Current Date

Search
Close this search box.
Search
Close this search box.

ആദ്യം 370, പിന്നെ 371; പ്രത്യേക പദവി നഷ്ടപ്പെടുമെന്ന ഭയത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും

ജമ്മു കശ്മീരിന് ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവിയായ 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആശങ്ക വര്‍ധിക്കുന്നു. ഭരണഘടനയിലെ 371ാം വകുപ്പനുസരിച്ച് നിരവധി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. ഓഗസ്റ്റ് 5ന് കേന്ദ്രം പുതിയ പ്രഖ്യാപനം നടത്തിയതോടെ ഭയത്തിന്റെ നിഴലിലാണ് ഇവിടുത്തെ ജനത. അവര്‍ക്കനുവദിച്ച ഇളവുകളും അപ്രത്യക്ഷമാകുമെന്ന ഭയം അവരില്‍ പരസ്യമായി.

”ജമ്മുകശ്മീരിലെ സംഭവവികാസങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കുള്ള റെഡ് അലര്‍ട്ട് ആണ്” എന്നാണ് തിങ്കളാഴ്ച മിസോറാം മുന്‍ മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവാല ട്വീറ്റ് ചെയ്തത്. ”ഇത്തരം പ്രത്യേക വ്യവസ്ഥകള്‍ ഇല്ലാതാക്കുമോയെന്ന ഉത്കണ്ഠ കൂടുതലായും പ്രകടമാകുന്നത് നാഗാലാന്റിലാണ്. ആര്‍ട്ടിക്കിള്‍ 371 Aയെക്കുറിച്ച് യാതൊരു ഭയവും വേണ്ടതില്ല. നാഗാലാന്റിനുള്ള വ്യവസ്ഥ പവിത്രമായ പ്രതിബദ്ധതയായിരുന്നു” എന്നാണ് നാഗാലാന്റില്‍ പുതുതായി നിയമിതനായ ഗവര്‍ണര്‍ ആര്‍.എന്‍ രവി പറയുന്നത്.

വടക്കുകിഴക്കിനുള്ള പ്രത്യേക വ്യവസ്ഥകള്‍

371ാം വകുപ്പനുസരിച്ചുള്ള കൂടുതല്‍ വ്യവസ്ഥകളും അര്‍ത്ഥമാക്കുന്നത് വടക്കുകിഴക്കിലെ ഗോത്ര,ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണവും അവരുടെ സംസ്‌കാരങ്ങളുടെ സംരക്ഷണവുമാണ്. അവിടെ വികേന്ദ്രീകൃത ഭരണമുണ്ടെങ്കിലും ഒരു പരിധി വരെ സ്വയം ഭരണത്തിന് അനുവാദം നല്‍കുന്നു. പ്രാദേശിക തര്‍ക്ക പരിഹാരത്തിന് ആചാരനിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഇവിടെ ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. മിസോറാം,നാഗാലാന്റ്,ആസാമിന്റെ ചില ഭാഗങ്ങള്‍,മണിപ്പൂര്‍,മേഘാലയ എന്നിവിടങ്ങളിലാണ് ഇത് ബാധകം.

ഈ വ്യവസ്ഥകള്‍ സംസ്ഥാനത്തുടനീളം ഒരേ പോലയല്ല. ഉദാഹരണത്തിന് ആര്‍ട്ടിക്കിള്‍ 371 എ നാഗാലാന്റിന് ബാധകമായതാണ്. ഇവിടെ രാഷ്ട്രീയമായ സ്വയംഭരണാധികാരം സംസ്ഥാനത്തിന് നല്‍കുന്നു. നാഗമാരുടെ മതപരമോ സാമൂഹികമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമനിര്‍മാണങ്ങള്‍ സംസ്ഥാന നിയമസഭ അംഗീകരിക്കാത്തിടത്തോളം ഇവിടെ ബാധകമല്ല. മറുവശത്ത് മണിപ്പൂരില്‍ ആര്‍ട്ടിക്കിള്‍ 371 C അനുസരിച്ച് അവിടുത്തെ കുന്നുകളില്‍ അധികാരം ഹില്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിന് അധികാരപ്പെടുത്തിയിരിക്കുകയാണ്.

