Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് വലിയ വില കൊടുക്കേണ്ടിവരും

ഇസ്രായേലിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം നിലവിലുള്ള ഭരണമുന്നണിയെ ഒതുക്കുകയും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെൻയാമീൻ നെതന്യാഹുവിന്റെ തിരിച്ച് വരവിന് വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്. വ്യക്തിപരമായി ഇത് നെതന്യാഹുവിന് വലിയ നേട്ടം തന്നെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് യാഈർ ലപിഡ് നേതൃത്വം നൽകുന്ന നിലവിലെ ഭരണകൂടത്തിന് നിയമാനുസൃതത്വമില്ല എന്ന പ്രചാരണം അഴിച്ച് വിട്ടത് പ്രധാനമായും നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാർട്ടി തന്നെയായിരുന്നുവെങ്കിലും അവർ മാത്രമായിരുന്നില്ല ഗോദയിൽ. സകല തീവ്ര വലത് കക്ഷികളും ഒപ്പമുണ്ടായിരുന്നു. അവരെ കൂടെ കൂട്ടുന്നതിൽ അയാൾ വിജയിച്ചു. യുനൈറ്റഡ് തോറ ജൂദായിസം എന്ന മുന്നണിയിലെ രണ്ട് പ്രധാന കക്ഷികളായ ‘അഗുദത്ത് ഇസ്രായേലി’നെയും ‘ദേഗൽ ഹാതോറ’യെയും വിഘടിച്ച് പോകാതെ ഒന്നിച്ച് നിർത്തി അൾട്രാ – വലത് പക്ഷ ഹരേദി (Haredi )വോട്ട് ബാങ്ക് നിലനിർത്താനും നെതന്യാഹുവിന് സാധിച്ചു. അത് പോലെ യഹൂദിത്ത് പാർട്ടിയുടെ ഇത്ത്മർ ബൻഗവീറിനെയും റിലീജ്യസ് സയണിസത്തിന്റെ ബെൻസലേൽ സ്മോട്റിച്ചിനെയും ചേർത്ത് നിർത്തി വോട്ട് ശിഥിലീകരിക്കാതെയും നോക്കി.

നെതന്യാഹു നേടിയെടുത്തതൊന്നും എളുപ്പമുള്ളതായിരുന്നില്ല. ഇപ്പോൾ നടന്നത് യഥാർഥത്തിൽ തീവ്ര മത – വലത് പക്ഷ കക്ഷികൾ ഒരു വശത്തും വലത് പക്ഷ നയങ്ങൾ തന്നെ അടിസ്ഥാനമാക്കിയ നിലവിലെ ഭരണമുന്നണി മറുഭാഗത്തും അണിനിരന്നുള്ള പോരാട്ടമായിരുന്നു. ഇസ്രായേലിലെ പ്രമുഖ സാമൂഹിക വിഭാഗങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. നെതന്യാഹുവിന്റെ ഒപ്പമുള്ളവർക്കാണ് പൗരസ്ത്യ വംശജരായ ജൂത വിഭാഗങ്ങളുടെ വോട്ടുകൾ ലഭിച്ചത്. വിവിധ ഭാഗങ്ങളിൽ വലിയ നഗരങ്ങളുടെ അകത്തുള്ള ചെറിയ ടൗൺഷിപ്പുകളിലാണ് അവർ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂലാനിലും പടിഞ്ഞാറെ കരയിലും കുടിയേറ്റക്കാരായി വന്നിട്ടുള്ളവരും മതതീവ്രത പുലർത്തുന്ന ഹരേദി വിഭാഗവും നെതന്യാഹുവിന്റെ സഖ്യത്തെ പിന്തുണച്ചു. പൗരസ്ത്യ വംശജരും ഹരേദികളും അധിനിവിഷ്ട പ്രദേശങ്ങളിലെ കുടിയേറ്റക്കാരും എല്ലാ കാലത്തും പിന്തുണക്കുക ഫലസ്തീൻ പ്രശ്നത്തിൽ കടുത്ത നിലപാടെടുക്കുകയും, മതത്തെയും രാഷ്ട്രത്തെയും കൂടുതൽ അടുപ്പിച്ച് നിർത്തുകയും ചെയ്യുന്ന കക്ഷികളെയും മുന്നണികളെയുമായിരിക്കും. എന്നാൽ മധ്യവർഗവും കിബുത്‌സീം (Kibbutzim) എന്ന പ്രാദേശിക കാർഷിക കൂട്ടായ്മകളും പുതിയ കുടിയേറ്റക്കാരും (പ്രത്യേകിച്ച് മുൻ സോവ്യറ്റ് റിപ്പബ്ലിക്കുകളിൽ നിന്ന് കുടിയേറിയവർ ) വലത് പക്ഷ സെക്യുലർ വിഭാഗങ്ങളെയാണ് പൊതുവെ പിന്തുണക്കുക്കുക.

ചുരുക്കം പറഞ്ഞാൽ ഇസ്രയേലിൽ ഇക്കഴിഞ്ഞ പാർലമെന്റ് പൊതു തെരഞ്ഞെടുപ്പിൽ വലത്പക്ഷ മുന്നണികൾ തമ്മിൽ തന്നെയായിരുന്നു മത്സരം. അതിലൊന്ന് കടുത്ത മതവർണ്ണമുള്ളതും മറ്റേത് സെക്യുലറും ആയിരുന്നുവെന്ന് മാത്രം. അതോടെ ‘സയണിസ്റ്റ്’ ഇടത് പക്ഷം ചിത്രത്തിലേ ഇല്ലാതായി. ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്നവരായി നെസറ്റിൽ ലേബർ പാർട്ടിയുടെ അഞ്ച് അംഗങ്ങൾ മാത്രമാണുളളത്. ഇസ്റായേലിന്റെ രൂപീകരണം തൊട്ടുളള ആദ്യ മൂന്ന് പതിറ്റാണ്ടുകളിലും ഭരണം നടത്തിയിരുന്നത് ഈ ഇടത് പാർട്ടിയായിരുന്നുവെന്നോർക്കണം.

ഇസ്രായേലിലെ ജനസംഖ്യാ മാറ്റങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ഹരേദി വിഭാഗങ്ങളിലാണ് ജനനം കൂടുതൽ നടക്കുന്നത്. ഒരു ഹരേദി സ്ത്രീക്ക് സാധാരണ എട്ടു സന്താനങ്ങൾ വരെ ഉണ്ടാകുമത്രെ. തീവ്ര മത വലത് പക്ഷത്തിന് സ്വാധീനം വർധിക്കാനുള്ള ഒരു കാരണമിതാണ്. വരും തെരഞ്ഞെടുപ്പുകളിലും ഈ സ്വാധീനം വർധിക്കുകയല്ലാതെ, കുറയാനിടയില്ല. അതേസമയം നെതന്യാഹുവിന്റെ ഈ വലിയ നേട്ടം, ഭാവിയിൽ ഇസ്രയേൽ അഭിമുഖീകരിക്കാൻ പോകുന്ന അപകടങ്ങളെ മറച്ചുവെക്കുന്നുമില്ല. പുതിയ നെസറ്റിൽ ലിക്കുഡ് ‘പ്രാപ്പിടിയൻമാർ’ക്ക് പ്രകടമായ മേൽക്കൈ ഉണ്ടെങ്കിലും മത സയണിസത്തിന്റെയും തോറായിസത്തിന്റെയും ക്യാബിനറ്റിലെ സ്വാധീനം അവഗണിക്കാൻ കഴിയില്ല. ഫലസ്തീൻ വിഷയങ്ങളിൽ ഇവരെടുക്കുന്ന കടുത്ത നിലപാടുകൾ നെതന്യാഹുവിന് നടപ്പാക്കേണ്ടിവരും. അത് പടിഞ്ഞാറെ കര പോലുള്ള ഫലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേലിന് അകത്ത് തന്നെയും മൂന്നാം ഇൻതിഫാദാ തരംഗങ്ങൾക്ക് വഴി വെച്ചേക്കും. തീവ്ര ഗ്രൂപ്പുകളുടെ നിലപാടുകൾ ഗവൺമെന്റ് നയങ്ങളായി മാറുമ്പോൾ അത് ഇസ്രായേലിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കും.

എന്നാൽ ഏറ്റവും വലിയ ഭീഷണികളുണ്ടാവുക ആഭ്യന്തരമായിത്തന്നെയാവും. വലിയ സാമൂഹിക സംഘർഷങ്ങളാണ് ആ സമൂഹത്തെ കാത്തിരിക്കുന്നത്. രാഷ്ട്ര നിയമങ്ങൾ ജൂത മതനിയമങ്ങൾക്കനുസരിച്ചാവണം എന്ന് തീവ്ര മത കക്ഷികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. റിലീജ്യസ് സയണിസത്തിന്റെ നേതാവ് ബെൻസലേൽ അത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വരാൻ പോകുന്ന ക്യാബിനറ്റിൽ ഇദ്ദേഹത്തിന് ഉയർന്ന സ്ഥാനം ലഭിക്കാനാണ് സാധ്യത. സ്വവർഗ്ഗ രതിയെ സംബന്ധിച്ചും ഇവർ കർക്കശ നിലപാടാണ് കൈക്കൊള്ളുക. ജൂത മത പഠന കേന്ദ്രങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനും ഇവർ സമ്മർദ്ദം ചെലുത്തും. സ്ത്രീകൾ പൊതുവേദികളിറങ്ങുന്നതിനും ഇക്കൂട്ടർ എതിരാണ്. ഇത്തരം സമീപനങ്ങൾ ആഭ്യന്തരയുദ്ധത്തിലേക്ക് വരെ ഇസ്രായേലിനെ തള്ളിവിട്ടേക്കാമെന്ന് മുൻ പ്രധാനമന്ത്രി യഹൂദ് ബറാക്കും മുൻ രഹസ്യാന്വേഷണ മേധാവി യുവേൽ ദസ്കിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഫലസ്തീൻ വംശജരുടെ വോട്ട് ശതമാനത്തിൽ കുറവ് വന്നത് ഇസ്രയേലി രാഷ്ട്രീയ സംവിധാനത്തിൽ അവർക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടയാളമായി കാണണം. അതും മറ്റൊരു സംഘർഷ സാധ്യതയുള്ള മേഖലയാണ്. ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ഇസ്രയേൽ കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്ന് തീർച്ച.

വിവ : അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles