ലോകത്താകമാനം മഞ്ഞുവീഴ്ച ശക്തമായിരിക്കുന്ന സമയമാണിത്. മിക്ക രാജ്യങ്ങളിലും അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം ജനജീവിതത്തെ ദുസ്സഹമാക്കുകയും റോഡ്, റെയില്‍,വിമാന സര്‍വീസുകളെ താറുമാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.
ഫലസ്തീനിലെ ജറുസലേമിലെ പുണ്യനഗരിയും മസ്ജിദുല്‍ അഖ്‌സയുമെല്ലാം മഞ്ഞിന്‍ പുതപ്പണിഞ്ഞ മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജറൂസലേമിന്റെ മുറ്റത്ത് മഞ്ഞില്‍ കുട്ടികള്‍ കളിക്കുന്നതും മഞ്ഞുകാറ്റ് വീശുന്നതിന്റെ മനോഹര ചിത്രങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ശീതകാല കൊടുങ്കാറ്റ് മൂലം ജറുസലേമിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഭൂരിഭാഗവും മഞ്ഞുമൂടിയതിനെത്തുടര്‍ന്ന് വെള്ള പുതച്ചിരിക്കുകയാണ്. വിശുദ്ധ നഗരത്തിലെ പ്രധാന സ്തൂപമായ ഗോള്‍ഡന്‍ ഡോം ഓഫ് ദി റോക്ക് വ്യാഴാഴ്ച മഞ്ഞിനാല്‍ മൂടപ്പെട്ടു.
ജറുസലേമിലേക്കുള്ള പ്രധാന ഹൈവേകളും അതിന്റെ പ്രധാന കൈവഴികളും അടച്ചു, മഞ്ഞുപാളികള്‍ വീണ തെരുവുവീഥികള്‍ വൃത്തിയാക്കുന്ന ജോലികള്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും ഏതാനും ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. റോഡുകളുടെ അപകടകാവസ്ഥ കണക്കിലെടുത്ത് പര്‍വതപ്രദേശമായ വെസ്റ്റ് ബാങ്കിലെ പ്രധാന ഹൈവേകളെല്ലാം ഇസ്രായേല്‍ പോലീസ് അടച്ചു.
കിഴക്കന്‍ മെഡിറ്ററേനിയനില്‍ വീശിയടിക്കുന്ന ശൈത്യകാല മഞ്ഞുകാറ്റ് ശക്തമായ മഴയായും മഞ്ഞുവീഴ്ചയായും പശ്ചിമേഷ്യയെ ഒന്നാകെ മൂടിയിരിക്കുകയാണ്. ഈയാഴ്ച ആദ്യം തുര്‍ക്കിയിലും ഏഥന്‍സിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു.












അവലംബം: അല്‍ജസീറ
തയാറാക്കിയത്: സഹീര്‍ വാഴക്കാട്