Current Date

Search
Close this search box.
Search
Close this search box.

ഭരണഘടനാ ഹിതപരിശോധന തുനീഷ്യക്കാർ ബഹിഷ്കരിക്കണം

തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് രൂപകൽപ്പന ചെയ്ത പുതിയ ഭരണഘടനയുടെ കരടിന്മേലുള്ള ഹിതപരിശോധന ഈ ജൂലൈ 25 – ന് നടക്കുന്നു. തുനീഷ്യയിൽ വിപ്ലവാനന്തരം ഉണ്ടായ സകല രാഷ്ട്രീയ മാറ്റങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം മാത്രമാണ് ഈ ഹിത പരിശോധന. രാജ്യത്തെ നന്നേ ചെറുപ്പമായ ജനാധിപത്യത്തെ ഖൈസിന്റെ ഏക വ്യക്തി ഭരണത്തിന് വേണ്ടി ജനാധിപത്യപരമെന്ന് തോന്നിക്കുന്ന ഒരു പ്രക്രിയയിലൂടെ തികഞ്ഞ ഏകാധിപത്യത്തിൽ കൊണ്ടെത്തിക്കുന്ന വളരെ അപകടകരമായ ഒരു വഴിത്തിരിവ് കൂടിയാണിത്.

ഇദ്ദേഹം മുന്നോട്ട് വെക്കുന്ന ഭരണഘടന അമിതാധികാരമുളള ഒരു പ്രസിഡൻഷ്യൽ ഭരണ സംവിധാനത്തെ പുനസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ആ ഘടനയിൽ ജുഡീഷ്യറിയും ലജിസ്ളേച്ചറുമൊക്കെ പൂർണ്ണമായും പ്രസിഡന്റിന്റെ പിടിയിലായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്ര സംവിധാനങ്ങളുടെയും ബഹുസ്വരതയും ഇല്ലാതെയാകും. രാജ്യത്തെ സുപ്രധാന സംവിധാനങ്ങൾ പരസ്പരം നിയന്ത്രിക്കുന്ന അവസ്ഥ ഇല്ലാതാക്കി എല്ലാം എക്സിക്യുട്ടീവിൽ കേന്ദീകരിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും സുപ്രധാനമായ വശം. ചുരുക്കം പറഞ്ഞാൽ, ഏതൊരു ഏകാധിപത്യ സംവിധാനത്തെ പിഴുതെറിയാനാണോ തുനീഷ്യക്കാർ പതിറ്റാണ്ടുകൾ പട പൊരുതിയത് അതിനെ തിരിച്ചു കൊണ്ട് വരികയാണ് ഇതിന്റെയൊക്കെ ആത്യന്തിക ലക്ഷ്യം. അതിനാൽ ഈ ഹിത പരിശോധനയെ ബഹിഷ്കരിക്കുക എന്നത് മാത്രമാണ് തുനീഷ്യക്കാരുടെ മുമ്പിലുള്ള ഏക ഓപ്ഷൻ. പ്രായം കുറഞ്ഞതെങ്കിലും ദുർബലമായ അവരുടെ ഡമോക്രസിയെ അങ്ങനെ രക്ഷിക്കാനായേക്കും.

2021 ജൂലൈ 25 – ന് ഖൈസ് സഈദ് അധികാരമെല്ലാം കൈപിടിയിലൊതുക്കിയ ശേഷം ( സുരക്ഷാ സേനയാണ് ഇതിന് മുഖ്യമായും കൂട്ടുനിന്നത് ) പ്രശ്നകലുഷിതമെങ്കിലും ചലനാത്മകമായ തുനീഷ്യൻ ജനാധിപത്യം ആവാസ വ്യവസ്ഥയുടെ തൂണുകളൊന്നൊന്നായി പിഴുത് മാറ്റുകയായിരുന്നു. പൗരസ്വാതന്ത്രൃങ്ങൾക്കൊക്കെ കൂച്ചുവിലങ്ങിടുകയും ചെയ്തു. പാർലമെന്റ് അടച്ചുപൂട്ടിയ ശേഷം ഭയത്തിന്റെതായ ഒരു അദൃശ്യ സാന്നിധ്യം നിലനിർത്തി രാഷ്ട്രീയ പ്രതിയോഗികളെ നിശ്ശബ്ദരാക്കാനും അവരെ പൊതുയിടങ്ങളിൽ നിന്ന് പുറത്താക്കാനും അയാൾക്ക് കഴിഞ്ഞു. ദേശീയ മാധ്യമങ്ങളിൽ നിന്ന് എതിർക്കുന്ന സ്വരങ്ങളെ ഇല്ലായ്മ ചെയ്തു. നിരവധി മുൻ പാർലമെന്റ് അംഗങ്ങളെയും നിയമജ്ഞരെയും പൊതുപ്രവർത്തകരെയും തടവിലുമാക്കി.

എല്ലാ അധികാരങ്ങളും കൈപിടിയിലാക്കി ഒരു വർഷം തികയുന്നതിന് മുമ്പാണ് ഖൈസ് സ്വന്തമായി ഒരു ഭരണഘടന എഴുതിയുണ്ടാക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ചിലപ്പോൾ ഭരണം കൈയിലായെന്ന് കണ്ടാൽ ശക്തമായ ഒരു ജനകീയ ഭരണം സ്ഥാപിക്കുകയാണ് എന്ന വ്യാജേന ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. ഏകാധിപത്യം അരക്കിട്ടുറപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല അത്. autocratic legalism എന്നാണതിന് പറയുക. ശക്തമായ നിയമ വ്യവസ്ഥ സ്ഥാപിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന ഈ ചട്ടങ്ങളൊക്കെ തുനീഷ്യക്കാരെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. ശക്തമായ രാഷ്ട്രം സ്ഥാപിക്കാനായി നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയെ നീങ്ങുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നത് അതിന് വേണ്ടിയാണ്.

അടുത്തൂൺ പറ്റിയ നിയമ പ്രഫസറായ ഖൈസ് സഈദിന് വിപ്ലവാനന്തര തുനീഷ്യയിലെ ഇളകിക്കളിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായിട്ടറിയാം. നിലവിലുള്ള ഭരണഘടനയിലെ ചില പഴുതുകളും തകരാറുകളും തനിക്കനുകൂലമാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ചേരിതിരിഞ്ഞ് പൊരുതുന്ന പാർലമെന്റിൽ പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും, സാമ്പത്തിക പ്രതിസന്ധി ജനത്തെ ശ്വാസം മുട്ടിക്കുകയാണെന്നും കണ്ടപ്പോൾ അതൊക്കെ ആയുധമാക്കി ജനാധിപത്യ സംവിധാനങ്ങളെ ഉള്ളിൽ നിന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു ഖൈസ്. താൻ ജനാധിപത്യത്തെ ഇളകാതെയും വീഴാതെയും ‘കുറ്റിയുറപ്പിച്ച്’ നിർത്തുകയാണെന്ന വീരവാദവും!

ജനാധിപത്യ തത്ത്വങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഖൈസ് നാവിട്ടടിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ അയാൾ ചെയ്യുന്നതെന്താണ്? സൈന്യത്തെയിറക്കി ബലപ്രയോഗം നടത്തുന്നു. എന്ന് മാത്രമല്ല 2014 – ലെ ഭരണഘടനയുടെ 80-ാം ഖണ്ഡിക ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുകയും പാർലമെന്റ് പിരിച്ച് വിടുകയും ചെയ്യുന്നു. അതേസമയം, രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി രാഷ്ട്രീയ നിരീക്ഷകരെ, 2021 ജൂലൈ 25 – ന് നടന്നത് അട്ടിമറിയാണോ അല്ലേ എന്ന ആശയക്കുഴപ്പത്തിൽ പെടുത്താനും അയാൾക്ക് കഴിഞ്ഞിരിക്കുന്നു. പ്രസിഡന്റ് ഇപ്പോഴും ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അവരിൽ പലരും ഇപ്പോഴും കരുതുന്നു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ സ്വേഛാധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള തന്റെ ‘നിയമ ചട്ടക്കൂടു’ മായി അയാൾ വിജയകരമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരവധി തിട്ടൂരങ്ങളിറക്കി ജുഡീഷ്യറിയെയും പൗര സംഘടനകളെയും അയാൾ ഇല്ലായ്മ ചെയ്തു കഴിഞ്ഞു. ദേശീയ മീഡിയയെ വരുതിയിലാക്കുകയും വിയോജിപ്പിനെ കുറ്റകൃത്യമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

ഇപ്പോൾ ഹിതപരിശോധന നടത്തുന്നതും താൻ ജനാധിപത്യമാർഗത്തിൽ മുന്നേറുകയാണെന്ന് ലോകത്തെയും തുനീഷ്യൻ ജനതയെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. ഹിത പരിശോധനക്ക് വെക്കുന്ന ഈ കരട് ഭരണഘടനയിൽ മൗലികാവകാശങ്ങൾ, ജനങ്ങളുടെ ഇഛ, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച എന്നൊക്കെ പേർത്തും പേർത്തും എഴുതി വെച്ചത് കാണാം. പക്ഷെ അധികാരമേറ്റതിന് ശേഷം ഇന്ന് വരെയുള്ള ഇയാളുടെ പ്രവർത്തനങ്ങൾ, ജനാധിപത്യത്തിലോ ജനേഛ പാലിക്കുന്നതിലോ തനിക്ക് തരിമ്പും താൽപ്പര്യമില്ലെന്ന് വിളിച്ചോതുന്നു. നോക്കൂ, സകല രാഷ്ട്രീയ പാർട്ടികളെയും പുറത്ത് നിർത്തിയാണ് ഇയാൾ ഈ കരട് ഭരണഘടന ഉണ്ടാക്കിയത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിയോഗിയായ അന്നഹ്ദ പാർട്ടി തലവൻ റാശിദ് ഗന്നൂഷിക്കെതിരെ ഖൈസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. പണം തിരിമറി നടത്തി എന്നാരോപിച്ച് അദ്ദേഹത്തിന്റെയും മറ്റു നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഖൈസ്പിരിച്ചു വിട്ടു. അമ്പത്തേഴിലധികം ജഡ്ജിമാരെ പുറത്താക്കി. ജൂലൈ 25-ന് റഫറണ്ടം നടക്കുന്ന കരട് ഭരണഘടനയെക്കുറിച്ചുളള പൊതു ചർച്ചയിൽ തന്റെ ഒപ്പമുള്ളവർ മാത്രം പങ്കെടുത്താൽ മതിയെന്ന് തിട്ടൂരമിറക്കുകയും ചെയ്തിരിക്കുന്നു. ഭരണഘടനാ ഹിതപരിശോധന യഥാർഥ ഹിത പരിശോധനയല്ല എന്നും പറഞ്ഞിരിക്കുന്നു. അതായത് നിങ്ങൾ ഈ ഹിത പരിശോധനയിൽ എതിർത്ത് വോട്ട് ചെയ്തിട്ട് കാര്യമില്ല. അതൊരു ‘അഭിപ്രായമാരായൽ’ മാത്രമാണ്. തുനീഷ്യയുടെ പുതിയ സ്വേഛാധിപതി(അയാൾ തന്നെയായിരിക്കും തെരഞ്ഞെടുപ്പിനും ചുക്കാൻ പിടിക്കുക ) യുടെതായിരിക്കും അവസാന തീരുമാനം.

അത് കൊണ്ടാണ് പറയുന്നത് തുനീഷ്യക്കാർ ഈ ഹിതപരിശോധന ബഹിഷ്കരിച്ചേ പറ്റൂ. തന്റെ സ്വേഛാധിപത്യത്തിന്റെ ആയുസ്സ് നീട്ടിയെടുക്കാൻ ഖൈസ് പുറത്തെടുക്കുന്ന ചതി പ്രയോഗങ്ങളിൽ ഒന്നു മാത്രമാണിത്. ബഹിഷ്കരിച്ചു കൊണ്ടേ തുനീഷ്യക്കാർക്ക് തങ്ങളുടെ ശബ്ദം കേൾപ്പിക്കാനാവുകയുള്ളൂ.

വിവ : അശ്റഫ് കീഴുപറമ്പ്
( തുനീഷ്യൻ അക്കാദമിക്കും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ. )

Related Articles