Current Date

Search
Close this search box.
Search
Close this search box.

ഹ്യൂമൻ റൈറ്റ്സ് വാച്ചും സൗദിയുടെ വിമൻ 20 ഉച്ചകോടിയും

1932 സെപ്തംബർ 23ന് അബ്ദുൽ അസീസ് ബിൻ സഊദിന്റെ നേതൃത്വത്തിൽ നജ്ദിനെയും ഹിജാസിനെയും കൂട്ടിചേർത്ത് രൂപീകൃതമായ സൗദി ഭരണകൂടം ഇപ്പോൾ പരിഷ്കരണത്തിന്റെ പാതയിലാണെന്ന് പറയാം. കാലങ്ങൾക്കനുസൃതമായി പരിഷ്കരണം അനിവാര്യമാണെന്നത് വികസനോന്മുഖമായ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടതുമാണ്. ബിൻ സഊദ് എന്ന് സംബോധന ചെയ്യുന്ന അബ്ദുൽ അസീസ് ബിൻ സഊദിൽ നിന്ന് മുഹമ്മദ് ബിൻ സൽമാനിലേക്ക് അധികാരത്തിന്റെ ചെങ്കോൽ കൈമാറുമ്പോൾ പരിഷ്കരണത്തിന് കൂടുതൽ പ്രസക്തിയേറുന്നു.

സൗദി ഭരണാധാകാരിയായ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിന്റെ മൂന്നാമത്തെ ഭാര്യയായ ഫഹ്ദ ബിൻത്ത് ഫലാഹ് ബിൻ സുൽത്താന്റെ മകനായി 1985 ആ​ഗസ്ത് 31നാണ് മുഹമ്മദ് ബിൻ സൽമാൻ ജനിക്കുന്നത്. വ്യത്യസ്തമാർന്ന വകുപ്പുകൾ കൈകാര്യം ചെയ്തതിന് ശേഷമാണ് അദ്ദേഹം തന്റെ പിതാവിന്റെ പ്രത്യേക ഉപദേശക സമിതിയിൽ അം​ഗമാവുന്നത്. 2009ൽ റിയാദിലെ ​ഗവർണറായിന്നു. മന്ത്രി പദവിയോടെ കോടതിയുടെ (Crown Prince’s Court) തലവനായി 2013ൽ നാമനിർദേശം ചെയ്യപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ബിൻ സൽമാൻ അധികാര പദവിയിലേക്ക് വരുന്നത്. 2015 ജനുവരിയിൽ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് മരണപ്പെട്ടതിനെ തുടർന്ന് സൽമാൻ രാജാവ് അധികാരത്തിലേറുകയും, മകൻ മുഹമ്മദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിക്കുകയും ചെയ്യുന്നു. 2015 മാർച്ചിൽ പ്രതിരോധ മന്ത്രിയായതിന് ശേഷം മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ നടപടികളിലൊന്ന് ഇതര അറബ് രാഷ്ട്രങ്ങളോടൊപ്പം ചേർന്ന് യമനിൽ സൈനിക നടപടികൾ ആരംഭിക്കുകയെന്നതായിരുന്നു. 2015 ഏപ്രിലിൽ ഡെപ്യൂട്ടി കരീടവകാശിയായും (Deputy crown prince), രണ്ടാം പ്രധാനമന്ത്രിയായും (Second deputy prime minister), സാമ്പത്തിക-വികസന കാര്യ സമിതിയുടെ പ്രസിഡന്റായും സ്ഥാനക്കയറ്റം ലഭിക്കുന്നു. ജൂണിൽ സൽമാൻ രാജാവ് മരുമകൻ മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ തൽസ്ഥാനത്ത് നിന്ന് നീക്കി മകൻ മൂഹമ്മദ് ബിൻ സൽമാനെ കരീടവകാശിയായി നിയമിക്കുമ്പോഴും സ്ഥാനക്കയറ്റം തുടർന്നുകൊണ്ടിരിക്കുന്നു.

Also read: മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍

അധികാരത്തിന്റെ വ്യത്യസ്ത മേഖലയിൽ പ്രവർത്തിച്ചതിന് ശേഷമാണ് സൗദി രാജ‍കുമാരനായി, ഉപപ്രധാനമന്ത്രിയായി ഭരണകൂടത്തിന്റെ പരമോന്നത പദം അലങ്കരിക്കുന്നത്.  2017 ജൂൺ 21ന് മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലേറിയത് മുതൽ സ്വീകരിക്കുന്ന നടപടികളും നിലപാടുകളും മാത്രമാണ് വിമർശനങ്ങളുടെ ശരങ്ങൾ തൊടുക്കുന്നതെന്ന് വ്യക്തം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഖത്തറിന് മേൽ 2017 ജൂൺ അഞ്ചിന് ഉപരോധം ഏർപ്പെടുത്തിയ നാല് രാഷ്ട്രങ്ങളിലൊന്ന് (യു.എ.ഇ, ബഹറൈൻ, ഈജിപ്ത്) സൗദിയാണ്. മുസ്‌ലിം പണ്ഡിതന്മാർ, വനിതാ അവകാശ പ്രവർത്തകർ, രാജകുടുംബത്തിലെ അം​ഗങ്ങൾ എന്നിവരെ ലക്ഷ്യംവെച്ചുള്ള പ്രവർത്തനവുമായി ഭരണകൂടം മുന്നോട്ടുപോകുന്നു. അങ്ങനെ, ഭരണകൂട വിമർശകരും, പണ്ഡിതന്മാരും, വിദ്യാഭ്യാസ വിചക്ഷണരും ഉൾപ്പെടുന്ന എഴുപതോളം പേരെ 2017 സെപ്തംബറിലും, രാജകുടുംബാം​ഗങ്ങളും ബിസിനസ്സുകാരും ഉൾപ്പെടുന്ന നാൽപതോളം പേരെ നവംബറിലും അറസ്റ്റ് ചെയ്യുന്നു. വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി വിമർശകനുമായിരുന്ന ജമാൽ ഖഷോ​ഗി 2018 ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിലെ സൗദി പങ്കിനെ സംബന്ധിച്ച വിമർശനം ലോക തലത്തിൽ ഉയരുകയും ശക്തമാവുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുമ്പൾ തന്നെ സമാന്തരമായി പരിഷ്കരണത്തിന്റെയും, അവകാശങ്ങൾ വകവെച്ച് നൽകുന്നതിന്റെയും പേരിൽ ലോക ശ്രദ്ധ രാജ്യത്തേക്ക് ക്ഷണിക്കുന്നു. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് അനുവദിക്കുക, പുരുഷനായ ബന്ധുവില്ലാതെ സ്ത്രീകൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുവദിക്കുക, പുരുഷ രക്ഷാകർത്താവില്ലാതെ ഹോട്ടലിൽ മുറിയെടുക്കുന്നതിന് അനുവദിക്കുക, വിവാഹ ബന്ധം തെളിയിക്കുന്ന രേഖയില്ലാതെ വിദേശികളായ സ്ത്രീക്കും പുരുഷനും ഒരു റൂമിൽ കഴിയുന്നതിന് അനുവദിക്കുക എന്നീ ചരിത്ര മാറ്റത്തിനാണ് സൗദി സന്നദ്ധമായിരിക്കുന്നത്. രാജ്യത്തനകത്ത് വിമർശനം ഉയരുമ്പോൾ രാജ്യം പരിഷ്കരണ പാതയിലെന്ന് ലോകത്തെ അറിയിക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു. ഒരു ഭാ​ഗത്ത് രാജ്യത്തെ പൗരന്മാരെ അടിച്ചമർത്തുകയും, മറുഭാ​ഗത്ത് പരിഷ്കരണം നടത്തുകയുമെന്നത് എങ്ങനെ ഒരുമിച്ച് സാധ്യമാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ചോദിക്കുന്നത്.

Also read: ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും

ഈയൊരു സാഹചര്യത്തിലാണ് സൗദി ഭരണകൂടം വിമൻ 20 (W20) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷത്തെ ജി20ക്ക് ആതിഥ്യമരുളുന്നത് സൗദിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആക്ഷേപങ്ങൾ ഉയരുകയും, ജി20ക്ക് മുന്നോടിയായ നടന്ന യോ​ഗം മൂന്ന് സന്നദ്ധ സംഘടനകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് നഗരങ്ങൾക്കൊപ്പം ലണ്ടൻ മേയർ സാദിഖ് ഖാനും അക്കൂട്ടത്തിലുണ്ട്. സൗദിയുടെ അക്രമണങ്ങൾ വെള്ളപൂശാനുള്ള ശ്രമത്തെ ചെറുക്കണമെന്നാണ് ലോക നേതൃത്വങ്ങളോട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നത്. രാജ്യത്ത് വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും, വിമൻ 20 ഉച്ചകോടി നടത്തുകയും ചെയ്യുന്ന സൗദിയുടെ കാപട്യത്തെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന അപലപിക്കുകയും ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തക ലുജൈൻ അൽ ഹദലൂൽ ഉൾപ്പടെയുള്ളവരെ 2018ൽ ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വിമൻ 20ക്ക് രാജ്യം ആതിഥ്യമരുളുമ്പോൾ ജയിലിൽ കഴിയുന്ന വനിതകൾക്ക് വേണ്ടി ശബ്ദിക്കണമെന്നാണ് മനുഷ്യാവകാശ സംഘടന ഉച്ചകോടിയിൽ സംബന്ധിക്കുന്നവരോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

Related Articles