Current Date

Search
Close this search box.
Search
Close this search box.

രാം മന്ദിർ വേളയിലെ ‘രാം കേ നാം’

ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് കാരണമായ 1990 ഒക്ടോബറിൽ നിലവിൽ വന്ന രാമജന്മഭൂമി പ്രസ്ഥാനത്തെ വിപുലമായി രേഖപ്പെടുത്തിയ ആനന്ദ് പട്‍വർധൻ്റെ ശ്രദ്ധേയമായ ഡോക്യുമെൻററിയാണ് ‘രാം കെ നാം’. 1992 ഡിസംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് തകർക്കുന്നതിന് കൃത്യം മൂന്നുമാസം മുമ്പ് പുറത്തിറങ്ങിയ ഡോക്യുമെൻററി വർഷങ്ങൾക്കിപ്പുറം -ഇത് ആദ്യമായി പുറത്തിറങ്ങി ഏകദേശം 32 വർഷങ്ങൾക്ക് ശേഷം- രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകുന്ന 2024 ജനുവരി മാസം വളരെ വ്യാപകമായ തന്നെ ‘റി-വിസിറ്റ്’ ചെയ്യപ്പെ’ട്ടു കൊണ്ടിരിക്കുകയാണ്.

ഇന്ത്യക്ക് ഇതുവരെ അതിജീവിക്കാൻ കഴിയാത്ത വിധം മുറിവേൽക്കപ്പെട്ട പ്രസ്തുത സംഭവത്തെ കൃത്യമായി ഡോക്യുമെന്റ് ചെയ്ത ചിത്രം മികച്ച ഡോക്യുമെൻററിക്കുള്ള മൂന്ന് അന്താരാഷ്ട്ര അവാർഡുകൾ അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയുടെ കഥയിൽ തുടങ്ങി രാമജന്മഭൂമി ആണെന്ന് അവകാശപ്പെട്ട്, അയോധ്യയിൽ നിലനിൽക്കുന്ന ബാബരി മസ്ജിദ് തകർത്ത് അതിന് പകരം ക്ഷേത്രം നിർമ്മിക്കുന്നതിലേക്ക് നയിച്ച സംഭവ വികാസങ്ങളെ പ്രമേയമാക്കുന്ന  ചിത്രം 1992 ൽ മികച്ച അന്വേഷണാത്മക ഡോക്യുമെൻററിക്കുള്ള അവാർഡും നേടിയിട്ടിണ്ട്. 

‘ചലോ അയോധ്യ മന്ദിർ വഹീ ബനായേംഗേ’ എന്ന എൽ.കെ അദ്വാനിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററിന്റെ ദൃശ്യത്തോട് കൂടി ആരംഭിക്കുന്ന പട്‍വർദ്ദൻ്റെ  ഡോക്യുമെൻററി കേവലം ഒരു ഒപ്പീനിയൻ പീസ് ആയിട്ടല്ല നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മറിച്ച് സംഭവ സമയത്തെ രഥയാത്രയിലെ  പരിഭ്രാന്തരായ കർസേവകരുടെതു മുതൽ  ക്ഷേത്ര പൂജാരിമാർ, പ്രാദേശിക ഭരണകൂടം, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ആളുകളുടെ  അഭിമുഖങ്ങളാണ് ഡോക്യുമെൻററിയിൽ പ്രേക്ഷകരോട്  സംസാരിക്കന്നത്.

വലതുപക്ഷ ഹിന്ദു രാഷ്ട്രീയത്തിൻ്റെ ഫലമായി സാമുദായിക വികാരങ്ങളും മനോഭാവങ്ങളും എങ്ങനെ രൂപപ്പെടാൻ തുടങ്ങി എന്നതിനെ കുറിച്ച് ഈ സിനിമ പ്രേക്ഷകർക്ക് വളരെ കൃത്യമായ ഒരു ഉൾക്കാഴ്ച നൽകുന്നു.

അയോധ്യയിലെ ബാബരി മസ്ജിദ്  നിർമിച്ചത് 1528 ലാണ്. ഹിന്ദു ദൈവമായ രാമനെ  ജനകീയമാക്കിക്കൊണ്ട് ഏതാണ്ട് 50 വർഷങ്ങൾക്ക്  ശേഷം തുളസീ ദാസ്  രാമായണത്തിന് തൻ്റെ  വ്യാഖ്യാനം രചിച്ചതോടെ അയോധ്യ മുഴുവൻ രാമക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞതും, അതിൽ പലതും രാമജന്മഭൂമിയായിരുന്നു എന്ന് പലരും അവകാശമുന്നയിച്ചിരുന്നതും, തുടങ്ങി ബ്രിട്ടീഷുകാർ എങ്ങനെയാണ് അതിനെ ഉപയോഗിച്ചതെന്നും, നിലവിലുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്നതുമടക്കമുള്ള ചരിത്ര വിവരണങ്ങൾ പശ്ചാത്തലത്തിൽ നൽകപ്പെട്ട ചിത്രം അതിൻറെ തുടർച്ചയെ വളരെയധികം ആധികാരികതയോട് കൂടി തന്നെ തുറന്നു കാണിക്കുന്നു.

1949 ഡിസംബർ 22-ന് ബി.ജെ.പി.യുടെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും (വി.എച്ച്.പി.) ആഖ്യാനം പോലെ, അയോധ്യയിൽ ഒരു പുരോഹിതൻ്റെ സ്വപ്നത്തിൽ ശ്രീരാമൻ പ്രത്യക്ഷപ്പെട്ടു. രാമൻ്റെ വിഗ്രഹം പള്ളിയിൽ സ്ഥാപിക്കാൻ ദൈവരാജാവ് പുരോഹിതനെ പ്രേരിപ്പിച്ചു. 1949 ഡിസംബർ 23ന് രാത്രി രാമൻ അയോധ്യയിലെ തൻറെ ജന്മസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു എന്ന നറേറ്റിവോടുകൂടി രാമൻറെ വേഷത്തിലുള്ള ഒരു കുട്ടി ബാബരി മസ്ജിദിനുള്ളിൽ നിൽക്കുന്ന ദൃശ്യങ്ങൾ  വി.എച്ച്.പി ലോകമെമ്പാടും പ്രചരിപ്പിച്ചു. രാമ ഭക്തന്റെ സ്വപ്നത്തിന്റെ ദൃശ്യാവിഷ്കാരം എന്ന പേരിൽ വീഡിയോ ടേപ്പ് റെക്കോർഡുകൾ ആയാണ് ആ  പ്രോപഗണ്ട പ്രചരിപ്പിക്കപ്പെട്ടത് . വി.എച്ച്.പി യുടെ ലോഗോയോട് കൂടി തുടങ്ങിയ ഈ ദൃശ്യങ്ങളുടെ സംപ്രേഷണങ്ങൾ ചിത്രീകരിച്ചുകൊണ്ട് , ഒരു ജനകീയ പിന്തുണ ഉണ്ടാക്കാനായി എങ്ങനെയാണ് ദൃശ്യമാധ്യമങ്ങളെ സംഘപരിവാർ ഉപയോഗിച്ചത് എന്നത് ആനന്ദ് തന്റെ ഡോക്യുമെൻററിലൂടെ ചർച്ചയ്ക്ക് വെക്കുന്നു. 

ഭഗവാൻറെ അത്ഭുതകരമായ അവതരണം ഉൾക്കൊള്ളുന്ന വീഡിയോ ക്യാമ്പയിൻ വിഗ്രഹം സ്ഥാപിക്കുന്നതിലുൾപ്പെട്ടിരിക്കുന്ന മാനുഷിക ഇടപെടലിനെ മറയിൽ നിർത്തുന്നു. മാത്രമല്ല അത് ജനങ്ങളെ ഹിപ്നോട്ടൈസ് ചെയ്ത് അവരുടെ ഹിന്ദു ദൈവത്തോടുള്ള ഭ്രാന്തമായ സ്നേഹം കൃത്രിമമായി ഉണ്ടാക്കുന്നതിനും അതിലൂടെ അവരെ ഉപയോഗിക്കുന്നതിനും കാരണമാകുന്നത് എങ്ങനെയാണ് എന്നത് തുറന്നു കാണിക്കുന്നു .

അയോധ്യയിലെ ജില്ല മജിസ്‌ട്രേറ്റ് കെ.കെ നായർ ആണ് തൻറെ കൂടെ വിഗ്രഹം സ്ഥാപിക്കാനായി ഉണ്ടായിരുന്നത് എന്ന് അന്ന് മസ്ജിദിനുള്ളിൽ വിഗ്രഹം പ്രതിഷ്ഠിച്ച പുരോഹിതൻ മഹൻ സേവക ദാസ് നേരിട്ട് പറയുന്നത് ആനന്ദ് കാണിച്ചു തരുന്നുണ്ട്. ഈ സംഭവ വികാസങ്ങളുടെ കാര്യകാരണങ്ങളെ വിവരിക്കാൻ തുടങ്ങുന്ന ഡോക്യുമെൻററി ഈ പ്രക്രിയയിൽ ഉൾപ്പെട്ട അതിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നു. കേരളത്തിലെ ആലപ്പുഴ  ജില്ലയിൽ 1907 ൽ ജനിച്ച കെ.കെ നായരുടെ വിദ്യാഭ്യാസ യോഗ്യതകൾ മുഴുവനും അടങ്ങുന്ന ഒരു പത്രക്കുറിപ്പ്  മാത്രം കാണിച്ചു കൊണ്ടാണ് ആനന്ദ് തന്റെ ഡോക്യുമെൻററിലൂടെ അദ്ദേഹത്തിൻറെ മൂല്യബോധത്തെ ചോദ്യം ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യതകൾ തികഞ്ഞ, തകർന്ന മൂല്യബോധമുള്ളവരെ തുറന്നുകാണിക്കുന്ന പല ഫ്രെയിമുകളും ഡോക്യുമെൻററിയിൽ നമുക്ക് കാണാം.

1949 ഡിസംബർ 22ന് ഇശാ നമസ്കാര ശേഷം അടച്ച പള്ളി അതിൻറെ ഭാരവാഹികൾ അറിയാതെ തുറന്നുകൊണ്ടാണ് അവിടെ വിഗ്രഹം കൊണ്ട്‍വെക്കുന്നത്. അടുത്ത ദിവസം രാവിലെ, സുബ്ഹ് നമസ്കാരത്തിന് എത്തിയ മുസ്ലിങ്ങളെ മജിസ്ട്രേറ്റ് കെ.കെ നായർ അടങ്ങുന്ന സംഘം പള്ളിയുടെ ഉള്ളിലേക്ക് കയറ്റിയില്ല. ബാബരി മസ്ജിദിന്റെ അവസാന ഇമാം ആയിരുന്ന ഹാജി അബ്ദുൽ ഗഫാർ സാഹിബിന്റെ ദൃശ്യങ്ങൾ ഇന്ന് ആ ഡോക്യുമെൻററി കാണുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് മുസ്ലിംകളുടെ മനസ്സിൽ വിങ്ങലോടെ നിലനിൽക്കുന്ന ഒന്നാണ്.

സംഭവ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. വിവരമറിഞ്ഞ് അവിടെ എത്തിയ തന്നോട് വരുന്ന ഒന്ന് രണ്ട് വെള്ളിയാഴ്ചകൾ നിങ്ങൾ മറ്റ് എവിടെയെങ്കിലും ജുമുഅ സംഘടിപ്പിക്കണമെന്നും തുടർന്നുള്ള ജുമാഅത്ത് നിങ്ങൾക്ക് ഇവിടെ തന്നെ നിർവഹിക്കാമെന്നുമുള്ള വാഗ്ദാനത്തോടെ അവരെ  മജിസ്ട്രേറ്റ് കെ.കെ നായർ മടക്കി അയച്ചു എന്ന് അദ്ദേഹം ആനന്ദിനോട് പറയുന്നുണ്ട്. “തൊ യേ ഉസീ ജുമാ കാ ഇൻതിസാർ ആജ് തക് കർ രഹാ ഹേ”  (എൻറെ ബാപ്പ ഇപ്പോഴും വരാനിരിക്കുന്ന ആ ജുമുഅക്കായി കാത്തിരിക്കുകയാണ്)  എന്ന ഇമാമിൻറെ മകൻറെ വാക്കുകൾ ഇന്നത്തെ മുസ്ലിം പ്രേക്ഷകരുടെ മനസ്സിൽ വളരെ ആഴങ്ങളിൽ തന്നെയാണ് തറക്കുക.

ആ കാലത്ത് സംഭവസ്ഥലത്തും രാജ്യത്തിൻറെ മറ്റുപല ഭാഗങ്ങളിലും നിലനിന്നിരുന്ന  പൊതു  ജനാഭിപ്രായങ്ങളെയും പൊതുവികാരങ്ങളെയും വളരെ ആധികാരികമായി ദൃശ്യാവിഷ്ക്കരിച്ച ഒരു ഡോക്യുമെൻററി കൂടിയാണ് രാം കെ നാം. അത് ആ സമയങ്ങളിലെ പബ്ലിക് ഡിസ്കോഴ്സുകളെ കവർ ചെയ്യുന്നതോടൊപ്പം തന്നെ നിലനിന്നിരുന്ന കൗണ്ടർ പബ്ലിക് ഡിസ്കോഴ്സ്കളെയും പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുന്നുണ്ട്.

അവിടെ നമസ്കരിച്ചിരുന്ന ആരെയെങ്കിലും നിങ്ങൾക്കറിയുമോ എന്ന ചോദ്യത്തിന്  “നിങ്ങളുടെ മുമ്പിലുള്ള ഞങ്ങൾ കൃത്യമായി അവിടെ നമസ്കരിക്കാറുള്ളവരായിരുന്നു, നിങ്ങൾ ഇതുവരെ ഇത് മനസ്സിലായിട്ടില്ലെങ്കിൽ പിന്നെ എന്ത് മനസ്സിലാക്കാനാണ് നിങ്ങൾ വന്നിരിക്കുന്നത്” എന്ന  വൃദ്ധനായ ഒരു മുസ്ലിം ഗ്രാമീണന്റെ  ചോദ്യത്തോടൊപ്പം ഇടകലർന്ന് കേൾക്കുന്ന ഒരുപാട് പള്ളി അനുഭവങ്ങൾ പങ്കുവെക്കുന്ന മുസ്‍ലികളെ ഡോക്യുമെൻററിൽ ആനന്ദ് ചിത്രീകരിക്കുന്നുണ്ട്. ബാബരിയുടെ സമീപ പ്രദേശത്തെ മുസ്ലിങ്ങളുടെ ഇമോഷൻ എന്തായിരുന്നു എന്ന് ഈ ഫ്രെയിമുകൾ നമ്മളോട്  സംസാരിക്കുന്നു.

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം ഇനിയങ്ങോട്ടുള്ള ഓരോ തലമുറയുടെയും ഹൃദയങ്ങളിലേക്ക്  ബാബരിയിൽ സുജൂദ് ചെയ്ത ആളുകളുടെ മുഖങ്ങൾ ആനന്ദ് തുറന്നു കാണിക്കുന്നു. ഡോക്യുമെൻ്ററിയിൽ  നമ്മൾ കാണുന്നത് ബാബരി മസ്ജിദ് തകർക്കപ്പെട്ടു എന്നത് കേൾക്കുക മാത്രം ചെയ്ത മുസ്‍ലിംകളെ അല്ല. മറിച്ച് അതിലൂടെ കടന്നുപോയ ആളുകളെയാണ് എന്ന ആ സ്പാർക്ക് ഇന്നത്തെ മുസ്ലിം പ്രേക്ഷകരിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വ്യത്യസ്തമാണ്. “ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഞങ്ങൾക്കിനി കോടതി വിധി കാത്തുനിൽക്കാനേ നിർവാഹമുള്ളൂ” എന്ന് പറയുന്ന മുസ്‍ലികളുടെ ദൃശ്യങ്ങൾ ആ കോടതി വിധിയുടെയും അത് നടപ്പിലാക്കപ്പെട്ടതിൻ്റെയും കാലത്ത് ജീവിക്കുന്ന മുസ്ലിം പ്രേക്ഷകന് ഉണ്ടാക്കുന്ന അനുഭവം ഒരു കളക്ടീവ് മെമ്മറിയുടെ തുടക്കം കൂടിയാണ്.

തർക്കം മുഴുവൻ സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരത്തിനായുള്ള വി.എച്ച്‍.പി യുടെ ‘കളി’യാണെന്ന് അഭിപ്രായപ്പെടുന്ന പൂജാരി ലാൽ ദാസാണ് പട്‌വർധൻ സിനിമയിൽ നിർമ്മിക്കാൻ ശ്രമിക്കുന്ന ആഖ്യാനത്തിലെ കേന്ദ്ര കഥാപാത്രം എന്ന് ഭൂരിഭാഗം പ്രേക്ഷകർക്കും അനുഭവപ്പെടും. അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഈ വിഷയത്തിൽ വി.എച്ച്‍.പി യുടെ വലയിലാകാത്ത ഓരോ ഹിന്ദുക്കളുടെയും മനോവികാരങ്ങൾ എന്തായിരുന്നു എന്നതിലപ്പുറം യഥാർത്ഥത്തിൽ എന്തായിരുന്നു അവിടെ സംഭവിച്ചത് എന്നതിനുള്ള സത്യസന്ധമായ വിശദീകരണങ്ങൾ ആയാണ് നിലനിൽക്കുന്നത്. ഡോക്യുമെൻററി ഒരിക്കൽ കാണുന്ന ആർക്കും തന്നെ അദ്ദേഹത്തിൻറെ മുഖവും വാക്കുകളും മറക്കാനാകില്ല.

“ഈ മസ്ജിദ് പൊളിച്ച് അമ്പലം പണിയാൻ ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ മുഴുവൻ പ്രശ്നങ്ങളുണ്ടാക്കി ഹിന്ദു വോട്ടുകളെ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നവർ മാത്രമാണ് ഇതിനു പിറകിൽ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൻറെ  ഭവിഷ്യത്തുകളെ കുറിച്ച്, അതായത് എത്ര ആളുകൾ കൊല്ലപ്പെടുമെന്നോ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ഹിന്ദുക്കൾക്ക് എന്ത് സംഭവിക്കുമെന്നോ പോലുമോ  ആലോചിക്കാനുള്ള ബോധം സംഘ്പരിവാർ കാണിക്കുന്നില്ല എന്ന് വളരെ വിമർശനാത്മകമായി അദ്ദേഹം ആനന്ദിനോട് പറയുന്നുണ്ട് . വിഗ്രഹം പള്ളിക്ക് അകത്ത് വെച്ച 1949 മുതൽ ഇതിൻറെ പേരിൽ ഇതുവരെ  ഒരു മുസ്ലിമും ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. പക്ഷേ ബാബറിന്റെ സന്തതികൾ ഇതിൻറെ ഭാരം ചുമക്കണമെന്ന വിധത്തിൽ ഇവർ ശബ്ദിച്ചു തുടങ്ങിയപ്പോൾ രാജ്യം മുഴുവൻ ആണ് കത്താൻ തുടങ്ങിയത് എന്ന് 10 വർഷമായി കോടതി നിയമിച്ച മന്ദിരിൻ്റെ പ്രധാന പൂജാരി ലാൽദാസ് ഡോക്യുമെൻററിയിൽ സൂചിപ്പിക്കുന്നുണ്ട്.

ഇത്തരത്തിൽ സംഭവത്തെ വളരെ നിഷ്പക്ഷമായി നോക്കി കണ്ട ആളുകളുടെ സാന്നിധ്യം ഡോക്യുമെൻററിൽ പല  ഫ്രെയിമുകളിലുമായി നമുക്ക് കാണാനാകും. ഹിന്ദു വിഭാഗത്തിൽ തന്നെയുള്ള, ‘മസ്ജിദ് പൊളിച്ച് അമ്പലമുണ്ടാക്കരുത്’ എന്ന് പറയുന്ന സാധാരണക്കാരും അവരുടെ വിശദീകരണങ്ങളും കൃത്യമായിത്തന്നെ ഡോക്യുമെൻററിയിൽ ഉണ്ട്. ‘എന്തിനാണ് ഒരു പള്ളി പൊളിച്ച് അമ്പലം പണിയുന്നതെ’ന്ന് ചോദ്യം ഒരു വലിയ വിഭാഗം സാധാരണക്കാരിൽ ഉണ്ടായതായി ഇത് വ്യക്തമാക്കുന്നുണ്ട്. 

പള്ളി പൊളിക്കരുതെന്ന് പറയുന്ന ഒരു കർഷകനോട് “താങ്കൾ ഹിന്ദുവാണോ” എന്ന് ചോദിക്കുന്ന സംവിധായകൻ പ്രേക്ഷകർക്ക് കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. “നമ്മുടെ അമ്പലം ആരെങ്കിലും തകർത്താൽ നമുക്ക് സഹിക്കാനാകുമോ? അതുപോലെ തന്നെയാണ് അവർക്കും, അത് തകർക്കരുത്, അത് തെറ്റാണ്, ഇത് ബ്രഹ്മണരുടെ മാത്രം തന്ത്രമാണ്”, എന്ന കീഴാളനായ ആ കർഷകൻറെ വാക്കുകൾ വിഷയത്തിൻ്റെ മറ്റൊരു പ്രധാന  ഭാഗത്തേക്ക് കൂടി പ്രേക്ഷകരെ കൊണ്ടുപോകുന്നു.

എങ്ങനെയാണ് സവർണ്ണ ഹിന്ദുക്കൾ ഇതിന് ഉത്തരവാദികളായത് എന്ന് പിന്നാക്ക വിഭാഗക്കാരുടെ വാക്കുകളിലൂടെ ആനന്ദ് തുറന്നു കാണിക്കുന്നു. തങ്ങളുടെ അധ്വാനഫലമായ ധാന്യവിളകൾ അവരുടെ കൈകളിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അവർക്ക് ഞങ്ങൾ അയിത്തം ഉള്ളവരായി.  രാം മന്ദിർ വാദികളായ ഈ  പുരോഹിതന്മാർക്കൊക്കെയും ഞങ്ങൾ ഇപ്പോഴും  തൊട്ടുകൂടാത്തവരും കാണാൻ കഴിയാത്തവരുമാണ് എന്ന് പറയന്ന സമീപവാസിയായ ഒരു സ്ത്രീയെ ഡോക്യുമെൻററിയിൽ  കാണാനാകും. തങ്ങളുടെ പ്രദേശത്തെ ക്രമസമാധാനവും ഐക്യവും രാമജന്മഭൂമി വിവാദം കൊണ്ട് തകർന്നതിൽ  വിഷമിക്കുന്ന പ്രദേശവാസികളും പ്രധാന ഭാഗമാണ് .

സംഭവത്തിലെ രാഷ്ട്രീയ ഘടകങ്ങളയും അതിൽ ഉൾപ്പെട്ട ഏതാണ്ട് എല്ലാ രാഷ്ട്രീയ വ്യക്തിത്വങ്ങളെയും വിവരണത്തിൽ കൊണ്ടുവരാൻ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. മുലായം സിംഗിനെതിരെ ബി.ജെ.പി അന്ന് ഉയർത്തിയ വാദങ്ങളും ഇടതുപക്ഷ പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണങ്ങളും ഒക്കെ അന്ന് നടന്ന പ്രധാന സമ്മേളനങ്ങളുടെ ദൃശ്യങ്ങളോടുകൂടി വളരെ ശക്തമായാണ് ആനന്ദ് ഉദ്ധരിക്കുന്നത്.  ഇതുതന്നെ വിഷയമാകുന്ന പ്രധാന പൂജാരിയുടെ വാക്കുകളും സാഹചര്യത്തെ മനസ്സിലാക്കാൻ വളരെ സഹായകമാണ്. വി.എച്ച്‍.പി നേതാക്കളാരും ഒരു സംഭാവന തരികയോ എന്തിന് ഇവിടെ പ്രാർത്ഥിക്കാൻ വരികയോ പോലും ചെയ്യാത്തവരാണ്, പക്ഷേ അവർ രാമജന്മഭൂമിക്കുള്ള  പിരിവ് തുടങ്ങി കഴിഞ്ഞു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

വി.എച്ച്‍.പി യുടെ ഈ രാഷ്ട്രീയ മുതലെടുപ്പിനെ അസംതൃപ്തിയോടു കൂടിയാണ് പ്രദേശവാസികളായ  ഹിന്ദുക്കൾ അന്നു നോക്കി കണ്ടിരുന്നത് എന്ന് ഡോക്യുമെൻററി നമുക്ക് കാണിച്ചു തരുന്നുണ്ട്. അവർ കാരണം ഞങ്ങൾക്ക് പ്രാർത്ഥന മുടങ്ങി എന്നും അത് പുനരാരംഭിക്കാൻ ഞങ്ങൾക്ക് കോടതി കയറിയേണ്ടി വന്നു എന്നും അതിൽ ഇവിടെയുള്ള ജനങ്ങൾ സംതൃപ്തരല്ല എന്ന് ലാൽദാസ് തന്നെ പറയുന്നുണ്ട്.

അന്ന് വി.എച്ച്‍.പി നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചിരുന്ന ഇൻകം ടാക്സ് ഓഫീസറുടെ അനുഭവത്തിലൂടെ അവർക്ക് സർക്കാരിൽ ഉണ്ടായിരുന്ന സ്വാധീനം എന്തായിരുന്നു എന്നത് പട്‍വർധൻ വ്യക്തമാക്കുന്നു. രഥയാത്ര തുടങ്ങിയതു മുതൽ വി.എച്ച്‍.പി യുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം വന്നതിന്റെ പേരിൽ അവരുടെ രേഖകൾ പരിശോധിച്ച് ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയായിരുന്നു എന്ന് അദ്ദേഹത്തിൻറെ വാക്കുകളിലൂടെ തന്നെ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. 

അമേരിക്കയിൽ നിന്നും തൻറെ പഠനം പൂർത്തിയാക്കി രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവുമായി തിരിച്ചു വന്ന ഇദ്ദേഹത്തിൻറെ  “രാജ്യത്തിൻറെ നിയമനടപടികളിൽ ഇനി നമുക്കൊന്നും പ്രതീക്ഷിക്കാൻ ആകില്ല” എന്ന പ്രസ്താവന, നിലനിൽക്കുന്ന വ്യവസ്ഥയിൽ അന്ന് തന്നെ ഉയർന്നുവന്ന സംശയത്തെ അതിൽ പലതിന്റെയും പരിണിതഫലങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ സമൂഹത്തിന് മുന്നിൽ ഉത്തരങ്ങൾ ആയാണ് നിലനിൽക്കുന്നത്.

ഡോക്യുമെൻററിയിൽ ആനന്ദ് ആ സമയത്ത് പ്രധാന മുദ്രാവാക്യങ്ങളും അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും കർസേവകരുടെ രഥയാത്ര കവിതകളും കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ചിത്രത്തെ കൂടുതൽ  പ്രസക്തമാക്കുന്നു.

“സങ്കത് രാം കെ കാതാ ഹെ, ഹം മന്ദിർ വഹീ ബനാനയേങ്കി”,  (ഞങ്ങൾ ശപഥം ചെയ്യുന്നു, അമ്പലം അവിടെത്തന്നെ പണിയും), “രാമ ജന്മഭൂമി ഏക്ക് താക്കി ഹെ, കാശി മധുര ബാക്കി ഹെ” (രാമജന്മഭൂമി ഒരു തുടക്കമാണ്, കാശിയും മധുരയും ബാക്കിയാണ്), ബച്ച ബച്ചാ രാം കാ, രാം മന്ദിർ കാ കാമ് കാ” (ഈ കുട്ടികളൊക്കെ രാമൻ്റെതാണ്, അമ്പലത്തിന് വേണ്ടി പണിയെടുക്കാനുള്ളവരാണ്) തുടങ്ങി രഥയാത്രയിൽ അന്ന് മുഴങ്ങിക്കേണ്ടിരുന്ന എല്ലാ മുദ്രാവാക്യങ്ങളെയും അത് ഉയർത്തിയ ആൾക്കൂട്ടത്തോടൊപ്പം ചിത്രത്തിൽ നമുക്ക് കാണാം.

“If there is no Ram, There is No survival” (രാമൻ ഇല്ലെങ്കിൽ നമുക്ക് അതിജീവനം ഇല്ല) എന്ന  ഇംഗ്ലീഷ് വിളംബരത്തോടെ രഥയാത്രയ്ക്ക് ആളുകളെ ക്ഷണിക്കുന്ന മുംബൈയുടെ തെരുവുകളിൽ നടന്ന ജാഥകൾ സവർണ്ണ ഹിന്ദുക്കളെ എത്രത്തോളമാണ് ഇതിൻറെ ഭാഗമാക്കിയിരുന്നത് എന്നത് വ്യക്തമാക്കുന്ന ഒരു ഫ്രെയിം ആണ്. ഒക്ടോബർ 30 ന് അയോധ്യയിൽ എത്തുക എന്ന ചുമരെഴുത്തുകൾ നിറഞ്ഞ തെരുവുകളെ സംവിധായകൻ തൻറെ ക്യാമറയിൽ ഒപ്പിയെടുക്കുന്നുണ്ട്. 

‘കാശിയും മധുരയും ബാക്കിയാണ്’ എന്ന ശബ്ദ പശ്ചാത്തലത്തിൽ അദ്വാനിയെ കൊണ്ടുവരുന്ന ഡോക്യുമെൻററിയിലെ ബാക്ഗ്രൗണ്ട് നറേഷനും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ബി.ജെ.പി നേതാവ് എൽ.കെ അധ്വാനി ഒരു എയർകണ്ടീഷൻ ടൊയോട്ടാ കാർ രഥം ആയി സങ്കൽപ്പിച്ച് ഒക്ടോബർ 20 ന് അയോധ്യയിൽ അവസാനിക്കുന്ന രീതിയിൽ ഒരു രഥയാത്ര തുടങ്ങി എന്നതടക്കമുള്ള വളരെ ലളിതവും എന്നാൽ പ്രസക്തവുമായ നറേഷൻ ആണ് ചിത്രം ഉൾക്കൊള്ളുന്നത്.

ആ സമയത്തെ ബജ്രംഗ്‍ദൽ പ്രവർത്തക കൂട്ടങ്ങളെയും രഥയാത്ര അനുയായികളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ ആനന്ദ് തന്റെ ഡോക്യുമെൻററിയിലൂടെ പുറത്തു കൊണ്ടുവരുന്നുണ്ട്. രഥയാത്ര കടന്നുപോകുന്ന വഴികളിൽ കാവൽ നിൽക്കുന്ന ബജ്റംഗ്ദൾ പ്രവർത്തകർ “തങ്ങൾ യാത്രക്ക് വരുന്ന എല്ലാ തടസ്സങ്ങളെയും ഏത് വിധേനയും നീക്കാൻ തയ്യാറാണ്” എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് ഡോക്യുമെൻ്ററി കാണിക്കുന്നു. രാമൻറെ ജന്മവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആ  ആൾക്കൂട്ടങ്ങളോട് ചോദിക്കുന്ന ആനന്ദ് അക്രമാസക്തരായ അവരൊക്കെയും എത്രമാത്രം വിഷയത്തിൽ അജ്ഞരാണ് എന്നത് വെളിച്ചത്തു കൊണ്ടു വരുന്നു. എന്താണ് ആ ജനക്കൂട്ടങ്ങളുടെ അടിസ്ഥാനം എന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നു. ഞങ്ങൾ കോൺഗ്രസിൽ നിന്നുള്ളവരാണ് പക്ഷേ ഹിന്ദുക്കളാണ്, അതാണല്ലോ പ്രധാനം എന്ന് പറയുന്ന ആളുകളെയും ആ ജനക്കൂട്ടത്തിൽ ആനന്ദ് കണ്ടെത്തുന്നുണ്ട്.

അന്ന് നടന്ന കലാപത്തിന്റെ ക്രൂരതകളും ഭീകരതയും ഒക്കെ കൃത്യമായി ഉൾക്കൊള്ളുന്ന ഡോക്യുമെൻ്ററിയിൽ പോലീസ് അധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കടന്നുവരുന്ന രഥയാത്രയുടെ ദൃശ്യങ്ങളും കാണാം.

ഡോക്യുമെൻററിയിലെ ഒക്ടോബർ 29നും 30നും നടന്ന ദൃശ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. “മാരെങ്കെ മറ് ജായേങ്കേ, മന്ദിർ വഹീ ബനായേങ്കേ ” (ഞങ്ങൾ കൊല്ലും ഞങ്ങൾ കൊല്ലപ്പെടും, പക്ഷെ, അമ്പലം അവിടെത്തന്നെ പണിയും) എന്ന മുദ്രാവാക്യത്തോടുകൂടി തുടങ്ങുന്ന ഫ്രെയിം ബാബരി മസ്ജിദ് പൊളിക്കാനായി രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നും അയോധ്യയിലെത്തിച്ചേരുന്ന കർസേവകരിലേക്ക് എത്തുന്നു.

“രക്തം തിളക്കാത്ത ഹിന്ദുക്കളുടെ രക്തം വെറും വെള്ളമാണ്” എന്ന് തങ്ങളെ തടുക്കുന്ന പോലീസുകാർക്ക് നേരെ മുദ്രാവാക്യം ഉയർത്തുന്ന കർസേവകരെ കാണാനാകും. എങ്ങനെയാണ് സവർണ്ണ ഹിന്ദു ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംഭവ ദിവസത്തെ നിരോധനാജ്ഞയും പോലീസ് സന്നാഹത്തെയും സാധ്യമാക്കിയത് എന്ന് മുൻ പോലീസ് മേധാവിയായ വി.എച്ച്‍.പി വൈസ് പ്രസിഡൻറ് എസ്.പി ദീക്ഷിത് പൊലീസ് ലൗഡ് സ്പീക്കർ ഉപയോഗിച്ച് കർസേവകർക്ക് കരുത്ത് പകരുന്ന ദൃശ്യങ്ങളിലൂടെ ആനന്ദ് പുറത്തു കാണിക്കുന്നു.

ബാബരിയുടെ മിനാരം തകർത്തതിനു ശേഷം പൊലീസിന് നന്ദി പറയുന്ന കർസേവകർ അതിന് കൂടുതൽ വ്യക്തത നൽകുന്നു. രാജ്യത്തിൻറെ പലഭാഗത്തുനിന്നും വിശ്വ ഹിന്ദു പരിഷത്ത് ഓഫീസുകളിൽ, ടെലിവിഷനുകളിൽ ലൈവ് ആയി ബാബരി തകർക്കപ്പെടുന്ന ദൃശ്യങ്ങൾ വീക്ഷിക്കുന്ന അനുയായികളെയും ആനന്ദിന്റെ ക്യാമറ കണ്ടെത്തി.

രാമൻറെ ജന്മഭൂമിക്കായി ഞങ്ങളെ എല്ലാവരെയും കുടിയിറപ്പിക്കുകയാണ്, ഞാൻ എന്തിനാണ് അതിനായി എന്റെ ജന്മസ്ഥലമായ ഈ വീട് വിട്ടു പോകേണ്ടത് എന്ന ചോദ്യത്തോട് കൂടിയാണ് ഡോക്യുമെൻററി  അവസാനിക്കുന്നത്. ഈ സംഭവം അവിടെ സൃഷ്ടിച്ച, ഇനിയും ഉണ്ടാകാൻ പോകുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്ക് ഒരു തുടർച്ച നൽകുന്നു.

സംഭവ ദിവസത്തെ ദൃശ്യങ്ങൾ കാണുന്ന പ്രേക്ഷകന്റെ ലാൽദാസിന് എന്തെങ്കിലും  സംഭവിച്ചു കാണുമോ എന്ന ആശങ്ക ഡോക്യുമെൻ്ററി കാണുന്ന ഏതൊരു സത്യാന്വേഷിക്കും അവസാനം വരെ ഉണ്ടാകാം. അവസാനമായി സ്ക്രീനിൽ തെളിയുന്ന ഒരു സന്ദേശത്തിലാണ് ആ അന്വേഷണംവസാനിക്കുക. ഒരു വർഷത്തിനുശേഷം രാമജന്മഭൂമി പൂജാരി ലാൽദാസ് വധിക്കപ്പെട്ടു എന്നതാണ് ആ സന്ദേശം.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെ തുറന്നു കാണിക്കുന്ന ‘പ്രിസണേഴ്സ് കോൺഷ്യസ്റസ്റ്’  അടക്കമുള്ള ഡോക്യുമെൻററികളുടെ നിർമ്മാതാവാണ് ആനന്ദ്. അദ്ദേഹത്തിൻറെ ഈ ഡോക്യുമെൻററിയും ഒരുപാട് വിമർശനങ്ങൾക്കും ഭീഷണികൾക്കും വിധേയമായിട്ടുണ്ട്.

അദ്ദേഹം തന്നെ യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഡോക്യുമെൻററി ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ് ആയി ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും ഒക്കെ അണിനിരന്ന 2024 ജനുവരി 22 ൽ രാം മന്ദിറിൽ ഇതൊന്നു പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതായിരിക്കും ലോകത്തിന് കടപ്പാടുള്ള  ഈ ചലച്ചിത്രകാരനുള്ള ഏറ്റവും വലിയ ബഹുമതി ആയിരിക്കുക!  

നന്ദി ആനന്ദ്, ഞങ്ങൾ താങ്കളോട് കടപെട്ടിരിക്കുന്നു.

Related Articles