Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക വിജയങ്ങളുടെ ലക്ഷ്യങ്ങള്‍

war-old.jpg

വ്യക്തിതാല്‍പര്യങ്ങള്‍ക്കും ഭൗതികമായ ഇഛകള്‍ക്കും മനുഷ്യ കുടുംബം സാധാരണയായി ഇരയാവാറുണ്ട്. അങ്ങേയറ്റം അക്രമപരവും പ്രയാസകരവുമായ കാലങ്ങളിലൂടെ ഇസ്‌ലാമിക സമൂഹത്തിന് കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. സ്വേഛാധിപതികളുടെയും അഹങ്കാരികളുടെയും താല്‍പര്യ പൂര്‍ത്തീകരണത്തിനും അവരെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി വിശപ്പും ദാഹവും വിഷമതകളനുഭവിച്ച് ജീവിക്കുന്നവരും അവരിലുണ്ട്. അതോടൊപ്പം ലോകത്തെ പിടിച്ചുലക്കുന്ന സാമ്പത്തിക പ്രതിന്ധികളും, ഭൂചലനങ്ങളും നാം കണ്ട് കൊണ്ടിരിക്കുന്നു. അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന സ്വേഛാധിപതികളുടെ നയങ്ങളാണ് അവയുടെയെല്ലാം ഉറവിടം. ദുര്‍ബല ജനവിഭാഗങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് മേലുള്ള അവരുടെ അന്യായമായ അധീശത്വവും ചൂഷണവുമെല്ലാം ഇവക്കുള്ള കാരണങ്ങളാണ്.

സാധാരണക്കാരുടെ സാമ്പത്തിക ഉറവിടങ്ങള്‍ നേടിയെടുക്കാനുള്ള അടിച്ചമര്‍ത്തല്‍ നയങ്ങള്‍ നാടുകടത്തപ്പെട്ടു. ഇപ്പോള്‍ പുതിയ മാര്‍ഗങ്ങളാണ് അവലംബിക്കപ്പെടുന്നത്. സുന്ദരവും ആകര്‍ശകവുമായ രൂപത്തിലും ഭാവത്തിലുമാണ് അവര്‍ കാര്യം സാധിക്കുന്നത്. ചില വലിയ ആളുകളുമായുള്ള സൗഹൃദത്തില്‍ ചിലയാളുകള്‍ വഞ്ചിതരാവാറുണ്ട്. അറബ് ഭരണാധികാരികളോട് അവര്‍ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങളെല്ലാം ഈയര്‍ത്ഥത്തിലുള്ളതാണ്. അറബ് നാടുകളിലെ ഉല്‍പന്നങ്ങളും ഭൂവിഭവങ്ങളും പുഞ്ചിരിക്കുും വിലകുറഞ്ഞ സമ്മാനങ്ങള്‍ക്കും പകരമായി അവരുടെ നാടുകളിലെത്തുന്നു. ഈ ഉല്‍പന്നങ്ങളും വിഭവങ്ങളുമെല്ലാം തങ്ങളുടെ നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു അറബ് ഭരണാധികാരികള്‍ക്ക് കരണീയമായിട്ടുള്ളത്. അറബ്-ഇസ്‌ലാമിക ലോകത്തിന് തന്നെ പ്രയോജനപ്പെടുമാറ് അവയെ വിനിയോഗം നടത്തുകയും ചെയ്യാമായിരുന്നു.
എന്നാല്‍ ഇത്തരം സമീപനങ്ങള്‍ മുഖേന ശക്തരെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ദുര്‍ബലരെ കൂടുല്‍ ദൗര്‍ബല്യത്തിലേക്ക് തള്ളിവിടുകയുമാണവര്‍ ചെയ്യുന്നത്. ലോകത്തെ രണ്ട് വലിയ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വടംവലി ഇല്ലായിരുന്നുവെങ്കില്‍ അവയിലൊന്ന് ലോകത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയും തങ്ങളുടെ അടിച്ചമര്‍ത്തല്‍ നയം നടപ്പാക്കുകയും ചെയ്യുമായിരുന്നു. ആധുനിക ലോകരാഷ്ട്രങ്ങളുടെ ഈയടുത്ത് വരെയുള്ള യുദ്ധ ചരിത്രം അതിന് സാക്ഷിയാണ്. അവയെല്ലാം ഒരു ജനതയെയോ, സമൂഹത്തെയോ ഉഛാടനം ചെയ്യാനോ, ഏതെങ്കിലും മതത്തോടോ, വിഭാഗത്തോടോ ഉള്ള അന്ധമായ വിരോധം കാരണം രൂപപ്പെട്ടതോ, തങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനോ, രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനോ, സൈനികാടിത്തിറ സുരക്ഷിതമാക്കാനോ വേണ്ടിയുള്ളതായിരുന്നു.
