Current Date

Search
Close this search box.
Search
Close this search box.

ഭരണഘടന വിജയിക്കും, പക്ഷെ പ്രതിസന്ധി അവസാനിച്ചേക്കില്ല

ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ അലക്‌സാണ്ട്രിയയില്‍ ഭരണഘടനാ ഹിതപരിശോധനയുടെ രണ്ടാം ഘട്ടത്തിന്റെ മുന്നോടിയായി ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന വമ്പിച്ച പ്രകടനം ആരംഭിക്കാനിരിക്കുകയാണ്. പ്രസ്തുത ഉദ്യമത്തിനായി അലക്‌സാണ്ട്രിയ യാദൃശ്ചികമായി തെരഞ്ഞെടുക്കപ്പെട്ടതല്ല, മറിച്ച് ഇസലാമിസ്റ്റുകള്‍ക്കും, മതേതരവാദികള്‍ക്കുമിടയില്‍ ശക്തമായ സംഘട്ടനങ്ങള്‍ നടന്ന സ്ഥലമാണ് അത്. എന്നാല്‍ ഇന്നത്തെ പ്രകടനം തീര്‍ത്തും ശാന്തമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിതപരിശോധനയുടെ രണ്ടാംഘട്ടം ഒന്നാമത്തേതില്‍ നിന്ന് പൊതുവെ വ്യത്യസ്തമാവാനാണ് സാധ്യത. ഫലത്തിന്റെയും, പോളിംഗ് ശതമാനത്തിന്റെയും കാര്യത്തിലാണ് ഞാന്‍ ഉദ്ദേശിച്ചത്. കാരണം അതില്‍ പങ്കെടുക്കേണ്ടത് മിക്കവാറും ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. ഒന്നാംഘട്ടത്തില്‍ ഭരണഘടനക്ക് 57% ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. പട്ടണങ്ങളില്‍ പൊതുവെ ലിബറിസ്റ്റുകളും, മതേതരവാദികളും ധാരാളമുണ്ട്. ഭരണഘടനക്കെതിരെ രേഖപ്പെടുത്തപ്പെട്ട 43% വോട്ടുകള്‍ അതാണ് തെളിയിക്കുന്നത്.
അതായത് ഭരണഘടന ഹിതപരിശോധനയില്‍ വിജയിക്കുമെന്നത് തീര്‍ച്ചയായിരിക്കുന്നു. പക്ഷെ, ഈജിപ്ത് ആഗ്രഹിക്കുന്ന സ്ഥിരത അതുമുഖേന കൈവരുമോ എന്ന സംശയമാണ് അവശേഷിക്കുന്നത്. മുഹമ്മദ് ബറാദഗിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഫലം അംഗീകരിക്കുകയില്ലെന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിരിക്കുന്നുവെന്നും, അതിനാല്‍ വീണ്ടും നടത്തണമെന്നും അവര്‍ ആവശ്യപ്പെടുമെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഇനിയൊരു ഹിതപരിശോധനക്ക് കൂടി വഴങ്ങിയേക്കില്ല. മാത്രമല്ല, പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അടുത്ത മാസം പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടത്തുക കൂടി ചെയ്യാനാണ് സാധ്യത. പ്രസിസന്ധി തുടരുകയും, പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്യുമെന്നാണ് ഇക്കാര്യങ്ങളൊക്കെയും സൂചിപ്പിക്കുന്നത്.

വിപ്ലവത്തിന് ശേഷം ഏവര്‍ക്കും സുസമ്മതമായ ഭരണഘടനയാണ് രൂപപ്പെടേണ്ടത് എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ ആര്‍ക്കും തര്‍ക്കമേയില്ല. ഇഖ്‌വാനികളും, സലഫികളും ആഗ്രഹിക്കുന്ന ഇസ്‌ലാമിക രാഷ്ട്രമെന്ന ആശയത്തോടുള്ള ഭയം കാരണമായിരിക്കാം ഒരു പക്ഷെ അവര്‍ ഈ വാദം ഉന്നയിക്കുന്നത്. പക്ഷെ ഈജിപ്തില്‍ നിലവിലുള്ള അവസ്ഥ രാഷ്ട്രത്തിന്റെ ഭദ്രതയെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നതിലാണ് നമുക്ക് വിയോജിപ്പുള്ളത്. രാഷ്ട്രം നേരിടുന്ന ശക്തമായ സാമ്പത്തിക പ്രതിസന്ധിയെ വീണ്ടും അധികരിപ്പിക്കാന്‍ മാത്രമെ ഇത് ഉപകരിക്കുകയുള്ളൂ എന്നതാണ് വസ്തുത.
മുന്‍ഭരണകൂടത്തിന്റെ അനുകൂലികളും, കൂലിപ്പണിക്കാരും ചേര്‍ന്ന ഒരു സംഘം തന്നെയുണ്ട് ഈജിപ്തില്‍ എന്നതാണ് വസ്തുത. രാഷ്ട്രത്തില്‍ ചിദ്രതയുണ്ടാക്കുന്നതിനും ആഭ്യന്തരകലാപം സൃഷ്ടിക്കുന്നതിനുമായി വിത്തുകള്‍ വിതറുകയാണ് അവര്‍. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ആയുധമുപയോഗിച്ച് സംഘട്ടനം നടത്താനും, അവരെ അതിക്രമിക്കാന്‍ വരെയും അവര്‍ തയ്യാറായേക്കും.

ഗള്‍ഫ്-യൂറോപ്യന്‍ രാഷ്ട്രങ്ങളിലും, ഈജിപ്തിലും നടന്ന് കൊണ്ടിരിക്കുന്ന കറുത്ത ഓപറേഷനുകള്‍ക്ക് പിന്നില്‍ സംഹാരത്തില്‍ അതിവിദഗ്ദരായ ഒരു വിഭാഗം തന്നെയണ്ടെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഈജിപ്ഷ്യന്‍ വിപ്ലവത്തെ കുഴിച്ച് മൂടാനും രാഷ്ട്രത്തിന്റെ ഐക്യം തകര്‍ക്കാനും എങ്ങനെയാണ് കലാപം സൃഷ്ടിക്കേണ്ടതെന്ന് അവര്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ മോശപ്പെട്ട കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നുവെന്ന് പറയേണ്ടിവരുമ്പോള്‍ ഞാന്‍ തീര്‍ത്തും ദുഖിതനാണ്.

നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ പിന്നില്‍ മുന്‍ഭരണാധികാരിയുടെ സംഘങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് നമുക്ക് അറിവില്ല. ഈ പ്രതിവിപ്ലവം നടത്തുന്നവര്‍ മുന്‍കാലത്ത് വിപ്ലവകാരികളോടൊപ്പം അണിനിരന്നവരായിരുന്നു. ഏതായാലും, അവര്‍ക്ക് അങ്ങേയറ്റം ബോധവും, ജാഗ്രതയും ഉണ്ടാവേണ്ടതുണ്ടായിരുന്നു എന്നതാണ് സത്യം.

സദുദ്ദേശ്യത്തോട് കൂടിയോ, അല്ലാതെയോ തെരഞ്ഞെടുപ്പുകളില്‍ തെറ്റുകളും അബദ്ധങ്ങളും ഉണ്ടാവാറുണ്ട്. വിശിഷ്യാ സമ്പൂര്‍ണമായ ജനാധിപത്യം പുലരാത്ത മൂന്നാം ലോക രാഷ്ട്രങ്ങളില്‍. ഈയര്‍ത്ഥത്തില്‍ ഈജിപ്തും അതില്‍ നിന്ന് ഒഴിവല്ല. ഇത്തരം തെറ്റുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികളും, അപ്പീലുകളും നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഈ ഹിതപരിശോധന വിജയിച്ചാലും -അതിനാണ് സാധ്യത- ഇല്ലെങ്കിലും, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് ഇഖ്‌വാന്‍ കുറച്ച് കൂടി തുറന്ന മനോഭാവം സ്വീകരിക്കേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ ചിന്താധാരകള്‍ക്കിടിയില്‍ ഐക്യത്തോടും യോജിപ്പോടും കൂടിയല്ലാതെ ഈജിപ്തില്‍ ഭരണം സാധ്യമല്ല. അതോടൊപ്പം തന്നെ പ്രസിഡന്റ് മുര്‍സി, കേവലം ഒരു വിഭാഗത്തിന്റെയല്ല, മുഴുവന്‍ ഈജിപ്തുകാരുടെയും പ്രസിഡന്റാണ്.

ഈജിപ്തില്‍ നിലവിലുള്ള പ്രതിസന്ധി ചര്‍ച്ചയിലൂടെ മാത്രമെ പരിഹരിക്കപ്പെടുകയുള്ളൂ. ചര്‍ച്ചയുടെ തീരുമാനങ്ങള്‍ ആദ്യം തന്നെ നിശ്ചയിക്കപ്പെടുന്നുവെങ്കില്‍ അത് പരാജയപ്പെടുകയും ചെയ്യും. കാരണം പ്രതിപക്ഷമത് ബഹിഷ്‌കരിക്കും.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles