Current Date

Search
Close this search box.
Search
Close this search box.

ഇവിടെ പീഡനത്തിന് ഇരയാകുന്നത് മത്സ്യങ്ങളല്ല, റോഹിങ്ക്യന്‍ മുസ്‌ലിംകളാണല്ലോ!…

Rohingya.jpg

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറുന്ന ഈ ഹോളോകാസ്റ്റ് നിങ്ങളുടെ മനസ്സിനെ പിടിച്ചുകുലുക്കിയതു പോലെ എന്റെ മനസ്സിനെയും പിടിച്ചുലക്കുകയാണ്. മനുഷ്യത്വത്തിന്റെ നേരിയ അംശം ഹൃദയത്തിലുള്ള ഏതൊരു മനുഷ്യരെയും പിടിച്ചുലക്കുന്നതാണ് ഐക്യരാഷ്ട്ര സഭ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍.
മ്യാന്മാറിലെ റങ്കൂണ്‍ എന്നറിയപ്പെടുന്ന അറാകാന്‍ പ്രദേശത്ത്  മൂന്ന് ലക്ഷം മുസ്‌ലിംകളുണ്ടായിരുന്നു. വംശീയ കൂട്ടക്കൊലയും ക്രൂരമായ പീഢനങ്ങളും സഹിക്കാനാവാതെ ചുരുങ്ങിയത് ഒന്നേ കാല്‍ ലക്ഷം പേര്‍ക്കെങ്കിലും സ്വദേശത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങളും കണക്കുകളും നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്. പക്ഷെ അവര്‍ക്ക് വേണ്ടി നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക! ഈ കാഴ്ചകള്‍ കണ്ട് നമ്മുടെ ഹൃദയം കല്ലാവുകയും കണ്ണുകള്‍ വരണ്ടു പോകുകയും ചെയ്യുന്നില്ലേ! വഴിയിലുടനീളം കൊലപാതകങ്ങളും കൊലചെയ്യപ്പെട്ട ശവശരീരങ്ങളെയും കാണാം. പത്രം മറിച്ചാല്‍ നിഷ്‌കളങ്കരായ കുട്ടികളുടെയും നിസ്സഹായരായ വൃദ്ധന്മാരുടെയും അറുകൊല ചെയ്യപ്പെട്ട ഭീകര രംഗങ്ങളാണ് നമ്മുടെ മുന്നിലെത്തുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാല്‍സംഗം നടത്തുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു പക്ഷെ ധിക്കാരികളായ മംഗോളിയക്കാര്‍ ബാഗ്ദാദ് പിടിച്ചടക്കിയ സന്ദര്‍ഭത്തില്‍ നടത്തിയ മൃഗീയമായ കൊലപാതകങ്ങളെയും വംശീയ ഉന്മൂലനങ്ങളെയും വെല്ലുന്നതാണ് റോഹിങ്ക്യയിലെ ബുദ്ധന്മാരും ഭരണകൂടവും മുസ്‌ലിംകള്‍ക്കെതിരെ അഴിച്ചുവിടുന്ന കൂട്ടക്കുരുതികള്‍. ഇതൊരു അതിശയോക്തിയാണെന്ന് തോന്നിയേക്കാം. നാം ജീവിക്കുന്നത് മനുഷ്യന്‍ നാഗരികമായി പുരോഗതി പ്രാപിക്കുകയും സ്വാതന്ത്ര്യത്തിന്റെ സ്വഛവായു ആസ്വദിക്കുകയും ചെയ്യുന്ന കാലത്താണ് എന്നു വീമ്പുപറയുമ്പോള്‍ ഈ ക്രൂരതകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെ കുറിച്ചും മാത്രം വലിയ വായില്‍ സംസാരിക്കുന്ന ലോകത്തല്ല നാമുള്ളത്. മറിച്ച് മൃഗങ്ങളുടെ അവകാശത്തെ കുറിച്ച് വരെ വാതോരാതെ ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രാകൃത മനുഷ്യര്‍ ജീവിക്കുന്ന പ്രദേശമാണ് മ്യാന്മാര്‍. ഒരുജനതയെ ഒന്നടങ്കം നാട്ടില്‍ നിന്നും ആട്ടിയോടുക്കുമ്പോള്‍ എവിടെയാണ് മനുഷ്യാവകാശം!, അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവ്, ഇസ്‌ലാമാണ് ഞങ്ങളുടെ മതം എന്നു പ്രഖ്യാപിച്ചതിന്റെ പേരില്‍ മുലകുടിപ്രായമുള്ളവരും ബാല്യങ്ങളും വൃദ്ധന്മാരും സ്ത്രീകളും അറുകൊല ചെയ്യപ്പെടുമ്പോള്‍ മനുഷ്യാവകാശം എവിടെയാണ്? മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ എവിടെ പോയി? യഥാര്‍ഥത്തില്‍ റോഹിങ്ക്യ മനുഷ്യാവകാശത്തിനു നേരെയുള്ള കുറ്റപത്രമാണ്.

കുറച്ച് മുമ്പ് ഉല്ലാസ തീരത്ത് മത്സ്യങ്ങള്‍ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ലോകം മുഴുവന്‍ ഇതിനെതിരെ രംഗത്തുവന്നു. ഇവര്‍ ന്യൂനപക്ഷങ്ങളാണ്, അവര്‍ കുറ്റിയറ്റുപോകുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പശ്ചാത്യര്‍ പൗരസ്ത്യര്‍ക്കെതിരെ തിരിയുകയുണ്ടായി. ഇവരെ എങ്ങനെ രക്ഷപ്പെടുത്തും എന്നതിനെ കുറിച്ചായിരുന്നു ലോകത്തെ മീഡിയകളെല്ലാം ഗവേഷണം ചെയ്തുകൊണ്ടിരുന്നത്. മനുഷ്യര്‍ മനുഷ്യരോട് തന്നെ കാണിക്കുന്ന ഇരട്ടത്താപ്പും അതിക്രമങ്ങളും കണ്ടുമടുത്ത് അതില്‍ പ്രതിഷേധിച്ച് ഇവ ആത്മഹത്യക്കൊരുങ്ങിയതായിരുന്നുവെന്ന് യഥാര്‍ഥത്തില്‍ അവര്‍ അറിഞ്ഞിരുന്നില്ല.!
ഇവിടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ട് ഒരു ജനത രാപ്പകല്‍ പരസ്യമായി കൂട്ടക്കൊലകള്‍ക്കും പലായനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, ഇന്ന് പല ലോകരാഷ്ട്രങ്ങളും ഇതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം കുറ്റവാളികളുടെയും കൊലയാളിയുടെയും ശിക്ഷയില്‍ ലഘൂകരണവും ഇളവും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയങ്ങളവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഇവിടെ പീഢനത്തിനും കൊലപാതകത്തിനും ഇരയാകുന്നത് മത്സ്യങ്ങളല്ല, റോഹിങ്ക്യന്‍ മുസ്‌ലിംകളാണല്ലോ!…

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

 

Related Articles