Current Date

Search
Close this search box.
Search
Close this search box.

ബാബരി, ഗുജറാത്ത് കലാപം: ബി.ജെ.പിയെ ചോദ്യം ചെയ്ത ഇന്ത്യയിലെ ഏക രാഷ്ട്രപതി

ഇന്ത്യയുടെ ആദ്യത്തെ ദലിത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്റെ 16ാമത് ചരമദിനമായിരുന്നു 2021 നവംബര്‍ 9ന്.

ജനനം, പഠനം

പരമ്പരാഗത ഭാരതീയ ആയുര്‍വേദ ചികിത്സാ വൈദ്യനായിരുന്ന കോച്ചേരില്‍ രാമന്‍ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴു മക്കളില്‍ നാലാമനായി ഉഴവൂരിലെ പെരുംതാനത്ത് 1921 ഫെബ്രുവരി നാലിനാണ് ജനനം. പരവന്‍ ജാതിയില്‍ പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കുലതൊഴില്‍ തെങ്ങുകയറ്റമായിരുന്നു. ദരിദ്ര കുടുംബമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പിതാവ് പേരുകേട്ട വൈദ്യനായിരുന്നു. നാരായണന്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം ഉഴവൂരിലെ കുറിച്ചിത്താനത്തെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലായിരുന്നു.

പിന്നീട് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഉഴവൂരിലായി പഠനം. നെല്‍വയലിലൂടെ ദിവസേന ഏകദേശം 15 കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. അദ്ദേഹത്തിന് പലപ്പോഴും ട്യൂഷന്‍ ഫീസ് അടയ്ക്കാനായില്ല. ട്യൂഷന്‍ ഫീസ് കുടിശ്ശികയായതിനാല്‍ സ്‌കൂളില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കി, ക്ലാസ് മുറിക്ക് പുറത്ത് നില്‍ക്കുമ്പോഴും അദ്ദേഹം പലപ്പോഴും സ്‌കൂള്‍ പാഠങ്ങള്‍ ശ്രദ്ധിച്ചു. കുടുംബത്തിന് പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ആസ്ത്മ ബാധിച്ച് വീട്ടില്‍ ഒതുങ്ങിയിരുന്ന ജ്യേഷ്ഠന്‍ കെ.ആര്‍.നീലകണ്ഠന്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പുസ്തകങ്ങള്‍ കടംവാങ്ങി പകര്‍ത്തി നാരായണന് നല്‍കുകയായിരുന്നു പതിവ്.

കൂത്താട്ടുകുളം സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പഠനശേഷം കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി (1936-37) പിന്നീട് തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ കോട്ടയത്തെ സി.എം.എസ്. കോളേജില്‍ (1938-40) ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി.

പുകള്‍പെറ്റ ഔദ്യോഗിക ജീവിതം

ട്രാവങ്കൂര്‍ സര്‍വകലശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയില്‍ ഫസ്റ്റ് ക്ലാസ് നേടിയ ആദ്യത്തെ ദലിതനാണ് നാരായണന്‍. കുറച്ചുകാലം ജേര്‍ണലിസവും പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പൊളിറ്റിക്കല്‍ സയന്‍സും പഠിച്ചതിന് ശേഷം ജവഹര്‍ലാല്‍ നെഹ്റു ഭരണത്തിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അംഗമായാണ് നാരായണന്‍ ഇന്ത്യയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഹരോള്‍ഡ് ലാസ്‌കിയുടെ കീഴില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചു. ടാറ്റ നല്‍കുന്ന സ്‌കോളര്‍ഷിപ്പിലായിരുന്നു പഠനം. ജവഹര്‍ലാല്‍ നെഹ്റുവിനെ അഭിസംബോധന ചെയ്ത് ലാസ്‌കി എഴുതിയ ഒരു കത്താണ് അദ്ദേഹത്തിന് 1949-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസില്‍ ജോലി ലഭിക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

1944നും 1945-നും ഇടയില്‍ ന്യൂ ഡല്‍ഹിയില്‍ ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ അദ്ദേഹം ഹ്രസ്വകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അധ്യാപകനായിരുന്ന നാരായണന്‍ 1979ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്നു.

1945ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോള്‍, അദ്ദേഹം മഹാത്മാഗാന്ധിയെ അഭിമുഖം നടത്തി, തൊട്ടുകൂടായ്മ, സാമൂഹിക അനാചാരങ്ങള്‍, അവയുടെ രാഷ്ട്രീയ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, തായ്ലന്‍ഡ്, തുര്‍ക്കി, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ നെഹ്റു ‘രാജ്യത്തിന്റെ ഏറ്റവും മികച്ച നയതന്ത്രജ്ഞന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ത്ഥന മാനിച്ച് നാരായണന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ലോക്‌സഭയിലേക്ക് തുടര്‍ച്ചയായി മൂന്ന് പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിക്കുകയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

