Current Date

Search
Close this search box.
Search
Close this search box.

സവര്‍ക്കറെ ആദരിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ്

ആര്‍.എസ്.എസിന്റെ തലമുതിര്‍ന്ന നേതാവായ ബി.എസ് യെദിയൂരപ്പ നയിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ് ഹിന്ദുത്വ ഐകണായ വി.ഡി സവര്‍ക്കറെ ആദരിക്കുന്നു. ബാംഗ്ലൂരിലെയും മാംഗ്ലൂരിലെയും പുതുതായി നിര്‍മ്മിച്ച മേല്‍പ്പാലങ്ങള്‍ക്കാണ് സവര്‍ക്കറിന്റെ നാമം നല്‍കുന്നത്. സംസ്ഥാനത്തിനകത്ത് തന്നെയുള്ള ഇതര സ്വതന്ത്ര സമരസേനാനികളെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും തഴഞ്ഞുള്ള ആര്‍.എസ്.എസ്-ബി.ജെ.പി ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ലിബറല്‍-സെക്കുലര്‍ സംഘടനകള്‍ക്കൊപ്പം മുന്‍ കന്നട സംഘടനകളും ഇതിനകം പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പുനര്‍നാമകരണ ചടങ്ങിന് ഒരുങ്ങുന്നതിന് മുമ്പേ ആര്‍.എസ്.എസ് പോഷക സംഘടനയായ ബജ്‌റംഗ്ദള്‍ മാംഗ്ലൂരിലെ മേല്‍പ്പാലത്തില്‍ കന്നട ഭാഷയില്‍ ‘വീര സവര്‍ക്കര്‍ മേല്‍സതുവേ(മേല്‍പ്പാലം)’ എന്ന് എഴുതിയ ഫ്‌ളക്‌സ് നാട്ടുകയും മേല്‍പ്പാലത്തിലെ ഡിവൈഡറുകളിലെല്ലാം കാവിനിറത്തില്‍ ബജ്‌റംഗ്ദള്‍ എന്ന് എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.(1)
ബ്രിട്ടീഷ് അധികാരികളുടെയും ജിന്നയുടെ മുസ്‌ലിം ലീഗിന്റെയും സഹകാരിയായ സവര്‍ക്കറെ ആദരിക്കുന്ന ദിനം കര്‍ണാടകക്ക് മാത്രമല്ല ഇന്ത്യക്ക് തന്നെ അതൊരു ദുഖദിനമായി മാറും. ഇന്ത്യയുടെ ശത്രുക്കളായിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി കുഴലൂത്ത് നടത്തിയ ഒരാള്‍ എന്ന നിലക്ക് സവര്‍ക്കര്‍ ചെയ്തതെന്തെല്ലാം എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ത്രിവര്‍ണ പതാകയെ വെറുത്ത സവര്‍ക്കര്‍

ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ ഒന്നിക്കാന്‍ ഇന്ത്യന്‍ ജനത ഉപയോഗിച്ച അടയാളങ്ങളെയെല്ലാം ആര്‍.എസ്.എസിനെപ്പോലെ തന്നെ സവര്‍ക്കറും വെറുത്തിരുന്നു. സ്വതന്ത്ര സമരത്തില്‍ ത്രിവര്‍ണ്ണ പതാക(അക്കാലത്ത് പതാകയുടെ മധ്യത്തിലായി നൂല്‍നൂല്‍ക്കുന്ന ചര്‍ക്കയുമുണ്ടായിരുന്നു) ഉപയോഗിക്കുന്നത് സവര്‍ക്കര്‍ എതിര്‍ത്തു. 1941 സെപ്തംബര്‍ 22ന് ഹിന്ദു മഹാസഭ കേഡറുകള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു: ‘പതാകയെ സംബന്ധിച്ചെടുത്തോളം ഓംകാരവും സ്വാസ്തികയും അടങ്ങുന്ന ഹിന്ദു വംശത്തിന്റെയും കുലത്തിന്റെയും ചിരപുരാതന ചിഹ്നങ്ങളായ ‘കുണ്ഡലിനി കൃപനാങ്കിത്’പതാകയെക്കാള്‍ ഹിന്ദുരാജ്യത്തിന് യോജിച്ച മറ്റൊരു പതാകയില്ലെന്ന് ഹിന്ദുക്കള്‍ അറിയണം. ഹരിദ്വാര്‍ മുതല്‍ രാമേശ്വരം വരെ മില്ല്യണ്‍ കണക്കിന് ഹിന്ദുക്കള്‍ അംഗീകരിക്കുകയും ആയിരിക്കണക്കിന് കേന്ദ്രങ്ങളിലുള്ള ഹിന്ദു മഹാസഭ ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുമ്പില്‍ പാറിക്കളിക്കുകയും ചെയ്യുന്ന പതാക യഥാര്‍ത്ഥത്തില്‍ ഇതാണ്. അതിനാല്‍തന്നെ ഈ പാന്‍-ഹിന്ദു പതാക പറക്കാത്തിടങ്ങളെയെല്ലാം എന്ത് വിലകൊടുത്തും ഹിന്ദു സംഘതാനികള്‍ ബഹിഷ്‌കരിക്കുക തന്നെ ചെയ്യും. ചര്‍ക്ക പതാക(നിലവിലെ പതാകയുടെ പഴയ രൂപം) ഭാഗികമായിട്ടെങ്കിലും ഖാദി-ബന്ദറിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അതിലുള്ള ചര്‍ക്ക ഒരിക്കലും ഹിന്ദുക്കളുടെ അഭിമാനവും ആവേശവുമായ പുരാതന ദേശത്തെ അടയാളപ്പെടുത്തുന്നില്ല’.(2)
ത്രിവര്‍ണ്ണ പതാകയേന്തിയ സ്വാതന്ത്ര സമരസേനാനികളോട് ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ചെയ്തതെന്തെന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് എന്‍.ജി ഗോരായ് വ്യക്തമാക്കുന്നുണ്ട്.1938ല്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ പതാകയെ പിച്ചിച്ചീന്തുകയും അത് വഹിച്ചവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ നേര്‍സാക്ഷിയായിരുന്നു അദ്ദേഹം: ‘മെയ് ദിന ഘോഷയാത്രയെ ആരാണ് അക്രമിച്ചത്? സേനപതി ബപാട്, കനിത്കാര്‍ അടക്കമുള്ള വ്യക്തികളെ ആരാണ് കയ്യേറ്റം ചെയ്തത്? ദേശീയ പതാക ആരാണ് വലിച്ചു കീറിയത്? ഹിന്ദു മഹാസഭയുടെയും ഹെഡ്ഗവാറിന്റെയും ആളുകളാണ് ഇതെല്ലാം ചെയ്തത്. മുസ്‌ലിംകളെ ഒന്നാം നമ്പര്‍ പൊതുശത്രുവായി കാണാനും കോണ്‍ഗ്രസിനെയും അവരുടെ പതാകയെയും വെറുക്കാനും പൊതുജനത്തെ പഠിപ്പിക്കുകയായിരുന്നു അവര്‍.(3)

Also read: പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

നേതാജി സുഭാഷ് ചന്ദ്രബോസിനോട് ചെയ്ത വഞ്ചന

ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം(1941 ജനുവരി 16) നേതാജി രാജ്യത്തിന്റെ വിമോചനത്തിന് വിദേശ പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുകയും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് സൈനിക ആക്രമണം നടത്തുകയും ചെയ്ത് ഒരു ഇന്ത്യന്‍ ദേശീയ സൈന്യത്തെ രൂപീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷ് അധികാരികളെ സൈനികമായി സഹായിക്കുന്ന തിരക്കിലായിരുന്നു സവര്‍ക്കര്‍. 1941ല്‍ ബഗല്‍പൂരില്‍ വെച്ച് നടന്ന 23ാം ഹിന്ദു മഹാസഭ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത് ഇങ്ങനെയാണ്: ‘ഇപ്പോള്‍ നമ്മുടെ കാല്‍പാദത്തിനടുത്തെത്തിയിട്ടുള്ള യുദ്ധം ഒരുനിലക്ക് നമുക്ക് അപകടകരവും മറ്റൊരു തരത്തില്‍ നമ്മുടെ സൈനികബലം ശക്തിപ്പെടുത്താന്‍ സഹായകവുമാണ്. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഹിന്ദു മഹാസഭയുടെ എല്ലാ ബ്രാഞ്ചുകളും അവിടങ്ങളിലുള്ള ഹിന്ദു ജനതയെ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും അവരെയെല്ലാം ബ്രിട്ടീഷുകാരുടെ വ്യോമ, നാവിക, കരസേനയില്‍ പങ്കാളികളാക്കുകയും വേണം’.4)
താഴെ കുറിക്കുന്ന വരികള്‍ സവര്‍ക്കറുടെ ബ്രിട്ടീഷ് സ്‌നേഹത്തെയും അവരേടുള്ള സഹായ മനോഭാവത്തെയും ഒന്നുകൂടെ വ്യക്തമാക്കിത്തരും: ‘ഇന്ത്യയുടെ പ്രതിരോധത്തെ സംബന്ധിച്ചെടുത്തോളം, ഹിന്ദുത്വ രാജ്യത്തിന്റെ താല്‍പര്യങ്ങളോട് പൊരുത്തപ്പെട്ട് പോകുന്നിടത്തോളം കാലം ഹിന്ദുക്കള്‍ യാതൊരു വെറുപ്പുമില്ലതെത്തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി സഖ്യത്തിലാവണം. അതിനായ് വലിയൊരളവില്‍ ഹിന്ദുക്കള്‍ അവരുടെ വെടിമരുന്ന്, യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതി നേടി അവരുടെ വ്യോമ, നാവിക, കരസേനകളില്‍ അംഗമായി മാറണം. ജപ്പാന്റെ യുദ്ധപ്രവേശനം നമ്മുടെ ഭാഗത്തെ കൂടുതല്‍ വെളിപ്പെടുത്തുമെന്നതിനാല്‍ ബ്രിട്ടന്റെ ശത്രുക്കളാല്‍ അക്രമിക്കപ്പെടുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന്റെ അനന്തരഫലമായി ഉണ്ടായേക്കാവുന്ന യുദ്ധ കെടുതുകളില്‍ നിന്ന് നമ്മുടെ കൂട്ടുകുടുംബങ്ങളെയും കുടുംബസൗകര്യങ്ങളെയും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. ബ്രിട്ടീഷ് സൈന്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ് അതിനുള്ള ഏകമാര്‍ഗം. അതിനാല്‍ ബംഗാള്‍, ആസാം പ്രവിശ്യകളിലുള്ള ഹിന്ദു മഹാസഭയുടെ ആളുകള്‍ അവിടങ്ങളിലുള്ള ഹിന്ദുക്കളെ എത്രയും പെട്ടെന്ന് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്’.(5)
പിന്നീടുള്ള കുറച്ച് കാലം, പില്‍ക്കാലത്ത് നേര്‍ത്ത്-ഈസ്റ്റില്‍ ഒരുപാട് ഐ.എന്‍.എ പോരാളികളുടെ അറുകൊലക്ക് കാരണക്കാരായ ബ്രിട്ടീഷ് ആയുധസേനക്ക് വേണ്ടി റിക്രൂട്ട്‌മെന്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സവര്‍ക്കര്‍. ബ്രിട്ടീഷ് വ്യോമ, നാവിക, കരസേനയിലേക്ക് കഴിയുന്നത്രയും ഹിന്ദുക്കളെ റിക്രൂട്ട് ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു ഹിന്ദു മഹാസഭയുടെ കോണ്‍ഫറന്‍സ് മധുരയില്‍ പിരിഞ്ഞത്.(6) ഹിന്ദു മഹാസഭയുടെ മാത്രം പരിശ്രമത്താല്‍ ഒറ്റ വര്‍ഷം കൊണ്ട് തന്നെ ഒരു ലക്ഷത്തോളം ഹിന്ദുക്കള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് സവര്‍ക്കര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ കാലയളവിലെല്ലാം ഹിന്ദു ജനത ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ വേണ്ടി ആര്‍.എസ്.എസ് സവര്‍ക്കറെക്കൊണ്ട് നിത്യം ക്ലാസെടുപ്പിക്കല്‍ പതിവായിരുന്നുവെന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.

Also read: യൂനുസ് എമെറെ: തുർക്കി ജനതയുടെ ആത്മീയ വൈദ്യൻ

ഇന്ത്യ ഒറ്റൊക്കൊരു ദേശമല്ലെന്ന വാദം

ഹിന്ദു മഹാസഭ ആര്‍ക്കൈവുകളില്‍ ലഭ്യമായ ഡോക്യുമെന്റുകള്‍ നമ്മെ കൂടുതല്‍ അത്ഭുതപ്പെടുത്തും. ജിന്നയെപ്പോലെത്തന്നെ ദ്വിരാഷ്ട്രവാദത്തെ എത്രമേല്‍ സവര്‍ക്കര്‍ പിന്തുണച്ചിരുന്നുവെന്ന് ആ ഡോക്യുമെന്റുകള്‍ വ്യക്തമാക്കിത്തരുന്നുണ്ട്. 1937ല്‍ അഹ്മദാബാദില്‍ വെച്ച് നടന്ന 19ാം ഹിന്ദു മഹാസഭ സമ്മേളനത്തിന്റെ അദ്ധ്യക്ഷ ഭാഷണത്തില്‍ സവര്‍ക്കര്‍ പ്രസംഗിച്ചു: ‘പരസ്പരവിരുദ്ധമായ രണ്ട് ദേശങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യ. സ്വരച്ഛേര്‍ച്ചയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് പല നവാഗത രാഷ്ട്രീയക്കാരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏകീകൃതവും ഏകതാനവുമായ രാഷ്ട്രമായി ഇന്ത്യയെ ഒരിക്കലും നമുക്ക് കാണാനാകില്ല. യഥാര്‍ത്ഥത്തില്‍ രണ്ട് ദേശങ്ങള്‍ കൂടിയതാണത്; ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും’.(7)

ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികളുടെ പക്ഷം ചേര്‍ന്നു

സ്വതന്ത്ര സമരത്തില്‍ നിന്ന് മാറിനില്‍ക്കുക മാത്രമല്ല സവര്‍ക്കര്‍ ചെയ്തത്, ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്കെതിരെ വരുന്നവരെ അടിച്ചൊതുക്കാന്‍ സഹായിക്കുക കൂടി ചെയ്തു. 1942ലെ ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മര്‍ദ്ദനം സഹിക്കുമ്പോള്‍ സവര്‍ക്കര്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: ‘എല്ലാ പ്രായോഗിക രാഷ്ട്രീയത്തിന്റെയും സുപ്രധാന തത്വമായ പ്രതികരണാത്മക സഹകരണ നയമാണ് ഹിന്ദു മഹാസഭയും സ്വീകരിക്കുന്നത്. അതിനാല്‍തന്നെ, കൗണ്‍സിലര്‍മാര്‍, മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും ഏതെങ്കിലും മുന്‍സിപ്പാലിറ്റിയോ പൊതുസ്ഥാപനങ്ങളോ കൊണ്ടുനടക്കുകയും ചെയ്യുന്ന എല്ലാ ഹിന്ദു സംഘതാനികളും ഹിന്ദു താല്‍പര്യത്തിന് വേണ്ടി ഗവണ്‍മെന്റിന്റെ അധികാര കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുകയും നിയമാനുസൃത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. തീര്‍ച്ചയായും അവരെല്ലാം നമ്മുടെ രാജ്യത്തിന് വലിയൊരളവില്‍ ദേശസ്‌നേഹത്തോടെയുള്ള സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ തങ്ങളാലാവുന്നത് ചെയ്യാന്‍ മാത്രമാണ് മഹാസഭ ആവശ്യപ്പെടുന്നത്. പരിമിതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുന്നത് വരെ ഘട്ടം ഘട്ടമായി സ്വയം പരിമിതപ്പെടാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിരുപാധികമായ സഹകരണം മുതല്‍ സജീവവും സായുധവുമായ ചെറുത്തുനില്‍പ്പുമെല്ലാം രാജ്യസ്‌നേഹ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഉള്‍കൊള്ളുന്ന പ്രതികരണാത്മ സഹകരണ നയത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങള്‍ കാലത്തിന്റെ ആവശ്യകതയും താല്‍പര്യവുമായി പരിഗണിക്കപ്പെടും’.(8)

