Current Date

Search
Close this search box.
Search
Close this search box.

വര്‍ഷാവസാനവും തീയും പുകയും നിറഞ്ഞ് പശ്ചിമേഷ്യ

2020ന്റെ അവസാന ദിനം വിടപറയാനിരിക്കുമ്പോഴും വെടിയൊച്ചകളാലും ബോംബിങ്ങിനാലും ശബ്ദമുഖരിതമാണ് പശ്ചിമേഷ്യ മുഴുവന്‍. ഫലസ്തീന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലെല്ലാം പതിവു പോലെ ഡിസംബറിന്റെ അവസാന നാളുകളിലും ബോംബ് വര്‍ഷിച്ചു. കഴിഞ്ഞയാഴ്ച ഉപരോധ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചിരുന്നു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. അതിന് മുന്‍പ് നിരപരാധിയായ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊല്ലുകയും ചെയ്തിരുന്നു.

പിന്നാലെ ഡിസംബര്‍ 30ന് യെമനിലെ ഏദന്‍ വിമാനത്താവളത്തിലും ഉഗ്ര സ്‌ഫോടനമാണുണ്ടായത്. സൗദിയുടെ മധ്യസ്ഥതയില്‍ പുതുതായി അധികാരത്തിലേറിയ മന്ത്രിസഭാംഗങ്ങള്‍ സൗദിയില്‍ നിന്നും തിരിച്ച് യെമനില്‍ പറന്നിറങ്ങിയ ഉടനാണ് ഭീകര സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ഇതില്‍ വിമാനത്താവള ജീവനക്കാരും സര്‍ക്കാര്‍ വൃത്തങ്ങളുമടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയെന്നോണം തൊട്ടടുത്ത ദിവസമായ ഡിസംബര്‍ 31ന് യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി-യു.എ.ഇ സഖ്യസേന വ്യോമാക്രമണം നടത്തി. ഹൂതി വിമതരെ ലക്ഷ്യമിട്ടാണ് സൗദി സഖ്യത്തിന്റെ ആക്രമണം. വടക്കന്‍ സന്‍ആയിലെ രണ്ട് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യാഴാഴ്ച കിഴക്കന്‍ സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഇറാഖിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദെയ്ര്‍ അസോര്‍ പ്രവിശ്യയിലെ പ്രധാന ഹൈവേയില്‍ സൈനികര്‍ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദ് അനുകൂല സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാനായി പോകുമ്പോള്‍ വിജനമായ പ്രദേശത്തുവെച്ചാണ് ആക്രമണമുണ്ടായത്.

13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിറിയന്‍ സൈന്യവും ഇറാന്റെ പിന്തുണയുള്ള മിലീഷ്യകളും ക്യാംപ് ചെയ്യുന്ന മേഖലയാണിത്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിറിയ ആരോപിക്കുന്നത്.

ഏതായാലും, 2021ലെ ദിനരാത്രങ്ങളും തീയും പുകയും നിറഞ്ഞ കാര്‍മേഘങ്ങള്‍ തന്നെയാകും പശ്ചിമേഷ്യയിലെ അസ്ഥിര രാഷ്ട്രങ്ങള്‍ക്ക് സമ്മാനിക്കുക എന്ന ഒട്ടും പ്രതീക്ഷാവഹമല്ലാത്ത സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

Related Articles