Current Date

Search
Close this search box.
Search
Close this search box.

നാം സൃഷ്ടിച്ച ശൂന്യതയിലേക്കാണ് അവര്‍ ഇടിച്ചു കയറുന്നത്

താന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ഫലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ പറയുമ്പോള്‍ അറബികള്‍ക്കെന്താണ് ചെയ്യാനുള്ളത്? ബഗ്ദാദ് തലസ്ഥാനമായി പേര്‍ഷ്യാ സാമ്രാജ്യം മടങ്ങിവരുന്നതിനെ കുറിച്ച് തെഹ്‌റാനിലെ ഉത്തരവാദപ്പെട്ടവര്‍ പറയുമ്പോള്‍ എങ്ങനെയവര്‍ അതിനോട് പ്രതികരിക്കും? ഈ രണ്ടു ചോദ്യങ്ങളും സാങ്കല്‍പികമല്ല, യാഥാര്‍ത്ഥ്യമാണ്. നാലാമത്തെ തവണയും ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബെന്യമിന്‍ നെതന്യാഹു തെരെഞ്ഞെടുപ്പ് വേളയില്‍ പ്രസ്താവിച്ചതാണ് ഒന്നാമത്തെ കാര്യം. താന്‍ ഇസ്രയേല്‍ ഭരിക്കുന്ന കാലത്ത് ഫലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞത് എന്‍.ആര്‍.ജി ന്യൂസ് മാര്‍ച്ച് 16-ന് അതിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതുമാണ്. ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ഒരുക്കം കൂട്ടുന്നവരും തങ്ങളുടെ ഭൂമിയില്‍ നിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നവരും ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഇസ്‌ലാമിക തീവ്രവാദത്തിന് ഇടം നല്‍കുകയാണ് ചെയ്യുന്നതെന്ന് കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു. അറബ് ലോകത്തുള്ള ഒരാളും അയാളെ കുറിച്ച് നല്ലത് വിചാരിക്കുകയോ അയാളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള നന്മ പ്രതീക്ഷിക്കുകയോ ഇല്ലെന്നതില്‍ ഒരു സംശയവും എനിക്കില്ല. തന്റെ ഭരണത്തിലുടനീളം അതേ നിലപാട് മുറുകെ പിടിച്ച വ്യക്തിയാണയാള്‍. ഫലസ്തീനും കുടിയേറ്റവും തെരെഞ്ഞെടുപ്പ് ഗോദയില്‍ സജീവ വിഷയമല്ലെന്നത് ശരിയാണ്. വിലക്കയറ്റം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളിലായിരുന്നു പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതാണതിന്റെ കാരണം. എന്നിട്ടു പോലും നെതന്യാഹു തന്റെ ഈ അഭിപ്രായം തുറന്ന് പ്രഖ്യാപിക്കുകയും ഉയര്‍ത്തി കാണിക്കുകയും ചെയ്തു. തീവ്ര ചിന്താഗതിക്കാരായ ഇസ്രയേല്‍ കുടിയേറ്റക്കാരെ അഭിസംബോധന ചെയ്ത് അവരുടെ വോട്ട് നേടുകയാണ് അതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റിയുടെയും അറബ് ലോകത്തിന്റെയും ഭാഗത്തു നിന്നും പ്രതികരണമോ പ്രതിഷേധമോ പരിഗണിക്കാതെയുള്ള പ്രസ്താവനയാണിത്.

രാഷ്ട്രീയ തലത്തില്‍ നോക്കുമ്പോള്‍, സമാധാനപരമായ പരിഹാരത്തിന്റെ വാതിലുകള്‍ അടക്കുകയാണ് ഈ പ്രസ്താവനയിലൂടെ ആ വ്യക്തി ചെയ്തിരിക്കുന്നത്. സമാധാന ശ്രമങ്ങളിലൂടെ ഫലസ്തീന്‍ സ്ഥാപിക്കാമെന്ന് മുറവിളി കൂട്ടികൊണ്ടിരിക്കുന്ന അറബ് രാഷ്ട്രങ്ങളുടെ വായടപ്പിക്കുന്ന പ്രസ്താവന കൂടിയാണത്. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റിയുടെയോ അറബ് ഭരണകൂടങ്ങളുടെയോ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും നാം പ്രതീക്ഷിക്കേണ്ടതില്ല. ഒരു സാധാരണ സംഭവമായി നെതന്യാഹുവിന്റെ പ്രസ്താവനയും അവര്‍ക്ക് മുന്നിലൂടെ കടന്നു പോകും. അപകടകരമായ ആ പ്രസ്താവനക്കെതിരെ എല്ലാവരും മൗനം പാലിച്ചപ്പോഴും അറബ് ലീഗ് അതിന് നല്‍കിയ പ്രാധാന്യം നാം കണ്ടതാണ്. കെന്നസ്റ്റ് തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ചില അറബ് കക്ഷികളെയും ഫലസ്തീന്‍ വ്യക്തികളെയും പിന്തുണച്ച് കൊണ്ടത് പ്രസ്താവന ഇറക്കിയിരുന്നു. ആ ലിസ്റ്റിലുള്ളവരെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് സഹായിക്കാനും അവര്‍ക്ക് വോട്ടു രേഖപ്പെടുത്താനും അറബ് ലീഗ് പ്രസ്താവന ആവശ്യപ്പെട്ടു. ലബനാന്‍ നേതാവായ വലീദ് ജന്‍ബലാത്വ് ഇസ്രയേലിലെ ഡ്രൂസ് വിഭാഗക്കാരോട് അറബ് ലീഗിന്റെ ഈ പട്ടികയിലുള്ളവരെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതും നാം കണ്ടതാണ്.

നെതന്യാഹുവിന്റെ സംസാരത്തിനെതിരെ ഒരു രോഷവും ഉയരാത്തത് പോലെ, അറബികളുടെ ഈ സംയുക്ത ലിസ്റ്റിന് മാധ്യമങ്ങളിലോ രാഷ്ട്രീയ ചര്‍ച്ചകളിലോ ശ്രദ്ധേയമായ ഒരിടം ലഭിച്ചില്ലെന്നതും അങ്ങേയറ്റം വൈരുദ്ധ്യവും നിരാശാജനകവുമായ വസ്തുതയാണ്.

തെഹ്‌റാനില്‍ നിന്നുള്ളതാണ് രണ്ടാമത്തെ ശബ്ദം. ഇറാന്‍ സത്വം വിഷയമായി മാര്‍ച്ച് എട്ടിന് നടന്ന ഫോറം നടന്നപ്പോള്‍ അതില്‍ സംസാരിച്ച ഒരാളായിരുന്നു ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രസിഡന്റിന്റെ കൂടിയാലോചകനായ അലി യൂനുസി. ഇറാന്റെയും ഇറാഖിന്റെയും ഭൂമിശാസ്ത്രം വേര്‍തിരിച്ച് നിര്‍ത്താനാവത്തതാണെന്നും നമ്മുടെ സംസ്‌കാരം വിഘടിക്കലിനെ അംഗീകരിക്കുന്നില്ലെന്നുമാണ് ഇറാന്‍ വിദ്യാര്‍ഥികളോട് അദ്ദേഹം പറഞ്ഞതായി ‘ഇസ്‌ന’ റിപോര്‍ട്ട് ചെയ്യുന്നത്. ഒന്നുകില്‍ നാം ഒന്നിക്കണം അല്ലെങ്കില്‍ അതിനോട് യുദ്ധം ചെയ്യണം. പഴയത് പോലെ ബാഗ്ദാദ് തലസ്ഥാനമായുള്ള ഒരു സാമ്രാജ്യമായി ഇറാന്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ചരിത്രത്തിലുടനീളം നമ്മുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും അസ്ഥിത്വത്തിന്റെയും ആസ്ഥാനമാണ് അത്. നമ്മുടെ സാംസ്‌കാരിക സ്വാധീനത്തിന്റെ ഭാഗം മാത്രമല്ല ഇറാഖ്, മുമ്പത്തെ പോലെ ഇന്ന് നമ്മുടെ സ്വതത്തിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അപകടകരമായ ഈ സംസാരം ഇറാഖിലും ഇറാനകത്ത് തന്നെയും ചില പ്രതികരണങ്ങള്‍ക്കും ബഹളത്തിനും കാരണമായി. എന്നാല്‍ അറബ് ലോകത്തിന്റെ മറ്റൊരിടത്തും ആരും ഇത് ഗൗനിച്ചതേയില്ല. ഇറാഖ് വിദേശകാര്യ മന്ത്രി തന്റെ രാഷ്ട്രം അതിന്റെ സ്വാതന്ത്ര്യവും ദേശീയ അസ്ഥിത്വവും മുറുകെ പിടിക്കുമെന്ന് ഉടന്‍ പ്രസ്താവിച്ചു. കര്‍ബലയില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ ഇറാഖിലെ പ്രമുഖ ശിയാ ആത്മീയ നേതാവ് ആയത്തുല്ലാ അലി സിസ്താനി പറഞ്ഞത് ‘ഞങ്ങളുടെ നാടിന്റെയും അതിന്റെ അസ്ഥിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും കാര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍. ഭീകരതക്കെതിരെ പോരാടുന്നതിന് ഞങ്ങളുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ നല്‍കുന്ന ഏത് സഹായത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചിലരെല്ലാം അഭിപ്രായപ്പെടുന്നത് പോലെ അതിന്റെ പേരില്‍ ഞങ്ങളുടെ അസ്ഥിത്വത്തിനോ സ്വാതന്ത്ര്യത്തിനോ നേരെ കണ്ണടക്കുമെന്ന് അതിനര്‍ത്ഥമില്ല.’ എന്നായിരുന്നു. അതേസമയം ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞതും ഇറാഖിന്റെ പരമാധികാരം മാനിക്കുമെന്നും മറ്റൊരു രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്നുമായിരുന്നു. യൂനുസിയുടെ ഈ പെരുമാറ്റ ദൂഷ്യം കാണിച്ച് ശൂറയിലെ നൂറിലേറെ അംഗങ്ങള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രകാരം മതകീയ കോടതി അദ്ദേഹത്തെ വിളിച്ച് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. തന്റെ സംസാരം നിലവിലെ സാഹചര്യത്തെ ഉദ്ദേശിച്ചല്ലെന്നും മറിച്ച് പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ കുറിച്ചുള്ള സംസാരത്തിനിടയില്‍ അനുബന്ധമായി വന്നതാണെന്നും പറഞ്ഞ് അതിനെ ലാഘവമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇറാന്റെ അധികാരം ഇറാഖും സിറിയയും ലബനാനും കടന്ന് യമനിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞ ഇറാന്‍ നയതന്ത്രജ്ഞന്‍ അലി വിലായത്തി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-ന് പറഞ്ഞതിന് സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യൂനുസിയും പറഞ്ഞിരിക്കുന്നത്. അറബ് ലോകത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനുണ്ടായിരിക്കുന്ന ഉണര്‍ച്ചയെയാണ് ഇരു പ്രസ്താവനകളും കുറിക്കുന്നത്.

