ക്’ മടങ്ങാനുള്ള അവസരമൊരുക്കാമെന്ന് ഇവര്‍ വാദിക്കുന്നത് എന്തുകൊണ്ട്?  സയണിസ്റ്റ് അനുകൂല നിലപാടു സ്വീകരിക്കുന്ന യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥികളോട് വെച്ചു പുലര്‍ത്തുന്ന കാപട്യ നിലപാട് തുറന്നു കാട്ടുന്നതാണ് ഈ സംഘത്തിന്റെ രൂപീകരണവും അതിന്റെ പ്രവര്‍ത്തനങ്ങളും.
നാടുകടത്തലിന്റെ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഫലസ്തീന്‍ അഭയാര്‍ഥികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ വരച്ചു കാണിക്കുന്നതാണ് ഈയടുത്ത ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ദുരിത സംഭവങ്ങള്‍.

അഭിയാര്‍ഥി ജീവിതമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയിട്ടും തങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ലോക ജനത മുന്നിട്ടിറങ്ങാത്ത സാഹചര്യത്തില്‍ ഇത്തരം സാഹസികതകള്‍ക്ക് അവര്‍ എടുത്തുചാടുന്നതില്‍ നമുക്കവരെ കുറ്റം പറയാനാവില്ല. ഫലസ്തീന്‍ അഭയാര്‍ഥികളുടെ ദുരിതം പരിഹരിക്കാനും സ്വന്തം നാട്ടിലേക്ക് മടങ്ങിവരാനുള്ള അവരുടെ ആഗ്രഹവും അവകാശവും പൂര്‍ത്തീകരിക്കുന്നതിനും ഫലസ്തീനിലെ നിയമാനസൃത ഗവണ്‍മെന്റെന്ന് മേനി നടിക്കുന്ന ഫലസ്തീന്‍ വിമോചന സംഘത്തിന് (പി.എല്‍.ഒ) ബാധ്യതയുണ്ട്. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിച്ചും ഫലസ്തീനികള്‍ക്ക് തങ്ങളുടെ മണ്ണിലുള്ള അവകാശങ്ങള്‍ അടിയറവെച്ചും ഇസ്രയേലുമായി കരാറിലൊപ്പിടാനാണ് പി.എല്‍.ഒ യുടെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ രാഷ്ര നേതാക്കളുടെ പദ്ധതിയെങ്കില്‍ ഫലസ്തീന്‍ ജനത അതംഗീകരിക്കാനും അതിനു കീഴടങ്ങാനും ഒരു കാലത്തും ഒരുക്കമാകില്ല. യൂറോപ്പിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ അടിയുന്ന ഫലസ്തീന്‍ അഭയാര്‍ഥികളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് അവരുടെ ദുരിതത്തെ കുറിച്ച് പ്രമേയങ്ങള്‍ പാസാക്കുക എന്നതിനപ്പുറം പ്രായോഗിക നടപടികളിമായി മുന്നോട്ട് വരാന്‍ യൂറോപ്പും സന്നദ്ധമാകേണ്ടതുണ്ട്. ദുരിതം നിറഞ്ഞ ക്യാമ്പുകളിലെ ജീവിതം മടുത്താണ് മെഡിറ്ററേനിയന്റെ ഭീതിതമായ തിരമാലകളെയും അവഗണിച്ച് യൂറോപ്പിലേക്ക് കടക്കാന്‍ അഭയാര്‍ഥികള്‍ ശ്രമിക്കുന്നത്. തങ്ങളുടെ ജീവിതം മദ്ധ്യധരണ്യാഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞാലും ഫലസ്തീന്‍ അഭയാര്‍ഥികളുടെ ജീവിതത്തിന് മാറ്റം വരുത്താന്‍ അത് കാരണമായേക്കുമെന്നവര്‍ പ്രതീക്ഷിക്കുന്നു.
വിവ : ജലീസ് കോഡൂര്‍

Related Articles