Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡ്- പ്രയോഗവല്‍ക്കരണം വിദൂര സ്വപ്‌നം മാത്രമാണ്

കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് വാചാലനായ നരേന്ദ്ര മോദിയുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. വിവാഹം, വിവാഹ മോചനം, ജീവനാംശം, അനന്തര സ്വത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങള്‍ പുനഃസ്ഥാപിച്ച് പൗരന്മാര്‍ക്ക് തുല്യമായി നടപ്പിലാക്കുന്ന നിയമ സംഹിതയാണ് ഏക സിവില്‍ കോഡ്. ജാതി, ഗോത്രം, വര്‍ഗ്ഗ വൈജാത്യങ്ങള്‍ക്കനുസൃതമായുള്ള പ്രാദേശിക സംസ്‌കാര സംയോജിതമാണ് നിലവില്‍ പ്രാബല്യത്തിലുള്ളത്. അംബേദ്കറും നെഹ്റുവുമായുള്ള അസ്വാരസങ്ങള്‍ കാരണം വലതുപക്ഷ ഹിന്ദുത്വവാദികള്‍ തുടക്കത്തില്‍ ഹിന്ദു വ്യക്തിനിയമ നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് പേഴ്‌സണല്‍ ലോയുടെ അന്ത്യത്തിനായിരുന്നു ഇത് വഴിവെച്ചത്. ഏകീകൃത സ്വഭാവത്തിലുള്ള രാഷ്ട്ര പുനര്‍ നിമ്മിതിക്കായുള്ള ശക്തമായ താത്പര്യമാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള പ്രധാന പ്രേരകം. മുസ്ലിംകള്‍ക്കിടെയില്‍ നിലവിലുള്ള ബഹുഭാരത്വവും ജനന നിരക്കും സംബന്ധിച്ചുള്ള തെറ്റിധാരണകളും ഒരു പരിധി വരെ ഇതിന് ചുക്കാന്‍ പിടിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. ബഹുഭാരത്വ നിരക്കില്‍ മുസ്ലീംകളേക്കാള്‍ ഹിന്ദുക്കള്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്നര്‍ഥമില്ല. ജനന നിരക്കുമായി ബഹുഭാരത്വത്തിന് യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ജനസംഖ്യാ വര്‍ധനവും വ്യക്തിഗത നിയമങ്ങളും ചേര്‍ത്തു വായിക്കുന്നതിന്റെ അനന്തര ഫലമായി ഉത്തരാഖണ്ഡ് യു സി സി പാനല്‍ ചൈനാ മോഡല്‍ ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടികളെന്ന നയം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്ത് കൊണ്ടായിരിക്കും മോദി ഇത് വരെ ഏക സിവില്‍ കോഡ് നടപ്പിലാക്കാത്തത്? കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി, അയോധ്യയിലെ രാമ ക്ഷേത്രം, ഏക സിവില്‍ കോഡ് തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ അജണ്ടകള്‍. തന്റെ നീണ്ട ഒരു ദശാബ്ദ ഭരണ കാലയളവിനുള്ളില്‍, മറ്റു രണ്ട് പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടും എന്ത് കൊണ്ടായിരിക്കും ഏക സിവില്‍കോഡ് മാത്രം രാഷ്ട്രീയ തന്ത്രമായി മാത്രം അവശേഷിക്കുന്നതെന്ന പ്രമാദമായ ചോദ്യമുയരുന്നുണ്ട്. ഹിന്ദുത്വയുടെ ആസ്ഥാന കേന്ദ്രമായ ഗുജറാത്ത് മുതല്‍ മോദി നയിക്കുന്ന കേന്ദ്രമടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകളെ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ മടിക്കുന്നതെന്ത് കൊണ്ടായിരിക്കും?. ഏക സിവില്‍ കോഡ് പൂര്‍ണ്ണാര്‍ഥത്തില്‍ ഇത് വരെ ആരും മനസ്സിലാക്കിയിട്ടില്ലെന്നതാണ് പ്രഥമ കാരണം. കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന കേവല വാഗ്വാദങ്ങള്‍ക്കപ്പുറം വിശദ പഠനത്തിന് വിധേയമാക്കാനുളള വ്യക്തമായ പദ്ധതി നിലവിലില്ല. യാതൊരു വിശദീകരണവും നല്‍കാതെ, ഏക സിവില്‍ കോഡ് നടപ്പിലാക്കാമെന്ന അനുശാസനക്കപ്പുറം ഭരണഘടനയിലും കാര്യമായ നിര്‍ദേശങ്ങളൊന്നും ഇല്ല താനും.1939ലെ ഗോവയില്‍ പ്രാബല്യത്തില്‍ വരുത്തിയ പോര്‍ച്ചുഗീസ് സിവില്‍ കോഡിന് സമാന്തരമാണീ നിയമ ഭേദഗതിയെന്ന് വാദിക്കുന്നവരുണ്ട്. പ്രസ്തുത നിയമ സംഹിത വ്യത്യസ്ത മത സമുദായക്കാര്‍ക്ക് അനുയോജ്യമായിരുന്നുവെന്നതെത്ര വിരോധാഭാസമാണ്!

