Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ വിഭജിക്കപ്പെടുന്നു

വിഭജനത്തെ കുറിച്ച് പറയുമ്പോൾ 1947ലെ ഐക്യരാഷ്ട്രസഭ പ്രമേയത്തെ കുറിച്ച് മിക്കവരും ചിന്തിക്കുന്നതിൽ അതിശയിക്കാനില്ല. ബ്രിട്ടീഷ് മാൻഡേറ്റിന്റെ അവസാനം ഫലസ്തീനിനെ ഒരു അറബ്-ഫലസ്തീൻ രാഷ്ട്രമായും ഒരു സയണിസ്റ്റ്-ജൂത രാഷ്ട്രമായും വിഭജിക്കാൻ പ്രസ്തുത പ്രമേയം ശുപാർശ ചെയ്തിരുന്നു. മാൻഡേറ്റ് കാലയളവിൽ വർധിച്ചുവന്ന സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും പരിഹാരമായി ചിലർ ഇതിനെ കണ്ടു.

എന്നിരുന്നാലും, ഫലസ്തീൻ വിഭജനത്തിനു വേണ്ടിയുള്ള ആദ്യത്തെ വിഭജന പദ്ധതിയായിരുന്നില്ല ഇത്. ഉദാഹരണത്തിന്, 1919ൽ ലോക സയണിസ്റ്റ് ഓർഗനൈസേഷൻ ഒരു ‘വിഭജന’ പദ്ധതി മുന്നോട്ടുവെച്ചിരുന്നു, അതിൽ മാൻഡേറ്ററി ഫലസ്തീനായി മാറിയ എല്ലാ പ്രദേശങ്ങളും, ലെബനാൻ, സിറിയ, ട്രാൻസ്ജോർദാൻ എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. ആ സമയത്ത്, ഈ നിർദ്ദിഷ്ട ജൂതരാഷ്ട്രത്തിലെ മൊത്തം ജനസംഖ്യയുടെ 2-3 ശതമാനം പോലും ജൂതജനസംഖ്യ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും, ജനസംഖ്യാപരമായ അസമത്വം പരിഗണിക്കാതെ തന്നെ അത്തരമൊരു കൊളോണിയൽ പദ്ധതി അന്യായമാണെങ്കിലും, തങ്ങൾക്ക് യാതൊരു വിധ അവകാശവുമില്ലാത്ത, എണ്ണത്തിൽ കുറവായ ഒരു പ്രദേശത്ത് ഒരു വംശീയരാഷ്ട്രം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവകാശവാദത്തിലേക്കുള്ള സൂചനയായിരുന്നു അത്.

നാലാമത്തെയും അഞ്ചാമത്തെയും സയണിസ്റ്റ് കുടിയേറ്റ തരംഗസമയത്താണ് – അലിയാ (1924-1939) സയണിസ്റ്റ് ജനസംഖ്യയുടെ സിംഹഭാഗവും ഫലസ്തീനിലെത്തിയത്. അതായത് ഫലസ്തീൻ ഭൂമി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ ഭൂരിഭാഗവും ഏറിയാൽ 20 വർഷം പോലും അവിടെ താമസിക്കാത്തവരാണ്. സ്ഥിതി കൂടുതൽ വഷളാക്കി കൊണ്ട്, ഫലഭൂയിഷ്ഠമായ തീരപ്രദേശങ്ങൾ ഉൾപ്പെടെ, മാൻഡേറ്ററി ഫലസ്തീന്റെ ഏതാണ്ട് 56 ശതമാനം ഭൂമി സയണിസ്റ്റ് രാഷ്ട്രത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി അനുവദിച്ചു നൽകി.

തീർച്ചയായും ഫലസ്തീനികൾ പ്രസ്തുത പദ്ധതി തള്ളിക്കളഞ്ഞു. അടുത്തിടെ മാത്രം എത്തിച്ചേർന്ന ഒരു ന്യൂനപക്ഷത്തിന് തങ്ങളുടെ ഭൂരിഭാഗം സ്ഥലവും വിട്ടുനൽകാൻ ഫലസ്തീനികളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തീർത്തും പരിഹാസ്യമായ ഈ ആവശ്യത്തോടുള്ള ഫലസ്തീനികളുടെ ധീരമായ നിഷേധത്തെ ഫലസ്തീനികൾ അതിരുകടന്നവരും സമാധാനം നിഷേധിക്കുന്നവരുമാണെന്ന് വരുത്തിതീർക്കാൻ ഇന്നും ഉദ്ധരിക്കുന്നത് കാണാൻ കഴിയും. 1947ലെ വിഭജനപദ്ധതിക്ക് യിഷുവ് സമ്മതിച്ചുവെന്ന വാദം ഫലസ്തീനികളുടെ നിഷേധത്തിനെതിരെ ഉയർത്തിക്കൊണ്ടുവരികയും, തങ്ങളുടെ ഫലസ്തീൻ അയൽക്കാരുമായി സഹവസിക്കാനുള്ള സയണിസ്റ്റുകളുടെ സന്നദ്ധതയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. പുറമേക്ക് ഇത് സത്യമായി തോന്നുമെങ്കിലും, യിഷുവിന്റെ ആഭ്യന്തരയോഗങ്ങളിലൂടെ വെറുതെ കണ്ണോടിക്കുന്നവർക്ക് തികച്ചു വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് കാണുവാൻ കഴിയുക. ഒരു സങ്കൽപ്പമെന്ന നിലയിൽ വിഭജനത്തെ പൂർണമായും യിഷുവ് തള്ളിക്കളഞ്ഞിരുന്നു, പുതുതായി നിർമിച്ച ജൂതരാഷ്ട്രം വളർന്നുവികസിക്കാൻ ആവശ്യമായ ശക്തി ശേഖരിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്നു യിഷുവ് പരസ്യമായി വിഭജനത്തിന് നൽകിയ എല്ലാവിധ പിന്തുണയും.

വിഭജനത്തിന് നൽകുന്ന ഏതുവിധത്തിലുള്ള അംഗീകാരവും താൽക്കാലികം മാത്രമാണെന്ന് സയണിസ്റ്റ് എക്സിക്യൂട്ടിനെ അഭിസംബോധന ചെയ്യുന്ന വേളയിൽ യിഷുവ് നേതാവും പ്രഥമ ഇസ്രായേൽ പ്രധാനമന്ത്രിയുമായ ബെൻ ഗൂരിയൻ അടിവരയിട്ട് പറഞ്ഞിരുന്നു.
“രാഷ്ട്രം സ്ഥാപിതമായി ഒരു വലിയ സൈന്യം രൂപീകരിച്ചതിനു ശേഷം, നാം വിഭജനം ഇല്ലാതാക്കുകയും ഫലസ്തീൻ മുഴുവൻ വ്യാപിക്കുകയും ചെയ്യും.”

ഇതൊരു ഒറ്റപ്പെട്ട പ്രസ്താവനയോ, ബെൻ ഗൂരിയൻ മാത്രം പറഞ്ഞതല്ലോ അല്ല. ആഭ്യന്തര സംവാദങ്ങളും കത്തുകളും അത് വീണ്ടും വീണ്ടും വ്യക്തമാക്കി. “ഒരു ജൂതരാഷ്ട്രം അവസാനമല്ല, മറിച്ച് തുടക്കമാണ്” എന്ന് ബെൻ ഗൂരിയൻ തന്റെ കുടുംബത്തിന് അയച്ച കത്തുകളിൽ പോലും എഴുതിയിട്ടുണ്ട്, ശേഷിക്കുന്ന ഫലസ്തീനിൽ സ്ഥിരതാമസമാക്കുന്ന് ഒരു “എലീറ്റ് ആർമി” ഉണ്ടാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വാസ്തവത്തിൽ അദ്ദേഹത്തിന് എല്ലാകാര്യത്തിലും കൃത്യതയുണ്ടായിരുന്നു:

“ഫലസ്തീന്റെ ഏതെങ്കിലും ഒരു ഭാഗത്ത് നിർമിക്കുന്ന ഒരു രാഷ്ട്രത്തെ സയണിസത്തിന്റെ അന്തിമ ലക്ഷ്യമായി ഞാൻ കണക്കാക്കുന്നില്ല, മറിച്ച് ആ ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗമായിട്ടാണ് ഞാനതിനെ കരുതുന്നത്.”

