Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികൾ തിരിച്ചുവരാൻ തീരുമാനിക്കുന്നു

1948 മെയ് പകുതിയോടെ, സയണിസ്റ്റുകൾ അഴിഞ്ഞാടിയ ഫലസ്തീന്റെ അവശിഷ്ടങ്ങൾക്കു മേൽ സ്റ്റേറ്റ് ഓഫ് ഇസ്രായേൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. പുതുതായി കൈയ്യടക്കിയ ഭൂപ്രദേശങ്ങളിലെ ഏകദേശം 80 ശതമാനം ഫലസ്തീനികളെ വംശീയമായി തുടച്ചുനീക്കിയ ശേഷം, വരും വർഷങ്ങളിൽ ഭൂമിയുടെ നിയന്ത്രണം സയണിസ്റ്റുകളിൽ കേന്ദ്രീകരിക്കുകയും ഫലസ്തീനികളുടേതായ സർവതും കവർന്നെടുക്കുന്നതിനെ സ്ഥാപനവത്കരിക്കുന്ന വിവേചനപരമായ വംശീയ നിയമങ്ങൾക്കും നയങ്ങൾക്കും വഴിയൊരുക്കുകയും ചെയ്തു.

ഫലസ്തീനികളെ വംശീയമായി തുടച്ചുനീക്കുന്ന പ്രക്രിയ യുദ്ധത്തിനു ശേഷവും തുടർന്നു. നഖാബിലും, അതുപോലെ വെടിനിർത്തൽ രേഖകൾക്ക് സമീപവും താമസിക്കുന്ന ഫലസ്തീനികൾ 1950കളിൽ കൂട്ടത്തോടെ പുറത്താക്കപ്പെട്ടു. അതേ കാലയളവിലാണ്, കുപ്രസിദ്ധമായ Absentee’s Property Law ഇസ്രായേൽ പുറപ്പെടുവിച്ചത്. സയണിസ്റ്റ് അധിനിവേശം ആട്ടിയോടിച്ച ഫലസ്തീൻ അഭയാർഥികളുടെ വീടുകൾ, കൃഷിയിടങ്ങൾ, ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം എന്നിവയടക്കം എല്ലാ സ്വത്തുവകകളും ആസൂത്രിതമായി പിടിച്ചെടുക്കുന്നതിന് ഈ നിയമം നിർണായകമായിരുന്നു. ഈ നിയമത്തിലൂടെ, അഭയാർഥികൾ ഓടിപ്പോകുമ്പോൾ ഉപേക്ഷിച്ച എല്ലാതും ഭരണകൂടം ഏറ്റെടുത്തു, “പരാതി ഉന്നയിക്കുകയോ” അല്ലെങ്കിൽ ”അവകാശം ഉന്നയിക്കുകയോ” ചെയ്തില്ലെങ്കിൽ അവ പിന്നീട് രാഷ്ട്രത്തിന്റെ സ്വത്തായി മാറും, രാഷ്ട്രത്തിന് അനുയോജ്യമെന്ന് തോന്നുന്ന വിധത്തിൽ അത് ഉപയോഗപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. മടങ്ങിയെത്താൻ ശ്രമിച്ച അഭയാർഥികൾക്കെല്ലാം വെടിയേറ്റിരുന്നു എന്ന വസ്തുത കണക്കിലെടുക്കമ്പോൾ, പേരിനൊരു നിയമത്തിനു വേണ്ടി മാത്രമായി നിർമ്മിച്ച നിയമമായിരുന്നു അതെന്ന് ബോധ്യമാവും.

ഈ നിയമവും ഭൂമി ഏറ്റെടുക്കൽ നിയമവും ചേർന്ന് മൊത്തം ഫലസ്തീൻ സമ്പദ് വ്യവസ്ഥയെ ഇസ്രായേൽ രാഷ്ട്രത്തിന്റെ അധീനതയിലേക്ക് മാറ്റി. പ്രായോഗികമായി പറഞ്ഞാൽ, ഒറ്റ രാത്രികൊണ്ട് ഫലസ്തീനികളുടെ 739,750 ഏക്കൽ കൃഷിഭൂമി ഇസ്രായേലിന്റെ നിയന്ത്രണത്തിനു കീഴിലായി, ഇതിൽ ഭൂരിഭാഗവും ഫലഭൂയിഷ്ടമായ ഭൂമിയായിരുന്നു, കൂടാതെ 73,000 വീടുകൾ, 7800 വർക്ക്ഷോപ്പുകൾ, 6 ദശലക്ഷ പൗണ്ട് എന്നിവയും അതിൽ ഉൾപ്പെടും. ഇതിലൂടെ ഫലസ്തീനിൽ ഒരു സയണിസ്റ്റ് കുടിയേറ്റ കുടംബത്തെ താമസിപ്പിക്കുന്നതിനുള്ള ചെലവ് 8000 ഡോളറിൽ നിന്ന് 1500 ഡോളറായി കുറഞ്ഞു, കൂടാതെ ഇസ്രായേൽ രാഷ്ട്ര നിർമാണത്തിന് സാമ്പത്തിപിൻബലമേകുകയും അതിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്തു.

തുടർന്നുള്ള വർഷങ്ങളിൽ, ഇസ്രായേൽ തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയും അഭയാർഥികളെ മടങ്ങിവരുന്നതിൽ നിന്ന് തടയുകയും വെടിനിർത്തൽ രേഖകളിലെ ജോർദാൻ, ഈജിപ്ഷ്യൻ സൈന്യങ്ങളുമായി ചെറുയുദ്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തു. 1956 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ സൂയസ് കനാൽ ദേശസാത്കരിച്ചു, കൊളോണിയൽ ശക്തികളുടെ താൽപര്യങ്ങൾക്ക് ഭീഷണിയുയർത്തുന്ന ഒരു നീക്കമായിരുന്നു അത്. ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രായേൽ സഖ്യത്തിന്റെ ഈജിപ്ത് ആക്രമണത്തിന് അത് അടിത്തറപാകി. ഈജിപ്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ സ്വത്തുക്കൾ നാസർ വീണ്ടെടുത്തതും, ഇന്ത്യയിലേക്കുള്ള നയതന്ത്ര പാതക്ക് അത് ഉയർത്തുന്ന ഭീഷണിയുമാണ് ബ്രിട്ടനെ പ്രകോപിപ്പിച്ചതെങ്കിൽ, അൾജീരിയയിലെ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിനും വംശഹത്യക്കും എതിരെ ചെറുത്തുനിൽക്കുന്ന അൾജീരിയൻ സ്വതന്ത്രസമര പോരാളികൾക്ക് നാസർ നൽകുന്ന പിന്തുണ ഫ്രാൻസിന് നാസറിനെ പരാജയപ്പെടുത്താനുള്ള കാരണമായിരുന്നു. ഇസ്രായേലിനെ സംബന്ധിച്ച്, മേഖലയിൽ അവർക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയെ തകർക്കാനുള്ള ഒരു അവസരമായിരുന്നു അത്. സീനായ് സൈനിക നീക്കത്തിന്റെ തലേന്ന് ബെൻ ഗൂരിയൻ അത് തുറന്നു സമ്മതിക്കുന്നുണ്ട് :
“ഏഴാം നൂറ്റാണ്ടിൽ അറബ് ഭരണാധികാരികൾക്കിടയിൽ നിന്നും ഉയർന്നുവന്നതു പോലെ അല്ലെങ്കിൽ ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം തുർക്കിയിൽ ഉയർന്നുവന്ന കമാൽ അത്താത്തുർക്കിനെ പോലെയുള്ള ഒരു വ്യക്തിത്വം ഉയർന്നുവരുമെന്ന് അദ്ദേഹം എല്ലായ്പ്പോഴും ഭയപ്പെട്ടിരുന്നു. അത്താത്തുർക്ക് അവരുടെ ആത്മവീര്യം ഉയർത്തി, അവരുടെ സ്വഭാവം മാറ്റി, അവരെ ഒരു പോരാട്ട രാഷ്ട്രമാക്കി മാറ്റി. നാസർ അത്തരമൊരു മനുഷ്യനാണെന്നത് ഒരു അപകടമാണ്.”

1948ൽ ഇസ്രായേലിന് പിടിച്ചടക്കാൻ കഴിയാതെ പോയ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്. പ്രസ്തുത ആക്രമണം ഒരു സൈനിക വിജയമായിരുന്നെങ്കിലും, ആത്യന്തികമായി അതൊരു രാഷ്ട്രീയ പരാജയമായിരുന്നു, കാരണം ആഗോള പ്രതിഷേധത്തിനു അമേരിക്കയിൽ നിന്നുള്ള ഭീഷണികൾക്കും ശേഷം മൂന്ന് രാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ നിർബന്ധിതരായി. ഇത് നാസറിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും അറബ് ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി അദ്ദേഹത്തെ ഉറപ്പിക്കുകയും ചെയ്തു.

