Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: ഫലസ്തീന്‍-1 ഇസ്രായേല്‍ 0

കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പിലെ ടുണീഷ്യ-ഓസ്ട്രേലിയ മത്സരത്തിന്റെ 48-ാം മിനിറ്റിലാണ്, തുനീഷ്യന്‍ ആരാധകര്‍ ഫ്രീ ഫലസ്തീന്‍ എന്ന ബാനര്‍ ഗ്യാലറിയില്‍ നിന്നും ഉയര്‍ത്തിയത്. അടുത്ത ദിവസം ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ മൊറോക്കന്‍ ടീമിന്റെ ആരാധകരും സമാനമായ ബാനര്‍ ഉയര്‍ത്തിയിരുന്നു.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, അവരുടെ ദേശീയ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ പ്രധാനപ്പെട്ട ഒരു സംഖ്യയാണ് 48. ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്നതിനായി അവരുടെ പൂര്‍വികരെ കൊലപ്പെടുത്തുകയും അവരെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്ത ‘നക്ബ’യുടെ വര്‍ഷമായ 1948-നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫലസ്തീനികളോടുള്ള സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കാന്‍ പല അറബികളും ഈ നമ്പര്‍ ഉപയോഗിച്ച് പോരുന്നുണ്ട്.

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ അറബ് ആരാധകര്‍ തങ്ങളെ സ്വീകരിക്കുന്നില്ലെന്ന് ഇസ്രായേലി ടി.വി അവതാരകര്‍ പരാതിപ്പെട്ട വാര്‍ത്തകളും വരുന്നതിനിടെയാണ് ടുണീഷ്യന്‍, മൊറോക്കന്‍ ആരാധകര്‍ ഫലസ്തീന്‍ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത്.

അറബ് ആരാധകര്‍ ഇസ്രായേലി ചാനലുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുന്നതും ഫലസ്തീനികള്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. 2020ല്‍ യു.എസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി നോര്‍മലൈസേഷന്‍ കരാറുകളില്‍ ഒപ്പുവെച്ച നിരവധി അറബ് രാജ്യങ്ങളില്‍ മൊറോക്കോയും ഉള്‍പ്പെടുന്നുണ്ട്.

തങ്ങളുടെ ഇടപാടുകളെ ജനപ്രിയമായി ചിത്രീകരിക്കാന്‍ യു.എ.ഇയും ബഹ്റൈനും ശ്രമിച്ചിട്ടും നിരവധി അറബ് ആരാധകര്‍ അബ്രഹാം ഉടമ്പടിക്ക് ചുവപ്പ് കാര്‍ഡാണ് നല്‍കിയതെന്നാണ് ഖത്തറില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. 2011ലെ അറബ് വസന്തത്തിനും തുടര്‍ന്നുണ്ടായ പ്രതിവിപ്ലവത്തിനും ശേഷം, സോഷ്യല്‍ മീഡിയയില്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ കൈകടത്തലുകള്‍ വര്‍ധിച്ചുവരികയാണ്. അതുവഴി ഗള്‍ഫ് രാജ്യങ്ങളിലെ വിമതരെ നിശബ്ദരാക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു, അഭൂതപൂര്‍വമായ ഈ അടിച്ചമര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് അബ്രഹാം ഉടമ്പടി കടന്നു വന്നത്.

ആവിഷ്‌കാരത്തിനുള്ള ഇടം

വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പ് കാണിക്കുന്നത് ഏഴ് അറബ് രാജ്യങ്ങളിലെ ഭൂരിഭാഗം ആളുകളും, ഏകദേശം 80 ശതമാനവും അബ്രഹാം കരാറുകളെ ‘വളരെ നെഗറ്റീവ്’ അല്ലെങ്കില്‍ ‘നെഗറ്റീവ്’ ആയിട്ടാണ് കാണുന്നത് എന്നാണ്.

ഇന്ന്, ഖത്തറിലെ ലോകകപ്പ് പടിഞ്ഞാറ് മൊറോക്കോ മുതല്‍ കിഴക്ക് സൗദി അറേബ്യ വരെയുള്ള അറബ് ജനതയ്ക്ക് ഇസ്രായേലുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ സാധാരണവല്‍ക്കരണ നീക്കത്തെിനെതിരായ എതിര്‍പ്പ് സ്വയം പ്രകടിപ്പിക്കാന്‍ ഒരു തുറന്ന ഇടം നല്‍കുന്നു. ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും തെരുവുകളിലും വെച്ച് ആളുകള്‍ക്ക് ഇക്കാര്യത്തിലുള്ള അവരുടെ ഭാഗം പറയാന്‍ കഴിയുന്നു.