രാജ്യ വ്യാപക പ്രതിഷേധം. ഇത്രയും കാല താമസമെടുത്തിട്ടും ഏക സിവില്‍ കോഡിന് കരടു രേഖ തയ്യാറാക്കാത്തത് എന്ത് കൊണ്ടായിരിക്കും? ഏക സിവില്‍ കോഡിനോടുള്ള മുസ്ലിംകളുടെ വിരോധം ഇതിനോടകം ഹിന്ദുത്വ വാദികൾ പ്രശ്‌നവത്കരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള മുസ്ലിം വ്യക്തി നിയമം കോളനി ഉത്പന്നവും, ആഗോള മുസ്ലിംകള്‍ വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴിലായി ജീവിക്കുകയും ചെയ്യുന്നവരാണ്. എന്നിരുന്നാലും മുസ്ലിം എതിര്‍പ്പ് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇന്ത്യന്‍ സര്‍ക്കാരിന് സ്വയമധികാരം വകവെച്ച് നല്‍കുന്ന 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം നിലവിലെ ഇന്ത്യന്‍ ഭരണഘടന ചില സുപ്രധാന വടക്കു കിഴക്കന്‍ പ്രദേശങ്ങളെ പാര്‍ലിമെന്ററി നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഭരണഘടനയിലെ രണ്ട് അനുച്ഛേദങ്ങള്‍ നാഗാ, മിസോ ഗോത്ര വര്‍ഗങ്ങള്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്കതീതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യ കക്ഷികളില്‍ നിന്ന് തന്നെ ഏക സിവില്‍ കോഡിനോടുള്ള എതിര്‍പ്പ് പ്രകടമായി തുടങ്ങിയത് അതിശയോക്തി ജനിപ്പിക്കാത്തതും സമാന കാരണത്താലാണ്. മോദി ഏക സിവില്‍ കോഡ് നടപ്പിലാക്കുകയാണെങ്കില്‍ അറുപത് എം എല്‍ എമാരുടേയും വീട് കത്തിച്ച് കളയുമെന്ന് ഭീഷണി മുഴക്കി ഒരു നാഗാ സംഘം രംഗത്ത് വന്നിട്ടുണ്ട്.

ഉപഭൂഖണ്ഡമെന്ന തെറ്റിദ്ധാരണ
ഏകീകൃത നിയമ സ്വഭാവത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെടുമോ എന്ന ഭയം വടക്കു കിഴക്കന്‍ പ്രദേശങ്ങളെ മാത്രമല്ല, മറിച്ച്, ഇന്ത്യയുടെ മെയിന്‍ ലാന്‍ഡ് സംസ്ഥാനങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. തങ്ങളുടെ മത സാംസ്‌കാരിക പാരമ്പര്യ സംരക്ഷണത്തിനുള്ള ഭരണഘടനാ പരിരക്ഷ ഏക സിവില്‍ കോഡ് കാരണം തടസ്സമാകുമെന്ന് ഝാര്‍ഖണ്ഡ്, ചത്തീസ്ഘര്‍ എന്നിവിടങ്ങളിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഇതിനോടകം ബോധവാന്മാരായിരിക്കുന്നു. സിഖ് മതവിഭാഗക്കാര്‍ക്ക് മാത്രം വകവെച്ച് നല്‍കുന്ന മാര്യേജ് ആക്ട് ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ അസാധുവാകുമെന്ന കാരണത്താല്‍ അകാലി ദളും പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. മറ്റു നിയമ സംഹിതകളിലത്രയും ഹിന്ദുക്കളായി പരിഗണിക്കപ്പെടുന്ന ഝാര്‍ഖണ്ഡിലേയും ചത്തീസ്ഗറിലേയും ആദിവാസീ പ്രതിഷേധത്തിന്റെ ഗതി ഏറെ രസകരമാണ്. പ്രാചീന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഹിന്ദു വ്യക്തി നിയമം തന്നെ ഏകീകൃതമെല്ലന്നതാണ് വസ്തുത. വിവാഹം, വിവാഹ മോചനവുമായി ബന്ധപ്പെട്ട സര്‍വ്വാചാരങ്ങള്‍ക്കും നിയമ സാധുത നല്‍കിയതിനാല്‍ തന്നെ ഹിന്ദു മാര്യേജ് ആക്ടില്‍ ഏക സിവില്‍ കോഡ് കേവലം കെട്ടു കഥയായി മാത്രം അവശേഷിക്കുമെന്നാണ് ഫ്‌ളാവിയ അഗ്നസിന്റെ ഭാഷ്യം. സര്‍വ്വ ഇന്ത്യക്കാരനും ബാധകമാകുന്ന ഒരു നിയമ സംഹിത നടപ്പില്‍ വരുത്തുന്നതോടെ ഫ്രാന്‍സ് പോലോത്ത ഒരു ഏകീകൃത സ്വഭാവം നില നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന ധാരണ പൊതുവില്‍ രൂപപ്പെട്ടു വരുന്നുണ്ട്. ഉപഭൂഖണ്ഡമെന്ന വിശേഷണം പോലും ഒരു പക്ഷേ ഇന്ത്യയെ വിലകുറച്ചുകാണലായി പോകും. ഏഷ്യ ഒഴികെയുള്ള മറ്റേത് ഭൂഖണ്ഡത്തേക്കാളും വലുതാണ് ഇന്ത്യ. നോര്‍ത്ത്, സൗത്ത് ഭൂഖണ്ഡങ്ങള്‍ ചേര്‍ത്ത് വെച്ചാലും ഇന്ത്യ തന്നെയായിരിക്കും വലിപ്പത്തില്‍ മുമ്പന്‍. ഒരു ഇടത്തരം ഇന്ത്യന്‍ സംസ്ഥാനത്തോളം മാത്രം പോന്ന ഫ്രാന്‍സിന് സമാനമായി ഇന്ത്യയും ഏകീകൃത സ്വഭാവം കൈവരിക്കണമെന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്.

