Current Date

Search
Close this search box.
Search
Close this search box.

ചൈന കൊന്ന് തിന്നുന്ന ഉയ്ഗൂര്‍ മുസ്‌ലിംകള്‍

ചൈനക്കുള്ളിലെ കിഴക്കന്‍ തുര്‍ക്കുമാനിസ്ഥാനിലെ വിമോചന പോരാട്ടങ്ങളെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. അവിടത്തെ ജനങ്ങള്‍ യഥാര്‍ത്ഥ ചൈനക്കാരല്ല, മധ്യേഷ്യയില്‍ ഉദയം ചെയ്ത, തുര്‍ക്കി ഭാഷ സംസാരിക്കുന്ന തുര്‍ക്കികളാണ്. അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഖുതൈബ ബിന്‍ മുസ്‌ലിം മുഖേനയായിരുന്നു അവിടെ ഇസ്‌ലാമെത്തിയത്. പ്രസ്തുത ഭരണകൂടത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ ലഭ്യമാണ്. പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രമായിരുന്ന കിഴക്കന്‍ തുര്‍ക്കുമാനിസ്ഥാനെ 1760-ലാണ് ചൈന ആദ്യമായി അധിനിവേശം ചെയ്തത്.

ശേഷം തുര്‍ക്കികള്‍ ആ പ്രദേശം തിരിച്ച് പിടിക്കുകയും കുറച്ച് കാലം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയും ചെയ്തു. എന്നാല്‍ 1876-ല്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ചൈന വീണ്ടും ആ പ്രദേശം കീഴടക്കി. അവരാണ് കിഴക്കന്‍ തുര്‍ക്കുമാനിസ്ഥാനെന്ന പേര് മാറ്റി ചൈനീസ് ഭാഷയില്‍ ‘പുതിയ മേഖല’ എന്നര്‍ത്ഥം വരുന്ന ‘സിന്‍ജിയാങ്ങ്’ എന്ന് നല്‍കിയത്. പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കൊണ്ടാണ് ചൈനീസ് ഭരണകൂടം അവിടെ ആധിപത്യം സ്ഥാപിച്ചത്.

എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ചൈന-ജപ്പാന്‍ യുദ്ധമുണ്ടായപ്പോള്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്ക് രൂപപ്പെട്ടു. പക്ഷെ അതും അധികകാലം നീണ്ടു നിന്നില്ല. 1949-ല്‍ മാവോ സെ തുങ്ങിനന്റെ നേതൃത്വത്തില്‍ ആ പ്രദേശത്ത് അധികാരം പിടിച്ചടക്കി. സാംസ്‌കാരികമായും, മതപരമായും, ഭാഷാപരമായും സ്വയംഭരണമുള്ള പ്രദേശമെന്ന വിശേഷണം 1955-ല്‍ അദ്ദേഹം ഉയ്ഗൂറിന് നല്‍കിയെങ്കിലും പ്രായോഗിക തലത്തില്‍ അതിന് വിരുദ്ധമായിരുന്നു കാര്യങ്ങള്‍. ചൈനീസ് ഗവണ്‍മെന്റ് നാല്പാടുനിന്നും അവിടത്തെ ജനതയെ പീഢിപ്പിക്കുകയും, തങ്ങളുടെ ഇംഗിതത്തിനായി അവരെ ദുരുപയോഗപ്പെടുത്തുകയുമാണ് ചെയ്തത്.

സ്വയംഭരണാവകാശം നല്‍കപ്പെട്ട ദേശത്ത് നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് ഉയ്ഗൂരികള്‍. സ്വന്തം മതത്തിന്റെ, സംസ്‌കാരത്തിന്റെ, ഭാഷയുടെ നിലനില്‍പ് അവരെ സംബന്ധിച്ചിടത്തോളം ഇന്ന് ചോദ്യചിഹ്നമാണ്. ചൈനയിലെ ബുദ്ധ വംശമായിരുന്ന അല്‍ഹാനികളെ കിഴക്കന്‍ തുര്‍ക്കിസ്ഥാനിലേക്ക് കടത്തി ഉയ്ഗൂര്‍ മുസലിംകളെ ന്യൂനപക്ഷമാക്കുകയെന്ന നയമാണ് ഭരണകൂടം സ്വീകരിച്ചത്. അതുവരെ 6.7% മാത്രമായിരുന്ന അവരിപ്പോള്‍ 40% മാണെന്ന് ഗവണ്‍മെന്റ് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ഔദ്യോഗിക സ്ഥാനങ്ങളിലും, രാഷ്ട്രീയ മേഖലയിലും വിരാചിക്കുന്നതും ഈ വിഭാഗക്കാര്‍ തന്നെയാണ്.