നാഗാലാന്റുകാരുടെ ഉത്കണ്ഠ

നാഗാ സമൂഹം കേന്ദ്രത്തോട് തങ്ങള്‍ക്ക് കൂടുതല്‍ സ്വയംനിര്‍ണ്ണയാധികാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വതന്ത്ര നാഗ എന്ന സംസ്ഥാനത്തിനായി നേരത്തെ അരങ്ങേറിയ സായുധ സംഘര്‍ഷത്തിനു ശേഷം അവര്‍ വെടിനിര്‍ത്തല്‍ കരാറിനും സമാധാന ചര്‍ച്ചകള്‍ക്കും ഉടമ്പടി ചെയ്തിരുന്നു. രവി ഇവിടുത്തെ ഗവര്‍ണര്‍ എന്നതിലുപരി മധ്യസ്ഥ സംഭാഷകന്‍ ആണ്.

ലോക്‌സഭയില്‍ ബി.ജെ.പിക്കുള്ള വലിയ ഭൂരിപക്ഷം ജനങ്ങളെ ഭയത്തിലാക്കുന്നു.ഞങ്ങള്‍ നാഗ സമൂഹത്തിന് പ്രത്യേകമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371 എ റദ്ദാക്കുകയാണെങ്കില്‍ അവരുടെ ഭാഗത്ത് അത് ചെറിയ ഒരു സംഗതിയാകും. നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതാവ് നിനോറ്റോ അവോമി പറയുന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെന്നും. മൃഗീയ ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ എന്തും ചെയ്യുമെന്നും നാഗ ഹോഹോ എന്ന ഗോത്ര സംഘടനയുടെ നേതാവ് ചിബ ഒസുകും പറഞ്ഞു.

കശ്മീരില്‍ നിന്നും തീര്‍ത്തും വിഭിന്നം

നാഗാലാന്റിനു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ പൊതുജനത്തെ ഇത് പരിഭ്രാന്തരാക്കിയിട്ടില്ല. കശ്മീരില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഇവിടുത്തെ കാര്യങ്ങള്‍ എന്നാണ് മിസോറാമില്‍ വലിയ സ്വാധീനമുള്ള എന്‍.ജി.ഒയായ യങ് മിസോ അസോസിയേഷന്‍ വക്താവ് താല്‍ തന്‍ഹാവാല ട്വീറ്റ് ചെയ്തത്. കശ്മീരില്‍ തീവ്രവാദം പോലുള്ള സുരക്ഷ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മിസോറാമില്‍ അത്തരത്തിലുള്ള യാതൊരു പ്രശ്‌നവുമില്ല. ആര്‍ട്ടിക്കിള്‍ 371 G പ്രകാരം മിസോറാമിന് പ്രത്യേക സംരക്ഷണമുണ്ട്. മിസോ ആചാര നിയമത്തിന്റെ മതപരവും സാമൂഹികവും ആചാരപരവുമാ നിയമങ്ങള്‍ക്ക് എതിരായി കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ഈ ആര്‍ട്ടിക്കിള്‍ നിരോധിക്കുന്നു. നാഗാലാന്റിലെ പോലെ അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് ഈ വകുപ്പ്.

ആചാരപരമായ നിയമങ്ങളിലൂടെ തര്‍ക്കപരിഹാരത്തിന് ഈ നിയമം അനുവാദം നല്‍കുന്നു. ഭൂമിയുടെയും മറ്റു വിഭവങ്ങളുടെയും കൈമാറ്റത്തെയും ഈ നിയമം മുഖേന നിയന്ത്രിക്കുന്നു. മണിപ്പൂരിലും 371 C അനുസരിച്ച് ഇത്തരം നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇവിടുത്തെ ഗോത്ര വിഭാഗങ്ങള്‍ക്ക് ഉടന്‍ ഭീഷണിയൊന്നുമില്ല. 371 സി പ്രകാരം ആദിവാസി ഭൂമിയെ ബാധിക്കുന്ന എതെങ്കിലും സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ ഹില്‍ ഏരിയ കമ്മിറ്റിക്ക് അനുവാദം നല്‍കുന്നു. ഇവിടെ ശത്രുതയോടെ നില നില്‍ക്കുന്ന രണ്ട് പ്രബല വിഭാഗങ്ങളാണ് കുക്കീസ് ആന്റ് നാഗാസ്. ആര്‍ട്ടിക്കിള്‍ 371 വടക്കുകിഴക്കിലെ ഗോത്രവിഭാഗത്തിന്റെ സംരക്ഷണത്തിനായുള്ളതാണ്. ഇവിടെ ഒന്നും സംഭവിക്കില്ല. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ വക്താവ് സെയ്‌ലിന്‍ ഹോവോകിപ് പറയുന്നു.

അവലംബം: scroll.in
വിവ: സഹീര്‍ അഹ്മദ്‌

Related Articles