Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധിയും യു.എന്നിന്റെ ഇടപെടലും

ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കിക്കൊണ്ടുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധിക്ക് പരിഹാരം കണ്ടേക്കാവുന്ന ആശാവഹമായ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് യു.എന്നിന്റെയും അമേരിക്കയുടെയും ഇടപെടലുകളാണ്. ഗള്‍ഫ് പ്രതിസന്ധി എന്നാല്‍ പൊതുവായും അന്താരാഷ്ട്ര ലോകം ഉദ്ദേശിക്കുന്നത് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ്. ഇതു കൂടാതെ ഓരോ രാജ്യത്തിന്റെയും ആഭ്യന്തര, സുരക്ഷ, പ്രതിരോധ വിഷയങ്ങളും ഇതില്‍പ്പെടുമെങ്കിലും ഗള്‍ഫ് മേഖല ഒന്നാകെ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ഖത്തര്‍ ഉപരോധം തന്നെയാണ്.

2017 ജൂണിലാണ് ഖത്തറിനെതിരെ യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അയല്‍രാജ്യങ്ങള്‍ വ്യോമ, കര, നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദവും തീവ്രവാദസംഘടനകള്‍ക്ക് ഫണ്ട് നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നിവ അടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിക്കുകയും ഉപരോധം ഒഴിവാക്കാന്‍ വേണ്ടി ഈ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ തീര്‍ത്തുപറയുകയും ചെയ്യുകയായിരുന്നു.

Also read: ഹ്യൂമൻ റൈറ്റ്സ് വാച്ചും സൗദിയുടെ വിമൻ 20 ഉച്ചകോടിയും

പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥം വഹിക്കാന്‍ തയാറെന്ന് സന്നദ്ധത അറിയിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും നിരവധി തവണ മുന്നോട്ടു വന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും വിശ്വാസവും വീണ്ടെടുക്കുന്നതിന് ഒരു വേദി സൃഷ്ടിക്കണമെന്നും നിയമാനുസൃതമായ സുരക്ഷ ഭീഷണികളെ നേരിടാന്‍ ഒരു പുതിയ പ്രാദേശിക സുരക്ഷ സമിതി ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് കഴിഞ്ഞയാഴ്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞത്. മേഖലയിലെ പിരിമുറുക്കങ്ങള്‍ കുറക്കാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഗുട്ടറസിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് പിന്നാലെ ഖത്തറും രംഗത്തുവന്നിരുന്നു. മേഖലയിലെ പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും രാഷ്ട്രീയവും സുരക്ഷിതവുമായ സ്ഥിരത കൈവരിക്കുന്നതിനും പ്രതിരോധ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും ഗൗരവപരവമായ ശ്രമം ആവശ്യമാണെന്നും ഇതിന്റെ ആവശ്യകതയെ ഖത്തര്‍ ഊന്നിപ്പറയുന്നതായും യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അലിയ ബിന്‍ അഹ്മദ് അല്‍താനിയാണ് സ്വാഗതം ചെയ്തത്. ഭിന്നതകള്‍ സംഭാഷണത്തിലൂടെ പരിഹരിക്കുക എന്നതാണ് ഖത്തറിന്റെ വിദേശനയത്തിന്റെ കാതല്‍, ഗള്‍ഫ് പ്രതിസന്ധിയെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള തത്വങ്ങളുമാണ് ഖത്തര്‍ പിന്തുടര്‍ന്നു പോരുന്ന സമീപനങ്ങളെന്നും അവര്‍ പറഞ്ഞു.

മാത്രമല്ല, ഖത്തര്‍ ഉപരോധത്തിന് ഉടന്‍ പരിഹാരമുണ്ടായേക്കുമെന്ന് നേരത്തെ സൗദി വിദേശകാര്യ മന്ത്രിയും സൂചനകള്‍ നല്‍കിയിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നത്. പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങളുടെ ഖത്തര്‍ സഹോദരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. അങ്ങിനെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവരും സന്നദ്ധരാണെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ആശങ്കകള്‍ ഞങ്ങള്‍ക്ക് പരിഹരിക്കേണ്ടതുണ്ട്, അതിലേക്ക് ഒരു പാതയുണ്ടായേക്കും, അതിനുള്ള പരിഹാരം സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ പ്രദേശത്തിന് ഒരു സന്തോഷവാര്‍ത്ത ആയിരിക്കുമെന്നും ബിന്‍ ഫര്‍ഹാന്‍ പറഞ്ഞിരുന്നു.

Also read: മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കുമെന്ന് നേരത്തെ യു.എസിലെ പശ്ചിമേഷ്യന്‍ പ്രതിനിധി ഡേവിഡ് ഷെന്‍കറും പ്രസ്താവിച്ചിരുന്നു. ഇതിനായുള്ള ചര്‍ച്ചകളുടെ സാധ്യതകള്‍ കാണുന്നുണ്ടെന്നും ചര്‍ച്ചയില്‍ ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ പ്രശ്നപരിഹാരം ഉണ്ടായേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രശ്നപരിഹാരത്തിനായി അമേരിക്ക ഉന്നതതലത്തിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രത്യേക താല്‍പ്പര്യത്തോടെ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ഷെന്‍കര്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അടുത്തിടെ ഖത്തറിനനുകൂലമായി വിധി വന്നിരുന്നു. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും വ്യോമപാത തടസ്സപ്പെടുത്തിയതും നിയമവിരുദ്ധമാണെന്ന് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ ഖത്തര്‍ പ്രതിസന്ധി ഉടന്‍ പരിഹാര്യമായേക്കുമെന്ന ശുഭ സൂചനകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും അന്താരാഷ്ട്ര രംഗത്തുനിന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉപരോധം മൂലം ഇതിന്റെ ഭാഗമായ എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോകത്തിന്റെ മാറിമറിയുന്ന പ്രത്യേക സാഹചര്യത്തില്‍ വിഷയത്തില്‍ ഉടന്‍ പരിഹാരം ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും കണക്കുകൂട്ടുന്നത്.

Related Articles