രണ്ടര ലക്ഷത്തോളം മുസ്‌ലിംകള്‍ ഫാക്ടറികളില്‍ വേതനം കൂടാതെ ജോലി ചെയ്യാനും, മുസ്‌ലിമേതര വിഭാഗത്തില്‍ നിന്ന് വിവാഹം കഴിക്കാനും നിര്‍ബന്ധിക്കപ്പെട്ടതായി ഇതുവരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച് 2006-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേത്രിയായിരുന്ന റബീഅ ഖാദിര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന് മുന്നില്‍ പറഞ്ഞത് പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള അവിവാഹിതകളായ യുവതികളെയാണ് തൊഴിലവസരം നല്‍കുന്നുവെന്ന പേരില്‍ കടത്തുന്നതെന്നാണ്.

പള്ളികള്‍ തകര്‍ക്കുകയും, മതപരമായ പഠനങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും മുസ്‌ലിംകളെ വിലക്കിയും ചൈനീസ് ഭരണകൂടം ദ്രോഹം ചെയ്ത് കൊണ്ടേയിരുന്നു. 2008 വരെ 133 പള്ളികള്‍ അവര്‍ തകര്‍ക്കുകയും 105 മദ്‌റസകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ റമദാനില്‍ നോമ്പനുഷ്ടിക്കുന്നതില്‍ നിന്നും ഉയ്ഗൂര്‍ മുസ്‌ലിംകളെ തടഞ്ഞത് ലോക തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ, തങ്ങളുടെ നിയമങ്ങള്‍ കേവലം ആരോഗ്യപരമായ പരിരക്ഷക്ക് വേണ്ടിയുള്ളതാണെന്നും, മതപരമായ വിദ്വേഷം അതിന് പിന്നിലില്ലെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. കല്‍പിത കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി യുവാക്കളെ ആജീവനാന്തം ജയിലിലടക്കുകയും, വധശിക്ഷ വിധിക്കുകയും ചെയ്യുന്നത് അവിടെ പതിവായിരിക്കുന്നു. 1997-ല്‍ മാത്രം 17000 മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയുണ്ടായി.  

തൊണ്ണൂറുകളില്‍ ചൈന നടത്തിയ ആണവ പരീക്ഷണങ്ങളാണ് ഉയ്ഗൂരികളെ ആദ്യമായി പ്രക്ഷോഭത്തിനിറക്കിയത്. അക്കാലത്തെ ചൈനയുടെ ഏതാണ്ട് എല്ലാതര ആണവ പരീക്ഷണങ്ങളും ഉയ്ഗൂരികളുടെ സ്വയംഭരണ പ്രദേശത്തായിരുന്നു. ശേഷം കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഈ ജനത വിധേയമായി. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് 2009-ല്‍ ലോകം കണ്ടത്. അസഹനീയമായ അടിച്ചമര്‍ത്തലുകളും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും, സാംസ്‌കാരിക ഹത്യയും അവിടെ നിരന്തരമായി നടന്ന് കൊണ്ടേയിരുന്നു.

സ്വയംഭരണാവകാശമുണ്ടെന്ന് പറയപ്പെടുന്ന ഉയ്ഗൂരിലെ ഓരോ തെരുവും ഇന്ന് നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ശ്വാസനിശ്വാസം ചെയ്യാന്‍ പോലും അവിടത്തുകാര്‍ക്ക് അവകാശമില്ലെന്ന് ചുരുക്കം. ചൈനീസ് തടവറയില്‍ അഞ്ചുവര്‍ഷം ഏകാന്ത തടവുകാരിയായി പീഢനമനുഭവിച്ച റാബിയ കദീര്‍ എന്ന വനിതയാണ് ഉയ്ഗൂറുകളുടെ സംഘടനയായ വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസിന്റെ നേതാവ്. ഈ സംഘടനയുടെ നേതാക്കളെല്ലാം സ്വന്തം നാട്ടിന് പുറത്താണ്. ചൈനീസ് ഭരണകൂടത്തിന്റെ ഭാഷയില്‍ അവരെല്ലാം ഭീകരന്മാരാണ്. ‘സ്വാതന്ത്ര്യം ജനാധിപത്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയോടാണ് പോരാട്ടമെങ്കിലും ഉയ്ഗൂറുകാര്‍ ശുഭാപ്തിയിലാണ്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വഴിയില്‍ ലോകത്ത് നടക്കുന്ന വിപ്ലവങ്ങളെക്കുറിച്ചും, സമരങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരാണ്. വിപ്ലവം ഏറ്റെടുക്കാന്‍ പോന്ന, അവബോധമുള്ള മനസ്സ് സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. പുലരുന്ന പ്രഭാതത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടത്തിന്റെ കണക്കില്‍ ഒമ്പത് മില്യനായും, യഥാര്‍ത്ഥത്തില്‍ 25 മില്യനിലധികവുമുള്ള ഉയ്ഗൂര്‍ ജനത തങ്ങളുടെ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

Related Articles