തന്റെ ഇസ്രായേലി പൗരത്വം കാരണം അറബ് ആരാധകര്‍ തന്നോട് സംസാരിക്കാന്‍ വിസമ്മതിക്കുന്നു എന്ന് ഒരു ഇസ്രായേലി റിപ്പോര്‍ട്ടര്‍ പരാതിപ്പെടുന്ന വീഡിയോ വൈറലായത് ഇതിന് തെളിവാണ്. ഇസ്രായേല്‍ ചാനലുകള്‍ക്കായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ അറബ് ആരാധകര്‍ റിപ്പോര്‍ട്ടര്‍മാരോട് ആക്രോശിക്കുന്നതായും ദോഹയിലെ ഫാന്‍ സോണുകളില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ കാണിക്കുന്നു.

ഇസ്രയേലുമായുള്ള മൊറോക്കോയുടെ ബന്ധം സാധാരണ നിലയിലായതിന് ശേഷം, ഞായറാഴ്ചത്തെ കളിക്കിടെ മൊറോക്കന്‍ ആരാധകര്‍ ഫലസ്തീന്‍ പതാകയുടെ വന്‍തോതിലുള്ള പ്രദര്‍ശനം പ്രത്യേകിച്ചും തീവ്രമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. ലോകകപ്പില്‍ മൊറോക്കന്‍ ആരാധകര്‍ ഫലസ്തീനിനായി സമര്‍പ്പിച്ചുകൊണ്ട് ശക്തമായ, വൈകാരിക ഗാനം ആലപിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അറബ് ഭരണകൂടങ്ങള്‍ അടിച്ചേല്‍പ്പിച്ച ഇസ്രായേലുമായുള്ള നോര്‍മലൈസേഷന്‍ ഡീലുകള്‍ നിരസിക്കുന്ന അറബ് ജനതയുടെ യഥാര്‍ത്ഥ മുഖമാണ് ഇത്തരം വീഡിയോകളിലൂടെ കാണുന്നത്.

 

ടൂര്‍ണമെന്റിനിടെ തങ്ങള്‍ക്ക് കിട്ടുന്ന അവഗണനയില്‍ ഇസ്രായേലി മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ഞെട്ടല്‍, ഇസ്രായേല്‍ രാഷ്ട്രീയക്കാര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച മുഖച്ഛായയെ കൂടുതല്‍ തുറന്നുകാട്ടി.

‘ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാതെ തന്നെ, അറബ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന അവകാശവാദത്തില്‍ തന്റെ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗം കെട്ടിപ്പടുത്തു’ എന്നാണ് നവംബര്‍ ആദ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ, ഹാരെറ്റ്‌സില്‍ എഴുതിയത്. ‘കഴിഞ്ഞ 25 വര്‍ഷമായി, ഫലസ്തീനുകളുമായുള്ള സംഘര്‍ഷം പരിഹരിച്ചതിന് ശേഷമേ മറ്റ് അറബ് രാജ്യങ്ങളുമായുള്ള സമാധാനം ഉണ്ടാകൂ എന്ന് ഞങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നിരുന്നാലും, ‘സമാധാനത്തിലേക്കുള്ള പാത റാമല്ലയിലൂടെയല്ല, മറിച്ച് അതിനെ ചുറ്റിപ്പറ്റിയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യ കാപട്യങ്ങള്‍

ചില അമേരിക്കന്‍ വ്യാഖ്യാതാക്കളും രാഷ്ട്രീയക്കാരും അറബികള്‍ക്ക് ഫലസ്തീനിയന്‍ പ്രശ്നം പ്രധാനമല്ലെന്നാണ് വ്യാഖ്യാനിച്ചത്. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ തന്നെ ഇസ്രയേലിന് അറബ് രാജ്യങ്ങളുമായി സമാധാനവും സാധാരണ ബന്ധവും ആസ്വദിക്കാമെന്നാണ് അവര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ നിന്നുള്ള സമീപകാല ഫൂട്ടേജുകള്‍ ഈ അവകാശവാദത്തെ നിരാകരിക്കുന്നു, അറബ് ഭരണകൂടങ്ങള്‍ ഈ കപ്പലിനകത്തുണ്ടാകാമെങ്കിലും, അറബ് ജനസമൂഹം അതിനകത്തില്ലെന്നാണ് പ്രതിഷേധത്തിലൂടെ കാണിക്കുന്നത്.

ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ വികാരങ്ങള്‍ക്കപ്പുറം, ഇസ്രായേലി രാഷ്ട്രീയക്കാരും അഴിമതിക്കാരായ അറബ് സ്വേച്ഛാധിപതികളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെ അറബ് പൊതുജനങ്ങള്‍ക്കിടയില്‍ ഇസ്രായേലി രാഷ്ട്രത്തോടുള്ള ശത്രുത വര്‍ദ്ധിപ്പിച്ചു. മനുഷ്യാവകാശങ്ങള്‍, അന്തസ്സ്, ജനാധിപത്യം, സമൃദ്ധി എന്നിവയ്ക്കുവേണ്ടിയുള്ള തങ്ങളുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും അടിച്ചമര്‍ത്താന്‍ ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി പലരും കാണുന്നു.

അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസിന്റെ 2019-20 ലെ വോട്ടെടുപ്പില്‍, 79 ശതമാനം അറബ് ജനങ്ങളും ഫലസ്തീനിയന്‍ പ്രശ്നം ഒരു അറബ് പ്രശ്നമാണെന്നും ഫലസ്തീനികളുടേത് മാത്രമല്ലെന്നുമാണ് പറഞ്ഞത്. അതേ സര്‍വേയില്‍ അമേരിക്കയെയും ഇറാനെയും മറികടന്ന് അറബ് രാജ്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി ഇസ്രായേലിനെയാണ് അവര്‍ കാണുന്നത്.

ലോകകപ്പില്‍ ഫലസ്തീനികള്‍ക്ക് അറബികള്‍ നല്‍കുന്ന പിന്തുണയുടെ വാര്‍ത്തകളെ പാശ്ചാത്യ മാധ്യമങ്ങള്‍ മനപൂര്‍വം അവഗണിച്ച് ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളുടെയും എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ അവകാശങ്ങളുമെല്ലാമാണ് അവര്‍ സുനാമി തിരപോലെ പ്രചരിപ്പിച്ചത്. ഇത്തരം വിഷയങ്ങള്‍ കവറേജ് ചെയ്യാനാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മഞ്ഞ കാര്‍ഡ് ലഭിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്പ് നിരവധി യൂറോപ്യന്‍ ടീമുകള്‍ എല്‍.ജി.ബി.ടി അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആംബാന്‍ഡ് ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. ജര്‍മ്മനിയുടെ ആഭ്യന്തര മന്ത്രി ഇത്തരം ആംബാന്‍ഡ് ധരിച്ച അവരുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ടീം ഫോട്ടോയില്‍ ഫിഫയുടെ ഈ നിയന്ത്രണങ്ങള്‍ക്കെതിരെ ജര്‍മ്മന്‍ കളിക്കാര്‍ വായ പൊത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ജര്‍മ്മനി ഫലസ്തീനിയന്‍ ആക്ടിവിസത്തെ സ്വദേശത്ത് അടിച്ചമര്‍ത്തുമ്പോഴാണിങ്ങനെ ചെയ്യുന്നത് എന്ന കാപട്യത്തെ പലരും വിമര്‍ശിച്ചു.

അറബ് ഫുട്‌ബോള്‍ ആരാധകരും കളിക്കാരും പിന്തുണ ഗാനങ്ങള്‍ ആലപിച്ചത് മുതല്‍ ഗാസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് വരെയായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ നീണ്ട ചരിത്രമുണ്ട്.

നിലവിലെ ലോകകപ്പ് സമയത്ത്, അറബ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ഒരു സൗദി യൂട്യൂബര്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ വില്‍ക്കുന്നതിന്റെ കൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫലസ്തീന്‍ പതാക സമ്മാനമായി നല്‍കിയിരുന്നു. ഇത്തരം കഥകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ അപൂര്‍വമായേ ശ്രദ്ധ നേടാറുള്ളൂ.

സ്പോര്‍ട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് അറബ് ആരാധകരോട് പാശ്ചാത്യര്‍ പറയാറുണ്ടെങ്കിലും, റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്നിന് പിന്തുണ നല്‍കാനുള്ള അവസരം യൂറോപ്യന്‍ ടീമുകളും ആരാധകരും ഇത്തവണ ശരിയായി ഉപയോഗിച്ചു. തീര്‍ച്ചയായും അവര്‍ കാരണത്തെ ആശ്രയിച്ച് വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പ്രയോഗിക്കുന്നത്. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ പടിഞ്ഞാറന്‍ കുമിളക്കപ്പുറത്തേക്ക് നോക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

അവലംബം: middleeasteye.net
വിവ: സഹീര്‍ വാഴക്കാട്‌

Related Articles