അത് മുഖേന ലോകത്തിന് വല്ല നേട്ടവുമുണ്ടോ? അല്ലെങ്കില്‍ ഒരു പട്ടണത്തിന്റെയോ, നാഗരികതയുടെയോ സംരക്ഷണത്തിനോ, ജനതാല്‍പര്യങ്ങള്‍ കാത്ത് സൂക്ഷിക്കാനോ സാധിക്കുമോ? നന്മയിലേക്കും സ്‌നേഹത്തിലേക്കും സഹവര്‍ത്തിത്വത്തിലേക്കും ക്ഷണിക്കുന്നവര്‍ ലോകത്ത് നിന്നും തിരോഭവിക്കുകയാണോ? ലോക ചരിത്രത്തിലെ ഇസ്‌ലാമിക വിജയങ്ങളുടെ പിന്നിലും ഭൗതികമായ പ്രചോദനായിരുന്നോ ഉണ്ടായിരുന്നത്?

ജനതാല്‍പര്യം നേടിയെടുക്കാതെ, മര്‍ദ്ദക ഭരണാധികാരികളെ താഴെ ഇറക്കാതെ, നാഗിരകതയുടെയും ഔന്നത്യത്തിന്റെയും പ്രകാശ കിരണങ്ങള്‍ സമര്‍പ്പിക്കാതെ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയെന്നത് ഭൂഷണമല്ല. വിലകുറഞ്ഞ ഭൗതിക നേട്ടങ്ങള്‍ക്കും, ആഢംബര പ്രകടനങ്ങള്‍ക്കും മുന്‍ഗണനനല്‍കുന്നതിനേക്കാള്‍ വെറുക്കപ്പെട്ടതായി ഇസ്‌ലാമില്‍ മറ്റൊന്നുമില്ല. ഇസ്‌ലാമിന്റെ നേതൃത്വത്തില്‍ ലോകത്ത് നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മഹത്തായ മാതൃകകളും ഉന്നതമായ സ്വഭാവ മൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തിയ സംരംഭങ്ങളായിരുന്നു.
കൊളോണിയല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ, സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ ചെയ്ത ഒരു കരാറോ ഉടമ്പടിയോ ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിംകളില്‍ നിന്നും കാണാന്‍ സാധിക്കുകയില്ല. ഏറ്റവും കൂടിയ പക്ഷം രണ്ട് തരം നികുതികളാണ് അവിടങ്ങളില്‍ കാണാന്‍ കഴിയുക. ഭൂനികുതിയും ജിസ്‌യയുമാണ് ഇവ. ഇവയാകട്ടെ, ഇസ്‌ലാം പുതുതായി ആവിഷ്‌കരിച്ചതുമല്ല. എന്ന് മാത്രമല്ല ഇസ്‌ലാമിലെ കരാറുകളുടെ നിര്‍ബന്ധിത നിയമവുമല്ല ഇത്. ഇസ്‌ലാം കടന്ന് വരുന്ന സമൂഹത്തിലെ രാഷ്ട്രീയ ഘടനയില്‍ സാധാരണയായി വ്യാപകമായ അടിസ്ഥാനം തുല്യമായ വിഹിതം പകരം നല്‍കുകയെന്നതായിരുന്നു.
ഇസ്‌ലാമിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ജിസ്‌യയും ഭൂനികുതിയും നിര്‍ബന്ധിതാവസ്ഥയില്‍ സ്വീകരിക്കേണ്ടി വന്ന നികുതിയായിരുന്നു. ഇവ കൃത്യമായി അടച്ച് ജീവിക്കുന്ന പൗരന് നേരെ ഭരണകൂടത്തിന് വലിയ ബാധ്യതയാണുള്ളത്. ശാന്തിയും സമാധാനവും നിലനിര്‍ത്തുക, പൊതുവായ അടിസ്ഥാന അവകാശങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ജിസ്‌യക്കും ഭൂനികുതിക്കും പകരമായി മറ്റ് പല സാമ്പത്തിക ബാധ്യതകളും മുസ്‌ലിംകള്‍ക്ക് മേലുണ്ട്. സകാത്തും (നിര്‍ബന്ധിത ദാനധര്‍മ്മം) സ്വദഖ(ഐഛിക ദാനധര്‍മം)യും കൂടാതെ അനിവാര്യ സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് മറ്റ് നിലക്കും സമ്പത്ത് ഈടാക്കുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ അമുസ്‌ലിം സഹോദരന്‍മാരോടുണ്ടാക്കിയ കരാറുകള്‍ പാലിക്കുന്നതില്‍ മുസ്‌ലിംകളെന്നും സൂക്ഷ്മത കാണിച്ചിട്ടുണ്ട്. വൈദേശികാക്രമണത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിന് തങ്ങള്‍ക്ക് സാധിക്കുകയില്ല എന്ന സാഹചര്യത്തില്‍ അവരുടെ ജിസ്‌യ തിരിച്ച് കൊടുത്തത് സുവിദിതമാണ്. റോമക്കാര്‍ ഇസ്‌ലാമിക ലോകത്തിന് നേരെ ആക്രമണത്തിന് പദ്ധതിയിട്ടപ്പോള്‍ അബൂ ഉബൈദത്തുല്‍ ജര്‍റാഹ് എല്ലാ സ്‌റ്റേറ്റിലേയും ഗവര്‍ണര്‍മാരോട് ജിസ്‌യയും ഭൂനികുതിയും തിരിച്ച് കൊടുക്കാനും ഇപ്രകാരം പറയാനും ആവശ്യപ്പെട്ടു:
‘നിങ്ങളുടെ സമ്പത്ത് ഞങ്ങള്‍ തിരികെ തന്നിരിക്കുന്നു. നിങ്ങളെ സംരക്ഷിക്കാമെന്ന വ്യവസ്ഥയിലാണ് ഞങ്ങള്‍ നികുതി പിരിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കതിന് കഴിയാതെ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളില്‍ നിന്നും എടുത്തതെല്ലാം തിരികെ നല്‍കുകയാണ്.’
ഇതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ നല്‍കിയ മറുപടിയാണ്. ‘റോമക്കാരുടെയും പേര്‍ഷ്യക്കാരുടെയും മേല്‍ വിജയം നേടി അല്ലാഹു നിങ്ങളെ ഞങ്ങളിലേക്ക് തന്നെ തിരിച്ച് തരട്ടെ. അവരായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും തിരിച്ച് തരുമായിരുന്നില്ല. എന്നല്ല ഞങ്ങളുടെ അടുത്ത് അവശേഷിക്കുന്നത് കൂടി അവര്‍ എടുക്കും.’ ഇക്കൂട്ടര്‍ എത്രത്തോളം സംതൃപ്തിയോടും സന്തോഷത്തോടും കൂടിയാണ് ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിച്ചിരുന്നതെന്ന് ഈ വാക്യം വ്യക്തമാക്കുന്നു.
കുരിശു യുദ്ധാവസരത്തിലും ഇപ്രകാരം സംഭവിക്കുകയുണ്ടായി. ശാമിലെ ക്രൈസ്തവര്‍ക്ക് സലാഹുദ്ധീന്‍ അയ്യൂബി ജിസ്‌യ തിരിച്ച് നല്‍കി. വിജയിച്ചെടുക്കുന്ന നാടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നേടിയെടുക്കുന്ന തുകയായിരുന്നില്ല ജിസ്‌യ എന്നാണ് ഇവയെല്ലാം കുറിക്കുന്നത്. ഒരു ഉത്തരവാദിത്തിന് പകരമായി നല്‍കുന്ന പ്രതിഫലമായിരുന്നു അത്. എന്നല്ല റൊക്കമായി ലഭിച്ച ജിസ്‌യയെക്കാള്‍ കൂടുതലായിരുന്നു കടമായി എഴുതിയവ. അവ ഇസ്‌ലാമിന്റെ ആവിഷ്‌കാരമായിരുന്നില്ല എന്ന് ചുരുക്കം. ബനൂ ഇസ്രയേല്‍, ഗ്രീക്ക്, റോം, ബൈസന്റിയന്‍, പേര്‍ഷ്യ തുടങ്ങിയ സമൂഹങ്ങളില്‍ അവയുണ്ടായിരുന്നു. കിസ്‌റാ രാജാവായ അനോ ശര്‍വാന്‍ (531-579) ആയിരുന്നു ആദ്യമായി ജിസ്‌യ നടപ്പിലാക്കിയതും അതിന്റെ നിയമങ്ങള്‍ നടപ്പിലാക്കിയതും. ഏകദേശം എല്ലാ സമൂഹങ്ങളിലും അത് തുടര്‍ന്ന് വന്നു. ഇസ്‌ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ വൈദേശിക ബന്ധത്തില്‍ ജിസ്‌യയും ഭൂനികുതിയും അനിവാര്യമായ പൊതു നിയമമൊന്നുമല്ല. സാമ്പത്തിക ബാധ്യതയേതുമില്ലാത്ത ഹുദൈബിയ സന്ധി പോലുള്ള ധാരാളം കരാറുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. മദീനയില്‍ ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രവാചകനുണ്ടാക്കിയ കരാര്‍ ഇവയില്‍ പെട്ടതാണ്.
ഇസ്‌ലാമിക സാമ്രാജ്യം വിശാലമാക്കലോ, സാമ്പത്തികാഭിവൃദ്ധി നേടിയെടുക്കലോ, സാമ്പത്തിക സ്രോതസ്സുകള്‍ കൈവശപ്പെടുത്തലോ, യുദ്ധാനന്തര സ്വത്ത് സമ്പാദിക്കലോ ആയിരുന്നില്ല ഇസ്‌ലാമിക വിജയങ്ങളുടെ ലക്ഷ്യം. ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) തന്റെ ചില ഗവര്‍ണര്‍മാര്‍ക്കയച്ച സന്ദേശം പ്രസിദ്ധമാണ്. ‘അല്ലാഹു സന്മാര്‍ഗവുമായി മുഹമ്മദ് നബി(സ)യെ നികുതി പിരിക്കാനല്ല മറിച്ച് മാര്‍ഗ ദര്‍ശകനായാണ് നിയോഗിച്ചത്. ഖാദിസിയ്യ യുദ്ധത്തില്‍ സഅദ് ബിന്‍ അബൂവഖാസ് ദൂതനായി നിയോഗിച്ച രിബിയ്യ് ബിന്‍ ആമിര്‍ പേര്‍ഷ്യന്‍ സൈന്യാധിപനായ റുസ്തമിനോട് പറഞ്ഞത് ഇപ്രകാരമാണല്ലോ. ഭൗതിക മോഹങ്ങളുമായി വന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ ഗനീമത്തിനേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടത് നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണമാണ്.’

മുഖൗഖിസ് രാജാവിനോട് ഉബാദതു ബിന്‍ സ്വാമിത് പറഞ്ഞ വാക്കുകള്‍ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു. ‘അല്ലാഹുവും, അവന്റെ തൃപ്തിയുമാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യം. അല്ലാഹുവിനോട് യുദ്ധം ചെയ്ത ശത്രുക്കളോടുള്ള പോരാട്ടം ഐഹിക പ്രമത്തത കൊണ്ടല്ല. രാത്രിയിലും പകലുമായി വിശപ്പടക്കാനുള്ള അല്‍പം ഭക്ഷണവും ചുരുണ്ട് കിടക്കാന്‍ ഒരു കീറ് തുണിയുമാണ് ദുന്‍യാവില്‍ ഞങ്ങള്‍ക്ക് വേണ്ടത്. കാരണം ഭൗതികലോകത്തെ അനുഗ്രഹമല്ല യഥാര്‍ത്ഥ ഐശ്വര്യം. മറിച്ച് പരലോകത്തെ സുഭിക്ഷതയാണ് യഥാര്‍ത്ഥ അനുഗ്രഹം.’
ഇപ്രകാരം ഭൗതിക വിരക്തിയിലും വിഷമകരമായ ജീവിതത്തിലും ആത്മാര്‍ത്ഥമായ പോരാട്ടവും ദൈവിക മാര്‍ഗത്തില്‍ സര്‍വ്വതും ത്യജിച്ചുമാണ് മുസ്‌ലിം ഉമ്മത്ത് ഭൂമിയില്‍ വളര്‍ന്ന് വന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളും വിജയിച്ചടക്കിയതും പ്രതാപികളായതും പ്രസ്തുത മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐഹിക നേട്ടങ്ങളായിരുന്നു ലക്ഷ്യമെങ്കില്‍ മേല്‍പറഞ്ഞ വിജയം ചരിത്രത്തില്‍ തുല്യമില്ലാത്ത വിധത്തില്‍ നേടിയെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
വിശ്വാസികളുടെ പോരാട്ടത്തിന്റെ അടിസ്ഥാന ലക്ഷ്യം നബി തിരുമേനി (സ) തന്നെയും വ്യക്തമാക്കിയിട്ടുള്ളതാണ്. അബൂ ഹുറൈറ(റ) യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യന്‍ പ്രവാചകന്‍(സ)യോട് ചോദിച്ചുവത്രേ. ‘അല്ലയോ അല്ലാഹുവിന്റെ ദൂതരെ, ഒരു മനുഷ്യന്‍ ഭൗതിക താല്‍പര്യം മുന്‍നിര്‍ത്തി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. അദ്ദേഹത്തിന് പ്രതിഫലമുണ്ടോ? റസൂല്‍ (സ) പറഞ്ഞു. ഇല്ല, അയാള്‍ക്ക് പ്രതിഫലമില്ല. ഇത് ജനങ്ങള്‍ക്ക് പ്രയാസകരമായി അനുഭവപ്പെട്ടു. അവരദ്ദേഹത്തോട് പറഞ്ഞു. താങ്കള്‍ ഒന്ന് കൂടി പ്രവാചനോട് ചോദിച്ച് നോക്കുക. ഒരു പക്ഷേ അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. അദ്ദേഹം വീണ്ടും ചോദിച്ചു. പ്രവാചകന്‍ അത് തന്നെ വീണ്ടും മറുപടി നല്‍കി. ഇപ്രകാരം മൂന്ന് തവണ ആവര്‍ത്തിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
കാര്യം ഇത്തരത്തില്‍ വ്യക്തമായിയിരിക്കെ അബൂസുഫിയാന്റെ യാത്രാസംഘത്തെ പ്രവാചകനും കൂട്ടരും ആക്രമിച്ച് കീഴ്‌പെടുത്തിയ ചരിത്രം ദുരുദ്ദേശ പൂര്‍വ്വം ഉദ്ധരിക്കുന്നത് ശരിയല്ല. അത് മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഹിജ്‌റയോടെ മക്കയിലെ മുശ്‌രിക്കുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ സ്വത്തുക്കള്‍ക്ക് പകരമായിരുന്നു അവ. എന്നല്ല ഇക്കാലത്തെ യുദ്ധച്ചട്ടങ്ങള്‍ ഇത് അംഗീകരിക്കുന്നതായും കാണാവുന്നത്. സാധാരണയായി സാമ്പത്തിക ഉപരോധം എന്നാണ് ഇതിനെ പേര് വിളിക്കാറ്.
നാമിവിടെ സൂചിപ്പിക്കുന്നത് ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും പീഢനത്തെയോ അക്രമത്തെയോ, വിവേചനത്തെയോ കുറിച്ച് എവിടെയും പരാതിപ്പെട്ടതായി കാണാന്‍ സാധിക്കുകയില്ല. എന്നല്ല തങ്ങളുടെ മേല്‍ ഭീമമായ നികുതി ചുമത്തപ്പെട്ടിരിക്കുന്നുവെന്നും അവര്‍ക്ക് ആവലാതിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഇസ്‌ലാമിക വിജയങ്ങളും കൊളോണിയല്‍ അധിനിവേശങ്ങളും തമ്മില്‍ താരതമ്യം പോലും അപ്രസക്തമാണ്. മാനവിക മൂല്യങ്ങള്‍ക്ക് മഹത്തായ സ്ഥാനം കല്‍പിക്കുകയും വിശ്വാസ-ചിന്താ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുകയും ചെയ്യുന്നതായിരുന്നു ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിജയം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മ്മഗിരി

Related Articles