Current Date

Search
Close this search box.
Search
Close this search box.

‘എനിക്കിപ്പോൾ ശ്വസിക്കാൻ പറ്റുന്നുണ്ട്’

സംഘിപരിവാർ വംശീയ ഭീകരതയുടെ തെളിഞ്ഞ ചിത്രമാണ് 2002 ൽ നടന്ന ഗുജറാത്ത് വംശഹത്യ. വെറുപ്പിന്റെ രാഷ്ട്രീയം പടച്ചുവിട്ട് പൂർണമായും ഭരണകൂട പിൻബലത്തോട് കൂടി നടന്ന ഒരു കലാപം. നാളിതുവരെ രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്ന്. വ്യക്തമായി പറഞ്ഞാൽ അന്നാട്ടിലെ മുസ്ലിം സമുദായത്തെ തന്നെ സമ്പൂർണമായി തുടച്ചുനീക്കാനുള്ള പദ്ധതിയായിരുന്നു അത്. പ്രധാനമന്ത്രി നരേദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടത്തിയ മുസ്ലിം വംശ്യഹത്യ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബിൽകീസ് ബാനു കേസ്.

പ്രിയപെട്ടവരിൽ പ്രിയപെട്ടവരടക്കം സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ 14 പേർ കണ്മുന്നിൽ വംശഹത്യക്ക് ഇരയാക്കപ്പെട്ട നാൾ. ചോരയുടെ മണം മാറാത്ത പിഞ്ചുകുഞ്ഞിനെവരെ ജീവനോടെ വിടാഞ്ഞ, ശൈശവം വിട്ട് മാറാത്ത മകളെയും കണ്മുന്നിൽ കൊന്നൊടുക്കിയ മനുഷ്യമൃഗങ്ങളെ കണ്‍മുന്നിൽ കണ്ട നാൾ. എന്നാൽ അന്ന് മരണത്തെ നേരിൽ കണ്ട് ജീവിതത്തിലേക്ക് തിരിച്ചു കയറി പോരാട്ട വീര്യം ഒരു തരി പോലും ചോർന്ന് പോവാതെ നീതിക്ക് വേണ്ടി വർഷങ്ങളോളം പൊരുതി എന്നതാണ് അവരെ വ്യത്യസ്‍തയാക്കുന്നത്. അന്ന് വയറ്റിൽ ചുമന്ന കുഞ്ഞിനേയും തന്റെ ഭർത്താവിനെയും കൊണ്ട് നീതിക്കായുള്ള സമരത്തിൽ ബിൽകീസ് ബാനു എന്ന ധീരവനിത മുന്നോട്ട് വെച്ചത് മനകരുത്തിന്റെയും ആർജ്ജവത്തിന്റെയും പെൺരൂപത്തെയാണ്.

2002 ഫെബ്രുവരി 27 ന് സബർമതി ട്രെയിൻ തീപിടുത്തതിന് പിന്നാലെയാണ് മാർച്ച്‌ ആദ്യവാരം വിശ്വഹിന്ദു പരിഷത്ത് ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്‍തത്. ഇതിന്റെ തുടർച്ചയെന്നോണം മുസ്ലിം വീടുകളും ഗ്രാമങ്ങളും കടകളും ആക്രമിക്കുന്നത് കണ്ട് ബിൽകീസിന്റെ കുടുംബം സംഘമായി രാധിക്‍പൂറിലെ തന്റെ ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിലേക്ക് അഭയം തേടി പോവുകയായിരുന്നു. ബിൽകീസിന്റെ ഭർത്താവ് യാക്കൂബിന്റെ ഗ്രാമമായ ദേവ്ഘണ്ട് ബരിയിലേക്ക് പോകുന്ന വഴിയാണ് 30 പേരടങ്ങുന്ന സംഘം കുടുംബത്തെ വളഞ്ഞത്. അതിൽ 12 പേർ ബിൽകീസ് ബാനുവിന്റെ നാട്ടിലുള്ള അടുത്തറിയുന്ന ആളുകളായിരുന്നു. 

ഈ 12 പേർ ചേർന്നാണ് 5 മാസം ഗർഭിണിയായ ബിൽകീസിനെയും കൂട്ടത്തിലുള്ള സ്ത്രീകളെയും കൂട്ടബലാത്സംഗത്തിനിരായാക്കുന്നത്. ബിൽകീസിനെ മധ്യവയസ്‍കരായ രണ്ടുപേർ ചേർന്ന് വിവസ്ത്രയാക്കി അവിടെയുള്ള മരത്തിൽ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽകീസിന് ബോധം തന്നെ തിരിച്ചുകിട്ടുന്നത്. കൂട്ടത്തിലുള്ള ഒരു ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ വരെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു ആക്രമിസംഘം. അതിൽ ഒരാൾ ബിൽകീസിന്റെ പിഞ്ചുകുഞ്ഞിനെ കണ്മുന്നിൽ ഇട്ട് പാറയിലടിച്ചു വലിച്ചെറിയുകയും ചെയ്തു. ഭയാനകം എന്ന് പറഞ്ഞാൽ മതിയാവുകയില്ല, നിരപരാധികളായ 14 പേർ ഒരു കുടുംബത്തിൽ നിന്ന് തന്നെ കൊല്ലപ്പെട്ട ദിവസം. 

പാതിജീവനിൽ ബിൽകീസ് അടുത്ത ഗ്രാമത്തിലെത്തി 2002, മാർച്ച്‌ 4 ന് തന്നെ ലിംഖദ പോലീസ് സ്റ്റേഷനിലെത്തി കുറ്റവാളികളുടെ പേരുകളടക്കം ചേർത്ത് പരാതി കൊടുത്തു. ഈ പേരുകളൊന്നും അന്നത്തെ എഫ്.ഐ.ആറിൽ കൊടുക്കാൻ അന്നത്തെ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. അങ്ങനെ ഒരുവർഷത്തിന് ശേഷം 2003 മാർച്ച്‌ 25 ന് കേസ് എഴുതി തള്ളാനുള്ള നീക്കമുണ്ടായി. ഇത് തിരിച്ചറിഞ്ഞ ബിൽകീസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും  അതുവഴി കമ്മീഷൻ കേസ് സുപ്രീം കോടതിയിലേക്ക് നീക്കുകയും ചെയ്തു. ശേഷം സുപ്രീം കോടതി കേസ് സിബി.ഐ ക്ക് വിടുകയായിരുന്നു.

2003 ഡിസംബറിൽ സി.ബി.ഐ ഏറ്റെടുത്ത കേസിൽ, 2004 ജനുവരി 22 നു തന്നെ 12 പ്രതികളെ അറസ്റ്റുചെയ്തു. ഇതിനിടയിൽ ഗുജറാത്തിൽ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി. നീണ്ട നാലുവർഷത്തിന് ശേഷം 2008 ൽ പ്രതിപട്ടികയിൽ ചേർത്ത 12 പ്രതികൾക്ക് കോടതി  ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017 മെയ്‌ 5 നാണ് പ്രതികൾക്കുള്ള ശിക്ഷ ബോംബെ ഹൈകോടതി ശരിവെക്കുന്നത്. അഞ്ചുവർഷത്തിനിപ്പുറം 2022 ൽ ശിക്ഷാ കാലാവധിക്കു മുന്നേതന്നെ ജയിൽ മോചനത്തിനായി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചു കൊണ്ട് ഗുജറാത്ത് സർക്കാരിന്റെ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നയത്തിന്റ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ ആഘോഷപരിപാടികളുടെ ഇടയിൽ തന്നെ പ്രതികളെ മോചിപ്പിക്കുകയായിരുന്നു.എത്ര ഭീകരം! 

വലിയ ഞെട്ടലുകൾ ഇല്ലെങ്കിലും അന്നേ ദിവസം ഗോദ്ര സബ്‍ജയിലിൽ നിന്ന് പുറത്തിറങ്ങിയ കുറ്റവാളികളെ മാലയിട്ടു സ്വീകരിച്ച ഗുജറാത്തിലെ ബി.ജെ.പി സർക്കാർ നൽകുന്ന അത്യന്തം ഹീനമായ രാഷ്‍ട്രീയ സന്ദേശത്തെ തച്ചുടക്കുന്ന ചരിത്രനീക്കങ്ങൾ തന്നെയാണ് പിന്നീടുണ്ടായത്. ഒട്ടും തളരാതെ തന്നെ ബിൽകീസ് നവംബർ 30 ന്  ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. എം.പി സുബാഷ്നി അലി, രേവതി റൗൽ, പ്രൊഫ. രേഖ വർമ എന്നിവർ സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജിയും സമർപ്പിച്ചു. എന്നാൽ ബിൽകീസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളുകയായിരിന്നു. 

പൊതുതാല്പര്യ ഹർജി പ്രകാരം സുപ്രീം കോടതി ഗുജറാത്ത് സർക്കാറിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ചിരുന്നു. അങ്ങനെ രണ്ട് മാസത്തിന് ശേഷം ബിൽകീസ് ബാനു സമർപ്പിച്ച ഹർജി ഉൾപ്പെടെ ഉള്ള ഹർജികളിൽ 11 ദിവസം നീണ്ട വാദം കേൾക്കലിന് ശേഷം 2024 ജനുവരി 8 ന് പ്രതികളുടെ ശിക്ഷയിളവ് റദ്ദാക്കികൊണ്ടുള്ള വിധി വന്നു. ജസ്റ്റിസ്‌ ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഈ ചരിത്ര വിധിക്കു പിന്നിൽ. കോടതി വിധിയെ നിയമത്തിന്റെ സാധ്യതകളിലൂടെ തന്നെ വിശദമായി പറഞ്ഞുവെച്ചു കൊണ്ട് പരമോന്നത കോടതിയെ തന്നെ അക്കമിട്ട് തിരുത്തിയ ജസ്റ്റിസ് ബി.വി നാഗരത്ന ബിൽകീസ് ബാനു കേസിലെ മറ്റൊരു രത്നമായി മാറി. 

കേസിലെ പ്രതിയായ രാധേ ശ്യാം ഭഗവാൻ ദാസ് കോടതിയെ തന്നെ കബളിപ്പിച്ചെടുത്ത ഉത്തരവിലാണ് പ്രതികളെ മോചിപ്പിച്ചത്. ഇത് തെറ്റാണെന്നും , പൊതുജന വിശ്വാസം വീണ്ടെടുക്കാൻ തെറ്റായ ഉത്തരവുകൾ എത്രയും പെട്ടെന്നു തിരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്തം ആണെന്നും, കോടതികൾ നീതിയുടെ അക്ഷരങ്ങൾ നോക്കിയാൽ പോരാ ഉള്ളടക്കവും ഓർക്കണമെന്നും സൂചിപ്പിക്കുന്നുണ്ട്  സുപ്രീം കോടതി. 

രണ്ട് പതിറ്റാണ്ടു കാലം നീണ്ടു നിന്ന പോരാട്ടത്തിൽ നീതിന്യായ വ്യവസ്ഥ പോലും കൈവിട്ട നിമിഷങ്ങളിലും തന്റെ തീരുമാനത്തിലുറച്ചു നിന്ന് നിരന്തരം പൊരുതിനേടിയ നീതിയെ കുറിച്ച് ബിൽകീസ് ബാനുവിൻ്റെ പ്രതികരണം പ്രസക്തമാണ്. നെഞ്ചിൽ നിന്നൊരു ഭാരം ഇറക്കിവെച്ചത് പോലെയാണ്, വീണ്ടും ശ്വസിക്കാനാകുന്നു, ഇന്നാണ് എനിക്ക് പുതുവർഷം തുടങ്ങുന്നത്, കൃത്യമായി പറഞ്ഞാൽ ഒന്നര വർഷത്തിന് ശേഷം ഞാനിന്നാണ് ഒന്ന് നേരെ പുഞ്ചിരിക്കുന്നത് എന്നിങ്ങനെ പോവുന്നുണ്ട് ബിൽക്കീസിൻ്റെ വാക്കുകൾ. രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിലുടനീളം കൂടെയുണ്ടായിരുന്ന ഭർത്താവ് യാഖൂബിനെയും മകളെയും അഭിഭാഷക ശോഭഗുപ്തയെയും കുറിച്ച് ബിൽകീസ് ആവേശത്തോടെ പറയുന്നത് കാണാം.

മുഖ്യധാര ഫെമിനിസ്റ്റ് മുഖചിത്രങ്ങളിൽ ബിൽകീസ് ബാനു ഒരിക്കൽ പോലും കടന്ന് വന്നതായി നമുക്ക് കാണാൻ കഴിയില്ല. സംഘ്പരിവാർ നേത്രൃത്വം നൽകുന്ന ഹിന്ദുത്വ വംശീയതക്കെതിരെ തുല്യതയില്ലാത്ത പോരാട്ടം നയിച്ചൊരു സ്ത്രീ അത്തരമൊരു ഐക്കൺ ആയി മാറാത്തതിൻ്റെ കാരണങ്ങൾ വ്യക്തമാണ്. ഒരേ സമയം തന്റെ സ്വത്വത്തെ മുറുകെ പിടിക്കുകയും, തനിക്കും തന്റെ കുടുംബത്തിനും നേരെയുണ്ടായ സംഘ്പരിവാർ അതിക്രമങ്ങളെ തുറന്ന് കാട്ടുകയും  ചെയ്തവരാണവർ. നിയമ സംവിധാനങ്ങൾ വരെ സ്രൃഷ്ടിച്ച നിരന്തരമായ പ്രതിസന്ധികൾക്കിടയിലും  കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ അവസാനം വരെയും പോരാടി എന്നതാണ് അവരുടെ പ്രത്യേകത. അത് മുസ്‍ലിം സ്ത്രീയെ കുറിച്ച മുഖ്യധാര-ലിബറൽ-സംഘ്പരിവാർ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. 

മാനസികമായും ശാരീരികമായും ഇത്രയേറെ അതിക്രമങ്ങൾക്കിരയായിട്ടും ഒരടി പോലും പിറകോട്ടു വെക്കാതെ തന്റെ മുഖമുയർത്തി മകളെയും കയ്യിൽ പിടിച്ചു മാധ്യമങ്ങൾക്കും കോടതികൾക്കും മുന്നിൽ നിലപാടുകൾ കൊണ്ട് അമ്പുകൾ തൊടുത്തു വിട്ട ബിൽകീസിന്റെ ധീരതക്കു മുന്നിൽ ശിരസുകൾ താഴ്ന്നു പോവും. അപരവിദ്വേഷം സാധാരണത്വം കൈവരിക്കുകയും അതിക്രമകാരികൾ ആദരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ബിൽക്കീസ് ബാനു പ്രതീക്ഷയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിൻ്റെ ഒടുവിൽ അവർ തന്നെ പറഞ്ഞത് പോലെ എല്ലാവർക്കും ശ്വസിക്കാൻ കഴിയുന്ന കാലം വരട്ടെ.

Related Articles