Current Date

Search
Close this search box.
Search
Close this search box.

സയണിസം പിറവിയെടുക്കുന്നു

1897ൽ സ്വിസ് നഗരമായ ബാസലിൽ വിളിച്ചുചേർത്ത ആദ്യത്തെ സയണിസ്റ്റ് കോൺഗ്രസ്സിൽ യൂറോപ്പിലെമ്പാടുമുള്ള 200ഓളം പ്രതിനിധികൾ പങ്കെടുത്തു. ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാനും അവിടേക്കുള്ള സയണിസ്റ്റുകളുടെ കുടിയേറ്റത്തെ ഏകോപിപ്പിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തു. സയണിസ്റ്റ് കോൺഗ്രസ്സിന്റെ പ്രസിഡന്റും രാഷ്ട്രീയ സയണിസത്തിന്റെ സ്ഥാപകനുമായ തിയോഡാർ ഹെർസലിന്റെ അഭിപ്രായത്തിൽ, ഇത് “യഹൂദരുടെ പ്രശ്നത്തിന് പരിഹാരം” ഉണ്ടാക്കുകയും ജൂത ജനതയെ അവർ അനുഭവിക്കുന്ന പീഡന-മർദനങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യും.

ഇതിനു മുമ്പു തന്നെ, ഹിബ്ബത്ത് സിയോൺ പോലുള്ള സയണിസ്റ്റ്, പ്രോട്ടോ സയണിസ്റ്റ് പ്രസ്ഥാനങ്ങൾ ഫലസ്തീനിൽ കുടിയേറ്റം നടത്തി സ്ഥിരതാമസമാക്കിയിരുന്നെങ്കിലും, കോളനിവത്കരണ ശ്രമങ്ങളെ ആദ്യമായി കേന്ദ്രീകൃതവും ഫലപ്രദവുമായ രീതിയിൽ സംഘടിപ്പിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തത് സയണിസ്റ്റ് കോൺഗ്രസായിരുന്നു.

ജൂത ഭൂരിപക്ഷത്തോടെ ഫലസ്തീനിൽ ഒരു ജൂത ദേശരാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കുടിയേറ്റ-കൊളോണിയൽ രാഷ്ട്രീയ പ്രസ്ഥാനമാണ് സയണിസം. ഫലസ്തീനിൽ ഫലസ്തീനികൾ ഉണ്ടായിരുന്നു എന്നതാണ് അവർ നേരിട്ട പ്രശ്നം. തദ്ദേശീയ ഫലസ്തീനി അറബികളെ എന്തു ചെയ്യും എന്ന ചോദ്യം സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ചർച്ചകളിൽ സജീവമായിരുന്നെങ്കിലും, കരാറിലൂടെയോ ബലപ്രയോഗത്തിലൂടെയോ അവരെ എങ്ങനെയെങ്കിലും നീക്കംചെയ്യണമെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമായിരുന്നു. തീർച്ചയായും, തദ്ദേശീയ ജനതയെ ആട്ടിയോടിക്കാതെ ഫലസ്തീനിൽ ഒരു ജൂത ഭൂരിപക്ഷ രാഷ്ട്രം സ്ഥാപിക്കാൻ കഴിയില്ലായിരുന്നു.

സയണിസത്തെ കുടിയേറ്റ-കൊളോണിയലിസം എന്ന് വിളിക്കുന്നതു കൊണ്ട് ഒരു പ്രത്യേക പ്രതിഭാസത്തെയാണ് നാം അർഥമാക്കുന്നത്. കുടിയേറ്റ കോളനിവത്കരണം സാധാരണ കോളനിവത്കരണത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്. തങ്ങളുടെ നിലനിൽപ്പിനു വേണ്ടി പ്രാഥമിക ഘട്ടത്തിൽ മാത്രമാണ് താത്കാലികമായി ഒരു സാമ്രാജ്യത്തെ കുടിയേറ്റ കോളനിവത്കരണം ആശ്രിയിക്കുക. കോളനി സ്ഥാപിക്കാൻ വന്നവർ അവരെ പിന്തുണക്കുന്ന സാമ്രാജ്യത്തിൽ നിന്നുള്ളവർ ആകണമെന്നില്ല. ചില സന്ദർഭങ്ങളിൽ തങ്ങളുടെ നിലനിൽപ്പിന് വേണ്ടി എല്ലാം ചെയ്തു തന്ന സാമ്രാജ്യത്തിനെതിരെ തന്നെ കുടിയേറ്റ കോളനിക്കാർ തിരിയാറുമുണ്ട്. മറ്റൊരു വ്യത്യാസം എന്താണെന്നാൽ, പുതിയ ഭൂമിയിലെ വിഭവങ്ങളിൽ മാത്രമായിരിക്കില്ല കുടിയേറ്റക്കാരുടെ താൽപര്യം, മറിച്ച് ആ ഭൂമി ഒന്നടങ്കം പിടിച്ചെടുത്ത് അവിടെ തങ്ങളുടെ പുതിയ ‘മാതൃരാജ്യം’ സ്ഥാപിക്കാൻ അവർ ശ്രമിക്കും.

ആധുനിക സയണിസ്റ്റുകൾ ഒരുപക്ഷേ സയണിസത്തെ കൊളോണിയൽ പ്രത്യയശാസ്ത്രം എന്ന് വിളിക്കുന്നതിൽ നിന്ന് വിട്ടുനിന്നേക്കാമെങ്കിലും, ആദ്യകാലങ്ങളിൽ, തങ്ങളുടേത് ഒരു കൊളോണിയൽ അസ്തിത്വമാണെന്ന് തുറന്നുപറയാനുള്ള സത്യസന്ധത സയണിസ്റ്റ് പ്രസ്ഥാനം കാണിച്ചിരുന്നു. ഉദാഹരണത്തിന്, “കോളനിവത്കരണം വിപുലീകരിക്കുന്നതിന്റെ” പ്രധാന്യം ബ്രിട്ടൻ അംഗീകരിച്ചിട്ടുണ്ട് എന്ന് വാദിച്ചു കൊണ്ട്, കോളനിവ്തകരണ ചരിത്രത്തിലെ കുപ്രസിദ്ധായ സെസിൽ റോഡ്സിന് 1902ൽ ഹെർസർ എഴുതിയകത്തിൽ ഇങ്ങനെ വായിക്കാം.

“ചരിത്രം സൃഷ്ടിക്കാൻ സഹായിക്കാനാണ് നിങ്ങളെ ക്ഷണിക്കുന്നത്. ഈ ഉദ്യമത്തിൽ ആഫ്രിക്ക ഉൾപ്പെടുന്നില്ല, മറിച്ച് ഏഷ്യാമൈനറിന്റെ ഒരു ഭാഗം മാത്രം; ഇംഗ്ലീഷുകാരല്ല, ജൂതൻമാരാണ്. നിങ്ങൾക്കു താൽപര്യമില്ലാത്ത വിഷയമാണെങ്കിൽ ഞാൻ നിങ്ങളെ സമീപിക്കുമോ? ഒരിക്കലുമില്ല. കാരണം കോളനിവത്കരണവുമായി ബന്ധപ്പെട്ട ഒന്നാണിത്.”

വ്ലാദ്മിർ ജബോട്ടിൻസ്കി തന്റെ കുപ്രസിദ്ധമായ ‘അയേൺ വാൾ’ൽ (1923) കുറിച്ചു:

“അറബികളുമായുള്ള സ്വമേധയാ അനുരജ്ഞനം ഇപ്പോഴും നടക്കില്ല ഭാവിയിലും നടക്കില്ല. ജനങ്ങൾ താമസിക്കുന്ന ഒരു ദേശത്തെ കോളനിവത്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ ദേശത്ത് നിങ്ങളൊരു സൈനികപ്പാളയം നിർമിക്കണം. അല്ലെങ്കിൽ നിങ്ങൾക്കു വേണ്ടി സൈനികപ്പാളയം നൽകാൻ തയ്യാറുള്ള ഒരു ധനികനേയോ അഭ്യുദയകാംക്ഷിയേയോ കണ്ടെത്തണം. അതിനു കഴിയില്ലെങ്കിൽ, കോളനിവത്കരണം ഉപേക്ഷിക്കുകയാണ് നല്ലത്. കാരണം കോളനിവത്കരണത്തിന് എതിരു നിൽക്കുന്ന ഏതൊരു ശ്രമത്തെയും തടയാനും ഇല്ലാതാക്കാനും കഴിവുള്ള ഒരു സായുധ സേനയില്ലാതെ കോളനിവത്കരണം അസാധ്യമാണ്; ബുദ്ധിമുട്ടാണ് എന്നോ അപകടമാണ് എന്നോ അല്ല, മറിച്ച് അസാധ്യം തന്നെയാണ്!… സയണിസം ഒരു കോളനിവത്കരണ സംരംഭമാണ്, അതിനാൽ സായുധ സേനയുടെ ശക്തിയെ ആശ്രയിച്ചാണ് അതിന്റെ നിലനിൽപ്പും തകർച്ചയും. ഹിബ്രു ഭാഷ സംസാരിക്കാൻ അറിയുക എന്നത് വളരെ പ്രധാനം തന്നെയാണ്, എന്നാൽ, ദൗർഭാഗ്യവശാൽ, അതിനേക്കാൾ പ്രധാനമാണ് ലക്ഷ്യംതെറ്റാതെ വെടിയുതിർക്കാൻ അറിയുക എന്നത്. അതറിയില്ലെങ്കിൽ ഈ കോളനിവത്കരണ പരിപാടി നിർത്തുകയാണ് നല്ലത്.”

മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഈ ഉദ്ധരണികൾ. എന്നാൽ ഇവ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണ് എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ, അവരുടെ മൂലകൃതികൾ നിങ്ങൾക്കു വായിക്കാവുന്നതാണ്. “സയണിസം ഒരു കോളനിവത്കരണ സംരംഭമാണ്” എന്നതിന്റെ വ്യത്യസ്ത അർഥങ്ങൾ മാത്രമേ നിങ്ങൾക്ക് കണ്ടെത്താൻ കഴിയൂ.

‘ജ്യൂയിഷ് കൊളോണിയൽ ട്രസ്റ്റ്” എന്നായിരുന്നു ആദ്യം സ്ഥാപിതമായ സയണിസ്റ്റ് ബാങ്കിന്റെ പേര്, ‘ഫലസ്തീൻ ജ്യൂയിഷ് കോളണൈസേഷൻ അസോസിയേഷൻ’, ‘ജ്യൂയിഷ് ഏജൻസി കോളണൈസേഷൻ ഡിപ്പാർട്ട്മെന്റ്” എന്നിവയുടെ എല്ലാവിധ പിന്തുണയും ഫലസ്തീനിലെ ജൂത കുടിയേറ്റ ശ്രമങ്ങൾക്ക് ലഭിച്ചു.

ഫലസ്തീൻ മുഴുവനായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കുടിയേറ്റക്കാരെ അയക്കാനും ഫലസ്തീനിൽ കാലുറപ്പിക്കാനും സയണിസ്റ്റ് പ്രസ്ഥാനത്തിന് അധികം സമയം വേണ്ടിവന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ടതും, ഫലസ്തീൻ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വന്നതും സയണിസ്റ്റ് പ്രസ്ഥാനത്തിന് അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള സുവർണാവസരമായി മാറി. (തുടരും)

Related Articles