1992ല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാരായണന്‍ 1997 മുതല്‍ 2002വരെ ഇന്ത്യയുടെ 10ാമത്തെ പ്രസിഡന്റായി. ഇതോടെ ദലിത് വിഭാഗത്തില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി. പ്രസിഡന്റായിരുന്ന കാലത്ത്, 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അദ്ദേഹം മറ്റ് പൗരന്മാരോടൊപ്പം പോളിംഗ് ബൂത്തില്‍ എത്തി. പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യത്തെ രാഷ്ട്രപതിയായിരുന്നു നാരായണന്‍. അദ്ദേഹത്തിന് മുമ്പ്, ഇന്ത്യയുടെ പ്രസിഡന്റുമാര്‍ മുതിര്‍ന്നവര്‍ക്കുള്ള വോട്ടവകാശത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള വിവിധ കൃതികള്‍ രചിക്കുകയോ സഹ-രചയിതാവാവുകയോ ചെയ്തിട്ടുണ്ട്.്അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്- India and America: Essays in Understanding (1984) and Non-Alignment in Contemporary International Relations (1981).

ബി.ജെ.പിയെ ചോദ്യം ചെയ്തു

വൈസ് പ്രസിഡന്റായും രാഷ്ട്രപതിയായും സേവനമനുഷ്ടിക്കുമ്പോള്‍, എന്‍.ഡി.എ സര്‍ക്കാരിന്റെ ചില നിലപാടുകളില്‍ കെ.ആര്‍ നാരായണന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലും 2002ലെ മുസ്ലിം കൂട്ടക്കൊലയും അതില്‍ ചില ഉദാഹരണങ്ങളാണ്. രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നാരായണന്‍ ബാബറി മസ്ജിദ് തകര്‍ത്തത് മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യ അഭിമുഖീകരിച്ച
ഏറ്റവും വലിയ ദുരന്തമായി വിശേഷിപ്പിച്ചിരുന്നു.

2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യ തടയാന്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കെ ആര്‍ നാരായണന്‍ വിമര്‍ശിച്ചിരുന്നു. വംശഹത്യയെ ‘തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ധര്‍മ്മസങ്കടം’ എന്ന് വിളിക്കുന്ന അദ്ദേഹം, ഗുജറാത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി പിന്നീട് പറഞ്ഞിരുന്നു, എന്നാല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.

”ഗുജറാത്ത് കലാപത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഞാന്‍ നിരവധി കത്തുകള്‍ അയച്ചിരുന്നു, അദ്ദേഹവുമായി സംസാരിച്ചു. എന്നാല്‍ അദ്ദേഹം ഫലപ്രദമായി ഒന്നും ചെയ്തില്ല,” നാരായണന്‍ 2005 മാര്‍ച്ച് 2 ന് പറഞ്ഞു.
”ഗുജറാത്തിലേക്ക് സൈന്യത്തെ അയച്ച് കലാപം അടിച്ചമര്‍ത്താന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. സൈന്യത്തെ അയച്ചു, പക്ഷേ അവര്‍ക്ക് വെടിവയ്ക്കാനുള്ള അധികാരം നല്‍കിയില്ല. അക്രമം നടത്തുന്നവരെ വെടിവയ്ക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയിരുന്നെങ്കില്‍ ഗുജറാത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു. എന്നാല്‍, സംസ്ഥാനവും (നരേന്ദ്ര മോദി സര്‍ക്കാരും) കേന്ദ്ര സര്‍ക്കാരും അങ്ങനെ ചെയ്തില്ല. ഗുജറാത്ത് കലാപത്തിന് പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട ഗൂഢാലോചന ഉണ്ടെന്ന് എനിക്ക് തോന്നുന്നു,” ഗുജറാത്ത് വംശഹത്യയുടെ മൂന്നാം വാര്‍ഷികത്തില്‍ നാരായണന്‍ പറഞ്ഞു.

നാരായണനെ ഓര്‍മിക്കുമ്പോള്‍

രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ഇന്ത്യയുടെ ആദ്യത്തെ ദലിത് രാഷ്ട്രപതിയുടെ 16ാമത് ചരമദിനത്തില്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും ഉന്നത ഓഫീസുകളും ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.

‘രാജ്യത്തെ ഏറ്റവും മികച്ച നയതന്ത്രജ്ഞന്‍’ എന്ന് പ്രധാനമന്ത്രി നെഹ്റു വിശേഷിപ്പിച്ച ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര്‍ നാരായണന് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തെ ആദ്യത്തെ ദളിത് രാഷ്ട്രപതിയായിരുന്ന അദ്ദേഹം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ഉന്നമനത്തിനായി എപ്പോഴും ശബ്ദമുയര്‍ത്തി’ -കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.
ലോക്‌സഭ ട്വിറ്റര്‍ പേജ്, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, അശോക് ഗെഹ്‌ലട്ട്, രാഹുല്‍ ഗാന്ധി എന്നിവരും കെ.ആര്‍ നാരായണന് ഓര്‍മപുതുക്കി ട്വീറ്റുകള്‍ ചെയ്തു.

അവലംബം: മക്തൂബ് മീഡിയ
വിവ: സഹീര്‍ വാഴക്കാട്

Related Articles