Current Date

Search
Close this search box.
Search
Close this search box.

നിരപരാധികളെ ഭീകരവാദികളാക്കുന്ന പോലിസ്

innocent-police-made-terrorists.jpg

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഇര്‍ഷാദ് അലി, മആരിഫ് ഖമര്‍ എന്നിവരെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാസം വിചാരണ കോടതി കുറ്റവിമുക്തരാക്കുകയുണ്ടായി. കുറ്റവിമുക്തരാകുന്നത് വരെ അല്‍ബദര്‍ ഭീകരവാദികളായിരുന്നു അവര്‍. ഈ രണ്ടു പേരും യഥാര്‍ത്ഥത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഇന്‍ഫോര്‍മര്‍മാരായിരുന്നു എന്നും, ആഭ്യന്തര സുരക്ഷ ഏജന്‍സിയാല്‍ ഏല്‍പ്പിക്കപ്പെട്ട ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് ഡല്‍ഹി പോലിസിന്റെ ഉന്നത അന്വേഷണ ഏജന്‍സിയായ സ്‌പെഷ്യല്‍ സെല്‍ അവര്‍ക്ക് മേല്‍ കുറ്റം കെട്ടിചമക്കുകയായിരുന്നു എന്നും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ ബോധിപ്പിച്ചു.

ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ മാത്രം ഇത്തരത്തിലുള്ള 24 കേസുകളുണ്ട്. ഇതില്‍ ആമിര്‍ ഖാന്‍ എന്നയാളുടെ കേസാണ് വ്യാപക ശ്രദ്ധയാകര്‍ഷിച്ചത്. 1998-ല്‍, 18-ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആമിര്‍ ഖാന് മേല്‍, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി 19 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി എന്ന കുറ്റമാണ് ഡല്‍ഹി പോലിസ് ചാര്‍ത്തിയത്. ഒരു കേസിന് ശേഷം അടുത്തത് എന്ന നിലയില്‍ ഓരോ കേസിലും കുറ്റവിമുക്തനായി അവസാനം ജയില്‍ മോചിതനാകുമ്പോള്‍ 14 വര്‍ഷം കഴിഞ്ഞിരുന്നു.

2014-ല്‍ ഗുജറാത്തിലെ അക്ഷര്‍ധാം ഭീകരാക്രമണ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആറു പേരെയും സുപ്രീം കോടതി വെറുതെവിട്ടിരുന്നു. അതില്‍ മൂന്ന് പേര്‍ വധശിക്ഷ വിധിക്കപ്പെട്ടവരായിരുന്നു. ‘അനീതി’, ‘യുക്തിരഹിതം’, ‘മൗലികാവകാശങ്ങളുടെയും, മനുഷ്യാവകാശങ്ങളുടെയും വ്യക്തമായ ലംഘനം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് അവരുടെ വധശിക്ഷാ വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചത്.

കഴിഞ്ഞ മെയ് മാസത്തിലാണ്, 23 വര്‍ഷം ജയില്‍ വാസമനുഷ്ഠിക്കേണ്ടി വന്ന നിസാറുദ്ദീന്‍ അഹ്മദിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. കസ്റ്റഡിയില്‍ വെച്ച് പോലിസിന് മുമ്പാകെ നടത്തിയ കുറ്റസമ്മതമായിരുന്നു നിസാറുദ്ദീനെതിരെ ഉണ്ടായിരുന്ന ഏക തെളിവ്. പ്രസ്തുത കുറ്റസമ്മതം കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന ട്രെയിന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടുത്തിയാണ് 1994-ല്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള സ്വന്തം വീട്ടില്‍ നിന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. മാലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടന കേസുകളും തെറ്റായ അറസ്റ്റുകളുടെ ഉത്തമ ഉദാഹരണങ്ങളാണ്.

ഭീകരവാദ കേസുകള്‍ പോലെയുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കാലങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കപ്പെടുന്ന സംഭവം അധികമൊന്നും ചോദ്യം ചെയ്യപ്പെടാറില്ല. പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചകളെ നിസാര വിശദീകരണങ്ങള്‍ നല്‍കി ന്യായീകരിക്കുകയാണ് പതിവ്; പോലിസിന്റെ ജോലി ഭാരം, പോലിസ്-ജനം അനുപാതത്തിലെ അനീതി, രാഷ്ട്രീയ സമ്മര്‍ദ്ദം, ഭീകരവാദ കേസുകളുടെ ചുരളഴിക്കുന്നതിലെ സമ്മര്‍ദ്ദം, അങ്ങനെ തുടങ്ങിയ ന്യായീകരണങ്ങളാണ് മുന്‍നിരയിലുണ്ടാവുക. മുന്‍വിധിയും, മുന്‍ധാരണയും ഈ പട്ടികയില്‍ വളരെ അപൂര്‍വ്വമായാണ് അവസാനം പോലം കാണുക.

മുന്‍ ഡി.ജി.പിയും, പോലിസ് പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്ന പ്രകാശ് സിംഗ് പറഞ്ഞത്, സംശയത്തിന്റെ മുന നീളുന്നവരെല്ലാം അറസ്റ്റ് ചെയ്യപ്പെടുന്നു എന്നാണ്. ബിസിനസ്സ് രാജാവായ അനില്‍ അംബാനി ഒരിക്കലും ഭീകരവാദ കേസില്‍ ഉള്‍പ്പെടുത്തപ്പെടില്ലെന്നും, അത് മറ്റു പശ്ചാത്തലങ്ങളില്‍ വരുന്ന ആളുകളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെ ഭീകരവാദ കേസുകളിലെ അന്വേഷണത്തെ നയിക്കുന്ന മുന്‍വിധിയെയാണ് അദ്ദേഹം തുറന്ന് കാണിച്ചത്.

ആമിര്‍ ഖാന്‍, ആദം അജ്മീരി, ഹാജി ഖയ്യൂം, ഇര്‍ഷാദ് അലി, ശുഐബ് ജഗിര്‍ദാര്‍: സംശയിക്കപ്പെടാനുള്ള കാരണങ്ങള്‍ എല്ലാം കൊണ്ടും തികഞ്ഞവരാണ് ഈ പേരുകാര്‍. ഇവര്‍ക്കെതിരെയാണ് സംശയത്തിന്റെ മുന ആദ്യം തിരിയുക.

ഇവരുടെ കുറ്റവിമുക്തി നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ വിജയവും, നമ്മുടെ കോടതികളുടെ നീതിപാലനവുമായാണ് നാം ആഘോഷിക്കുക. തങ്ങളെ കുറ്റവിമുക്തരാക്കിയതിന് കോടതികളോടും, തങ്ങള്‍ളെ പിന്തുണച്ചതിന് പൗരാവകാശ സംഘടനകളോടും വളരെയധികം നന്ദിയുള്ളവരാണ് ആ സാധുക്കള്‍. അവരുടെ നന്ദിപ്രകാശനത്തിന് ശരിക്കും നാം അര്‍ഹരാണോ?

ഇര്‍ഷാദ് അലി, മആരിഫ് ഖമര്‍ എന്നിവരുടെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് 2008 നവംബറില്‍ സി.ബി.ഐ സമര്‍പ്പിച്ചു. തങ്ങളുടെ മേല്‍ കുറ്റം കെട്ടിവെക്കപ്പെട്ടതാണെന്ന അലിയുടെയും, ഖമറിന്റെ വാദങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന ആയുധങ്ങളും മറ്റും സ്‌പെഷ്യല്‍ സെല്‍ ഓഫീസര്‍മാര്‍ വ്യാജമായുണ്ടാക്കിയ തെളിവുകളാണെന്നും, അതിനാല്‍ തെളിവുകള്‍ വ്യാജമായി ഉണ്ടാക്കിയതിന്റെ പേരില്‍ മൂന്ന് സ്‌പെഷ്യല്‍ സെല്‍ ഓഫീസര്‍മാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.

എന്നാല്‍, സി.ബി.ഐ റിപ്പോര്‍ട്ട് മുഖവിലക്കെടുത്ത് ആ നിരപരാധികളെ കുറ്റവിമുക്തരാക്കി, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് പകരം രണ്ട് പേരെയും ജയിലിലേക്ക് തന്നെ അയക്കുകയാണ് ഉണ്ടായത്. കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും സംഭവിച്ചില്ല. ആ രണ്ട് പേരെ വെറുതെ വിടണോ, അതോ വിചാരണ ചെയ്യണോ എന്നത് സുപ്രീം കോടതി വിചാരണക്കോടതികളുടെ തീരുമാനത്തിന് വിട്ടുകൊടുത്തു. അലിയെയും, ഖമറിനെയും കേസില്‍ കുടുക്കിയ പോലിസ് ഓഫീസര്‍മാര്‍ക്കെതിരെ നേരിട്ട് കേസ് ഫയല്‍ ചെയ്യാന്‍ സെഷന്‍സ് കോടതിക്ക് അവസരമുണ്ടായിരുന്നു. പക്ഷെ അതിന് പകരം, മറ്റു പല കേസുകളിലുമെന്ന പോലെ, കുറ്റാരോപിതര്‍ കുറ്റം ചെയ്തിരിക്കുന്നു എന്ന സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന കേവല നിരീക്ഷണം നടത്തുകയാണ് സെഷന്‍ കോടതി ചെയ്തത്. സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി രേഖകളില്‍ ഇല്ലെന്നത് പോലെയായിരുന്നു കാര്യങ്ങള്‍.

നന്ദി കാണിക്കേണ്ടതായിട്ടുള്ള എന്തോ വലിയ ഉപകാരം ചെയ്യുന്നത് പോലെയാണ് ‘സംശയത്തിന്റെ ആനുകൂല്യം’ നല്‍കിയ കോടതികള്‍ നിരപരാധികളെ കുറ്റവിമുക്തരാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെയും, പ്രോസിക്യൂഷന്റെയും കെടുകാര്യസ്ഥതയെയും, ദുര്‍നടപടികളെയും തുറന്ന് കാട്ടികൊണ്ട് നിരപരാധികളെ കുറ്റിവിമുക്തരാക്കുന്ന കോടതി വിധികള്‍ വളരെ അപൂര്‍വ്വമാണ്. ഇതിന്റെ അഭാവം മൂലമാണ്, ഒരു കുറ്റവും ചെയ്യാതെ വര്‍ഷങ്ങളോളം ജയില്‍ കിടക്കേണ്ടി വന്നതിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കാനും, നഷ്ടപരിഹാരം ആവശ്യപ്പെടാനും ഇരകള്‍ക്ക് സാധിക്കാതെ വരുന്നത്. ഇനി കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചാല്‍ തന്നെ, അത് യാതൊരു വിധത്തിലും പോലിസുകാരെ ബാധിക്കാന്‍ പോകുന്നില്ല.

2011-ല്‍, ‘State versus Saqib Rehman and Others’ കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച തെളിവുകള്‍ അപഗ്രഥിച്ചു കൊണ്ട് കോടതി വിധിപുറപ്പെടുവിച്ചത് ഇങ്ങനെയാണ്: ‘കുറ്റാരോപിതര്‍ പൂര്‍ണ്ണമായും നിരപരാധികളാണ്, വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ, പുരസ്‌കാരങ്ങളും, ബഹുമതികളും കരസ്ഥമാക്കുന്നതിന് വേണ്ടിയോ ആണ് മേല്‍പരാമര്‍ശിക്കപ്പെട്ട നാല് പോലിസുകാര്‍ ഈ നിരപരാധികളെ കേസില്‍ കുടുക്കിയിരിക്കുന്നത്..’

പോലിസ് ഉദ്യോഗസ്ഥന്‍മാരുടെ ‘അധികാര ദുരുപയോഗം’ സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ അന്വേഷണം നടത്താനും, നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 2012-ല്‍ വിധി പറഞ്ഞ ഡല്‍ഹി ഹൈകോടതി, കുറ്റാരോപിതരെ കുറ്റവിമുക്തരാക്കിയ നടപടി ശരി വെച്ചെങ്കിലും പോലിസ് ഓഫീസര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത കീഴ്‌കോടതിയുടെ നടപടി തെറ്റാണെന്നാണും, പോലിസുകാര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് അന്വേഷണം മാത്രം മതിയെന്നും പറഞ്ഞു. അങ്ങനെ ഈ വ്യവസ്ഥയെ ബാധിച്ച പുഴുക്കുത്ത് വളരെ മാന്യമായി മൂടിവെക്കപ്പെട്ടു. കള്ളകേസുകള്‍ രജിസ്ട്രര്‍ ചെയ്തും, വ്യാജ തെളിവുകള്‍ ഉണ്ടാക്കിയും നിരപരാധികളെ ജയിലിലടക്കാന്‍ കാരണക്കാരായ ക്രിമിനല്‍ പോലിസുകാര്‍ക്കെതിരെ കോടതികള്‍ മനഃപ്പൂര്‍വ്വം കണ്ണുകളടച്ചു.

അതുപോലെ തന്നെ, അക്ഷര്‍ധാം കേസിന്റെ അന്വേഷണത്തിലും കുറ്റവിചാരണയിലും അന്വേഷണ ഏജന്‍സികളും, കീഴ്‌കോടതികളും പുലര്‍ത്തിയ കെടുകാര്യസ്ഥതതയെ സുപ്രീം കോടതിയുടെ ഒരു ബെഞ്ച് വിമര്‍ശിച്ചപ്പോള്‍, കുറ്റവിമുക്തരാക്കപ്പെട്ടവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നല്‍കിയ ഹരജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളികളയുകയുണ്ടായി. ആദം അജ്മീരി, ഹാജി ഖയ്യൂം തുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ അതൊരു ‘അപകടകരമായ കീഴ്‌വഴക്കത്തിന്’ തുടക്കം കുറിക്കുമെന്നും, നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജികളുടെ ‘പ്രളയത്തിന്’ അത് കാരണമാകുമെന്നുമായിരുന്നു ഹരജി തള്ളിക്കളഞ്ഞു കൊണ്ട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞ ന്യായം.

ജീവിതത്തിന്റെ വലിയൊരു ഭാഗം ഒരു കുറ്റവും ചെയ്യാതെ ജയിലില്‍ കഴിയാന്‍ വിധിച്ചതിന് ശേഷം, ഒരു സുപ്രഭാതത്തില്‍ തുറന്ന് വിടുന്നതിനെ നീതി എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ഓര്‍മപ്പെടുത്തുന്നു.

കടപ്പാട്: scroll
മൊഴിമാറ്റം: irshad shariathi

Related Articles