Current Date

Search
Close this search box.
Search
Close this search box.

ദ്വിരാഷ്ട്ര പരിഹാരം എന്ന കൊടുംചതി

പി.എൽ.ഓയും ഇസ്രായേലും തമ്മിലുള്ള രഹസ്യചർച്ചകളുടെ ഫലമായിരുന്നു ഓസ്ലോ ഉടമ്പടികൾ. ആദ്യമായി നേരിട്ടും, മുഖാമുഖമിരുന്നും നടത്തുന്ന ചർച്ചയിൽ, ഒരു അന്തിമ പരിഹാരത്തിന് വഴിയൊരുക്കുമെന്നതിനാൽ താൽക്കാലിക സർക്കാർ എന്ന നിലയിൽ ഫലസ്തീൻ അതോറിറ്റിയുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന തത്ത്വങ്ങളുടെ പ്രഖ്യാപനത്തിന് അവർ സമ്മതിച്ചു. പിൽക്കാലത്ത് “സമാധാന” പ്രക്രിയയെന്നും, ദ്വിരാഷ്ട്ര പരിഹാരമെന്നും അറിയപ്പെട്ട കാര്യങ്ങൾക്ക് ഈ ചർച്ചകൾ തുടക്കമിട്ടെങ്കിലും, ഒരു പരിഹാരത്തിന് വേണ്ട വ്യക്തമായ നിർദ്ദേശങ്ങളില്ലാത്ത തത്വങ്ങളുടെ പ്രഖ്യാപനം മാത്രമാണ് അവയിലൂടെ നടന്നത്. ഫലസ്തീനികളുമായി ബന്ധപ്പെടുത്തി “രാഷ്ട്രം” എന്ന വാക്ക് ഒരിക്കൽ പോലും പരാമർശിക്കപ്പെട്ടില്ല എന്നതാണ് വാസ്തവും.

രണ്ടു വർഷങ്ങൾക്കു ശേഷമാണ് ചർച്ചകൾ ആത്മാർഥമായി ആരംഭിച്ചത്, ഈജിപ്ഷ്യൻ നഗരമായ താബയിൽ നടന്ന ഈ ചർച്ച രണ്ടാം ഓസ്ലോ എന്ന് വിളിക്കപ്പെട്ടു. ഈ ചർച്ചകളിൽ കൂടുതൽ വ്യക്തതയുള്ള മാനദണ്ഡങ്ങൾ ചർച്ചചെയ്യപ്പെട്ടു, കൂടാതെ ഫലസ്തീൻ അതോറിറ്റി പ്രയോഗത്തിൽ കൊണ്ടുവരാനുള്ള രീതികളും വിന്യാസങ്ങളും നിർണ്ണയിക്കപ്പെട്ടു. ഈ കാലയളവിൽ, ജോർദാൻ ഇസ്രായേലുമായി വാദി അറബ് സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും ഇസ്രായേലുമായുള്ള ബന്ധം സാധാരണവത്കരിക്കുകയും ചെയ്തു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈജിപ്തിന് ശേഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണവത്കരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ജോർദാൻ.

തുടക്കത്തിൽ, താൽക്കാലിക ഓസ്ലോ കരാറിനും ഫലസ്തീൻ അതോറിറ്റിക്കും ഒരു പരിവർത്തന സ്വഭാവമാണ് ഉണ്ടായിരുന്നത്, അതായത് അന്തിമ പരിഹാരത്തിലേക്ക് നയിക്കുന്ന തരത്തിൽ അഞ്ചു വർഷത്തെ കാലാവധി മാത്രമാണ് അവയ്ക്കുണ്ടായിരുന്നത്. ഫലസ്തീനികൾക്ക് ഒരു രാഷ്ട്രം എന്ന ഫലത്തിൽ അവസാനിക്കുന്ന രീതിയിൽ ഈ അന്തിമ ഫലം ഒരിക്കലും കൃത്യമായി നിർവചിക്കപ്പെട്ടിരുന്നില്ല. രണ്ടാം ഓസ്ലോ ചർച്ചകൾ വെസ്റ്റ്ബാങ്കിനെ എ,ബി,സി എന്നിങ്ങനെ മൂന്ന് മേഖലകളായി വിഭജിച്ചു.