പ്രഥമ ഇസ്രായേൽ പ്രസിഡന്റും പ്രമുഖ സയണിസ്റ്റ് നേതാവുമായ ചെയിം വെയ്സ്മാൻ “വിഭജനം അടുത്ത ഇരുപത് ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള ഒരു താൽക്കാലിക ക്രമീകരണം മാത്രമായിരിക്കുമെന്ന്” പ്രതീക്ഷിച്ചു.

തദ്ദേശീയ ജനതയോട് അവരുടെ സ്വന്തം ഭൂമിയിൽ കോളനിസ്ഥാപിക്കുന്നതിന് ഔദ്യോഗികമായി സമ്മതം തരണമെന്ന് ആവശ്യപ്പെടുന്നതിലെ ധാർമികതയെ കുറിച്ചുള്ള ചോദ്യം മാറ്റിവെക്കുക, ഫലസ്തീനികൾ അന്ന് വിഭജനത്തിന് സമ്മതം നൽകിയാലും അവർക്ക് ഇന്നും ഒരു സ്വതന്ത്രരാഷ്ട്രം ഉണ്ടാകുമായിരുന്നില്ല. പുറമേക്ക് എന്തൊക്കെ പറഞ്ഞാലും, ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആന്തരിക സയണിസ്റ്റ് ചർച്ചകൾ.

എന്നിരുന്നാലും, ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിനേക്കാൾ ആഴമേറിയതാണ്. വ്യക്തമായി പറഞ്ഞാൽ, പ്രമേയം ഫലസ്തീനിനെ വിഭജിച്ചിട്ടില്ല. വാസ്തവത്തിൽ അതൊരു വിഭജന പദ്ധതിയായിരുന്നു, അതൊരു ശുപാർശയായി കാണേണ്ടതായിരുന്നു, മാത്രമല്ല അത് സുരക്ഷാ സമിതിക്ക് കൈമാറുകയും ചെയ്യണമായിരുന്നു. പ്രമേയം അംഗീകരിക്കാൻ ഫലസ്തീൻ ജനത ബാധ്യസ്ഥരല്ല, യുഎൻജിഎ പ്രമേയങ്ങളുടെ നിയമസാധുതയില്ലായ്മ കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും.

യുഎൻജിഎ ശുപാർശയെ അടിസ്ഥാനമാക്കി ഒരു പരിഹാരം കണ്ടെത്താൻ സുരക്ഷാസമിതി ശ്രമിച്ചുവെങ്കിലും ഒരു സമവായത്തിലെത്താൻ അവർക്കു കഴിഞ്ഞില്ല. പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് പലരും നിഗമനം ചെയ്തു. സുരക്ഷാ സമിതി ഒരു നിഗമനത്തിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ സയണിസ്റ്റ് നേതൃത്വം ഏകപക്ഷീയമായി ഇസ്രായേൽ രാഷ്ട്രം പ്രഖ്യാപിച്ചു. വിഭജനപദ്ധതി ഒരിക്കലും നടപ്പിലാക്കപ്പെട്ടില്ല.
എന്നിരുന്നാലും, വിഭജനപദ്ധതി ഒരിക്കലും ഫലവത്തായില്ലെങ്കിലും, ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനായി ഫലസ്തീൻ വിഭജിക്കാനുള്ള യുഎൻജിഎയുടെ ശുപാർശ അത്തരമൊരു രാഷ്ട്രം നിർമിക്കാനുള്ള നിയമപരമായ അധികാരം നൽകി എന്ന വാദം നിലനിൽക്കുന്നുണ്ട്. ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിൽ ഇതു കാണാൻ കഴിയും.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കും സുരക്ഷാസമിതിക്കും രാഷ്ട്രീയപരിഹാരങ്ങൾ, പ്രത്യേകിച്ചും പ്രസ്തുത പരിഹാരങ്ങൾ നേരിട്ട് ബാധിക്കുന്നവരുടെ സമ്മതമില്ലാതെ, നടപ്പാക്കാനുള്ള അധികാരമില്ലെന്ന വസ്തുത പരിഗണിക്കുമ്പോൾ ആ വാദത്തിൽ കഴമ്പില്ലെന്ന് മനസ്സിലാവും. ഐക്യരാഷ്ട്രസഭക്ക് അത്തരം അധികാരം നൽകുന്ന യാതൊന്നും യു.എൻ ചാർട്ടറിൽ കാണാൻ കഴിയില്ല. വിഷയവുമായ ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ഇത് ഉയർന്നുവന്നത്. മാത്രമല്ല, ഇത് ഐക്യരാഷ്ട്രസഭയുടെ അധികാരപരിധിക്ക് പുറത്താണെന്ന് മാത്രമല്ല, അതിന്റെ തന്നെ ഉത്തരവിന് വിരുദ്ധവുമാണ്. ഫലസ്തീൻ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി തന്നെയാണ് ഈ വിഷയം ഉന്നയിച്ചതും:

“സ്വയം നിർണയാവകാശ തത്വവുമായി ബന്ധപ്പെട്ട്, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ അന്താരാഷ്ട്ര അംഗീകാരം ഈ തത്വവുമായി കൂട്ടിച്ചേർക്കുകയും, മറ്റു അറബ് പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് ‘എ’ മാൻഡേറ്റുകൾ സൃഷ്ടിക്കുന്ന സമയത്ത് അത് പാലിക്കുകയും ചെയ്തിരുന്നുവെങ്കിലും, അത് ഫലസ്തീന്റ കാര്യത്തിൽ പാലിച്ചിട്ടില്ല, അവിടെ ജൂത ദേശീയഗേഹത്തിന്റെ നിർമാണം സാധ്യമാക്കുക എന്ന ഉദ്ദേശമായിരുന്നു അതിനു കാരണം എന്ന് വ്യക്തമാണ്. യഥാർഥത്തിൽ, ജൂത ദേശീയഗേഹവും ഫലസ്തീനു വേണ്ടിയുള്ള സ്വീ ജെനറിസ് മാൻഡേറ്റും പ്രസ്തുത തത്വത്തിന് വിരുദ്ധമാണെന്ന് പറയാം.”

ഫലസ്തീനിൽ ഒരു ജൂത ദേശീയ ഭവനം നിർമിക്കുന്നത് അവിടെ ജീവിക്കുന്ന ഫലസ്തീനികളഉടെ സ്വയം നിർണയാവകാശത്തിന് എതിരാണ് എന്ന് നേരിട്ട് സമ്മതിക്കുന്ന വാചകങ്ങളാണ് മുകളിൽ കണ്ടത്. ഫലസ്തീൻ വിഭജനം ശുപാർശ ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭക്ക് സ്വന്തം പ്രമാണങ്ങളിൽ തന്നെ തിരുത്തുകയും അതിന്റെ പരിധിയിലുള്ള എല്ലാ അധികാരവും പ്രയോഗിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, ഇനി അങ്ങനെ ചെയ്യാൻ അവർക്ക് അധികാരം ഉണ്ടായിരുന്നാലും, അത് അവരുടെ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലെങ്കിലും, ഫലസ്തീനികളെ അവരുടെ ജന്മനാട് രണ്ടായി കീറിമുറിക്കാൻ നിർബന്ധിക്കാൻ ഐക്യരാഷ്ട്രസഭക്ക് ഇപ്പോഴും അവകാശമില്ല. ( തുടരും )

Related Articles