Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിശ്രമങ്ങള്‍ക്കു മുമ്പില്‍ പത്തിമടക്കാതെ തുനീഷ്യ

2011-ല്‍ തുണീഷ്യയില്‍ മുല്ലപ്പൂ വിപ്ലവം അരങ്ങേറിയതു മുതല്‍ക്കുതന്നെ ജനം തൂത്തെറിഞ്ഞ ഭരണകൂടത്തെ തിരികെ കൊണ്ടുവരാന്‍ കുത്സിതശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 2011 ജനുവരി 14-ന് മുന്‍ പ്രസിഡണ്ടിന്റെ സുരക്ഷ തലവന്‍ അലി സര്‍യാതിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തു പാളിപ്പോയ അട്ടിമറിശ്രമം ഇതില്‍ പ്രധാനമാണ്. ഒരു വര്‍ഷത്തിനിടയില്‍ തന്നെ മുന്‍ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ ഭരണത്തില്‍ അവരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. രാഷ്ട്രത്തിന്റെ സുപ്രധാനമായ അടിസ്ഥാന രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം അരങ്ങേറിയിരുന്നു. 2011 ഒക്ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലും ഈ മൂന്നാം ക്രിമിനല്‍ ശക്തികള്‍ ഇടപെടുകയുണ്ടായി. സുരക്ഷാസേന അവരെ പിടികൂടി അറസ്റ്റ് ചെയ്തതോടെയാണ് ഇത് അവസാനിച്ചത്. ഭരണത്തില്‍ നിന്നും നിഷ്‌കാസിതമാക്കപ്പെട്ടവര്‍ ഔദ്യോഗിക രംഗങ്ങളില്‍ പിടിമുറുക്കി രാഷ്ട്രത്തിന്റെ സുരക്ഷയില്‍ തന്നെ കൈവെക്കുന്നതിനെ കുറിച്ച് അന്ന് പലരും അത്ഭുതം കൂറിയിരുന്നു.

ഈജിപ്തിലെ സൈനിക അട്ടിമറിക്ക് ശേഷം 2013-ജൂലൈ 25ന് നാസറിസ്റ്റ് ദേശീയവാദിയായ മുഹമ്മദ് ബറാഹീമിയുടെ കൊലപാതകത്തിലൂടെയാണ് തുണീഷ്യയില്‍ വീണ്ടും അട്ടിമറി ശ്രമങ്ങള്‍ക്ക് കുത്സിതശകതികള്‍ ആക്കം കൂട്ടിയത്. 2013-ഫെബ്രുവരി 6ന് ഇടതുപക്ഷ നേതാവായ ശുകരി ബല്‍ഈദിനെ വധിച്ചുകൊണ്ട് തുനീഷ്യയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനും പുതിയ ഗവണ്‍മെന്റിനെ താഴെയിറക്കാനുമായി ചില അട്ടിമറി ശ്രമങ്ങള്‍ അരങ്ങേറിയിരുന്നു. ദേശത്തെയും തദ്ദേശീയരെയും രക്ഷിക്കുക എന്നപേരില്‍ പുതിയ തെമ്മാടി ഗ്രൂപ്പുകള്‍ ഉടലെടുത്തതും ഈ കാലയളവില്‍ തന്നെയാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരും ശരീഅത്ത് ഭരണമാണ് നടക്കുന്നതെന്ന പേരില്‍ ഇവരുടെ ഓരം ചേര്‍ന്ന് ഭരണത്തിനെതിരെ രംഗത്തുവരികയുണ്ടായി. ഒന്നുകില്‍ നാം അല്ലെങ്കില്‍ അവര്‍ എന്നായിരുന്നു അവരുടെ നിലപാട്. ഇസ്‌ലാമിസ്റ്റുകളെ കൊന്നൊടുക്കല്‍ നിര്‍ബന്ധമാണ് എന്ന് ഇടതുപക്ഷക്കാരനായ അദ്‌നാന്‍ ഹാജിയും പൊതുനിരത്തില്‍ ഞങ്ങള്‍ ആയുധമേന്തും എന്നു പ്രഖ്യാപിച്ച അബ്ദുല്‍ അസീസ് മര്‍സൂഗിയും പ്രധാനമന്ത്രിയ അലി അരീളിയെയും അന്നഹ്ദയുടെ പ്രസിഡണ്ടായ റാഷിദുല്‍ ഗന്നൂശിയെയും വധിക്കല്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ച ത്വാഹിര്‍ ബിന്‍ ഹുസൈനുമെല്ലാം ഇതിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്. തെരഞ്ഞെടുപ്പില്‍ അന്നഹ്ദ വിജയിച്ചാല്‍ ആഭ്യന്തര യുദ്ധത്തിന് ഞാന്‍ പ്രേരിപ്പിക്കും എന്നു പ്രഖ്യാപിച്ച അഹ്മദും രക്തപ്പുഴ ഒഴുക്കുമെന്ന് വിവരിച്ച മുന്‍ഭരണകൂടത്തിന്റെ അവശിഷ്ടമായ ഇയാദ് ലൂമിയുമെല്ലാം ഈ നിലപാടുകാര്‍ തന്നെയായിരുന്നു.

ഈ പ്രസ്താവനകളെല്ലാം അവരുടെ മനോഗതി വ്യക്തമായി പ്രകാശിപ്പിക്കുന്നതാണ്. നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ഒറ്റക്കാര്യത്തിലായിരുന്നു ഈ ഒറ്റുകാരെല്ലാം ഒരുമിച്ചത്. ഈജിപ്തില്‍ സംഭവിച്ചത് പോലെ സൈന്യത്തെയും സുരക്ഷസേനയെയും ഉപയോഗിച്ച് അട്ടിമറിക്കാനുള്ള മാര്‍ഗങ്ങള്‍ അവര്‍ ആരാഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ സൈന്യവും സുരക്ഷ സേനയും വൈദേശിക പിന്തുണയോടെ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റശ്രമങ്ങളെ പൂര്‍ണമായും നിരാകരിക്കുകയായിരുന്നു. ജൂലൈ 25-ലെ വിപ്ലവ വാര്‍ഷിക സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തില്‍ കൊലപാതക രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയത് എരിതീയില്‍ എണ്ണയൊഴിക്കാനും രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കാനുമായിരുന്നു. ഭരണകൂടത്തെ വീഴ്ത്താനും ഭരണകൂടത്തോട് വിമുഖത പുലര്‍ത്താനുമുള്ള ആഹ്വാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെയും പൊതുജനത്തെയും തെരുവിലിറക്കാനും ജനാധിപത്യവാദികളുടെ വായടപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെടുത്തത്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത ദുര്‍ബല ഭരണകൂടമാണ് ഇവിടേയുള്ളതെന്ന വ്യാപകമായ പ്രചാരണമഴിച്ചുവിട്ടതും ഇതിന്റെ ഭാഗമാണ്.

രാഷ്ട്രത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന മുന്‍ഭരണകൂടത്തിന്റെയും സിയോണിസ്റ്റ് -കുരിശ് നേതൃത്വത്തിന്റെയും ലക്ഷ്യത്തിന്റെ ഭാഗമായാണ് ബറാഹീമി നിഗൂഢമായി കൊലചെയ്യപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിസ്റ്റുകളുടെ മേല്‍ കെട്ടിവെച്ച് അവരെ നിശ്ശബ്ദരാക്കാനും അവര്‍ ശ്രമിക്കുകയുണ്ടായി. രാഷ്ട്രീയ നിരൂപകനായ സാഫി സഈദിന്റെ വാക്കുകള്‍ വളരെ ശ്രദ്ദേയമാണ്.’ തുനീഷ്യയില്‍ അരങ്ങേറുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്. രാഷ്ട്രീയ പ്രതിഷേധങ്ങളെയും ഭീകര പ്രവര്‍ത്തനങ്ങളെയും വിവേചിച്ചറിയാന്‍ നമുക് സാധിക്കേണ്ടതുണ്ട്. അറബ് വസന്താനന്തരം അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകളെ ഭരണത്തില്‍ നിന്നു പുറത്താക്കാനുള്ള അലിഖിതമായ അജണ്ട ആഗോളതലത്തില്‍ തന്നെ അരങ്ങേറുന്നുണ്ട്’. വിദേശ ശക്തികളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയും നടക്കുന്ന രാഷ്ട്രീയ ഭീകര പ്രവര്‍ത്തനങ്ങളാണ് ഇതെല്ലാമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു,

തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഭരണഘടനയെ റദ്ദാക്കാനും അന്നഹ്ദയെ ദുര്‍ബലപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് പുതുതായി മറ്റൊരു കൊലപാതകം അരങ്ങേറിയത്. ഈ കൊലപാതകങ്ങള്‍ അപലപനീയവും ഭീരുത്വവുമാണെന്നാണ് അന്നഹ്ദ പ്രതികരിച്ചത്. രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷ തകര്‍ത്തുകൊണ്ട് കലാപത്തിലേക്ക് വഴിനടത്തുകയും വിപ്ലവത്തിന്റെ ഫലങ്ങള്‍ നഷ്ട്‌പ്പെടുത്താനും ദേശീയമായ ഐക്യം തകര്‍ക്കാനുമാണ്  ഇത്തരം നിഗൂഢ പ്രവര്‍ത്തനങ്ങളുടെ പ്രചോദനകമെന്ന് അന്നഹ്ദ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജനതയോടും രക്തസാക്ഷികളോടും നല്‍കിയ വാഗദാനങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി അലി അരീദ് വ്യക്തമാക്കുകയുണ്ടായി. വരുന്ന ഒക്ടോബര്‍ 23-ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തുമെന്നും ഡിസംബറോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളിലൂടെ അട്ടിമറിശ്രമങ്ങള്‍ അരങ്ങേറുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ബാലറ്റിലൂടെ അധികാരത്തിലെത്താന്‍ കഴിയാത്തവര്‍ ബുള്ളറ്റിലൂടെ അധികാരത്തിലെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ തുനീഷ്യയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പ്രശ്‌നങ്ങളൊന്നുമില്ല. ജനങ്ങള്‍ പതിവുപോലെ ജോലിക്കുപോകുകയും ജനജീവിതം സാധാരണ പോലെ മുന്നോട്ടുപോകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രാഷ്ട്രത്തെ കൊള്ളയടിച്ചുകൊണ്ട് കൈക്കൂലിയിലൂടെയും കള്ളപ്പണത്തിലൂടെയും ജീവിതമാര്‍ഗം കണ്ടെത്തിയ മുന്‍ഭരണത്തിന്റെ അവശിഷ്ടങ്ങളും വൈദേശിക ശക്തികളുടെ പണം സ്വീകരിക്കുന്ന ചില ഗ്രൂപ്പുകളുമാണ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി ഒരുങ്ങുന്നത്. രാഷ്ട്രത്തില്‍ സൈ്വരജീവിതവും ശാന്തിയും കളിയാടുകയാണെങ്കില്‍ അത് ഭരണകൂടത്തിന് വലിയ നേട്ടമാകുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍ തന്നെ വിപ്ലവഭരണം തുനീഷ്യയില്‍ വേരുറപ്പിച്ചാല്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞവര്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണയോടെ നടത്തുന്ന കലാപപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നതും അറിയുന്നതും.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles