Current Date

Search
Close this search box.
Search
Close this search box.

കുളംകലക്കി മീന്‍ പിടിക്കുന്ന വര്‍ഗീയ രാഷ്ട്രീയം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ബി.ജെ.പിയുടെയും സംഖ്യ കക്ഷികളുടെയും അടുത്ത ഉന്നം അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സംസ്ഥാനങ്ങളാണ്. വരുന്ന നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയില്‍ തങ്ങളുടെ സാധ്യതകള്‍ അരക്കിട്ടുറപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമം തുടങ്ങിയതിന്റെ സൂചനകളാണ് ഏറ്റവും ഒടുവില്‍ അവിടെ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. അമിത്ഷായെയും ഗിരിരാജ് സിങ്ങിനെയും പോലുള്ളവരുടെ തീവ്ര ഹിന്ദുത്വ ഭാഷണങ്ങളിലൂടെ ഭൂരിപക്ഷ വോട്ടുകള്‍  ഏകീകരിച്ചും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചും നേടിയെടുത്ത പാര്‍ലമെന്റ് വിജയ മാതൃക തന്നെയാണ് മഹാരാഷ്ട്രയിലും അവര്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട് അവിടത്തെ പുതിയ സംഭവവികാസങ്ങള്‍.

മറാത്ത രാജാവ് ശിവജിയെയും ശിവസേനയുടെ അന്തരിച്ച നേതാവ് ബാല്‍താക്കറയെയും അവഹേളിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ടതാണ് മഹാരാഷ്ട്രയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നേതാക്കളെ അപകീര്‍ത്തിപ്പെടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിപ്പിച്ചത് ആരാണെന്ന് ഇനിയും കൃത്യമായിട്ടില്ല. സംഭവത്തിന് പിന്നില്‍ ഒരു മുസ്‌ലിം യുവാവാണെന്ന പ്രചരണം നടത്തി ശിവസേനയടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ പൂനൈയിലും പരിസരങ്ങളിലും മുസ്‌ലിംകള്‍ക്കെതിരെ അക്രമണവുമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ ശിവസേനയുടെ വാദം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ചിത്രം പോലീസ് ഇടപെട്ട് നെറ്റില്‍ നിന്നും നീക്കിയെങ്കിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയ ശിവസേന, ബി.ജെ.പി, ഹിന്ദുരാഷ്ട്ര സേനാ പ്രവര്‍ത്തകര്‍ മുസ്‌ലിം കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് അക്രമണങ്ങള്‍ നടത്തുകയായിരുന്നു. അക്രമികളുടെ മര്‍ദ്ദനമേറ്റ് മുഹ്‌സിന്‍ സാദിഖ് ശൈഖ് എന്ന ഐ.ടി വിദഗ്ധനായ മുസ്‌ലിം യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ശിവസൈനികരുടെ പ്രതിഷേധത്തില്‍ പൂനൈയിലും കോലാപൂരിലുമായി 400 ഓളം ബസുകള്‍ അക്രമിക്കപ്പെട്ടു. പൂനൈയില്‍ 11 മസ്ജിദുകള്‍ക്ക് നേരെ അക്രമണമുണ്ടായി. പ്രദേശത്തെ മുസ്‌ലിം ഭവനങ്ങള്‍ക്കും കടകള്‍ക്കും മദ്രസകള്‍ക്കും നേരെയും അക്രമണങ്ങളുണ്ടായി. മദ്രസകള്‍ക്ക് നേരെയുണ്ടായ പെട്രോള്‍ ബോംബ് അക്രമണങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്രാന്ദി ചൗകില്‍ മസ്ജിദിന്റെ മിനാരത്തില്‍ കാവിക്കൊടി നാട്ടി വര്‍ഗീയ കലാപം ആളിക്കത്തിക്കാനുള്ള ശിവസേനയുടെ ശ്രമം പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു.

അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പ്രഥ്വിരാജ് ചൗഹാന് ഐ.ബി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നാല് ദിവസം പൂനൈയിലും പരിസരങ്ങളിലും ശിവസൈനികരുടെയും ഹുന്ദുരാഷ്ട്ര സേനയുടെയു നേതൃത്വത്തില്‍ നടന്ന അക്രമങ്ങളെ മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കുന്നതിലും അക്രമണം വ്യാപിക്കുന്നത് തടയുന്നതിലും സംസ്ഥാന പോലീസ് പരാജയപ്പെട്ടിരിക്കുന്നു. പൂനൈക്ക് പുറമെ, ഔറംഗാബാദ്, അഹ്മദ് നഗര്‍, കോലാപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശിവസൈനികരും ഹിന്ദുരാഷ്ട്ര സേനയും അക്രമങ്ങളുമായി രംഗത്തിറങ്ങിയത്.