ബീഫ് നിരോധന നിയമങ്ങളില്‍ നിന്നും ഏക സിവില്‍ കോഡിലേക്കുള്ള ദൂരം നിലവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടി ആണെന്ന രാഷ്ട്രീയ വസ്തുത കൂടി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ബീഫ് നിരോധനം, ഹിന്ദു മതപരിവര്‍ത്തന നിരോധന ബില്‍, പൗരത്വ ഭേദഗതിയില്‍ നിന്നുള്ള മുസ്ലിം വിശ്വാസികളുടെ പുറന്തള്ളല്‍ തുടങ്ങിയ മതേതര വിരുദ്ധ നിയമ നടപടികള്‍ കൊണ്ട് മറ്റു മതവിശ്വാസകിള്‍ കൂടി ഹിന്ദു ആശയങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള നിര്‍ബന്ധിത സാഹചര്യം ഇതിനോടകം അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള സെക്യുലര്‍ ഭേദഗതി ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്റര്‍ റിലീജ്യസ് മാര്യേജ് എതിര്‍ത്ത് കൊണ്ട് പല ഹിന്ദുത്വ വാദികളും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ മുസ്ലിം, സിഖ്, നാഗാ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏക സിവില്‍ കോഡിനെതിരെ രംഗത്തെത്തുന്നത് തികച്ചും സ്വാഭാവികമാണ്. നിരവധി പ്രതിബന്ധങ്ങള്‍ക്കൊടുവില്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടാനുള്ള ബി.ജെ.പിയുടെ ശ്രമം വിണ്ടും കാര്യങ്ങളെ വഷളാക്കിയിരിക്കുകയാണ്. തങ്ങള്‍ ജീവിക്കുന്ന സംസ്ഥാനങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത വിവാഹ, വിവാഹമോചന നിയമങ്ങളനുസരിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകുമോ?

നിലവില്‍ പ്രാബല്യത്തിലുള്ള വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിച്ച് ഏക സിവില്‍ കോഡെന്ന് വിളിക്കുക മാത്രമാണ് നിലവില്‍ ബി.ജെ.പി സര്‍ക്കാരിന് മുമ്പിലുള്ള ഏകവഴി. പ്രസ്തുത സൂത്രവഴി ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മറ്റു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിച്ച് നടപ്പിലാക്കിയ മുത്വലാഖ് ഭേദഗതി തന്നെയാണ് ഇതിനുദാഹരണം. ഫലത്തില്‍ ഏകസിവില്‍ കോഡെല്ലങ്കിലും തത്വത്തില്‍ പറഞ്ഞ് വരും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബി.ജെ.പിയെ ഇത് സഹായിച്ചേക്കും. എന്നിരുന്നാലും രാഷ്ട്രീയ ഗോദ ഒന്നു കൂടി സങ്കീര്‍ണ്ണമാകുക മാത്രമാണ് ചെയ്യുക. ശക്തമായ അജണ്ട പറഞ്ഞു പരത്താമങ്കിലും ഈ രാഷ്ട്രീയ തന്ത്രം ന്യൂനാല്‍ ന്യൂനപക്ഷം വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി പാളയത്തിലെത്തിക്കുക. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ചാക്കിലാക്കാനും ഏകസിവില്‍ കോഡ് തടസ്സം സൃഷ്ടിക്കുമെന്നര്‍ഥം. ബി.ജെ.പിയുടെ രാഷ്ട്രീയ തത്വ ശാസ്ത്രമനുസരിച്ച് ഏക സിവില്‍ കോഡ് ഒരു രാഷ്ട്രീയ തന്ത്രമായേക്കാം, പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുകയാണ്.

വിവ- ആമിര്‍ ഷെഫിന്‍

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles