Current Date

Search
Close this search box.
Search
Close this search box.

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

ഇന്ത്യൻ സർക്കാർ ദിനംപ്രതി ഉയർത്തിക്കൊണ്ട് വരുന്ന ഇസ്ലാമോഫോബിയക്ക് തടയിടാനും മുട്ടുകുത്തിക്കാനും
ലോകത്തിലെ പല മുസ്ലീം ഭരണാധികാരികളും ഒന്നായി കണ്ണിചേർന്ന പ്രവാചകനിന്ദക്കെതിരെയുള്ള ഈ പ്രതിഷേധത്തിന് സാധ്യമാവും. ഈ നീക്കം ഒരുപാട് പാഠങ്ങളും സന്ദേശങ്ങളും നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുള്ളിലെ വംശഹത്യ പ്രവണതകൾ കുറക്കാനും അറുതി വരുത്താനും ഒരുപക്ഷെ ഇത് കാരണമായേക്കാം.

മുൻസംഭവങ്ങളെ പോലെത്തന്നെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയുമായുള്ള ഒരു അഭിമുഖമാണ് ഇതിനു പ്രേരകമായത്. ഇസ്ലാമിലെ ഏറ്റവും ആദരണീയനായ മനുഷ്യനായ മുഹമ്മദ്‌ നബിയെ പരിഹസിക്കുന്നത് നല്ല ആശയമാണെന്നാണ് നൂപൂർ ശർമ്മ കരുതിയത്. പ്രവാചകനെ നിന്ദിക്കുമ്പോഴെല്ലാം, അത് പ്രചോദനാത്മകമല്ലാത്ത ഒരു പുസ്തകത്തെ പ്രചരിപ്പിക്കുകയോ , ഇടത്തരം സിനിമകളെയും നല്ലതല്ലാത്ത ചിത്രങ്ങളയും പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പോലെയാണെന്നായിരുന്നു അവരുടെ ധാരണ. ഇവ മുസ്‌ലിം ലോകത്ത് കോലാഹലങ്ങൾ സൃഷ്ടിക്കുകയും , പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമ തലക്കെട്ടുകളിൽ ഇടം നേടുകയും , ഒരു മാധ്യമ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇങ്ങനെ ചെയ്തത്.

രാഷ്ട്രീയനേതാക്കൾ മുസ്‌ലിം വിരുദ്ധ ഗ്രൂപ്പുകൾക്കും വലതുപക്ഷ വോട്ടർമാർക്കും മത വിരോധികൾക്കുമിടയിൽ തങ്ങളുടെ ജനപ്രീതി വർധിപ്പിക്കാനുള്ള മാർഗമായി ഇസ്‌ലാമോഫോബിയയെ ഉപയോഗിക്കാറുണ്ട്. ഇത്തരം വെല്ലുവിളി ഉയർന്ന സന്ദർഭങ്ങളിൽ മുസ്‌ലിംകൾ പൊതുവെ സ്വാഭാവിക പ്രകടനങ്ങളിലൂടെയും റാലികളിലൂടെയും തങ്ങളുടെ നിരാശയും രോഷവും പ്രകടിപ്പിക്കാറാണ് പതിവ്. മുസ്‌ലിം കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഈ പ്രതികരണങ്ങളിൽ മിക്കതും കനത്ത പോലീസ് സന്നാഹത്താൽ അവഗണിക്കപ്പെടുകയോ അടിച്ചമർത്തുകയോ ചെയ്യുകയാണ്.

കഴിഞ്ഞ ദശകങ്ങളിലായി ലോകമെമ്പാടുമുള്ള മതഭ്രാന്തന്മാരിൽ നിന്ന് മുസ്‌ലിംകൾ ശക്തമായ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആഘാതം അനുഭവിക്കുന്നുണ്ട്. നമ്മുടെ വസ്ത്രധാരണം, ഹലാൽ ഭക്ഷണം, ആരാധനകൾ തുടങ്ങി കാശ്മീരിലെയും പലസ്തീനിലെയും നീതിക്ക് വേണ്ടിയുള്ള നമ്മുടെ പിന്തുണയിൽ പോലും അവർ ഇസ്ലാമോഫോബിയ കൊണ്ടുവരുന്നു. പുതിയ കാലത്ത് സോഷ്യൽ മീഡിയ തുറന്ന മതാന്ധതയും വംശീയതയും വിദ്വേഷവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യ, മ്യാൻമർ, പലസ്തീൻ, ചൈന എന്നിവിടങ്ങളിലുള്ള വലിയ തോതിലെ അനിയന്ത്രിതമായ ഇസ്‌ലാമോഫോബിയ പ്രത്യേകിച്ചും വേദനാജനകമാണ്.

ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവ്, രാജ്യം ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന ടെലിവിഷൻ നെറ്റ്‌വർക്കുകളിലൊന്നായ ടൈംസ് നൗവിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണയെ അപമാനിച്ചതിൽ പെട്ടെന്നു നടപടി സ്വീകരിച്ചത് വലിയൊരു മാറ്റമായി തന്നെ കാണേണ്ടതാണ്. നൂപുർ ശർമ്മയെ യഥാവിധി സസ്‌പെൻഡ് ചെയ്യുകയും പ്രവാചകനെ കുറിച്ച് ആക്ഷേപകരമായി ട്വീറ്റ് ചെയ്ത ബിജെപിയുടെ ഉന്നതനേതാവും മാധ്യമ മേധാവിയുമായ നവീൻ കുമാർ ജിൻഡാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ കലുഷിതമായ സാഹചര്യം പരിഹരിക്കാനായുള്ള തീവ്രശ്രമങ്ങൾ ബി.ജെ.പി നടത്തുകയും ഉടനെതന്നെ പ്രസ്താവന ഇറക്കുകയും ചെയ്തു : “ഇന്ത്യയുടെ ചരിത്രത്തിൽ, എല്ലാ മതങ്ങളും തഴച്ചുവളരുകയും ശക്തമായ വേരോട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ബി.ജെ.പി. ഏതെങ്കിലും മതത്തിലെ ഏത് മതവ്യക്തിത്വത്തെയും അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു.
ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതോ അപമാനിക്കുന്നതോ ആയ എല്ലാ പ്രത്യയശാസ്ത്രങ്ങളെയും ബി.ജെ.പി ശക്തമായി എതിർക്കുന്നു. അത്തരം കക്ഷികളെയും തത്വങ്ങളെയും ബിജെപി ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.”

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്‌ലാമോഫോബിയ വ്യക്തമായി പ്രകടമാക്കിയ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ ദ്രുതഗതിയിലായിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശക്തമായ അവഹേളനം നടത്തുകയും വിശാലമായ സമൂഹത്തിനുള്ളിൽ വ്യക്തമായ ഭീതി പടർത്തുകയും ചെയ്യുകയാണ്. ഇന്ത്യയിലെ 1.4 ബില്യൺ പൗരന്മാരിൽ 14 ശതമാനവും മുസ്ലീങ്ങളാണ്.

ലോക വേദിയിൽ ആദരണീയ വ്യക്തിയായി മുന്നേറാൻ മോദിക്ക് വ്യക്തമായ അഭിലാഷങ്ങളുണ്ട്.അത്കൊണ്ട് തന്നെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള ഉന്നത രാജ്യങ്ങളുമായി ശക്തമായ ബന്ധം വളർത്തിയെടുക്കാൻ മോദി വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. വാഷിംഗ്ടൺ, മോസ്കോ, ബെയ്ജിംഗ് എന്നിവിടങ്ങളിൽ നിന്നും യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ലോകനേതാക്കളെ അദ്ദേഹം സ്വാധീനം സൃഷ്ടിക്കുമ്പോൾ തന്നെ അദ്ദേഹം നിരവധി മുസ്ലീം വിരുദ്ധ നയങ്ങൾ ആവിഷ്കരിക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്ഥാനമായ ആസാമിലും ഇന്ത്യൻ അധീന കശ്മീരിലും വംശഹത്യയുടെ ആദ്യകാല “അടയാളങ്ങളും പ്രക്രിയകളും” പ്രകടമാവുന്നുണ്ടെന്നു ജിനോസൈഡ് വാച്ചി’ന്റെ സ്ഥാപകനും ഡയറക്ടറുമായ ഗ്രിഗറി സ്റ്റാന്റൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ടെലിവിഷനിലും സോഷ്യൽ മീഡിയയിലും തങ്ങളുടെ വിദ്വേഷജനകവും വെറുപ്പുളവാക്കുന്നതുമായ വീക്ഷണങ്ങൾ പങ്കുവെക്കാൻ ശർമ്മയ്ക്കും ജിൻഡാലിനും ധൈര്യം തോന്നിയതിൽ അതിശയിക്കേണ്ടതില്ല. കാരണം, വിദ്വേഷപ്രചരണത്തിനുള്ള നിരവധി ഉദാഹരണങ്ങളിലൂടെ അവരുടെ പ്രധാനമന്ത്രി തന്നെ ഇതിനകം മാതൃകയായിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടുകളായി കശ്മീരിനുണ്ടായിരുന്ന പ്രത്യേക സ്വയംഭരണാവകാശം എടുത്തുകളയുകയും മുസ്ലീം വിരുദ്ധ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുകയും ചെയ്ത ഒരു ഗവൺമെന്റിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. കൂടാതെ 2002-ൽ മുഖ്യമന്ത്രി എന്ന നിലയിൽ ഗുജറാത്തിലെ മുസ്ലീം ന്യൂനപക്ഷ സമുദായത്തിന് നേരെ നടന്ന വംശഹത്യ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. അന്ന് രണ്ടായിരത്തോളം മുസ്‌ലിംകൾ ആസൂത്രിതമായി കൊല്ലപ്പെടുകയും 200,000 പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തത് അതിഭയാനകമായിരുന്നു.

ഇന്ത്യൻ മുസ്‌ലിംകളോടുള്ള അനിയന്ത്രിതമായ വിദ്വേഷം മതപരമായ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നശീകരണത്തിലേക്കും നീങ്ങിയതോടെ മോഡി ബോധപൂർവം ഹിന്ദു ദേശീയ വികാരം ഇളക്കിവിടുകയും പക്ഷപാതിത്വസമീപനങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.

ശർമ്മയ്ക്കും ജിൻഡാലിനുമെതിരെ ദ്രുതഗതിയിലുള്ള അസാധാരണമായ നടപടിക്ക് ബിജെപിയെ പ്രേരിപ്പിച്ചത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകളും ഇന്ത്യയിലെ മുസ്‌ലിം പൗരന്മാരും പ്രകടിപ്പിച്ച സമ്മർദ്ദമോ രോഷമോ കൊണ്ടല്ല. മറിച്ച് ലോക മുസ്ലീം നേതാക്കൾ എടുത്ത ശക്തമായ എതിർപ്പും അവരുടെ കൂട്ടായ എതിർശബ്ദങ്ങളും നട്ടെല്ലുമാണ് അവരെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്.

കഴിഞ്ഞയാഴ്ച്ച ഖത്തറിന്റെ നേതൃത്വത്തിൽ കുവൈറ്റ്, ഒമാൻ, ഇറാൻ, സൗദി അറേബ്യ, ജോർദാൻ, ലിബിയ, തുർക്കി, മാലിദ്വീപ്, ഇറാഖ്, ഇന്തോനേഷ്യ, യുഎഇ, ബഹ്‌റൈൻ, പാകിസ്ഥാൻ, മലേഷ്യ എന്നിവിടങ്ങളിലെ ഗവൺമെന്റുകളെല്ലാം രണ്ട് ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ അപലപിച്ച് പ്രതിഷേധമറിയിച്ചു . 57 രാജ്യങ്ങൾ അംഗത്വമുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷനും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും സമാനമായ പ്രതിഷേധ പ്രസ്താവനകൾ പുറത്തുവിടുകയുണ്ടായി.

ലോകമെമ്പാടുമുള്ള സാധാരണ മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസത്തിന്റെയും ആശയത്തിന്റെയും പേരിൽ പ്രതിസന്ധികൾക്ക് വിധേയരാവുമ്പോൾ ദശാബ്ദങ്ങളായി നാം കൊതിക്കുന്ന ഐക്യത്തിന്റെ ഉദാത്തമാതൃകയാണ് ഇപ്പോൾ നാം കാണുന്നത്.

ഇന്ത്യൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഖത്തറിൽ ത്രിദിന വ്യാപാര പര്യടനത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ-മുറൈഖി “അധിക്ഷേപകരമായ പരാമർശങ്ങൾ മതവിദ്വേഷം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം മുസ്ലീങ്ങളെ വ്രണപ്പെടുത്തുന്നതിനും ഇടയാക്കും” എന്ന് പ്രസ്താവന ഇറക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ #BoycottIndia കാമ്പെയ്‌ൻ ട്രെൻഡിംഗ് ആരംഭിച്ചതായി മണിക്കൂറുകൾക്കുള്ളിൽ പ്രമുഖ ഇന്ത്യൻ മാധ്യമമായ
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഖത്തറിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധത്തിൽ മറ്റ് മുസ്ലീം രാജ്യങ്ങൾ ചേരുകയും വിദേശകാര്യ മന്ത്രിമാർ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യൻ അംബാസഡർമാരെ കൊണ്ടുവരികയും ചെയ്തു. മുസ്ലീം നേതാക്കൾ തങ്ങളുടെ പ്രധിഷേധത്തിൽ ഉറച്ചു നിന്നതോടെ ബിജെപി ശർമ്മയെ സസ്പെൻഡ് ചെയ്യുകയും നേതാവായ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

തകർക്കപ്പെട്ട മസ്ജിദുകളുടെ സ്ഥലത്ത് ഹിന്ദു ക്ഷേത്രങ്ങൾ പണിയുന്നതിലും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനത്തിലും മറ്റ് ഇസ്ലാമോഫോബിക് നീക്കങ്ങളിലെയും പോലെത്തന്നെ ഇവിടെയും മോദി മൗനം പാലിക്കുകയായിരുന്നു.

സ്വന്തം വീട്ടുമുറ്റത്തെ മുസ്ലീം പൊതുജനാഭിപ്രായത്തെക്കുറിച്ച് ഒരു ഉത്കണ്ഠയും പ്രകടിപ്പിക്കുന്നില്ലെങ്കിലും, വ്യാപാരത്തിന്റെയും വിദേശനയത്തിന്റെയും കാര്യത്തിൽ വിദേശത്ത് നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കുമെന്ന് പ്രധാനമന്ത്രിക്കും കൂട്ടർക്കും വ്യക്തമാണ്. അത്കൊണ്ട് തന്നെ മതത്തെക്കുറിച്ചോ പൊതുവേദികളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളുമായി ഇടപഴകുമ്പോഴും വളരെ ജാഗ്രത പാലിക്കണമെന്ന് ഭരണകക്ഷി ഉദ്യോഗസ്ഥർക്ക് അവർ നിർദ്ദേശം നൽകിയിട്ടുണ്ട്. റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, മില്യൺ കണക്കിന് കാഴ്ച്ചക്കാരുള്ള ഇന്ത്യൻ വാർത്താ ചാനലുകൾ സംഘടിപ്പിക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കാൻ ഉത്തരവാദിത്തമുള്ള 30 മുതിർന്ന ഉദ്യോഗസ്ഥരുമായും ചില ഫെഡറൽ മന്ത്രിമാരുമായും ബിജെപി നേതാക്കൾ സംസാരിച്ചിട്ടുണ്ട് എന്നാണ്.

“ഒരു സമുദായത്തിന്റെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പാർട്ടി ഉദ്യോഗസ്ഥർ സംസാരിക്കുന്നത് ഞങ്ങൾ താല്പര്യപെടുന്നില്ല. പാർട്ടി നയങ്ങളും സന്ദേശങ്ങളും സംസ്കാരസമ്പന്നവും സുതാര്യവുമായി മാത്രമേ പങ്കിടൂവെന്ന് ഉറപ്പാക്കണം ” ന്യൂഡൽഹിയിലെ മുതിർന്ന ബിജെപി നേതാവും ഫെഡറൽ മന്ത്രിയും പറഞ്ഞതായിട്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു .

ഒരാളെ പുറത്താക്കിയതുൾപ്പെടെ രണ്ട് പ്രധാന അംഗങ്ങൾക്കെതിരെ അതിവേഗ നടപടി സ്വീകരിച്ചത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശക്തമായ പ്രതിസന്ധികളെ നേരിട്ടപ്പോഴാണ്. മുസ്ലിം ലോകം ഇതിനെതിരെ ഒന്നായിട്ടു നീങ്ങിയതിന്റെ ഫലമാണിത്.

വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാണാൻ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും താൽപ്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. വാഷിംഗ്ടൺ, ലണ്ടൻ, പാരിസ്, ബെർലിൻ എന്നിവിടങ്ങളിൽ, പ്രത്യേകിച്ച് വ്യാപാര ബഹിഷ്‌കരണ ഭീഷണിളുൾപ്പെടെ ഇത്തരം ഐക്യ പ്രവർത്തനങ്ങൾ വളരെ അസ്വസ്ഥതയുണ്ടാക്കുമെന്നതാണ് യാഥാർഥ്യം. അത്തരമൊരു നട്ടെല്ലുള്ള,ചങ്കൂറ്റമുള്ള ഇസ്ലാമിക ശക്തി അടുത്ത ഘട്ടത്തിൽ ഫലസ്തീന് നീതി ആവശ്യപ്പെടാൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കാവുന്നതാണ്.

മുസ്‌ലിംകൾ ഒറ്റക്കെട്ടായി ശക്തമായി നിലയുറപ്പിച്ചാൽ മാത്രമേ ഭരണകർത്താക്കൾ അവരുടെ ശക്തിയും പ്രാപ്തിയും തിരിച്ചറിയുകയുള്ളൂവെങ്കിൽ മുസ്‌ലിം ലോകത്തെ ഐക്യത്തെ നന്മയുടെ ശക്തിയായി ഉപയോഗിക്കാനാകും. മുസ്‌ലിംകൾ എന്ന നിലയിൽ, യുദ്ധങ്ങളിൽ വിജയിക്കാൻ നാം ആയുധവാഹകരാവേണ്ടതില്ല.മറിച്ച് ഉറച്ച നിശ്ചയദാർഢ്യത്തോടെ ഒന്നിച്ചു നിൽക്കുകയേ വേണ്ടൂ.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles