Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ പരിചയം

ഫലസ്തീൻ ഭൂമിയിൽ അധിനിവേശം നടത്തി ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് ഇസ്രായേൽ എന്ന ഭീകരരാഷ്ട്രം സ്ഥാപിച്ചതിന് ന്യായം ചമയ്ക്കാനും, ഫലസ്തീനികളെ ഈ ഭൂമുഖത്തു നിന്നും എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള മനുഷ്യത്വരഹിതമായ നടപടികൾക്ക് പൊതുസമ്മതി ലഭിക്കാനും ആഗോളവ്യാപകമായി സയണിസ്റ്റുകൾ നടത്തുന്ന ഫലസ്തീൻ വിരുദ്ധ നുണപ്രചാരണങ്ങളിൽ നിന്ന് മലയാളഭാഷയും മുക്തമല്ല. ഈ അവസരത്തിൽ ഫലസ്തീൻ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചുള്ള യഥാർഥ വസ്തുതകൾ അറിയാനും കൂടുതൽ പഠിക്കാനും ഉപയോഗപ്രദമാവുന്ന വിവരങ്ങളുടെ ഒരു ശേഖരമാണ് ‘ഫലസ്തീൻ പരിചയം’ എന്ന ഈ പരമ്പരയിലൂടെ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. DecolonizePalestine അവലംബിച്ച് തയ്യാറാക്കിയത് ഇർശാദ് കാളാച്ചാൽ.

ഫലസ്തീൻ ചരിത്രം വളരെ ദൈർഘ്യമേറിയതും വിശാലവുമാണ്. 3000 വർഷങ്ങൾക്കു മുമ്പ് പുരാതന ഈജിപ്ഷ്യൻ ഫലകങ്ങളിൽ പെലെസെറ്റ് എന്ന പേരിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട, മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിക്കും ഇടയിലുള്ള ഈ പ്രദേശം, വിവിധങ്ങളായ ഒരുപാട് ജനവംശങ്ങളെ സംബന്ധിച്ച് വിവിധങ്ങളായ അർഥമാനങ്ങളാണ് ദ്യോതിപ്പിക്കുന്നത്.

യുഗാന്തരങ്ങളായി, അനവധി നിരവധി സംസ്കാരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും വാസഭൂമിയാണ് ഫലസ്തീൻ. അസീറിയക്കാരും നബാത്തിയക്കാരും മുതൽ പേർഷ്യക്കാരും റോമക്കാരും വരെ, ഒരുപാട് ജനതകൾ, അവ ഓരോന്നും ആ നിർണിത പ്രദേശത്തിന്റെ സാംസ്കാരിക നാഗരിക സമ്പന്നതയെ സ്വാധീനിക്കുകയും അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പൗരാണിക സ്വാധീനത്തിന്റെ അടയാളങ്ങൾ ഇന്നത്തെ തദ്ദേശീയ ഫലസ്തീൻ ജനതയുടെ ഭാഷാശൈലിയിലും പദാവലികളിലും സ്ഥലനാമങ്ങളിലും വളരെ വ്യക്തമായി അനുഭവിച്ചറിയാൻ കഴിയും. ഫലസ്തീനികളുടെ കാർഷിക രീതികൾ പോലും, ഫലസ്തീൻ തങ്ങളുടെവീടാണെന്ന് വിശേഷിപ്പിച്ചിരുന്ന, കാർഷികവൃത്തിയുടെ ഉപജ്ഞാതാക്കൾ എന്ന് അറിയപ്പെടുന്ന, 9000 ബിസിയിൽ ജീവിച്ചിരുന്ന നട്ടൂഫിയക്കാരിലാണ് ചെന്നെത്തുന്നത്.

