Current Date

Search
Close this search box.
Search
Close this search box.

എലികള്‍ക്ക് പൂച്ചയുടെ സല്‍ക്കാരം

2011 ഡിസംബര്‍ അഞ്ചുമുതല്‍ ഒരാഴ്ചക്കാലത്തേക്ക് ഡല്‍ഹിയില്‍നിന്ന് ഒരു മുസ്‌ലിം ഡെലിഗേഷന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയുണ്ടായി. വിദേശയാത്രയില്‍ കൗതുകം തോന്നിയ മസ്ജിദുല്‍ അഖ്‌സാ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്ന് മോഹിച്ച ഡല്‍ഹിയിലെ ഏതാനും സാദാ മൗലാനാമാരായിരുന്നു ഇതില്‍ പങ്കെടുത്തവര്‍. ഡല്‍ഹിയിലെ ഇസ്രയേലി എംബസി സ്‌പോണ്‍സര്‍ ചെയ്ത ഈ യാത്രാസംഘത്തിന്റെ വിശദവിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ മടി കാണിക്കുകയായിരുന്നു.

എസ്.എം. ആസിഫ് എന്ന ഉര്‍ദു പത്രാധിപരാണ് എല്ലാവരേയും ഇതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ച മുഖ്യവ്യക്തി എന്നാണ് ഡല്‍ഹിയിലെ ‘മില്ലിഗസറ്റ്’ എന്ന ഇംഗ്ലീഷ് ദൈ്വവാരികിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തില്‍ കുറഞ്ഞ കോപ്പികള്‍ മാത്രം അടിക്കുന്ന ആസിഫിന്റെ പത്രം സര്‍ക്കാര്‍ ആപ്പീസുകളിലും സ്ഥാപനങ്ങളിലും മാത്രമാണ് വിതരണം ചെയ്തുവരുന്നത്. അറിയപ്പെടാത്ത ഒരു ഇമാം സംഘടനയുടെ നേതാവായ ഉമര്‍ ഇല്‍യാസി, ഡല്‍ഹി സര്‍വകലാശാലയിലെ ഉര്‍ദു വിഭാഗം ജീവനക്കാരനായ തക്കീര്‍ അഹമ്മദ്ഖാന്‍, എന്നിവരും ലഖ്‌നൗക്കാരായ ഏതാനും പേരും അടങ്ങിയതായിരുന്നു സംഘം. ഇസ്രായേലി എംബസിയുമായി ബന്ധമുള്ള ഈ ഉര്‍ദു പത്രാധിപര്‍ ഇതിനുമുമ്പ് ഡല്‍ഹിയിലെ ഒരു പ്രശസ്ത സ്റ്റാര്‍ഹോട്ടലായ ക്ലാരിഡ്ജസ് ഹോട്ടലില്‍ ഇസ്രയേലി എംബസി ഏര്‍പ്പെടുത്തിയ ഒരു സ്വീകരണച്ചടങ്ങില്‍ അജ്മീര്‍ ദര്‍ഗയിലെ ഏതാനും സേവകരോടൊപ്പം പങ്കെടുക്കുകയുണ്ടായി. ഇസ്രയേലി പ്രചാരവേല നിറഞ്ഞ ഒരു അറിയപ്പെടാത്ത  ഇംഗ്ലീഷ് മാസികയും ആസിഫിന്റെ ഓഫീസില്‍ നിന്ന് ഇറക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഈ പത്രാധിപരുടെ യുവതിയായ മകളേയും ഇസ്രായേലി പര്യടനത്തിന്നയിച്ചിരുന്നു. അവിടെ അവര്‍ അല്‍ അഖ്‌സാ മസ്ജിദില്‍ പ്രവേശിക്കാന്‍ ചെന്നപ്പോള്‍ മുസ്‌ലിമാണെന്നതിനുതെളിവായി കാവല്‍ക്കാര്‍ കലിമ ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ശരിക്ക് ചൊല്ലാന്‍ സാധിക്കാതെ തിരിച്ചു പോരേണ്ടി വന്നു.

ഡല്‍ഹിയില്‍ എംബസി തുറന്നതുമുതല്‍ മുസ്‌ലിംസമൂഹത്തിനകത്തേക്ക് കയറിക്കൂടാന്‍ ഇസ്രയേല്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുക്കുന്നുണ്ട്. ഇതില്‍ പരാജയമടഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും അവസരവാദികളും സ്വാര്‍ഥരും യാഥാസ്ഥിതകരും അജ്ഞരുമായ ചില മുസ്‌ലിം മസ്ജിദ്-ദര്‍ഗ പരിപാലകര്‍ ഇവരുടെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ടെന്നും പത്രം വേളിപ്പെടുത്തുന്നു.

മൂന്നുവര്‍ഷം മുമ്പ് ഇത്തരം ‘മുസ്‌ലിം’ കളുടെ ഒരു സംഘത്തെ ഇസ്രായേല്‍ സംഘടിപ്പിച്ചിരുന്നു. ആ ഡെലിഗേഷനില്‍ ഹിമായത്ത് കമ്മിറ്റി എന്ന സംഘടനയുടെ നേതാവും  ഒരു ഉര്‍ദു പത്രപ്രവര്‍ത്തകനും ഉള്‍പ്പെട്ടിരുന്നു. ഈ വ്യാജ ഇമാംകൗണ്‍സില്‍  ഭാരവാഹിയും ഇസ്രായേല്‍ പ്രസിഡന്റുമായി ഇസ്രായേലിനെ പിന്തുണക്കുകയും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു രേഖ ഒപ്പുവെക്കുകയും അത് ഇസ്രായേലി മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും ഇയാള്‍ ഇന്ത്യയിലെ 50,000 ഇമാമുമാരുടെ പ്രതിനിധിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  രഹസ്യമായി ഇസ്രായീല്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ഇവരെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്  ഡല്‍ഹിയിലെ ‘ജദീദ് ഖബര്‍’ എന്ന ഉര്‍ദു പത്രമായിരുന്നു.

ഈ വാര്‍ത്ത മുസ്‌ലിം നേതാക്കളിലും ബുദ്ധിജീവികളിലും ശക്തമായ പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്. ഇതേ പത്രം കഴിഞ്ഞ ഡിസംബര്‍ രണ്ടാം തിയതി ഡല്‍ഹി യൂനിവേഴ്‌സിറ്റി ഉര്‍ദു വിഭാഗം തലവന്‍ ഡോ. തവക്കീര്‍ അഹമ്മദ് ഖാന്‍ കൂട്ടുകരെയോ ഡിപ്പാര്‍ട്ട്‌മെന്റിനേയോ അറിയിക്കാതെ തന്റെ ജോലി ആരെയെങ്കിലും ഉത്തരവാദപ്പെടുത്തുക പോലും ചെയ്യാതെ  അതീവ രഹസ്യമായി ഇസ്രായേലിലേക്ക് യാത്രചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഡല്‍ഹിയിലെ മുസ്‌ലിം ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും പുരോഗമനസാഹിത്യകാരന്മാരും മൗലാനാ അഹ്മദലി ഖാസിമിയുടെ അധ്യക്ഷതയില്‍ മുസ്‌ലിം ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ ഈ സംഭവത്തെ അപലപിക്കുകയും  ഇത്തരം സ്വാര്‍ത്ഥതാല്‍പര്യക്കരെയും സമുദായ വഞ്ചകരേയും ഒറ്റപ്പെടുത്തി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും മനുഷ്യാവകാശപ്രവര്‍ത്തകരോട് ഏക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയുമുണ്ടായി.

അവലംബം : മില്ലി ഗസറ്റ്

വിവ : മുനഫര്‍ കൊയിലാണ്ടി

Related Articles