Current Date

Search
Close this search box.
Search
Close this search box.

ഐസിസ് പ്രാദേശിക ഉല്‍പന്നം തന്നെ

ഇന്ന് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്ന ഐസിസിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ആ പ്രതിഭാസം എന്താണെന്ന് മനസ്സിലാക്കാനോ അതിനെ നേരിടാനോ സാധിക്കുകയില്ല. അതിന്റെ ഉത്ഭവത്തെ കുറിച്ച അഭിപ്രായങ്ങളും അതിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇത് കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം ചില ബാഹ്യശക്തികളാണ് അതിന് പിന്നിലെന്ന തരത്തുള്ള അഭിപ്രായങ്ങളാണ് കൂടുതലായി എന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പൊതുവെ ഇസ്രയേലിന് നേരെയാണ് നാം വിരല്‍ ചൂണ്ടാറുള്ളത്. അതിന് ന്യായമായ കാരണങ്ങളുമുണ്ട്. ഇസ്രയേലിന്റെ പങ്കിനെ കുറിച്ച സൂചനകളോടൊപ്പം അമേരിക്കയുടെ പങ്കിനെ കുറിച്ച സാധ്യതകളും എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈജിപ്ഷ്യന്‍ മാധ്യമങ്ങളുടെ ആരോപണങ്ങളില്‍ വലിയൊരു ഭാഗം അതിന് നേരെയായിരുന്നു. ഇത് ആകസ്മികമായി സംഭവിച്ചതാണോ അല്ലയോ എന്നറിയില്ല.

അല്‍-അഹ്‌റാം പത്രത്തില്‍ (23/02/2015) ഡോ. ജലാല്‍ അമീന്‍ എഴുതിയ ഒരു ലേഖനമാണ് ഈ വിഷയം ചര്‍ച്ചക്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതേ നിലപാട് തന്നെയാണെങ്കിലും കൂടുതല്‍ സന്തുലിതമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഐസിസ് എന്ന് കേട്ടമാത്രയില്‍ തന്നെ അതൊരു പ്രാദേശിക ഉല്‍പന്നമല്ല വിദേശിയാണെന്ന് വിശേഷിപ്പിക്കാന്‍ ഒട്ടും സംശയിക്കേണ്ടി വന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഏത് വിദേശകരങ്ങളാണ് അതിന് പിന്നിലെന്ന് ക്ലിപ്തപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ആമുഖമായി രണ്ട് കാര്യങ്ങളാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. എല്ലാറ്റിനെയും ഒരൊറ്റ കാരണത്തിലേക്ക് മടക്കുന്ന തെറ്റായ സാമൂഹിക പ്രതിഭാസത്തിലാണ് നാം ജീവിക്കുന്നത്. കാരണം മനുഷ്യന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ നിരവധി ഘടകങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. അവയില്‍ ചിലത് അവനില്‍ തന്നെയുള്ള പാരമ്പര്യമായി ലഭിച്ചതാണ്. ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്തതാണ് ചിലത്. മൂന്നാമതായി വരുന്ന ചിലത് രാഷ്ട്രീയാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങളുടെയും പ്രേരകങ്ങളുടെയും ഫലമായി ഉണ്ടാകുന്നതാണ്. പ്രസ്തുത പ്രേരകങ്ങള്‍ക്കൊപ്പം ഒരുപക്ഷേ വളര്‍ച്ചക്ക് അനിവാര്യമായ ചില ഘടകങ്ങള്‍ കൂടി ചേര്‍ന്നിരിക്കാം. അതായത് പ്രാദേശികമായി വെളിപ്പെടുന്ന പ്രേരകങ്ങളെ ബാഹ്യശക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നു.

രണ്ടാമാതായി, പാശ്ചാത്യരാഷ്ട്രങ്ങള്‍ പ്രത്യേകിച്ചും അമേരിക്ക നമ്മെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരല്ല. മറിച്ച് നമുക്കെതിരെ ഗൂഢാലോചന നടത്തുന്നത് ചര്യയാക്കിയവരാണവര്‍. അതുകൊണ്ട് തന്നെ അറബ് ലോകത്ത് നടക്കുന്ന ആഭ്യന്തര സംഘട്ടനങ്ങള്‍ അവരെ സന്തോഷിപ്പിക്കുകയാണ്. കാരണം യാതൊരു ശ്രമവും കൂടാതെ തന്നെ അവരുടെ ഉദ്ദേശ്യമാണവിടെ നടക്കുന്നത്. മാത്രമല്ല അറബ് ലോകം ലോകത്തെ വന്‍രാഷ്ട്രങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ഭീഷണിയും അല്ല. ചില നിലപാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സുസ്ഥിരമായ നയതന്ത്ര ബന്ധങ്ങള്‍ തന്നെയാണ് അവ കാത്തുസൂക്ഷിക്കുന്നത്. പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ അടയാളങ്ങളും പ്രദേശത്തിന്റെ ചക്രവാളത്തില്‍ തെളിയുന്നില്ല. ചില നാടുകളില്‍ കാണുന്ന അസ്വസ്ഥതകള്‍ അവിടത്തെ തന്നെ ഭരണാധികാരികള്‍ക്കുള്ള  സന്ദേശങ്ങളാണ്.

ഈയൊരു പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് സംഭവ ലോകത്തെ വിലയിരുത്തേണ്ടത്. ഇറാഖില്‍ വളര്‍ന്ന അല്‍-ഖാഇദയുടെ പുതുതലമുറയായിട്ടാണ് ഐസിസിനെ കണക്കാക്കുന്നത്. അതിന് ജന്മമെടുക്കാന്‍ പൂര്‍ണമായും അനുയോജ്യമായ അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇറാഖികള്‍ക്ക് എന്തൊക്കെ നല്ല ഗുണങ്ങളുണ്ടെങ്കിലും പാരുഷ്യവും അക്രമണേത്സുകതയും അവരുടെ പ്രകൃതത്തിന്റെ ഭാഗമാണെന്നത് ആരും നിഷേധിക്കില്ല. അവരുടെ നാടിന്റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണത്.

പാരുഷ്യത്തിന്റെയും അക്രമണേത്സുകതയുടെയും മികച്ച മാതൃകയാണ് മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കാഴ്ച്ചവെച്ചത്. ഒരു പുതിയ രീതി ആവിഷ്‌കരിക്കുകയായിരുന്നില്ല അദ്ദേഹം, മറിച്ച് നേരത്തെയുള്ളതിനെ പിന്തുടരുകയായിരുന്നു. അക്രമങ്ങളുടെ വലിയൊരു ചരിത്രം തന്നെ ഇറാഖിനുണ്ട്. അബ്ബാസിയ ഖിലാഫത്തിന്റെ തുടക്തത്തില്‍ ബസറയിലെ വീഥികളിലതുണ്ടായിരുന്നു. വിപ്ലവത്തിന് ശേഷം ബഗ്ദാദില്‍ ഹാശിമിയ രാജകുടുംബത്തിലെ രണ്ടുപേര്‍ അതിന് വിധേയരായി (ഫൈസല്‍ ഒന്നാമനും അദ്ദേഹത്തിന്റെ അമ്മാവന്‍ അബ്ദുല്‍ ഇലാഹും). സമാനമായ പര്യവസാനം തന്നെയായിരുന്നു മുന്‍ ഇറാഖ് പ്രധാനമന്ത്രി നൂരി സഈദിനും (1958). അതുപോലെ ഫല്ലൂജയില്‍ അമേരിക്കന്‍ സൈനികരും അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല.

ഇറാഖി ജനതയെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്ത അമേരിക്കയുടെ ഇറാഖ് അധിനിവേശവും അബൂഗുറൈബിലെ പീഢനങ്ങളും, മാലികി ഭരണകൂടത്തിന് കീഴില്‍ സുന്നികള്‍ അനുഭവിച്ച അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവും കൂടി ചേര്‍ന്നപ്പോള്‍ ക്രൂരതയുടെ പ്രതീകമായ ഐസിസിന്റെ രൂപീകരണത്തിന് വഴിവെച്ചു എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അവരുടെ ഉള്ളിലുണ്ടായിരുന്ന അക്രമണോത്സുകത പുറത്തെടുക്കപ്പെടുകയായിരുന്നു അതിലൂടെ. അടിച്ചമര്‍ത്തലിന് വിധേയരായിരുന്ന വംശീയത ബാധിച്ച അറബ് ലോകത്തെ ഒരു വിഭാഗം അതിനെ സ്വാഗതം ചെയ്ത് ഇന്നത്തെ അവസ്ഥയിലെത്തിച്ചു. ഈയൊരു പശ്ചാത്തലത്തിന് വൈദേശിക ഗൂഢാലോചനയുടെ ഒരാവശ്യവുമില്ല. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി അതിനെ മുതലെടുക്കുന്നത് സ്വാഭാവികം മാത്രം. ബഅഥ് പാര്‍ട്ടിയുടെയും പിരിച്ചു വിട്ട സദ്ദാം ഹുസൈന്‍ സൈന്യത്തിന്റെയും ശേഷിപ്പുകളും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ അതിന്റെ ഏറ്റവും മുന്‍നിരയിലുള്ളത് സിറിയന്‍ ഭരണകൂടമാണ്.