സമാധാനം ഉറപ്പുവരുത്തുന്നതിനും ഈജിപ്ത്-ഇസ്രായേൽ അതിർത്തിക്ക് ഇരുവശവും പട്രോളിംഗ് നടത്തുന്നിനും വേണ്ടി 1956ലെ ഈജിപ്തിനെതിരായ യുദ്ധത്തിനു ശേഷം യുണൈറ്റഡ് നേഷൻസ് എമർജൻസി ഫോഴ്സ് (യുഎൻഇഎഫ്) രൂപീകരിക്കപ്പെട്ടു. യു.എൻ സേനയുമായി സഹകരിക്കാൻ ഇസ്രായേൽ വിസമ്മതിച്ചു, തങ്ങളുടെ അതിർത്തിൽ ഒരു സമാധാനപാലന സേന എന്ന ആശയം ഇസ്രായേൽ തള്ളിക്കളഞ്ഞു, അതേസമയം ഈജിപ്ത് യു.എൻ സേനയെ സ്വീകരിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്തു. ഇസ്രായേൽ യുഎൻഇഎഫുമായി സഹകരിക്കാൻ വിസമ്മതിച്ചു എന്നു മാത്രമല്ല, സമാധാനം ലംഘിച്ച് അതിർത്തിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ പതിവായി പട്രോളിംഗ് നടത്തുകയും ചെയ്തു. എന്നാൽ, 1956നു ശേഷം അയൽരാജ്യങ്ങൾക്കെതിരെ ഇസ്രായേൽ നടത്തിയ പ്രകോപനങ്ങളുടെ ഒരു ചെറിയ അംശം മാത്രമായിരുന്നു അത്. അയൽരാജ്യങ്ങളുമായി ഇസ്രായേലിന്റെ അടുത്ത യുദ്ധത്തിന് അത് അടിത്തറപാകി.

സംഘർഷങ്ങൾ വർധിച്ച ഈ വർഷങ്ങളിൽ, ഒരു രക്ഷകനെയും കാത്ത് വെറുതെ ഇരിക്കുകയായിരുന്നില്ല ഫലസ്തീൻ അഭയാർഥികൾ. അവർ തങ്ങളുടെ കൂടാരനഗരങ്ങളിൽ സംഘടിക്കാനും, സ്വദേശത്തേക്ക് മടങ്ങുക എന്ന ലക്ഷ്യത്തോടെ പോരാടാനും തുടങ്ങി. ഈ സാഹചര്യത്തിൽ, ഫലസ്തീൻ നേതൃത്വം പരമ്പരാഗത നഗര-വംശ വരേണ്യരിൽ നിന്നും തോക്കെടുക്കാൻ തയ്യാറായവരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. നിർബന്ധിത പലായനത്തിനു മുമ്പ് നിങ്ങളുടെ പദവി എന്തായിരുന്നു എന്നതല്ല, കവർന്നെടുക്കപ്പെട്ട സ്വദേശം വീണ്ടെടുക്കാൻ നിങ്ങൾ എവ്വിധം പോരാടും എന്നതിനായിരുന്നു പ്രാധാന്യം.

കുറച്ചു വർഷങ്ങൾക്കു ശേഷം 1964ൽ, അറബ് ലീഗിൽ നിന്നുള്ള പിന്തുണയോടെ, അഭയാർഥികൾ നയിക്കുന്ന ഈ പുതിയ നേതൃത്വത്തിൽ നിന്നും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഓ) ഉയർന്നുവന്നു. ഫലസ്തീൻ വിമോചനം, സ്വദേശത്തേക്കുള്ള അഭയാർഥികളുടെ മടക്കം എന്നീ ലക്ഷ്യങ്ങളോടെ, ഫലസ്തീനിലും പ്രവാസത്തിലുമുള്ള ഫലസ്തീൻ ജനതയുടെ ശബ്ദമായും ഔദ്യോഗിക പ്രതിനിധിയായും പിഎൽഓ മാറി. 1964ലെ പിഎൽഓയുടെ രൂപീകരണമാണ് 1960കളിലാണ് ഫലസ്തീൻ സ്വത്വം “കണ്ടുപിടിക്കപ്പെട്ടത്” എന്ന് പലരും തെറ്റായി വിശ്വസിക്കാൻ കാരണം. അക്കാലത്തെ എല്ലാ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും പോലെ പിഎൽഓയുടെയും മറ്റെല്ലാ ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘങ്ങളുടെയും മേൽ ഇസ്രായേലും അതിന്റെ സാമ്രാജ്യത്വ സഖ്യകക്ഷികളും “തീവ്രവാദികൾ” എന്ന മുദ്രകുത്തിയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. അതേസമയം, തെക്കൻ അർധഗോളത്തിലുടനീളമുള്ള വിമോചന പ്രസ്ഥാനങ്ങൾ പിഎൽഓയെ ഒരു സഖ്യകക്ഷിയായി സ്വീകരിച്ചു.

Related Articles