Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ സമാധാന ചര്‍ച്ച ബഹിഷ്‌കരിക്കണം

ഇസ്രായേല്‍-ഫലസ്തീന്‍ രാഷ്ട്രീയവ്യവഹാര നിഘണ്ടുവില്‍ ഏറെ അവഹേളിക്കപ്പെട്ട പ്രയോഗമാണ് ‘സമാധാന പ്രക്രിയ. 1993ല്‍ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഓസ്‌ലോ കരാറിനെ തുടര്‍ന്നാണ് ആ പ്രയോഗം സ്ഥാപിതമായത്. എന്നാല്‍, അത് ഇന്നും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല.

എന്നിരുന്നാലും, അത് ഇന്നും തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍. 2013 ഓഗസ്റ്റില്‍, നിലനില്‍ക്കുന്ന എല്ലാ പ്രധാനപ്പെട്ട പ്രശ്‌നങ്ങളും പരിഹാരിക്കാനായി, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചതിനു ഒമ്പതു മാസം പിന്നിടുമ്പോള്‍ ആ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. അതിര്‍ത്തി, സുരക്ഷ, ഖുദ്‌സ്, അഭയാര്‍ഥികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം അന്തിമ ധാരണയിലെത്താനും അതുവഴി പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുമായിരുന്നു കെറി കണക്കുകൂട്ടിയിരുന്നത്.

എന്നാല്‍ കെറി നിര്‍ദ്ദേശിച്ച കാലാവധിയോട് അടുക്കവേ, യാതൊരു തരത്തിലുള്ള പരിഹാരവും നടക്കില്ലെന്ന് വ്യക്തമാണ്. സമാധാന പ്രക്രിയ തുടരുന്നതിന് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കൊരു രൂപരേഖയെന്ന ആശയവുമായി കെറി മുന്നോട്ട് വന്നിരിക്കുന്നു. സമാധാന ശ്രമങ്ങള്‍ കൂടുതല്‍ നാളുകള്‍ തുടര്‍ന്നു കൊണ്ടുപോകാനാകുമെന്നാണ് കെറി പ്രതീക്ഷിക്കുന്നത്.

സമാധാനത്തെ അട്ടിമറിക്കുമ്പോള്‍
എന്നാല്‍ ഇസ്രായേലിന്റെ നിലപാട് നേരെ മറിച്ചാണ്. ജോര്‍ദാന്‍ താഴ് വരകള്‍ കൈയ്യേറാനുള്ള പ്രമേയം കഴിഞ്ഞ ഡിസമ്പറില്‍ മൂന്നിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് പാസായത്. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കുന്നതിനായി 2553 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഈ വര്‍ഷാദ്യമാണ് അധിനിവേശ രാജ്യം തീരുമാനമെടുത്തത്. ഖുദ്‌സിന്റെ പദവിയെ പറ്റിയും, അഭയാര്‍ഥികളെ സംബന്ധിച്ചും സമാധാന ചര്‍ച്ചകളില്‍ സംസാരിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയെ വിലക്കുന്ന നിയമം ജനുവരിയില്‍ ഇസ്രായേലി പാര്‍ലിമെന്റിന്റെ പരിഗണനക്കു വന്നിരുന്നു.

അതിനെ തുടര്‍ന്ന്, കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ തലസ്ഥാനം എന്ന ആശയത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ സമ്മതിക്കുകയില്ലെന്ന് ലിക്കുഡ് പാര്‍ട്ടി മന്ത്രിമാരും, മറ്റു ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കുകയുണ്ടായി. അതിര്‍ത്തിയിലുള്ള ഫലസ്തീന്‍ അഭയാര്‍ഥികളെ തിരിച്ചുവരാന്‍ അനുവദിക്കുകയില്ലെന്ന്ും ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രായേലിലെ ഗലീലിയില്‍ ട്രയാംഗിള്‍ പ്രദേശത്ത് താമസിക്കുന്ന അറബികളെ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രദേശങ്ങളിലേക്ക് തള്ളിയകറ്റണമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ സമ്മര്‍ദം ചെലുത്തികൊണ്ടിരിക്കുന്നു. ഇത്രയും വ്യവസ്ഥകള്‍ക്കപ്പുറം ഇസ്രായേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യവും ചേര്‍ത്തിട്ടുണ്ട്.

സെമിറ്റിക് വിരുദ്ധനെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയെ ആക്ഷേപിച്ചുകൊണ്ട് കൂടുതല്‍ ആക്രമണം നടത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഫലസ്തീന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളിന്മേല്‍, നീണ്ടകാലമായി തടവ് അനുഭവിക്കുന്ന 104 തടവുകാരെ ഘട്ടംഘട്ടമായി വിട്ടയക്കാന്‍ ധാരണയായിരുന്നു. അവരിലെ അവസാനത്തെ 26 പേരെ വിട്ടയക്കാന്‍ ഇപ്പോള്‍ ഇസ്രായേല്‍ വിസമ്മതിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ഈ കരാര്‍ലംഘനത്തെ തുടര്‍ന്ന് സമാധാന ചര്‍ച്ചകളില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയേക്കുമെന്ന ഭയത്താല്‍ സമാധാന ചര്‍ച്ചകള്‍ ഏപ്രില്‍ 29 എന്ന സമയപരിധിക്കപ്പുറത്തേക്ക് നീട്ടിക്കൊണ്ടു പോകുന്നതിന് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഏതാനും നിസാര വസ്തുതകള്‍
ഈ രാഷ്ട്രീയ കോപ്രായങ്ങള്‍ യഥാര്‍ഥത്തില്‍ മൗലിക വിഷയങ്ങളെ പുകമറക്കുളളിലേക്ക് തള്ളിവിടുകയാണ്. ഇസ്രായേല്‍ ഫലസ്തീന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള കെറിയുടെ ശ്രമങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. പലപ്പോഴും തെറ്റായി പ്രചരിപ്പിക്കപ്പെടാറുള്ളതു പോലെ വിഷയങ്ങള്‍ സങ്കീര്‍ണമായതുകൊണ്ടോ, ഇരുകൂട്ടര്‍ക്കും ഹാനികരമായ ഒത്തുതീര്‍പ്പുകളില്‍ എത്താന്‍ കഴിയാത്തതുകൊണ്ടോ അല്ല, അങ്ങനെ സംഭവിക്കുന്നത്. കാര്യങ്ങള്‍, പക്ഷേ, വളരെ ലളിതമാണ്. അതു പരിഹരിക്കാന്‍ ബദ്ധപ്പെടുക എന്നത് മനുഷ്യബുദ്ധിക്ക് നിരക്കാത്തതാണ്.

നേരെ ചൊവ്വേ പറഞ്ഞാല്‍, ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരുടെ നാടും വിഭവങ്ങളും കൊള്ളയിടിച്ചതിനു ശേഷം അതു തിരിച്ചുനല്‍കാന്‍ വിസമ്മതിക്കുന്നു. പിടിച്ചുപറിക്കാരനു ആവശ്യമായ വിദേശപിന്തുണ ലഭിക്കുമ്പോള്‍, നഷ്ടപ്പെട്ടവനെ പിന്തുണക്കാന്‍ തുല്യമായ ശക്തിയില്ല. ഈ സാഹര്യത്തില്‍, ഒരു നിഷ്പക്ഷ ശക്തിയെ സംബന്ധിച്ചേടത്തോളം, കൊള്ളയടിച്ച മുതലുകള്‍ തിരിച്ചേല്‍പിക്കാന്‍ കൊള്ളക്കാരനെ നിര്‍ബന്ധിക്കുകയെന്നതാണ് നടപ്പുരീതി. ഒത്തുതീര്‍പ്പ്, ഒരിക്കലും ശരിയല്ല.

പക്ഷേ, കൊള്ളക്കാരുടെ പക്ഷത്തുള്ളവര്‍ തട്ടികൂട്ടിയ സമാധാന പ്രക്രിയയില്‍, നിഷ്പക്ഷ കക്ഷിയില്ല. പകരം, കൊള്ളക്കാരന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായ മധ്യസ്ഥന്‍ മാത്രമേ ഈ സമാധാന പ്രക്രിയയിലുള്ളൂ. കൊള്ളക്കാരനെ ശിക്ഷിക്കാതെ, കൊള്ളമുതല്‍ തിരിച്ചേല്‍പിക്കാന്‍ അവരെ നിര്‍ബന്ധിക്കാതെ, കൊള്ള കാരണം ഉടലെടുത്ത ഒരു പ്രശ്‌നം എങ്ങിനെ പരിഹരിക്കാനാണ്?  ഋജുവായി പറഞ്ഞാല്‍ കെറിയുടേയും ്അദ്ദേഹത്തിന്റെ മുന്‍ഗാമികളുടേയും പ്രശ്‌നം അവിടെയാണ്.

ഇസ്രായേലിന്റെ അഭിവൃദ്ധിക്ക് മുന്‍കൂര്‍ പ്രാബല്യം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളാണ് നടക്കുന്നത്. സമ്മര്‍ദ്ദം എ്‌പ്പോഴും ഫലസ്തീനും ഇതര അറബ് രാജ്യങ്ങള്‍ക്കും മേലാകുന്നു എന്നതാണ് ഇതിനാല്‍ സംഭവിക്കുന്നത്. വളരെ മുമ്പ് തന്നെ 80 ശതമാനം പ്രദേശവും യുദ്ധത്തിലൂടെ ജയിച്ചടക്കിയതിനാല്‍ ബാക്കി വരുന്ന 20 ശതമാനം കൈക്കലാക്കാനുള്ള അതിക്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്.

20 ശതമാനത്തില്‍ കുറച്ചു ഭാഗം ഫലസതീനും ബാക്കി മുഴുവന്‍ ഭാഗവും ഇസ്രായേലിനുമായി വീതിച്ചു നല്‍കാനുള്ള ഉദ്ദേശത്തോടെയാണ് കെറിയുടെ അനുരജ്ഞന ചര്‍ച്ചകള്‍. താന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം ഇസ്രായേലിന്റെ സമ്മതം വേണമെന്നതിനാല്‍, അവരെ അനുനയിപ്പിച്ചു നിര്‍ത്താന്‍ കെറിക്കു മുന്നിലുള്ള ഏക പോംവഴി, ഫലസ്തീനിന്റെ അവകാശങ്ങള്‍ പിന്നെയും ചുരുട്ടികെട്ടുക എന്നതു മാത്രമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ ഫലസ്തീന്‍ അംഗീകരിക്കുകയുമില്ല. ഇതിനാല്‍ ഒരു താല്‍ക്കാലിക കരാറുണ്ടാക്കി, മറ്റു ചര്‍ച്ചകള്‍ക്ക് കാലാവധി നീട്ടുക എന്ന ഏക പോംവഴി സ്വീകരിക്കാന്‍ കെറി നിര്‍ബന്ധിതനാണ്.

20 ശതമാനം വീതിക്കുമ്പോള്‍
കെറിയുടെ ഒത്തുതീര്‍പ്പ് കരാറിന്റെ ഉള്ളടക്കം ഇതുവരെ പ്രസിദ്ദീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ചോര്‍ന്നു കിട്ടിയ വിവരങ്ങളനുസരിച്ച്, എല്ലാ പ്രധാന പ്രശ്‌നങ്ങളും അതില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു തന്നെയാണ്. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ പ്രദേശങ്ങള്‍ ഇസ്രായേല്‍ കൈവശം വെക്കുമെന്നു തന്നെയാണ്. ഫലസ്തീനികള്‍ക്ക് നിലവില്‍ അവശേഷിക്കുന്ന 20 ശതമാനം സ്ഥലത്തിന്റെ 10 ശതമാനം വരും.

അതിനു പകരമായി, ഇപ്പോള്‍ ഇസ്രായേല്‍ കൈവശം വെക്കുന്ന പ്രദേശങ്ങളുടെ 5.5 ശതമാനം പകരമായി ലഭിക്കും. എന്നാല്‍ ഈ പ്രദേശം ഏതാണെന്ന് വ്യക്തമല്ല. ജോര്‍ദാന്‍ താഴ് വരകളായിരിക്കും ഇസ്രായേല്‍ വിട്ടുകൊടുക്കുക. കുടിയേറുന്നവരുടെ മേല്‍ ഇസ്രായേലിന് വീറ്റോ അധികാരം നല്‍കിക്കൊണ്ട് ഈ പ്രദേശത്ത് നാറ്റോയുടെയോ, ജോര്‍ദാന്‍-അമേരിക്കന്‍ സംയുക്തസേനയുടെയോ, അല്ലെങ്കില്‍ ഏതെങ്കിലും മുസ് ലിം സൗഹൃദ രാജ്യങ്ങളുടെയോ, സൈനിക സാന്നിധ്യം ഇങ്ങനെ വിട്ടുനല്‍കുന്ന പ്രദേശത്തുണ്ടാവും. വെസ്റ്റ് ബാങ്കിനെ പാലങ്ങള്‍ വഴിയോ, തുരങ്കങ്ങള്‍ വഴിയോ ബന്ധിപ്പിക്കും. സൈനികവിമുക്ത ഫലസ്തീനില്‍ നിന്നും അഞ്ചു വര്‍ഷത്തേക്ക് ഇസ്രായേല്‍ തങ്ങളുടെ സേനയെ തിരിച്ചുവിളിക്കും. പകരം അവിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ വിന്യസിക്കും.

ജറുസലേമിന്റെ മുനിസിപ്പല്‍ അതിര്‍ത്തിക്കു പുറത്ത്, കിഴക്കന്‍ ജറുസലേമിനോട് ചേര്‍ന്നുള്ള അല്‍റാം, അബൂ ദിസ്, അല്‍ഐസരിയ്യ എന്നീ പ്രദേശങ്ങളിലായി ഫലസ്തീന്‍ തലസ്ഥാനം സ്ഥാപിക്കാം. കൂടാതെ, ഒരു ബഹുരാഷ്ട്ര സമിതിയുടെ ഉത്തരവാദിത്വത്തിലായിരിക്കും ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍. ഏതാനും പേര്‍ക്ക് ഇസ്രായേലിലേക്ക് മടങ്ങി വരാനുള്ള അനുവാദം, അഭയാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നഷ്ടപരിഹാര നിധിയില്‍ നിന്നുള്ള നഷ്ടപരിഹാരം, ചിലര്‍ക്ക് ആസ്‌ത്രേലിയയില്‍ കുടിയേറി പാര്‍ക്കാനുള്ള അവകാശം എന്നിവ നല്‍കി അവരുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പറയുന്നത്. എല്ലാം അംഗീകരിച്ചാല്‍ പ്രതിസന്ധി തീരും. കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുകൂട്ടരെയം കെറി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഫലസ്തീന്‍ നേതാക്കള്‍ ഇതില്‍ പലതും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ സമ്മതിക്കാനുള്ള സാധ്യത കുറവാണ്. അവിടെയാണ് കെറി പ്രതിസന്ധി അഭിമുഖീകരിക്കുന്നതും.

വിരട്ടലും പരിഹാരങ്ങളും
മുന്‍കാല സമാധാന പദ്ധതികളിലെ സ്വഭാവം പലതും കെറിയുടെ പദ്ധതിയിലുമുണ്ട്. അതൊന്നും തന്നെ അന്താരാഷ്ട്ര നിയമങ്ങളെയോ, ഫലസ്തീന്റെ അവകാശമോ, സ്വാഭാവിക നീതിയോ പരിഗണിക്കുന്നില്ല. ജനുവരി 6ന് ഹാരറ്റ്‌സ് പത്രം പറഞ്ഞതുപോലെ, ഇസ്രായേലിന്റെയും അമേരിക്കയുടേയും ചൊല്‍പടിക്കു വഴങ്ങാന്‍ ഫലസ്തീനിനോട് ആവശ്യപ്പെടുന്നതല്ലാതെ, മറ്റൊന്നും കെറിയുടെ കരാര്‍ ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇനിയൊരു കാലപരിധിയില്ലാതെ, ഒട്ടും വൈകാതെ ഈ നിര്‍ദ്ദേശങ്ങളെ തള്ളണം. നിരീക്ഷക രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉപയോഗിച്ച് യുഎന്നിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കണം. കൂടാതെ, ഇസ്രായേലിന്റെ അന്താരാഷ്ട്ര കരാര്‍ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നടപടികള്‍ സ്വീകരിക്കണം. തങ്ങളുടെ എല്ലാ മൗലികപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രമേയങ്ങളും, പ്രശ്‌നങ്ങളുടെ പരിഹാരവും ചര്‍ച്ച ചെയ്യുന്നതിന് ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ക്കണം.

ഇത്തരത്തിലുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ഇസ്രായേലിന്റേയും ഫലസ്തീന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിന്റെ കൂട്ടാളികളുടേയും ഭീഷണികള്‍ക്കു വഴങ്ങുന്നതിന് തുല്യമാണ്. ഇസ്രായേലുമായി പോരാടുക എളുപ്പമല്ല, അതുകൊണ്ട് സാധ്യമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രായോഗികമായ നടപടികള്‍ സ്വീകരിക്കലും, രാഷ്ട്രീയ നീക്കു പോക്കുകളുമാണ് പോംവഴി എന്നുമാണ് ഫലസ്തീന്റെ നേതൃത്വം പഠിച്ചു വെച്ചിരിക്കുന്നത്. അങ്ങേയറ്റത്തെ വിദ്രോഹപരമായ ഈ നയം തന്നെയാണ് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നവരും സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്, ഓരോ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കും ശേഷം, തങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി അടിയറ വെക്കുന്നതും.

ഈ ദാരുണമായ അവസ്ഥയിലാണ്, കെറിയുടെ സമാധാന പ്രക്രിയകളോട് സഹകരിച്ചില്ലെങ്കില്‍ രാഷ്ട്രീയ-സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും വന്നിരിക്കുന്നത്. എല്ലാ, അമേരിക്കന്‍-പാശ്ചാത്യ സഹായങ്ങളും വിലക്കി ഒറ്റപ്പെടുത്തും. ഈ ഭീഷണിയെ ചെറുക്കാന്‍ ഇതുവരെ അറബ് രാജ്യങ്ങളിലാരും തന്നെ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. അവരില്‍, പലര്‍ക്കും തങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ ത്‌ന്നെ വേണ്ടുവോളമുണ്ട്.

ചരിത്രത്തിന്റെ ഈ സന്ദര്‍ഭത്തില്‍, ഫലസ്തീന്‍ പ്രശ്‌നം പരിഹരിച്ചു കാണണമെന്ന് ലോകം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അഭിമാനം പണയം വെക്കാന്‍ ഫലസ്തീന്‍ തയ്യാറാവില്ലെന്ന് ഉറപ്പാണ്. അവര്‍ ദുര്‍ബലരായിരിക്കാം. പക്ഷേ, ഒരു കാര്യത്തില്‍ അവര്‍ ശക്തരാണ്, വിസമ്മതിക്കുന്നു എന്നു പറയാന്‍. അവരുടെ സമ്മതമില്ലാതെ സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോവില്ല. അവര്‍ വിസമ്മതിച്ചാല്‍ കെറിയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ഒന്നും ചെയ്യാനാവില്ല. അവര്‍ക്കു ബദല്‍ വഴികള്‍ വേറെയുമുണ്ട്. അതു സ്വീകരിക്കാതിരിക്കുന്നത്, നിരുത്തരവാദിത്തമാണ്. 15 അന്താരാഷ്ട്ര കരാറുകളുടെയും കണ്‍വെന്‍ഷനുകളുടേയും ഭാഗമാകാന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇപ്പോള്‍ നല്‍കിയ അപേക്ഷ നല്ല തുടക്കമാണ്. പക്ഷേ, അതുകൊണ്ടായില്ല. ഏറെ കാലം തന്നിഷ്ടക്കാരും നിരുത്തരവാദികളുമായിരുന്ന ഫലസ്തീന്‍ നേതൃത്വത്തിനു ഇപ്പോള്‍ പ്രായശ്ചിത്തത്തിനുള്ള അവസരമാണ്.

വിവ : മുഹമ്മദ് അനീസ്‌

Related Articles