ഖിലാഫത്തിന്റെ വീണ്ടെടുക്കലും അതിന്റെ പാതയില്‍ തടസ്സം നില്‍ക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യലും മഹ്ദിയുടെ ആഗമനമെന്ന ആശയത്തില്‍ നിന്ന് ഏറെ ഭിന്നമല്ല. 2015-ല്‍ മഹ്ദിയുടെ ആഗമനമുണ്ടാകുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. വിവേചനത്തിനും മാറ്റിനിര്‍ത്തലിനും ഇരയാക്കപ്പെട്ട, ദീനിനെ കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത പാശ്ചാത്യ മുസ്‌ലിം തലമുറയെ ഖിലാഫത്ത് എന്ന ആശയം വല്ലാതെ ആകര്‍ഷിച്ചു എന്നതും നാം വിസ്മരിക്കരുത്. ഐസിസിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ പെട്ടന്ന് ആകൃഷ്ടരാകുന്നതിന്റെ കാരണവും അതാണ്.

ഡോ. ജലാല്‍ അമീന്‍ പറഞ്ഞതില്‍ നിന്ന് ഭിന്നമായി ഐസിസ് ഒരു പ്രാദേശിക ഉല്‍പന്നം ആകുന്നു എന്നത് നമ്മെ സന്തോഷിപ്പിക്കുന്നില്ല. അംഗീകരിക്കേണ്ട ദുഖകരമായ ഒരു വസ്തുതയാണത്. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്താന്‍ മറ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അതൊരു തടസ്സമാകുന്നില്ലെന്നും ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്.

ഐസിസ് സിറിയന്‍ ഭരണകൂടത്തിന് വലിയ സേവനമാണ് ചെയ്തു കൊടുത്തിരിക്കുന്നത്. അതിന്റെയും അല്‍-ഖാഇദയുടെയും ദുഷ്‌ചെയ്തികള്‍ക്ക് മുന്നില്‍ ബശ്ശാറുല്‍ അസദിന്റെ കുറ്റകൃത്യങ്ങളെല്ലാം നിസ്സാരമായി മാറിയിരിക്കുന്നു. വളരെ തന്ത്രപൂര്‍വം ഫലസ്തീന്‍ വിഷയത്തെ അറബ് മനസ്സുകളില്‍ നിന്ന് ഇല്ലാതാക്കാനും പകരം അവരിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഭീകരതയെ അവതരിപ്പിക്കാനും അതിന് കഴിഞ്ഞു. അവക്കെല്ലാം പുറമെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചിത്രം ലോകത്തിന് മുന്നില്‍ വളരെ വികൃതമായി അവതരിപ്പിക്കാന്‍ ഐസിസിലൂടെ സാധിച്ചു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ജപ്പാന്‍ വരെ അത് വ്യാപിച്ചു. ഇസ്‌ലാം വിരോധം ശക്തിപ്പെട്ടതിന്റെ ഫലമായി പാശ്ചാത്യ ലോകത്തെ മുസ്‌ലിംകള്‍ അതിന്റെ പ്രയാസങ്ങള്‍ നേരിടേണ്ടിയും വരുന്നു.

ഇന്നത്തെ ദുരിതപൂര്‍ണമായ അവസ്ഥക്ക് കാരണമായിരിക്കുന്ന ഐസിസിനെ കുറിച്ച് നിനക്ക് തോന്നിയത് നീ പറഞ്ഞു കൊള്ളുക. അവരുടെ താല്‍പര്യങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഭയംജനിപ്പിക്കുന്ന കാര്യങ്ങളും നീ അതിനോട് കൂട്ടിചേര്‍ത്തോളൂ. എന്നാല്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തിലിന്റേതുമായ നമ്മുടെ ചുറ്റുപാടില്‍ നിന്നാണത് പുറപ്പെട്ടിരിക്കുന്നതെന്ന് നിനക്ക് അവഗണിക്കാനാവില്ല.

മൊഴിമാറ്റം: നസീഫ്‌

Related Articles