ശൈഖുല്‍ അസ്ഹര്‍ അഹ്മ്ദ ത്വയ്യിബ് ശിയാ സായുധ ഗ്രൂപ്പുകളുടെ തീവ്രവാദത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബാഗ്ദാദിലെ ഈജിപ്ത് അംബാസഡറെ വിളിച്ചു വരുത്തി ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയ ഇറാഖിന്റെ നടപടിയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സുന്നികള്‍ താമിസിക്കുന്ന പ്രദേശങ്ങളില്‍ തനി കാടത്തമാണ് അവര്‍ ചെയ്യുന്നതെന്നായിരുന്നു ശൈഖുല്‍ അസ്ഹര്‍ പറഞ്ഞത്. വിഷയത്തിലുള്ള ഈജിപ്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനും പ്രതിഷേധ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

റൂഹാനിയുടെ കൂടിയാലോചനും മുന്‍ മന്ത്രിയുമായി അലി യൂനുസിയുടെ സംസാരം അറബ് ലോകത്ത് രോഷത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഒരു ചലനവും ഉണ്ടാക്കിയില്ല. ബാഗ്ദാദ് തലസ്ഥാനമായി പഴയ പേര്‍ഷ്യാ സാമ്രാജ്യം തിരിച്ചുവരുമെന്ന പ്രസ്താവനയോടുള്ള തെഹ്‌റാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനും ആരും ആവശ്യപ്പെട്ടില്ല. മിസ്റ്റര്‍ യൂനുസി ഈ വെടിയെ ശമിപ്പിക്കാന്‍ മതിയായതല്ല വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെയാണിത്.

നെതന്യാഹുവിന്റെയും മിസ്റ്റര്‍ യൂനുസിയുടെയും പ്രസ്താവനകളെ സൂക്ഷ്മമായി വിലയിരുന്ന ഒരാള്‍ക്ക് മനസ്സിലാവുക അവരിരുവരും അറബ് ലോകത്തെ പുച്ഛത്തോടെയാണ് കാണുന്നതെന്നാണ്. അധികാരമൊന്നുമില്ലാത്ത ഒരു ദുര്‍ബല ലോകമായിട്ടാണവര്‍ അതിനോട് നിലപാടെടുക്കുന്നതും. ആ ശൂന്യതയിലാണ് ഒന്നാമത്തെയാള്‍ തിമര്‍ത്താടുന്നതും രണ്ടാമന്‍ വിപുലപ്പെടുത്തുന്നതും. ആ ശൂന്യതക്ക് കാരണക്കാരായി രോഷം പ്രകടിപ്പിക്കാന്‍ പോലും അശക്തരായിരിക്കുന്നവരെ കൂടി ചേര്‍ത്തു പിടിച്ച് പ്രതിഷേധത്തിന്റെ വൃത്തം വിപുലപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

മൊഴിമാറ്റം: നസീഫ്‌

Related Articles