എ മേഖല: ഈ മേഖലയിലെ പ്രദേശങ്ങൾ പൂർണമായ ഫലസ്തീൻ (ഫലസ്തീൻ അതോറിറ്റി) സിവിൽ-സുരക്ഷാ നിയന്ത്രണത്തിന് കീഴിലായിരിക്കും വരിക. പ്രധാന ഫലസ്തീൻ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രദേശത്ത് ഒരിക്കലും ഇസ്രായേലി സാന്നിധ്യം ഉണ്ടാകാൻ പാടില്ല. വെസ്റ്റ് ബാങ്കിന്റെ ഏകദേശം 18 ശതമാനം ഭൂമി ഉൾക്കൊള്ളുന്ന ഈ മേഖലയിലാണ് ഫലസ്തീൻ ജനസംഖ്യയുടെ 55 ശതമാനവും താമസിച്ചിരുന്നത്.

ബി മേഖല: ഈ പ്രദേശങ്ങൾ ഫലസ്തീൻ സിവിൽ നിയന്ത്രണത്തിനു കീഴിലായിരുന്നെങ്കിലും സുരക്ഷാ ചുമതല ഇസ്രായേലിനായിരുന്നു. ഒരുപാട് ഫലസ്തീൻ ഗ്രാമങ്ങളും ചെറിയ ജനവാസ കേന്ദ്രങ്ങളും ഈ പ്രദേശത്താണ് വരുന്നത്. വെസ്റ്റ്ബാങ്കിന്റെ ഏകദേശം 21 ശതമാനം ഭൂമിയും ഫലസ്തീൻ ജനസംഖ്യയുടെ 41 ശതമാനവും ഉൾക്കൊള്ളുന്നതായിരുന്നു ബി മേഖല.

സി മേഖല: പൂർണമായ ഇസ്രായേലി സിവിൽ, സുരക്ഷാ നിയന്ത്രണത്തിന് കീഴിലായിരുന്നു ഈ പ്രദേശങ്ങൾ. വെസ്റ്റ്ബാങ്കിന്റെ ഭൂരിഭാഗം ഭൂപ്രദേശവും അതായത് ഏകദേശം 61 ശതമാനം ഭൂമി ഉൾക്കൊള്ളുന്നതായിരുന്നു സി മേഖല. ഫലസ്തീൻ ജനസംഖ്യയിൽ താരതമ്യേന ചെറിയൊരു വിഭാഗം മാത്രം താമസിക്കുന്നതിനാലും, ഭൂവിഭവങ്ങളുടെ കാര്യത്തിൽ സമൃദ്ധമായതിനാലും ഭൂരിഭാഗം സെന്റിൽമെന്റ് നിർമാണ പ്രവർത്തനങ്ങളും ഈ സി മേഖലയിലാണ് നടക്കുന്നത്.

വെസ്റ്റ് ബാങ്കിനെ ഇത്തരത്തിൽ മേഖലകളായി തിരിക്കുന്നത് ഇന്നും പ്രാധാന്യമർഹിക്കുന്ന ഒരു പ്രശ്നമായി തുടരുകയാണ്, കാരണം സി മേഖല പൂർണമായും ഇസ്രായേലിലേക്ക് കൂട്ടിച്ചേർക്കണമെന്ന് വാദിക്കുന്ന ഇസ്രായേലി ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരികയാണ്. ഫലസ്തീനികളെ പാലായനത്തിന് നിർബന്ധിതരാക്കുന്നതിന് വേണ്ടി സി മേഖലകളിലെ ഫലസ്തീൻ ജീവിതം ഇസ്രായേൽ സാധ്യമാകുന്നത്ര ദുസ്സഹമാക്കുന്നു എന്നാണ് ഇതിനർഥം. ജലസ്രോതസ്സുകളുടെ ഉപയോഗം പോലെയുള്ള മറ്റു പ്രധാന പ്രശ്നങ്ങൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് ഗുരുതരമാകും. നിങ്ങൾ ഒരു നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റക്കാരനാണെങ്കിൽ, സ്വാഭാവികമായും അത്തരം വിഭജനങ്ങൾ ഒരു പ്രശ്നമുള്ള കാര്യമല്ല.

ഇന്ന് ഈ മേഖലകൾ തമ്മിലുള്ള വ്യത്യാസം ഇസ്രായേൽ കണക്കിലെടുക്കുന്നേയില്ല. എ മേഖലയിൽ വളരെ സ്വതന്ത്രമായി തന്നെ ഇസ്രായേൽ പ്രവർത്തിക്കുന്നുണ്ട്, അതുപോലെ ബി മേഖലകളിൽ പുതിയ സെറ്റിൽമെന്റ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നുമുണ്ട്. ഇത് മറ്റൊരു ലേഖനത്തിൽ ആഴത്തിൽ ചർച്ച ചെയ്യുന്നതാണ്.

തത്വത്തിൽ, പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ, ദ്വിരാഷ്ട്ര പരിഹാരം രണ്ട് രാഷ്ട്രങ്ങൾ സ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നത്. കിഴക്കൻ ജറൂസലേമിനെ തലസ്ഥാനമാക്കി, വെസ്റ്റ് ബാങ്കിലും, ഗസ്സയിലും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും. അടുത്തത് അഭയാർഥി പ്രശ്നമാണ്, ഈ വിഷയം എല്ലായ്പ്പോഴും ഭാവി ചർച്ചകളിലേക്ക് മാറ്റിവെക്കപ്പെട്ടു. അഭയാർഥി പ്രശ്നത്തിന് “ന്യായമായ പരിഹാരം” ഉണ്ടാകുമെന്ന് ഫലസ്തീൻ അതോറിറ്റി ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി അവർ ഈ വിഷയം ഉപേക്ഷിച്ചതായാണ് രഹസ്യരേഖകൾ വെളിപ്പെടുത്തുന്നത്. ഒരു അഭയാർഥിയെ പോലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റ് ബ്ലോക്കുകളുടെ നിയന്ത്രണം നിലനിർത്താൻ ഇസ്രായേൽ ശ്രമിക്കുന്ന അതിർത്തികളാണ് മറ്റൊരു പ്രശ്നം.

ഫലസ്തീനികൾക്ക് ഉണ്ടാക്കാൻ അനുവദിക്കപ്പെട്ട സാമ്പത്തിക നയങ്ങൾ നിർദ്ദേശിക്കുകയും, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയെ ഇസ്രായേലിനോട് നേരിട്ട് കൂട്ടിച്ചേർക്കുകയും ചെയ്ത പാരീസ് പ്രോട്ടോക്കോൾ ഓസ്ലോ ഉടമ്പടിയിലും ഉൾക്കൊള്ളിക്കപ്പെട്ടു. സാരാംശത്തിൽ, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയെ ഘടനാപരമായി ഇസ്രായേലിന് കീഴൊതുക്കുകയാണ് പാരീസ് പ്രോട്ടോക്കോൾ ചെയ്തത്, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്കു മേൽ ഇസ്രായേലി വിപണിക്ക് വലിയ നിയന്ത്രണവും അധികാരവും അത് നൽകി. വാസ്തവത്തിൽ, അധിനിവേശ നയങ്ങളുടെ സിവിൽ മുഖമണിയിച്ചുള്ള പരിഷ്കരണം മാത്രമായിരുന്നു ഓസ്ലോ ഉടമ്പടി; ആധിപത്യവും ചൂഷണവും സഹവർത്തിത്വം എന്ന് ലളിതമായി പുനർനാമകരണം ചെയ്യപ്പെട്ടു.

ചർച്ചകളിലെ പ്രായോഗിക പ്രശ്നങ്ങളും സ്തംഭനാവസ്ഥകളും മാറ്റിവെച്ചാൽ, ദ്വിരാഷ്ട്ര പരിഹാരത്തിന് നിരവധി ആശയപരമായ പ്രശ്നങ്ങളുണ്ട്, അതുകൊണ്ടു തന്നെ ഒരു പരിഹാരത്തിലെത്തുന്നതിന് വേണ്ടി ഉപയോഗിക്കാൻ അത് അനുയോജ്യവുമല്ല. വ്യക്തമായി പറഞ്ഞാൽ, ഇസ്രായേൽ ഒരു സാധാരണ രാഷ്ട്രമല്ല. അതൊരു കുടിയേറ്റ കോളനിയാണ്. കാലങ്ങളായി ഒരു സ്ഥലത്ത് താമസിച്ചിരുന്ന രണ്ട് ജനവിഭാഗങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തെ കുറിച്ചല്ല നാമിവിടെ സംസാരിക്കുന്നത്. ഫലസ്തീനികൾ താമസിച്ചിരുന്ന പ്രദേശത്ത് ഒരു വംശീയ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിദേശത്ത് നിന്ന് വന്നെത്തിയ കുടിയേറ്റക്കാരുടെ പിൻമുറക്കാരാണ് ഇന്നത്തെ ഇസ്രായേലികൾ.

കൂടാതെ, ചരിത്രപരമായ തെറ്റുകളെ തിരുത്താൻ ദ്വിരാഷ്ട്ര പരിഹാരം അപര്യാപ്തവുമാണ്, കാരണം അത് 1967ന് തൊട്ടുമുമ്പുള്ള അതിർത്തികളിൽ നിന്നാണ് പരിഹാരങ്ങൾക്ക് തുടക്കമിടുന്നത്, ഈ അതിർത്തികളല്ല ഫലസ്തീൻ പ്രശ്നത്തിന്റെ മൂലകാരണം, കോളനിവത്കരണത്തിന്റെ തന്നെ മറ്റൊരു ഉൽപ്പന്നം മാത്രമാണ് പ്രസ്തുത അതിർത്തികൾ. സയണിസ്റ്റ് കുടിയേറ്റ കോളനിവത്കരണവും ഫലസ്തീനികളുടെ വംശീയ ഉൻമൂലനവുമാണ് ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ മൂലകാരണം എന്ന സത്യത്തെ ദ്വിരാഷ്ട്ര പരിഹാരം അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

അതായത്, ദശലക്ഷകണക്കിന് വരുന്ന ഫലസ്തീൻ അഭയാർഥികൾ അവരുടെ എല്ലാവിധ അവകാശങ്ങളും പ്രതീക്ഷകളും ഉപേക്ഷിക്കണം, കൂടാതെ തങ്ങൾ വംശീയമായി ഉന്മൂലനം ചെയ്യപ്പെട്ട 80 ശതമാനത്തിലധികം വരുന്ന ഭൂമിയിൽ ജീവിക്കാനുള്ള അവകാശവും ഫലസ്തീനികൾ ഉപേക്ഷിക്കണമെന്നാണ് അതിന്റെ അർഥം. സ്വാഭാവികമായും, വെള്ളം മുതൽ ഫലഭൂയിഷ്ഠമായ ഭൂമി വരെയുള്ള പ്രകൃതിവിഭവങ്ങളുടെ വൻശേഖരം ഇസ്രായേലിന്റെ കൈവശമാകും എന്നതാണ് ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സംഭവിക്കുക.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഈ പോരായ്മകൾ ചൂണ്ടികാണിക്കുമ്പോളെല്ലാം, ഫലസ്തീനികൾ സമാധാനത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന വാദം കൊണ്ട് എതിർക്കപ്പെടുകയാണ് പതിവ്. നീതി ആവശ്യപ്പെടുന്നതിന് പകരം, ഫലസ്തീനികൾ സ്വയം കൈകാര്യം ചെയ്യേണ്ടതും അനുഭവിക്കേണ്ടതുമായ വിധിയായാണ് ഇസ്രായേലി ഭരണം കണക്കാക്കപ്പെടുന്നത്. ഇതാണ് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ആകെതുക, അതായത് ഫലസ്തീനികൾക്ക് അവരുടെ മാതൃരാജ്യത്തിന്റെ ഒരു ഭാഗത്ത്, വലുപ്പത്തിൽ ചെറുതും വിഭവങ്ങളുടെ കാര്യത്തിൽ ദുർബലവുമായ ഒരു വ്യാജ രാഷ്ട്രം ലഭിക്കണമെങ്കിൽ അവർ അവരുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യണം. അതേസമയം ഇസ്രായേലിന് കാര്യമായ ഒന്നിലും വിട്ടുവീഴ്ച ചെയ്യേണ്ടതുമില്ല, ചെയ്യാൻ ആരും ആവശ്യപ്പെടുന്നുമില്ല. വിദേശ രാജ്യങ്ങളിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കാനും, അതുപോലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം നിർത്തിവെക്കാനും മാത്രമാണ് ഇസ്രായേലികളോട് ആവശ്യപ്പെടുന്ന ഒരേയൊരു “വിട്ടുവീഴ്ച്ച. ഇത് അടിസ്ഥാനപരമായി “എന്റെ കൈവശമുള്ളത് എന്റേതു മാത്രമാണ്, നിങ്ങളുടെ കൈവശമുള്ളതിൽ വിലപേശലാവാം” എന്ന മനോഭാവമാണ്.

വസ്തുത ഇതാണെങ്കിലും, നിബന്ധനകളെല്ലാം അംഗീകരിക്കാൻ ഫലസ്തീനികൾ തയ്യാറായി. സമാധാനം സ്ഥാപിക്കാനും, ഒരു രാഷ്ട്രം രൂപീകരിക്കാനും വേണ്ടി ഫലസ്തീൻ ജനതയുടെ ചരിത്രപരമായ അവകാശങ്ങൾ അടിയറവെക്കാൻ പി.എൽ.ഓ തയ്യാറായിരുന്നു. എന്നാൽ ഇതൊന്നും ഇസ്രായേലിന് മതിയാകുമായിരുന്നില്ല. ഓസ്ലോ ഉടമ്പടികളിൽ ഒപ്പുവെച്ച, ഇസ്രായേലി സാമാധാന വക്താക്കൾക്കിടയിൽ സമാധാനത്തിനു വേണ്ടി രക്തസാക്ഷിയായ വിശുദ്ധനായി കണക്കാക്കപ്പെടുന്ന, ഇസ്രായേലി പ്രധാനമന്ത്രി റാബിൻ അടക്കമുള്ളവർ ആരും തന്നെ ഫലസ്തീനികൾക്ക് ഒരു യഥാർഥ രാഷ്ട്രം നൽകാൻ തയ്യാറായിരുന്നില്ല. പരമാധികാരമില്ലാത്ത ഒരു തട്ടിക്കൂട്ട് രാഷ്ട്രത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്, ചർച്ചകളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ കൂടുതൽ മെച്ചപ്പെട്ടതൊന്നും നൽകാൻ ഇസ്രായേൽ തയ്യാറുമായിരുന്നില്ല.

1967ലെ അതിർത്തികൾ, എണ്ണത്തിൽ വളരെ കുറഞ്ഞ അഭയാർഥികളുടെ മടങ്ങിവരവ്, മറ്റു വിട്ടുവീഴ്ചകൾ എന്നിവ ഫലസ്തീനികൾ അംഗീകരിച്ചപ്പോഴും, ഫലസ്തീനിയൻ ബന്റുസ്ഥാനെ കൂടുതൽ കൂടുതൽ ചുരുക്കാൻ ശ്രമിച്ച ഇസ്രായേലിനെ സംബന്ധിച്ച് അതൊന്നും പോരായിരുന്നു. അല്ലറചില്ലറ മാറ്റങ്ങൾ വരുത്തി നിലവിലെ സ്ഥിതിക്ക് നിയമസാധുത ഉണ്ടാക്കാനായിരുന്നു പ്രസ്തുത ക്രമീകരണങ്ങളിലൂടെ ഇസ്രായേൽ ശ്രമിച്ചത്. ഒരു പരമാധികാര ഫലസ്തീൻ രാഷ്ട്രം ഒരിക്കലും ഉയർന്നുവരില്ലെന്നും, ഫലസ്തീനികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിമിതമായ സ്വയംഭരണാധികാരം നൽകുന്നുണ്ടെങ്കിൽ തന്നെ, വെസ്റ്റ്ബാങ്കിൽ ഐ.ഡി.എഫിന്റെ സ്ഥിരം സാന്നിധ്യമുണ്ടാകുമെന്നും, അതുപോലെ അതിർത്തികളും വ്യോമാതിർത്തിയും ഇസ്രായേലിന്റെ പൂർണമായ നിയന്ത്രണത്തിനു കീഴിലായിരിക്കുമെന്നുമാണ് മുൻ ഇസ്രായേലി പ്രധാനമന്ത്രി, ബെന്യാമിൻ നെതന്യാഹുവിന്റെ വാഗ്ദാനം. അതായത്, ഇസ്രായേൽ വിചാരിക്കുന്നതിനപ്പുറത്തേക്ക് പോകാൻ ഫലസ്തീനികളുടെ അഭിലാഷങ്ങൾക്ക് കഴിയില്ല, കൂടാതെ അത്യന്തം പരിഹാസകരമായ ഇസ്രായേലി നിലപാടുകളെ ഫലസ്തീനികൾ തള്ളിക്കളഞ്ഞാൽ അത് യുക്തിരഹിതമായ ദുശ്ശാഠ്യമായി മുദ്രകുത്തപ്പെടുകയും ചെയ്യും.

കേവലം അഞ്ചു വർഷം കാലാവധിയുണ്ടായിരുന്ന ഫലസ്തീൻ അതോറിറ്റി ഇന്നും നിലനിൽക്കുന്നതിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല. ഒരുതരത്തിലുള്ള ഫലസ്തീൻ രാഷ്ട്രവും യഥാർഥ്യമായിട്ടില്ല, മറിച്ച് ഇസ്രായേലിന്റെ ആധിപത്യ സംവിധാനങ്ങൾ എന്നത്തേക്കാളും ഇന്ന് ദൂരവ്യാപകവുമാണ്. ഇസ്രായേലിന്റെ മർക്കടമുഷ്ടിയും ക്യാമ്പ് ഡേവിഡ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ചർച്ചകളുടെ സ്തംഭനാവസ്ഥയും രണ്ടാം ഇൻതിഫാദയുടെ രൂപത്തിൽ പൊട്ടിത്തെറിച്ചു. എന്നിരുന്നാലും, ആദ്യത്തേതിൽ നിന്ന് സ്വഭാവത്തിലും സംഘാടനത്തിലും വ്യത്യസ്തമായ ഒന്നായിരുന്നു രണ്ടാം ഇൻതിഫാദ. മാത്രമല്ല അത് കൂടുതൽ സൈനികവത്കരിക്കപ്പെടുകയും ചെയ്തു. (തുടരും)

Related Articles