സവര്‍ക്കറുടെ ഹിന്ദു മഹാസഭയും ജിന്നയുടെ മുസ്‌ലിം ലീഗും

1940കളില്‍ ഹിന്ദു മഹാസഭ മുസ്‌ലിം ലീഗുമായി സഖ്യം ചേര്‍ന്നിരുന്നു. മുസ്‌ലിം ലീഗുമായുള്ള ഈ കൂട്ടുകെട്ടിനെ പരസ്യമായി ന്യായീകരിച്ചുകൊണ്ട് 1942ല്‍ കാണ്‍പൂരില്‍ വെച്ച് നടന്ന 24ാം ഹിന്ദു മഹാസഭ സമ്മേളനത്തില്‍ സവര്‍ക്കര്‍ അദ്ധ്യക്ഷ ഭാഷണം നടത്തി: ‘പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമെന്നോണം ചില വിട്ടുവീഴ്ചകള്‍ക്കും നാം തയ്യാറാകണമെന്ന് ഹിന്ദു മഹാസഭ മനസ്സിലാക്കുന്നു. ഈ അടുത്ത കാലത്ത് മാത്രമാണ് സിന്ധില്‍ സിന്ധ്-ഹിന്ദു മഹാസഭ മുസ്‌ലിം ലീഗുമായി ചേര്‍ന്ന ഒരു സഖ്യ ഗവണ്‍മെന്റ് നടത്താന്‍ തീരുമാനിക്കുന്നത്. ബംഗാളിലെ അവസ്ഥയും നമുക്ക് വ്യക്തമായി അറിയാം. കോണ്‍ഗ്രസിന് പോലും കൈയ്യിലൊതുക്കാന്‍ കഴിയാതിരുന്ന വൈല്‍ഡ് ലീഗിന്റെ ആളുകള്‍ ശ്രീ. ഫസലുല്‍ ഹഖിന്റെ കീഴിലും ഹിന്ദു മഹാസഭയുടെ ആളുകള്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് കീഴിലുമായി മുസ്‌ലിം ലീഗും ഹിന്ദു മഹാസഭയുമടങ്ങുന്ന സഖ്യ സര്‍ക്കാര്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ വിജയകരമായി പ്രവര്‍ത്തിച്ചു’.(9)

Also read: രക്തദാനം ജീവൻദാനം

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ നേപ്പാള്‍ രാജാവ് ഇന്ത്യ ഭരിക്കണമെന്ന സവര്‍ക്കറുടെ സ്വപ്‌നം

ബ്രിട്ടണ്‍ ഇന്ത്യ വിടുന്ന മുറക്ക് സ്വതന്ത്ര ഇന്ത്യയുടെ ഭാവി ഭരണാധികാരി നേപ്പാള്‍ രാജാവാകണമെന്ന് സവര്‍ക്കര്‍ പ്രസിംഗിച്ച് നടന്നിരുന്നു. അതിനെക്കുറിച്ച് സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് എഴുതിയിരുന്നു: ‘ഇന്നത്തെ എല്ലാ അവസ്ഥകളും വെച്ച് അതിന്റെ ഒരു സാധ്യത പരിഗണിക്കുകയാണെങ്കില്‍, ബ്രിട്ടന്റെ പിന്മാറ്റത്തിന് ശേഷം ഷിസോഡിയകളുടെ ഇളയപുത്രനായ നേപ്പാള്‍ രാജാവിന് മാത്രമാണ് ഇന്ത്യയുടെ സാമ്രാജ്യത്വ കിരീടം ചൂടാനുള്ള ഏറ്റവും നല്ല അവസരം. നാം ഹിന്ദുക്കളെക്കാളും ഇംഗ്ലീഷുകാര്‍ക്കത് വ്യക്തമായിത്തന്നെ അറിയാം. ഇന്ത്യയെ നിയന്ത്രിക്കുകയെന്നത് നേപ്പാളിനെ സംബന്ധിച്ചെടുത്തോളം അസാധ്യമൊന്നുമല്ല. തങ്ങളുടെ കൈപിടിയില്‍ നിന്നും വഴുതിപ്പോയ ഭരണ ചെങ്കോല്‍ നിസാമിനെപ്പോലെ പരാജിതനായ ഒരു ബ്രിട്ടണ്‍ രാജാവിന്റെ കയ്യില്‍ കിട്ടുന്നതിനെക്കാളും ബ്രിട്ടന്റെ സ്വതന്ത്ര സഖ്യകക്ഷിയായ നേപ്പാള്‍ രാജാവിന് ലഭിക്കുന്നതായിരിക്കും ബ്രിട്ടനെ കൂടുതല്‍ സന്തുഷ്ടരാക്കുക’.(10)
ഹിന്ദുത്വ ക്യാമ്പുകളെ സംബന്ധിച്ചെടുത്തോളം സവര്‍ക്കര്‍ വീറും വീരനുമെല്ലാം ആയിരിക്കാം. സത്യമെന്തെന്നാല്‍, ആറു തവണ മാപ്പപേക്ഷ എഴുതിക്കൊടുക്കുകയും അമ്പത് വര്‍ഷത്തെ ശിക്ഷയില്‍ നിന്ന് നാല്‍പ്പത് വര്‍ഷത്തേക്ക് അങ്ങനെ മോചനം നേടിയെടുത്ത വ്യക്തി കൂടിയാണ് ഈ പറഞ്ഞ സവര്‍ക്കര്‍. സവര്‍ക്കറുടെ രാജ്യസ്‌നേഹത്തിന്റെ യോഗ്യതയെക്കുറിച്ച് ബി.ജെ.പിക്കും ആര്‍.എസ്.എസിനും അത്രയേറെ ഉറപ്പുണ്ടെങ്കില്‍ സവര്‍ക്കറുടെ ഈ രചനകളെല്ലാം അവര്‍ പൊതു ഇടങ്ങളില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അത് വായിച്ച് കര്‍ണാടകയിലുള്ളവര്‍ക്കും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്കും സ്വന്തമായി ഒരു നിഗമനത്തിലെത്താന്‍ സാധ്യമാകുമല്ലോ.

അടിക്കുറിപ്പുകള്‍:
1- https://www.telegraphindia.com/india/savarkar-triggers-flyover-fight-in-karnataka/cid/1778208
2- എ.എസ്. ബിഡെ, (എഡി.), വി.ഡി സവര്‍ക്കേഴ്‌സ് വേള്‍വിന്റ് പ്രോപഗണ്ട: എക്‌സ്ട്രാക്റ്റ്‌സ് ഫ്രം ദി പ്രസിഡന്റ്‌സ് ഡയറി ഓഫ് ഹിസ് പ്രോപഗണ്ടിസ്റ്റ് ടൂര്‍സ് ഇന്റര്‍വ്യൂസ് ഫ്രം ഡിസംബര്‍ 1937 ടു 1941, ബോംബെ, പേ. 470-73
3- അനില്‍ നൗര്യ, ദി സവര്‍ക്കറിസ്റ്റ് സിന്റാക്‌സ്, ദി ഹിന്ദു, സെപ്തംബര്‍ 18,2004, ഡല്‍ഹി.
4- വി.ഡി സവര്‍ക്കര്‍, സമഗ്ര സവര്‍ക്കര്‍ വാങ്മയ:ഹിന്ദു രാഷ്ട്ര ദര്‍ശന്‍, വാല്യം. 6, മഹാരാഷ്ട്ര പ്രന്തിക് ഹിന്ദുസഭ, പൂനെ, 1963, പേ. 460-61.
5- പേ. 460.
6- പേ. 439.
7- വി.ഡി സവര്‍ക്കര്‍, സമഗ്ര സവര്‍ക്കര്‍ വാങ്മയ: ഹിന്ദു രാഷ്ട്ര ദര്‍ശന്‍( കളക്റ്റ്ട് വര്‍ക്ക്‌സ് ഓഫ് സവര്‍ക്കര്‍ ഇന്‍ ഇംഗ്ലീഷ്), ഹിന്ദു മഹാസഭ, പൂനെ, 1963, പേ. 296.
8- വി.ഡി സവര്‍ക്കര്‍, സമഗ്ര സവര്‍ക്കര്‍ വാങ്മയ:ഹിന്ദു രാഷ്ട്ര ദര്‍ശന്‍, വാല്യം. 6, മഹാരാഷ്ട്ര പ്രന്തിക് ഹിന്ദുസഭ, പൂനെ, 1963, പേ. 112.
9- വി.ഡി സവര്‍ക്കര്‍, സമഗ്ര സവര്‍ക്കര്‍ വാങ്മയ: ഹിന്ദു രാഷ്ട്ര ദര്‍ശന്‍( കളക്റ്റ്ട് വര്‍ക്ക്‌സ് ഓഫ് സവര്‍ക്കര്‍ ഇന്‍ ഇംഗ്ലീഷ്), ഹിന്ദു മഹാസഭ, പൂനെ, 1963, പേ. 479-80.
10- എ.എസ്. ബിഡെ, (എഡി.), വി.ഡി സവര്‍ക്കേഴ്‌സ് വേള്‍വിന്റ് പ്രോപഗണ്ട: എക്‌സ്ട്രാക്റ്റ്‌സ് ഫ്രം ദി പ്രസിഡന്റ്‌സ് ഡയറി ഓഫ് ഹിസ് പ്രോപഗണ്ടിസ്റ്റ് ടൂര്‍സ് ഇന്റര്‍വ്യൂസ് ഫ്രം ഡിസംബര്‍ 1937 ടു 1941, ബോംബെ, പേ. 256-57.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles