Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോഴും നമ്മള്‍ വെറുതെ നോക്കിനില്‍ക്കുകയാണോ ?

എനിക്ക് ഒരു പൊതു പ്ലാറ്റ്‍ഫോമില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല, ജര്‍മനിയില്‍ പോലും എന്റെ അഭിപ്രായങ്ങള്‍ ഫലത്തില്‍ നിരോധിച്ചിരിക്കുകയാണെന്ന് എനിക്കറിയാം. ഗസ്സയില്‍ അടിന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജൂത, മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു, കമ്മ്യൂണിസ്റ്റ്,നിരീശ്വരവാദി, അവിശ്വാസി തുടങ്ങി ദശലക്ഷക്കണക്കിന് ആളുകള്‍ ലോകമെമ്പാടുമുള്ള തെരുവുകളില്‍ മാര്‍ച്ച് ചെയ്യുകയാണ്.

നമ്മുടെ വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഇടവേളകളിലേക്ക് തത്സമയം ഈ യുദ്ധം സംപ്രേക്ഷണം ചെയ്യപ്പെടുമ്പോള്‍ പോലും, ഈ നഗ്‌നമായ കൊലപാതകം തുടരാന്‍ നമ്മള്‍ അനുവദിക്കുകയാണെങ്കില്‍, നമ്മളും അതില്‍ പങ്കാളികളാണ്. നമ്മുടെ ധാര്‍മ്മികതയില്‍ ചിലത് എന്നെന്നേക്കുമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ക്ക് നേരെ ബോംബെറിയുമ്പോഴും ഒരു ദശലക്ഷം ആളുകള്‍ പലായനം ചെയ്യപ്പെടുമ്പോഴും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുക്കുമ്പോഴും നമ്മള്‍ വെറുതെ നോക്കിനില്‍ക്കുകയാണോ?

ഉന്മൂലനം ചെയ്തിട്ട് കാര്യമില്ല എന്ന നിലയിലേക്ക് ഒരു ജനതയെ മുഴുവന്‍ മനുഷ്യത്വരഹിതമായി കൊന്നൊടുക്കുന്നത് നമ്മള്‍ ഒരിക്കല്‍ കൂടി കാണാന്‍ പോകുകയാണോ? വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശവും ഗസ്സ ഉപരോധവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്.

അധിനിവേശത്തിന് മൂലധനം നല്‍കുന്ന യു.എസും മറ്റ് രാജ്യങ്ങളും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ഇസ്രായേല്‍ സാധാരണ ജനങ്ങളെ മനഃസാക്ഷിയില്ലാത്ത വിധത്തില്‍ കൊന്നൊടുക്കുന്നത് ഉപരോധത്തിന്റെയും അധിനിവേശത്തിന്റെയും അനന്തരഫലമാണ്. ക്രൂരതയെക്കുറിച്ച് എത്ര തന്നെ വ്യാഖ്യാനിച്ചാലും, ഇരുപക്ഷത്തെയും അപലപിച്ചാലും, ഈ ക്രൂരതകളുടെ വ്യാപ്തിയെക്കുറിച്ചുള്ള സമീകരണങ്ങളൊന്നും ഒരു പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കില്ല.

അധിനിവേശമാണ് ഈ അതിനിഷ്ടൂരതയെ വളര്‍ത്തുന്നത്. അത് കുറ്റവാളികളോടും ഇരകളോടും ഒരുപോലെ അക്രമം ചെയ്യുകയാണ്. ഇരകള്‍ മരിച്ചു. കുറ്റവാളികള്‍ അവര്‍ എന്താണോ ചെയ്തത് അതിന്റെ കൂടെ ജീവിക്കേണ്ടിവരുന്നു. അവരുടെ കുട്ടികളും അതിന്റെ തലമുറകളും അങ്ങനെ തന്നെ. പരിഹാരം സൈനികമല്ല. ഇസ്രയേലികളും ഫലസ്തീനികളും ഒരുമിച്ചോ അന്തസ്സോടെയോ തുല്യ അവകാശങ്ങളോടെയോ ജീവിക്കുന്ന രാഷ്ട്രീയം മാത്രമായിരിക്കും പരിഹാരം. അതിന് ലോകം ഇടപെടണം.

അധിനിവേശം അവസാനിപ്പിക്കണം. ഫലസ്തീനികള്‍ക്ക് പ്രായോഗികമായ സ്വതന്ത്രമായ ഒരു ജന്മഭൂമി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍, പാശ്ചാത്യ ലിബറലിസത്തിന്റെ ധാര്‍മ്മികത ഇല്ലാതാകും. നമുക്കറിയാം, അത് എല്ലായ്‌പ്പോഴും കാപട്യമായിരുന്നു. എങ്കിലും അത് അല്‍പമെങ്കിലും അഭയം നല്‍കിയിരുന്നു. ആ അഭയം ഇപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമാകുകയാണ്.

അതുകൊണ്ട്, ദയവുചെയ്ത് ഫലസ്തീനിനും ഇസ്രായേലിനും വേണ്ടി, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്കും ബന്ദികളാക്കിയവര്‍ക്കും സര്‍വോപരി എല്ലാ മനുഷ്യരാശിക്കും വേണ്ടി ഇപ്പോള്‍ തന്നെ വെടിനിര്‍ത്തുക.

Related Articles