നേതാക്കളെ അവഹേളിക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിലുള്ള സ്വാഭാവിക പ്രതിഷേധങ്ങളാണ് അക്രമാസക്തമായതെന്ന് വിശ്വസിക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ചരിത്രം അറിയുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുകയില്ല. എന്നുമാത്രമല്ല, അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദുത്വ ശക്തികള്‍ നടത്തിയ ആസൂത്രിത നീക്കമാണ് പൂനൈയിലും പരിസരങ്ങളിലും നടന്നതെന്ന് തെളിയിക്കുന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. മുഹ്‌സിന്‍ ശൈഖ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഹിന്ദുരാഷ്ട്ര സേനാ അംഗങ്ങള്‍ക്കിടയില്‍ പ്രചരിച്ച ഒരു എസ്.എം.എസാണ് ഈ സംശയത്തെ ബലപ്പെടുത്തുന്നത്. ‘ആദ്യ വിക്കറ്റ് വീണിരിക്കുന്നു’ എന്ന മെസേജ് മുഹ്‌സിന്‍ ശൈഖിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ഹിന്ദുരാഷ്ട്രാ സേനാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചതായി പൂനൈ ജോയിന്റ് കമ്മീഷണര്‍ സഞ്‌ജൈ കുമാര്‍ വെളിപ്പെടുത്തുകയുണ്ടായി. അക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു എന്നതിന്റെ സൂചനയാണിതെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഉത്തര്‍പ്രദേശിലായിരുന്നു. മോദിയുടെ വലംകൈയ്യും ഗുജറാത്ത് കലാപം, സൊഹറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയവയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളുമായ അമിത്ഷാ ആയിരുന്നു അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. അമിത് ഷാ യു.പിയില്‍ എത്തിയതിന് ശേഷമാണ് മുസഫര്‍ കലാപം ഉള്‍പ്പെടെയുള്ള ചെറുതും വലുതമായി കലാപങ്ങള്‍ യു.പിയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ അരങ്ങേറിയത്. കലാപങ്ങളിലൂടെ യു.പിയിലെ മുഖ്യ വോട്ടുബാങ്കുകളായ മുസ്‌ലിംകള്‍ക്കും ജാട്ടുകള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കി അത് മുതലെടുക്കുക എന്ന തന്ത്രമാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി അവിടെ നടത്തിയത്. അതിനുപുറമെ അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ യു.പിയിലും മറ്റിടങ്ങളിലും നടത്തിയ വര്‍ഗീയ വിദ്വേഷം പ്രസരിപ്പിക്കുന്ന പ്രസംഗങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി രാഷ്ട്രീയ നിരീക്ഷകരെല്ലാം വിലയിരുത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഇളക്കി വിട്ട് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന മ്ലേച്ഛമായ രാഷ്ട്രീയം യു.പി ഉള്‍പ്പെടെയുള്ള ഉത്തര-മദ്ധ്യ ഇന്ത്യയില്‍ വിജയം കൈവരിച്ച സാഹചര്യത്തില്‍ ഉടന്‍ നടക്കാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും രാജ്യം മൊത്തത്തിലും സമാനമായ നീച രാഷ്ട്രീയ തന്ത്രം തന്നെ കൂടുതല്‍ ശക്തിയോടെ ഉപയോഗിക്കാനുള്ള ഫാഷിസ്റ്റ് പദ്ധതിയാണ് ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ വെളിവായിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനാഥകുട്ടികളുടെ വിഷയത്തെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടിയും അതിന് വര്‍ഗീയതയുടെ നിറം നല്‍കിയും രാഷ്ട്രീയ മുതലെടുപ്പിന് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചതും നമ്മള്‍ കണ്ടതാണ്. കോണ്‍ഗ്രസില്‍ തന്നെയുള്ള ചില കള്ളനാണയങ്ങളും വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രചാരണത്തിന് ഉപകരണങ്ങളായി വര്‍ത്തിക്കുന്നുണ്ടെന്നതിനും മുമ്പെന്നപോലെ ഈ വിഷയത്തിലും നമ്മള്‍ സാക്ഷികളായി.

ചുരുക്കത്തില്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറം വിജയം കണ്ട വര്‍ഗീയ രാഷ്ട്രീയക്കളി രാജ്യത്ത് മൊത്തത്തില്‍ നടപ്പിലാക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ഒന്നിച്ചിറങ്ങുമ്പോള്‍ മതേതര പാര്‍ട്ടികളും അവര്‍ നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാറുകളും കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. മതേതര കൂട്ടായ്മകളുടെ ജാഗ്രതയും ഐക്യവുമില്ലാതാകുമ്പോഴാണ് വര്‍ഗീയ ഫാഷിസത്തിന് ആധ്യപത്യം ലഭിക്കുന്നതെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നമുക്ക് ബോധ്യപ്പെടുത്തി തന്നിരിക്കെ ഇനിയും വെള്ളം കലക്കി മീന്‍ പിടിക്കാന്‍ വര്‍ഗീയ ശക്തികളെ നാം അനുവദിച്ചുകൂടാ.

Related Articles