Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയുടെ ട്രംപിയൻ പ്രസിഡന്റ്

തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡൊണാൾഡ് ട്രംപിന്റെ പ്ലേബുക്കിൽ നിന്ന് കുറച്ചധികം പേജുകൾ കടമെടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അധികാരമേറ്റതിനു ശേഷം, തന്നെ അധികാരത്തിലേറ്റിയ സംവിധാനത്തെ തന്നെ അദ്ദേഹം ആക്രമിക്കുകയും, പാർലമെന്റിനെയും പാർലമെന്റ് അംഗങ്ങളെയും അപമാനിക്കുകയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ പാർലമെന്ററി സംവിധാനത്തിന്റെ അടിത്തറ ഇളക്കുകയും ചെയ്തു, “ജനങ്ങളുടെ ” പേരിലായിരുന്നു ഇതെല്ലാം. മുൻ യു.എസ് പ്രസിഡന്റിനെ പോലെ, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ, പ്രസിഡന്റെന്ന നിലയിൽ തോന്നുന്നതെന്തും ചെയ്യാനുള്ള തൃഷ്ണയെ തടയുന്ന ഭരണകൂട സ്ഥാപനങ്ങൾ എന്നിവക്കെതിരെ അദ്ദേഹം വലിയവായിൽ ആക്രമണം അഴിച്ചുവിടുകയും അവയെ അപമാനിക്കുകയും ചെയ്തു.

ഭരണഘടനയെ പോലും അദ്ദേഹം ആക്രമിച്ചു, കൂടുതൽ പ്രസിഡൻഷ്യൽ അധികാരങ്ങൾ അനുവദിക്കുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ഭരണഘടനാ കോടതി രൂപീകരിക്കുന്നതിനെ തടയുകയും ചെയ്തു.

മുറിവിൽ ഉപ്പ് തേക്കുന്ന പോലെ, ട്രംപിന്റെ “പ്രിയപ്പെട്ട സ്വേച്ഛാധിപതി”യായ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയെ കഴിഞ്ഞ ഏപ്രിലിൽ സന്ദർശിച്ച ശേഷം ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

ഒടുവിൽ, ഈ ആഴ്ച, ജനുവരി 6ന് “ജനങ്ങളുടെ” പേരിൽ കോൺഗ്രസിനെ ആക്രമിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ച് ട്രംപ് പരാജയപ്പെട്ട കാര്യത്തിൽ സഈദ് വിജയിച്ചു- പാർലമെന്റ് അടച്ചുപൂട്ടുക, താൽക്കാലികമായിട്ടാണെങ്കിലും സർക്കാർ പിരിച്ചുവിടുക, ഭരണം ഏറ്റെടുക്കുക എന്നാവശ്യപ്പെട്ട് അടുത്തിടെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെയും ജനങ്ങളുടെ അസംതൃപ്തിയെയും വിജയകരമായും സമർഥമായും അദ്ദേഹം ഉപയോഗിച്ചു.

“ജനങ്ങൾക്ക്” വേണ്ടി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന കിറുക്കൻ നേതാക്കൾക്ക്, ഭരണം തങ്ങളുടെ താൽപ്പര്യങ്ങൾക്കും മാനസികാവസ്ഥകൾക്കും അനുസരിച്ച് നടത്തുന്ന പ്രവണതയുള്ളതിനാൽ, “താൽക്കാലികം” പോപ്പുലിസ് (പോപ്പുലിസം- ജനങ്ങളുടെ വൈകാരിക ദൗർബല്യത്തെ ചൂഷണം ചെയ്യുന്ന നേതാക്കൾ എന്ന പ്രതിഭാസം) ക്രമീകരണങ്ങളിൽ “ശാശ്വതം” ആയി മാറാൻ ഇടയുണ്ടെന്ന് ചരിത്രം നമ്മോട് പറയുന്നുണ്ട്. ചുരുക്കത്തിൽ, ഈ ആഴ്ച തുനീഷ്യയിൽ സംഭവിച്ചതൊന്നും തന്നെ പെട്ടെന്നുണ്ടായ സംഗതികളല്ല, വളരെ കാലമായി അത് വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

