Current Date

Search
Close this search box.
Search
Close this search box.

ബൈഡന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് മുസ്‌ലിംകളും കുടിയേറ്റക്കാരും

ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ട്രംപിന്റെ അനുയായികളായ തീവ്ര വംശീയവാദികളുടെ ഭാഗത്തുനിന്നും അതിക്രമമുണ്ടാവുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. യു.എസിലെ കുടിയേറ്റ സമൂഹ്തതിനും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും അവരുടെ വീടുകള്‍ക്കും സ്ത്രീകള്‍ക്കും വ്യക്തികള്‍ക്കും നേരെയും അതിക്രമമുണ്ടാകുമോ എന്നും അവര്‍ ഭയക്കുന്നുണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ ഇവരെല്ലാം ഈ ഭീതിയിലായിരിക്കും. തവിട്ട് നിറത്തിലുള്ള മറ്റു കുടിയേറ്റക്കാരായ ജനവിഭാഗത്തോടും ഞാന്‍ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

1980കളില്‍ അമേരിക്കയില്‍ എത്തിയതിനു ശേഷം ഞാന്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പള്ളികളില്‍ സജീവമായിരുന്നു. പള്ളിക്കും അവരുടെ അംഗങ്ങള്‍ക്കും അവര്‍ നല്‍കുന്ന സുരക്ഷ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൗരന്മാര്‍ ആയുധധാരികളായും സജീവമായ വര്‍ഗ്ഗീയ- വിദ്വേഷം നിലനില്‍ക്കുന്നതുമായ ഒരു രാജ്യത്ത് ഞങ്ങള്‍ ഒരു ചെറിയ ന്യൂനപക്ഷമാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത് എന്ന വസ്തുത ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഞാന്‍ അവരില്‍ നിന്ന് പഠിച്ചു. വെള്ളക്കാരായ സമ്പന്നരായ കുടിയേറ്റക്കാര്‍ തെറ്റായ സുരക്ഷിതത്വബോധമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചിതറിക്കിടക്കുന്ന പ്രാന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവരാണവര്‍.

നമ്മള്‍ തവിട്ട് നിറമുള്ള മുസ്ലിം അമേരിക്കക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ കുടിയേറ്റ മുസ്ലിംകളായ എന്റെ സുഹൃത്തുക്കള്‍ എന്നെ ആശ്ചര്യത്തോടെ നോക്കും. മഹത്തായ നാനാത്വത്തിന്റെ ഭാഗമാണ് നമ്മള്‍. ജനാധിപത്യവും നിയമവാഴ്ചയും ദുര്‍ബലമായാല്‍ നാം ശരിക്കും ദുര്‍ബലരാകും. അതിനാല്‍ നമ്മുടെ കുട്ടികളെ ലാഭകരമായ കരിയറിനെ പിന്തുടരാന്‍ പഠിപ്പിക്കാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താനും അതിജീവന താല്‍പ്പര്യങ്ങള്‍ പഠിപ്പിക്കുകയും രാഷ്ട്രീയ ശാക്തീകരണത്തിന് മുന്നിട്ടിറങ്ങാന്‍ അവരെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

അമേരിക്ക ഇപ്പോഴും കുടിയേറ്റക്കാര്‍ക്ക് ഒരു മികച്ച രാജ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഒരിക്കലും നിസ്സാരമായി കാണരുത്. അതിനര്‍ത്ഥം അമേരിക്കക്കാര്‍ ദുഷ്ടന്മാരാണെന്നല്ല, അമേരിക്കക്കാരും മനുഷ്യര്‍ തന്നെയാണ്. ജനസംഖ്യാപരമായും രാഷ്ട്രീയമായും സാമ്പത്തികമായും മതപരമായും ഭൂരിപക്ഷ സമുദായത്തിന്റെ ആധിപത്യത്തിന് മറ്റുള്ളവര്‍ ഭീഷണിയാകുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നത് സാധാരണമാണ്. ഭൂരിപക്ഷം ഭീഷണി നേരിടുന്നുണ്ടുവെന്നത് കെട്ടിച്ചമച്ചതാണെങ്കിലും ഇതുപോലുള്ള സാഹചര്യം ഒരു വാചാടോപത്തിന് ചൂഷണം ചെയ്യപ്പെടും. ഞമ്മള്‍ ഇത് ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലും മിലോസെവികിന്റെ സെര്‍ബിയയിലും മോദിയുടെ ഇന്ത്യയിലും കാണുന്നു.

9/11 തീവ്രവാദ ആക്രമണത്തിന് ശേഷം ഇസ്ലാമോഫോബിയ ഒരു സ്വാഭാവിക പ്രതിഭാസമായി പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ കുറഞ്ഞുവരുന്ന വെളുത്ത ജനസംഖ്യയെ ചൂഷണം ചെയ്യാന്‍ ഇസ്‌ലാമോഫോബിയയെ ഒരു വാചാടോപമായി ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. 2010ല്‍ നവജാതശിശുക്കളില്‍ വെളുത്ത കുഞ്ഞുങ്ങളുടെ അനുപാതം 50 ശതമാനത്തില്‍ താഴെയായതായി ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം വംശീയ ആക്രമണം തുടര്‍ന്നപ്പോഴും ന്യൂനപക്ഷ സമുദായങ്ങള്‍ നിഷേധത്തോടെ തന്നെ ഇവിടെ ജീവിക്കുകയായിരുന്നു. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം അവസാനിച്ചുകഴിഞ്ഞാല്‍ ഇതെല്ലാം ഇല്ലാതാകും. ട്രംപ് അല്ല ഇതിന്റെ പ്രധാന കാരണം, അദ്ദേഹം ഒരു നിമിത്തമാണെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നില്ല. വെള്ളക്കാരായ ഒരു കൂട്ടമാളുകള്‍ ക്യാപിറ്റല്‍ ഹില്ലിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷം എന്റെ കുടിയേറ്റ സുഹൃത്തുക്കള്‍ പരിഭ്രാന്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങി.

ടാറ്റൂ കുത്തിയും വിചിത്രമായ വസ്ത്രം ധരിച്ചും പ്രകോപിതരായ വെളുത്ത വംശീയവാദികള്‍ മാത്രമല്ല അക്കൂട്ടര്‍, അഗ്‌നിശമന സേനാംഗങ്ങള്‍, വിരമിച്ച സൈനികര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, സംസ്ഥാന നിയമസഭാംഗങ്ങള്‍ എന്നിവരെല്ലാം ആ ജനക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നിഷേധാത്മകമായി ജീവിക്കരുതെന്ന് എന്നെപ്പോലുള്ള ആളുകള്‍ക്ക് ഞങ്ങളുടെ സമുദായത്തെ പഠിപ്പിക്കുന്നത് ഇപ്പോള്‍ എളുപ്പമായി.

അടുത്ത മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പേടിച്ചരണ്ട വെളുത്ത ജനസംഖ്യക്ക് മങ്ങലേല്‍ക്കുകയും അമേരിക്കയുടെ തവിട്ടുനിറമുള്ള യുവജനസംഖ്യ അതിനെ മറികടക്കുകയും ചെയ്യും. അതാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്തല്‍, ജോ ബൈഡന്‍ അധികാരമേറ്റ ദിവസം മുതല്‍ ഇത് ആരംഭിക്കും.

അമേരിക്ക കുടിയേറ്റക്കാരുടെ നാടായതിനാലാണ് ഇത് സംഭവിക്കുന്നത്. മുന്‍കാലങ്ങളില്‍ നടത്തിയ അടിച്ചമര്‍ത്തലില്‍ നിന്നും പാഠം പഠിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വ്യാജ ചരിത്രം രചിച്ച് ദശലക്ഷക്കണക്കിന് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ദേശീയത പഠിപ്പിക്കുന്ന ഇന്ത്യയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഞാന്‍ ഏറെ ആശങ്കപ്പെടുന്നു.

ഇരുണ്ട മണിക്കൂറില്‍ പോലും, ലോകത്തിന്റെ ഒരു പ്രതീക്ഷയായി ഞാന്‍ അമേരിക്കയെ കാണുന്നു, ഒരു വേള ലോകത്തിലെ മറ്റു സ്വേഛാധിപതികള്‍ക്ക് ചൈന സംരക്ഷണം നല്‍കും. നിലവില്‍ യു.എസ് വാഗ്ദാനം ചെയ്യുന്ന പോലെ ഇത് നിയന്ത്രിതമാകില്ല. ദേശീയതയിലധിഷ്ടിതമായ അപരവിദ്വേഷം ലോകത്തെ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. മാറി മാറി വരുന്ന അഭയാര്‍ത്ഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ നയിക്കാനായി അമേരിക്കയെ പ്രാപ്തമാക്കണമെന്നാണ് ഇപ്പപോള്‍ എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന.

അവലംബം: muslimmirror.com
വിവ: സഹീര്‍ വാഴക്കാട്

Related Articles