Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: യുദ്ധവെറിയുടെ നേര്‍ചിത്രങ്ങള്‍

iraq-wars.jpg

ഇറാഖില്‍ അമേരിക്ക നടത്തിയ രക്തരൂക്ഷിതമായ യുദ്ധത്തിന്റെ ദുഷ്ഫലങ്ങള്‍ ഇപ്പോഴും തുടരുന്നു. അമേരിക്കന്‍ സൈന്യം പ്രധാനപ്പെട്ട രണ്ട് ഓപറേഷനുകള്‍ നടത്തിയ ഫല്ലൂജയില്‍ വളരെ ദയനീയമായ യുദ്ധക്കെടുതികളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ‘പള്ളികളുടെ നഗരം’ എന്നറിയപ്പെട്ടിരുന്ന ഫല്ലൂജ ഇന്ന് ‘മാലിന്യത്തിന്റെ നഗരം’ എന്ന് വിളിക്കാവുന്ന അവസ്ഥയിലാണ് എത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ ഇറാഖില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അക്രമത്തിന് ശേഷം ഭയാനകമായ തോതില്‍ ജനനവൈകല്യങ്ങല്‍ വര്‍ദ്ധിച്ചിരിക്കുകയാണ് എന്നാണ് വ്യക്തമായിരിക്കുന്നത്.

ഇറാഖിലെ എല്ലാ പ്രദേശങ്ങളിലും റേഡിയേഷനും വിഷാംശങ്ങളും അധികരിച്ചതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാരകവിഷമായ മെര്‍ക്കുറിയുടെയും ലെഡിന്റെയും അംശങ്ങള്‍ അന്തരീക്ഷത്തിലും കുടിവെള്ളത്തിലും എല്ലാം വ്യാപിച്ചിരിക്കുകയാണ്. ഇതുമൂലം ജനനവൈകല്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ഹൃദ്രോഗങ്ങളും തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളും പടരുന്നുണ്ട്. ബാഗ്ദാദിന്റെ 40 മൈല്‍ പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന ഫല്ലൂജയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇറാഖില്‍ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം ജനിതക പ്രശ്‌നങ്ങളുടെ കാരണം അമേരിക്കന്‍ അക്രമവും അതില്‍ അവര്‍ ഉപയോഗിച്ച ജൈവായുധങ്ങളുമാണെന്ന് പ്രശസ്ത വിഷശാസ്ത്രജ്ഞന്‍ മോര്‍ഗന്‍ സവാബിസ്ഫഹാനി പറഞ്ഞു. മിശിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ പൊതു ആരോഗ്യ വിഭാഗം പ്രൊഫസറാണ് ഇദ്ദേഹം. ബസറയിലും സമീപ പ്രദേശങ്ങളിലും സമാന രൂപത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004 ഏപ്രിലില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് അമേരിക്കന്‍ പട്ടാളം ഫല്ലൂജയില്‍ അക്രമം തുടങ്ങിയത്. പിന്നീട് ഏഴ് മാസത്തിന് ശേഷം വീണ്ടും കനത്ത അക്രമം നടത്തുകയായിരുന്നു. ഇറാഖില്‍ നടത്തിയ വ്യേമാക്രമണങ്ങളില്‍ ഏറ്റവും ശക്തമായത് ഇവിടെയായിരുന്നു. ഇറാഖ് അക്രമത്തില്‍ വൈറ്റ് ഫോസ്ഫറസ് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പിന്നീട് അമേരിക്കന്‍ സൈന്യം സമ്മതിച്ചിരുന്നു. എന്നാല്‍ യുറേനിയം ആയുധങ്ങള്‍ കൂടി അക്രമിത്തിന് ഉപയോഗിക്കപ്പെട്ടതായാണ് ഇറാഖിലെ ഇപ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇറാഖ് യുദ്ധത്തിന്റെ ഭാഗമായുണ്ടായ ഇത്തരം കെടുതികള്‍ ആദ്യമായി ശ്രദ്ധയില്‍ വന്നത് 2010-ലെ ഒരു പഠനത്തിലായിരുന്നു. അതിന് ശേഷം മറ്റ്ചില സ്വകാര്യ വ്യക്തികള്‍ കൂടി പഠനങ്ങള്‍ നടത്തുകയും അവരുടെ പഠനറിപ്പോര്‍ട്ടുകള്‍ പത്രങ്ങളിലും മാസികകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. അതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് ലോകാരോഗ്യ സംഘടന അംഗീരിക്കേണ്ടി വന്നു. ഇപ്പോള്‍ അക്രമം ഏറ്റവും ശക്തമായിരുന്ന ഫല്ലൂജയിലും ബസറയിലും പ്രത്യേക പഠനസംഘങ്ങളെ നിയോഗിച്ച് സൂക്ഷമപഠനത്തിന് ലോകാരോഗ്യ സംഘടന സന്നദ്ധമായിട്ടുണ്ട്.

ഫല്ലൂജയില്‍ നടന്ന അവസാന പഠനം ദയനീയമായ വിവരങ്ങളാണ് പുറത്തുകൊണ്ട് വന്നിരിക്കുന്നത്. അക്രമത്തിന് ശേഷം ഇവിടെ നടക്കുന്ന ജനനങ്ങളില്‍ പകുതിയിലധികവും വൈകല്യങ്ങളോടെയാണ്. എന്നാല്‍ യുദ്ധത്തിന് മുമ്പ് പത്തിലൊന്നില്‍ താഴെയായിരുന്നു ഇറാഖില്‍ ജനനവൈകല്യങ്ങളുടെ നിരക്ക്. 60 ശതമാനത്തിലധികമാണ് ജനനവൈകല്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിന് പുറമേ 45 ശതമാനത്തിലധികം ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നുമുണ്ട്. പത്ത് ശതമാനത്തില്‍ കുറവായിരുന്നു യുദ്ധത്തിന് മുമ്പ് ഗര്‍ഭം അലസുന്നതിന്റെ നിരക്ക്.

ബ്രീട്ടീഷ് ആക്രമണം നടന്ന ബസറയിലും കണക്കുകള്‍ നെട്ടിപ്പിക്കുന്നതാണ്. യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്നതിന്റെ പതിനേഴ് ഇരട്ടിയാണ് ഇപ്പോള്‍ ബസറയിലെ ജനനവൈകല്യങ്ങളുടെ നിരക്ക്. ജനനവൈകല്യങ്ങള്‍ക്ക് പുറമെ സ്‌ഫോടക വസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ലോഹങ്ങളുട മിശ്രിതങ്ങള്‍ വായുവില്‍ കലര്‍ന്നതുകൊണ്ട് കുട്ടികളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലക്ഷതം സംഭവിക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണങ്ങളെകുറിച്ച് പഠിക്കുന്ന ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ പ്രെഫസര്‍ അലിസ്റ്റെയര്‍ ഹെയും ഈ പഠന റിസല്‍ട്ടുകള്‍ നെട്ടിക്കുന്നതാണെന്ന് പറഞ്ഞു. സാധാരണ നമ്മുടെ നാടുകളില്‍ ജനനവൈകല്യങ്ങള്‍ ഒന്നോ രണ്ടോ ശതമാനം കൂടിയാല്‍ തന്നെ ജനങ്ങള്‍ ആശങ്കയിലാകും. എന്നാല്‍ ഇറാഖില്‍ ഇതിന്റെ നിരക്ക് ഇരട്ടികളായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതില്‍ ആരും ആശങ്ക പ്രകടിപ്പിക്കുന്നുമില്ല. ഇറാഖില്‍ ജനനവൈകല്യങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രധാന ലോഹമിശ്രിതങ്ങള്‍ ലെഡ്, മെര്‍ക്കുറി, യുറേനിയം എന്നിവയാണ്.

ലെഡ്

ലെഡ് കണികകള്‍ മാതാവിന്റെ രക്തത്തിലെത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രക്തത്തിലേക്കും അത് പകരും. മുതിര്‍ന്നവരുടെ രക്തത്തില്‍ ലെഡ് വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാക്കും. കുട്ടികളുടെ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ഇത് നേരിട്ട് ബാധിക്കും. ഇത് അബോധാവസ്ഥക്കും ബുദ്ധിമാന്ദ്യത്തിനും മരണത്തിനും വരെ കാരണമാക്കും. മാനസികവും ബുദ്ധിപരവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ലെഡ് കാരണമാകും.

മെര്‍ക്കുറി

ലോഹരൂപത്തിലോ ജൈവരൂപത്തിലോ ഉള്ള മെര്‍ക്കുറി തലച്ചോറിനും കിഡ്‌നിക്കും ദോഷം വരുത്തും. ജലത്തിലും വായുവിലും മണ്ണിലും മെര്‍ക്കുറി ഒരുപോലെ കലരുകയും മലിനീകരണമുണ്ടാക്കുകയും ചെയ്യും. മെര്‍ക്കുറി ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

യുറേനിയം

ആണവ വികിരണത്തിന് കാരണമാക്കുന്ന ഒരു മൂലകമാണ് യുറേനിയം. ആണവ വികിരണത്തിലൂടെ കാന്‍സറിനും മറ്റ് ജനിതക പ്രശ്‌നങ്ങള്ക്കും ഇത് കാരണമാകും. പ്രത്യുല്‍പാദന ശേഷിപോലും വികിരണങ്ങള്‍ ഇല്ലാതാക്കും. അണ്ഡങ്ങളെയും ബീജങ്ങളെയും നശിപ്പിച്ച് കളയാനും ഇവക്കാകും.

വിവ: ജുമൈല്‍ കൊടിഞ്ഞി   

 

Related Articles