എന്നാൽ തുനീഷ്യൻ തകർച്ചയെ സർറിയലിസ്റ്റ്ക് ആക്കുന്നത് ട്രംപിൽ നിന്ന് വ്യത്യസ്തമായി സഈദ് കപടനായ ഒരു ബിസിനസ്സുകാരനല്ല എന്നതാണ്. ഖൈസ് സഈദ് ഒരു നിയമ പ്രൊഫസറാണ്, അയാൾക്ക് കാര്യങ്ങൾ നന്നായി അറിയാം- അദ്ദേഹത്തിന് തന്നെയാണ് അറിയേണ്ടതും. രാജ്യത്തിന്റെ സുരക്ഷാസേനയുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 77 ഉദ്ധരിച്ച അദ്ദേഹം, അട്ടിമറിയെ ന്യായീകരിക്കാൻ ആർട്ടിക്കിൾ 80ഉം ഉദ്ധരിച്ചു. എന്നാൽ ആ രണ്ട് ആർട്ടിക്കിളുകൾക്കു അദ്ദേഹം നൽകിയ വ്യാഖ്യാനം- നല്ല ഉദ്ദേശത്താലോ ചീത്ത ഉദ്ദേശത്താലോ ആയിക്കോട്ടെ- തികച്ചും തെറ്റാണെന്ന് സ്ഥാപിക്കാൻ ഒരു ഭരണഘടാ അഭിഭാഷകന്റെയും ആവശ്യമില്ല.

താൻ പ്രഖ്യാപിച്ച “അടിയന്തര” നടപടികൾ സർക്കാർ, പാർലമെന്റ് മേധാവികളുമായി ചേർന്ന് ഏകോപിപ്പിക്കുന്നതിനു പകരം, പുതിയ നടപടികൾ അവർക്കെതിരെ ഉപയോഗിക്കുകയാണ് സെയ്ദ് ചെയ്തത്. ഈ പ്രക്രിയയിൽ, രാജ്യത്തെ ഭരണഘടനാപരമായ അധികാര വികേന്ദ്രീകരണത്തെയും അദ്ദേഹം ദുർബലപ്പെടുത്തി- തീർച്ചയായും ഇതെല്ലാം “ജനങ്ങളുടെ” പേരിലാണ് ചെയ്തത്.
എന്നാൽ, പോപ്പുലിസം ഏതെങ്കിലും ഒരു പ്രത്യേക തൊഴിൽ, ദേശീയത, മതം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.
ലോകമെമ്പാടുമുള്ള പുതിയതും പഴയതുമായ ജനാധിപത്യ സംവിധാനങ്ങളെ തുരങ്കം വെക്കാൻ സമീപകാലത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും ആളുകൾ പോപ്പുലിസത്തെ വിജയകരമായി ഉപയോഗിക്കുന്നത് നാം കണ്ടതാണ്, അവിടങ്ങളിൽ അധികാരം മൊത്തം തങ്ങളുടെ കൈകളിൽ കേന്ദ്രീകരിക്കാനും ഭരണഘടനാപരമായ അധികാര വികേന്ദ്രീകരണത്തെ തകർക്കാനും വേണ്ടി നിലവിലെ സ്ഥിതിയോടുള്ള ജനങ്ങളുടെ നിരാശയെയും അസംതൃപ്തിയെയും പോപ്പുലിസ്റ്റ് നേതാക്കൾ ചൂഷണം ചെയ്തു. തുനീഷ്യയും അതിനൊരു അപവാദമല്ല എന്നേ പറയാനുള്ളു.

ഒരു പതിറ്റാണ്ട മുമ്പത്തെ സമാധാനപരമായ വിപ്ലവത്തിന്റെ വിജയത്തിനു ശേഷം, രാജ്യത്ത് വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ മരവിപ്പിലും തുനീഷ്യൻ ജനത കൂടുതൽ നിരാശരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ, 11 മില്ല്യൺ ജനസംഖ്യയുള്ള ഈ ചെറിയ രാജ്യത്ത് കോവിഡ് നാശം വിതക്കുകയും 17,000ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തതോടെ അവരുടെ നിരാശ ഉഗ്രകോപമായി മാറി. സ്ഥിതിഗതികൾ കൂടുതൽ വഷളായപ്പോൾ, പ്രസിഡന്റ് ഉൾപ്പെടെയുള്ള തുനീഷ്യൻ രാഷ്ട്രീയക്കാർ, തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ജനങ്ങളെ ഭരിക്കുന്നതിലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും പൂർണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പൊതുകാര്യങ്ങൾക്കു പകരം വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച്, തുനീഷ്യൻ രാഷ്ട്രീയം “അധികാര രാഷ്ട്രീയം” ആയി മാറി.

അതെ, തുനീഷ്യക്കാർക്ക് രോഷാകുലരാവാനുള്ള എല്ലാ അവകാശവുമുണ്ട്.
എന്നാൽ എന്നെ സംബന്ധിച്ച്, പതിറ്റാണ്ടുകളുടെ അടിച്ചമർത്തൽ സ്വേച്ഛാധിപത്യത്തിനു ശേഷം, ഒറ്റയാൾ ഭരണത്തിലേക്ക് മടങ്ങുന്നത് രാജ്യത്തിന്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നോ അല്ലെങ്കിൽ രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾ എങ്ങനെ നിറവേറ്റുമെന്നോ എനിക്ക് മനസ്സിലാകുന്നില്ല.

ഇരുണ്ട കാലങ്ങളിൽ ഒരു “ദേശീയ രക്ഷകൻ” എന്ന ആശയത്തിലെ ആകർഷണം ഞാൻ കാണുന്നില്ലെന്ന് പറയുന്നില്ല, എന്നാൽ അത് ഇതിനകം പരീക്ഷിച്ചു പരാജയപ്പെട്ട ഒരു ദിവാസ്വപ്നം മാത്രമാണ്.

അപലപിക്കുന്നതിലും ഉൻമൂലനം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും പോപ്പുലിസ്റ്റ് നേതാക്കൾ നല്ലവരും മികച്ചവരും തന്നെയാണ്, എന്നാൽ സഹകരിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും അവർ അങ്ങേയറ്റം കഴിവുകെട്ടവരാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്.

അധികാരമേറ്റതിനു മുതൽക്ക് സെയ്ദ് പരാതികൾ മാത്രമാണ് പറഞ്ഞിരുന്നത്, എന്നാൽ തുനീഷ്യ നേരിടുന്ന ഒരു പ്രശ്നത്തിനും യാതൊരുവിധ പരിഹാരവും അദ്ദേഹം നിർദ്ദേശിച്ചിട്ടില്ല.

ട്രംപിനെ പോലെ, തുനീഷ്യൻ പ്രതിസന്ധിക്കുള്ള അദ്ദേഹത്തിന്റെ പരിഹാരം, അതിനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
ബിൻ അലിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ തുനീഷ്യൻ വിപ്ലവം ഉയർത്തിയ “ജനങ്ങൾ ഭരണകൂടത്തിന്റെ പതനം ആഗ്രഹിക്കുന്നു”എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ”പ്രസിഡന്റ് ഭരണകൂടത്തിന്റെ പതനം ആഗ്രഹിക്കുന്നു” എന്ന് അവകാശപ്പെടുന്നതിലൂടെ, തന്നെ അധികാരത്തിലേറ്റിയ അതേ ജനാധിപത്യ സംവിധാനത്തെ തകർക്കാൻ തന്നെയാണ് സെയ്ദ് ആഗ്രഹിക്കുന്നത്!

ഭരഘടനയെയും മാധ്യമങ്ങളെയും ഭരണകൂട സ്ഥാപനങ്ങളെയും തകർത്ത്, ജനാധിപത്യത്തെ തകർക്കാൻ ജനങ്ങളുടെ അസംതൃപ്തിയെ ചൂഷണം ചെയ്യുന്ന പോപ്പുലിസവും ജനാധിപത്യവും തമ്മിലുള്ള സംഘർഷത്തിലേക്കാണ് ഇതെല്ലാം നമ്മെ കൊണ്ടുപോകുന്നത്. അങ്ങനെ നോക്കുമ്പോൾ, ട്രംപിനെ പോലെയുള്ള മറ്റു പോപ്പുലിസ്റ്റ് നേതാക്കളെ പോലെ, തന്റെ ഭരണത്തിനു നേരയുള്ള എല്ലാ മേൽനോട്ടങ്ങളെയും തടസ്സങ്ങളെയും ഇല്ലാതാക്കാൻ സെയ്ദ് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

എന്നാൽ, അദ്ദേഹത്തിന് അത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പറയാനായിട്ടില്ല, പക്ഷേ തുനീഷ്യക്കാർക്കും അവരുടെ സുഹൃത്തുക്കൾക്കും അയാളുടെ നിർബന്ധിത ഭരണഘടനാ വിരുദ്ധ നടപടികളെ പിൻവലിപ്പിക്കാൻ ഇനിയും സമയമുണ്ടെങ്കിലും, വൈകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

തുനീഷ്യൻ ജനാധിപത്യം അമേരിക്കയുടേത് പോലെ പഴയതും സുസ്ഥിരവുമാകണമെന്നില്ല, പക്ഷേ ധനാത്മകമായ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിവുള്ളവരാണ് തങ്ങളെന്ന് തുനീഷ്യക്കാർ തെളിയിച്ചു കഴിഞ്ഞതാണ്; സമാധാനപരമായി തന്നെ, അവർക്കത് വീണ്ടും ചെയ്യാൻ കഴിയും.

( അൽജസീറയുടെ മുതിർന്ന രാഷ്ട്രീയ വിശകലനവിദഗ്ധനാണ് ലേഖകൻ.)

മൊഴിമാറ്റം: അബൂ ഈസ

Related Articles