തുടർന്ന് വായിക്കുന്നതിന് മുമ്പ്, ഫലസ്തീൻ എന്നതുകൊണ്ട് ഒരു ഫലസ്തീൻ ദേശരാഷ്ട്രത്തെ കുറിച്ചല്ല നാമിവിടെ സംസാരിക്കുന്നത് എന്ന് മനസ്സിരുത്തേണ്ടതുണ്ട്. ചരിത്രത്തിന്റെ ഭൂരിഭാഗം താളുകളിലും, ദേശരാഷ്ട്രം എന്ന ആശയം കാണുവാൻ സാധിക്കില്ല. ഇന്ന് ദേശരാഷ്ട്രം ഒരു സർവസാധാരണ പ്രയോഗമായതിനാൽ അത് ചരിത്രാതീതകാലം മുതൽ തന്നെ നിലനിൽക്കുന്ന പ്രകൃതിസഹജമായ ഒരു രാഷ്ട്രസങ്കൽപ്പമാണെന്ന് പലരും ധരിച്ചുവെച്ചിട്ടുണ്ട്. ആ ധാരണ തെറ്റാണ്, നമ്മുടെ ആധുനിക സങ്കൽപ്പങ്ങൾ ഉപയോഗിച്ച് അവ കേട്ടുകേൾവിപോലുമില്ലാത്ത ഒരു ചരിത്രസന്ദർഭത്തെ വിലയിരുത്താതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ആധുനിക രാജ്യാതിർത്തികൾക്ക് സമാനമായ ഒരു പ്രദേശത്തിനു മേൽ പ്രത്യേക ഉടമസ്ഥാവകാശമുണ്ടായിരുന്ന, ഭദ്രമായ, കൃത്യമായി നിർവചിക്കപ്പെട്ട, മാറ്റമില്ലാത്ത ഏകതാനമായ ഒരു കൂട്ടമായി നമ്മുടെ പൂർവികരെ സങ്കൽപ്പിക്കാനുള്ള ഉൾപ്രേരണക്ക് ചരിത്രത്തിൽ യാതൊരു അടിസ്ഥാനവുമില്ല. ദൗർഭാഗ്യവശാൽ, പല പിന്തിരിപ്പൻ വംശീയ-ദേശീയ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനം അത്തരം കെട്ടുകഥ സമാനമായ സങ്കൽപ്പങ്ങളാണ്.

മറ്റെവിടെയും പോലെ, ഇന്നത്തെ ഫലസ്തീൻ എന്ന ഭൂപ്രദേശത്തും, സഹസ്രാബ്ദങ്ങളിലായി സാമ്രാജ്യങ്ങൾ ഉയർന്നുവരികയും തകർന്നുവീഴുകയും ചെയ്തു, മതങ്ങൾ സ്ഥാപിക്കപ്പെട്ടു, വിശുദ്ധവും അശുദ്ധവുമായ യുദ്ധങ്ങൾ നടന്നു, ജനങ്ങൾ ജീവിക്കുകയും കൂടിക്കലരുകയും സഞ്ചരിക്കുകയും മരിക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചരിത്രം സംഭവിച്ചു.

ഫലസ്തീൻ ചരിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ ഈ ലേഖന പരമ്പരകൊണ്ട് ലക്ഷ്യംവെക്കുന്നില്ല. മറിച്ച് ആധുനിക ഫലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലത്തെ വിശദീകരിക്കാനാണ് ഈ ആമുഖത്തിലൂടെ ലക്ഷ്യംവെക്കുന്നത്.

ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിലെ ഫലസ്തീൻ

മർജ് ദാബിക് യുദ്ധത്തിൽ (1546) മംലൂക്കുകളുടെ നിർണ്ണായക പരാജയത്തെ തുടർന്ന്, ലവാന്റ് (ശാം) ഓട്ടോമൻ (ഉഥ്മാനിയ) സൈന്യത്തിനു മുന്നിൽ മലർക്കെ തുറക്കപ്പെട്ടു. ഏതാനും മാസങ്ങൾക്കു ശേഷം അവർ ജറൂസലേമിൽ പ്രവേശിക്കുകയും 400 വർഷത്തോളം നീണ്ടു നിന്ന ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായങ്ങളിലൊന്നിന് നാന്ദി കുറിക്കുകയും ചെയ്തു.

മതപരവും ചരിത്രപരവുമായ പ്രാധാന്യം കാരണം ഉഥ്മാനിയകളുടെ കണ്ണിൽ ജറൂസലേമിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. അവരുടെ ഭരണത്തിന്റെ തുടക്കം മുതൽ, പ്രൗഢഗംഭീരമായ നിർമാണ പദ്ധതികൾ നടപ്പാക്കപ്പെട്ടു, അവ ജറൂസലേമിലെ വാസ്തുവിദ്യയുടെയും ഭൂപ്രകൃതിയുടെയും പ്രധാന ആകർഷണങ്ങളായി മാറി, സുൽത്താൻ സുലൈമാൻ പുതുക്കിപണിത ജറൂസലേം മതിലുകൾ അവയിലൊന്നാണ്.

തങ്ങളുടെ ഭരണകാലത്ത്, ഫലസ്തീനെ വിവിധ രാഷട്രീയ ഡിവിഷനുകളായി ഉഥ്മാനികൾ വിഭജിച്ചിരുന്നു. അക്കൂട്ടത്തിലെ അവസാന വിഭജനം നടന്നത് 1887ലാണ്, അന്ന് ഫലസ്തീൻ മൂന്ന് ജില്ലകളായി (സഞ്ചക്ക്) വിഭജിക്കപ്പെട്ടു: ജറൂസലേം, നാബുലസ്, അഖാ. ജറൂസലേം സഞ്ചക്ക് ഉഥ്മാനികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു, കോൺസ്റ്റാന്റിനോപ്പിളിന്റെ (ഇന്നത്തെ ഇസ്താംബൂൾ) നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു ജറൂസലേം.

ഈ മൂന്ന് സഞ്ചക്കുകളിലേയും ജനസംഖ്യ ഏതാണ്ട് 600000 വരുമായിരുന്നു. ഇതിൽ ബഹുഭൂരിഭാഗവും സുന്നി മുസ്ലിംകളായിരുന്നു. ജനസംഖ്യയുടെ പത്തു ശതമാനം ഫലസ്തീൻ ക്രിസ്ത്യാനികളായിരുന്നു, ജൂത ജനസംഖ്യ ഏതാണ്ട് 25000 വരുമായിരുന്നു. ജറൂസലേം, ഹെബ്രോൺ, സഫദ്, തിബിരിയൂസ് എന്നിവിടങ്ങളിലായിരുന്നു ജൂതജനവിഭാഗം പ്രധാനമായും താമസിച്ചിരുന്നത്.

ഉഥ്മാനികളുടെ മില്ലത്ത് സംവിധാനവും അതിന്റെ വിവിധ പ്രായോഗികവശങ്ങളും മത-വംശീയ ന്യൂനപക്ഷങ്ങൾക്ക് ഒരു പരിധി വരെ സ്വയംഭരണാവകാശം നൽകിയിരുന്നു. എന്നാൽ ഗവർണർമാരുടെ കെടുകാര്യസ്ഥതയും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും പ്രസ്തുത സംവിധാനം മുന്നോട്ടുവെച്ച സഹിഷ്ണുതക്കും മറ്റു മാനുഷിക മൂല്യങ്ങൾക്കും കളങ്കം വരുത്തി. എന്നിരുന്നാലും യൂറോപ്യൻ ഭൂഖണ്ഡത്തിൽ വിവിധ മതവിഭാഗങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും നേരിടേണ്ടി വന്ന വംശഹത്യകളും വെച്ചുനോക്കുമ്പോൾ എന്തുകൊണ്ടും മഹത്തരമായിരുന്നു ഉഥ്മാനികൾ നടപ്പിലാക്കിയ മാനുഷിക മൂല്യത്തിലധിഷ്ഠിതമായ ഭരണപരിഷ്കാരങ്ങൾ.

ഫലസ്തീനിലെ നിരവധി മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം പൊതുവെ സുസ്ഥിരവും സമാധാനപരവുമായിരുന്നു, സഹസ്രാബ്ദങ്ങളോളമുള്ള സഹവർത്തിത്വവും പങ്കിടലുമായിരുന്നു അതിനെ പരിപോഷിപ്പിച്ചത്. ഉദാഹരണത്തിന്, ജറൂസലേമിലെ ജാഫ ഗേറ്റിൽ ആലേഖനം ചെയ്ത വാചകങ്ങൾ ഇങ്ങനെ വായിക്കാം “അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല, അബ്രഹാം അല്ലാഹുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്”. മുസ്ലിംകളെ പോലെ തന്നെ ക്രിസ്ത്യാനികളും ജൂതൻമാരും അബ്രഹാമിക് മതപാരമ്പര്യത്തിന്റെ ഭാഗമാണെന്ന് അത് വിളിച്ചുപറഞ്ഞു. ഫലസ്തീൻ മുസ്ലിംകൾ പ്രവാചകൻമാരുടെയും യാക്കോബിന്റെ (യൂസുഫ് നബി) മകൻ രൂപേനിനെ പോലെയുള്ള യഹൂദമതത്തിലെ വിശുദ്ധ പുരുഷൻമാരുടെയും ബഹുമാനാർഥം മതപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുക പതിവായിരുന്നു. ഫലസ്തീൻ ക്രിസ്ത്യാനികളോടും ഇതേസമീപനം തന്നെയാണ് അനുവർത്തിച്ചിരുന്നത്, ജറൂസലേം പുരാതനനഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യാനികളുടെ വിശുദ്ധ ദേവാലയമായ ഹോളി സെപൽച്ചറിന്റെ താക്കോലുകൾ പരമ്പരാഗതമായി അവിടുത്തെ ഒരു മുസ്ലിം കുടുംബമാണ് ഇന്നും സൂക്ഷിക്കുന്നത്.

എന്നിരുന്നാലും, ഏതൊരു സാമ്രാജ്യത്തെയും പോലെ, സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും യുദ്ധത്തിന്റെയും ദുരിതത്തിന്റെയും നാളുകളിലൂടെ ഓട്ടോമൻ സാമ്രാജ്യവും കടന്നുപോയി. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന നാളുകളെ യുദ്ധവും ദുരിതങ്ങളും വേട്ടയാടി. യൂറോപ്യൻ രീതിയിലുള്ള ദേശീയതയുടെ ആവിർഭാവവും ഓട്ടോമൻ ഭരണകൂടത്തിന്റെ ശക്തിക്ഷയവും മൂലം വിവിധ വംശീയ-സാമുദായിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം വഷളായി. ഓട്ടോമൻ ഭരണത്തിനെതിരെ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു, ദാഹിർ അൽ ഉമറിന്റെ നേതൃത്വത്തിൽ ഫലസ്തീൻ സ്വയംഭരണാധികാരം നിലനിർത്തിയെങ്കിലും, ഒടുവിൽ കോൺസറ്റാന്റിനോപ്പിൾ അതിനെ തകർത്തു. യുവ തുർക്കി വിപ്ലവവും വിവിധ ഓട്ടോമൻ പ്രവിശ്യകളെ തുർക്കിവത്കരിക്കാനുള്ള വർധിത ശ്രമങ്ങളും സംഘർഷാവസ്ഥ അധികരിക്കാൻ ഇടയാക്കി.

ഒന്നാം ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യം ക്രമേണ തകർന്നുവീഴുകയും, സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ – ചിലർ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ശത്രുക്കൾക്കൊപ്പം കൂടി- സ്വാതന്ത്ര്യത്തിലേക്കും സ്വന്തം നിലക്കുള്ള ദേശരാഷ്ട്ര സ്ഥാപനത്തിലേക്കും ഉറ്റുനോക്കി. ഒരു സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്ന് മറ്റു പലരുടെയും ആധിപത്യത്തിലേക്ക് ആളുകൾ വീണുപോയതിനാൽ അത്തരം ദേശരാഷ്ട്ര സ്ഥാപനവും തടയപ്പെട്ടു.

ഉഥ്മാനിയ സാമ്രാജ്യത്തിന്റെനാടകീയമായ തകർച്ചയുടെ അവസാനത്തെ ഏതാനും ദശകങ്ങളിലാണ് തിയോഡോർ ഹെർസൽ എന്ന ഓസ്ട്രോ-ഹംഗേറിയൻ ചിന്തകൻ ഫലസ്തീൻ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിത്തുടങ്ങിയത്. ( 18 ഭാ​ഗങ്ങളുള്ള പരമ്പര തുടർന്ന് വായിക്കാൻ )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles