Health

രക്തദാനം ജീവൻദാനം

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി… എന്നു തുടങ്ങുന്ന കവിത രക്തസാക്ഷിയെകുറിച്ചാണെങ്കിലും രക്തദാനിയിലും അതേ പരിമാണത്തിൽ ഫിറ്റാവും. സ്വന്തം ശരീരത്തിലെ പ്രധാന ഘടകം ദാനം ചെയ്യുന്നതിലൂടെ ജാതി-മത-ലിംഗ ഭേദമന്യേ ശക്തമായ “രക്ത”ബന്ധമാണുണ്ടാവുന്നത്. നമ്മെക്കൊണ്ടാവുന്ന രീതിയിൽ നമുക്കു ചെയ്യാവുന്ന മനുഷ്യസേവനമാണത്.

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ പതിനാലാം തീയതി ലോക രക്തദാന ദിനമായി ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.

മനുഷ്യ സ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനമെന്ന് അറിയാത്തവരുണ്ടാവില്ല.രക്തത്തിന്റെ അളവിലുള്ള കുറവും അതിലെ ഓരോ ഘടകങ്ങളുടെ വ്യതിയാനവും മനുഷ്യജീവിതംതന്നെ അപകടത്തിലാക്കിയേക്കും. Blood is thicker than water എന്ന ആംഗലേയ പ്രയോഗത്തിന്റെ അർഥം എന്തോ ആവട്ടെ രക്തദാനത്തിലൂടെ പലപ്പോഴുമുണ്ടാവുന്ന ബന്ധം വിവരണങ്ങൾക്കതീതമാണ്.

രക്തദാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ സംസ്ഥാന തലത്തിലെ ആരോഗ്യവകുപ്പിന്റെ അംഗീകാരങ്ങൾ നേടിയിട്ടുള്ള ഷാജി അട്ടക്കുളങ്ങര അഭിപ്രായപ്പെടുന്നത്. ദിനേന നൂറു കണക്കിനാളുകൾക്കാണ് അദ്ദേഹം ദായകരെ സംഘടിപ്പിച്ച് കൊടുക്കുന്നത്. ഈ രംഗത്തെ സ്തുത്യർഹ സേവനങ്ങൾ അനുഷ്ഠിക്കുന്ന ഷാജി എന്റെ ഒരു ശിഷ്യനും കൂടിയാണ്. അദ്ദേഹം പറയുന്നതനുസരിച്ച് രക്തദാതാക്കളെ രണ്ടായി തിരിക്കാം :

Also read: സൂറത്തുല്‍ മുല്‍ക്: ജീവിത മികവിന്‍റെ പാഠങ്ങള്‍

1. ആശുപത്രിയില്‍ ശസ്ത്രക്രിയ സമയത്തു രോഗിക്കാവശ്യമായ രക്തം നല്‍കുന്നവര്‍.
2. രക്തബാങ്കിലേക്കു പിന്നീടുള്ള ആവശ്യങ്ങള്‍ക്കു ദാനം ചെയ്യുന്നവര്‍.
പണത്തിനുവേണ്ടി രക്തം വില്‍ക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഡോക്ടര്‍മാരോ മറ്റുള്ളവരോ ശ്രമിക്കാറില്ല എന്ന് മാത്രമല്ല എതിക്സിന് വിരുദ്ധം കൂടിയാണത് എന്ന് എല്ലാവരുമറിയണം.

 രക്തദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു ചില സംഗതികൾ :
ദാതാവിന് 50 കിലോയെങ്കിലും ഭാരം ഉണ്ടായിരിക്കണം. ഹൃദയമിടിപ്പും, ശരീരോഷ്മാവും, രക്ത സമ്മര്‍ദവും എല്ലാം പരിശോധിച്ച് സാധാരണമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്തദാനം നടത്താന്‍ സാധിക്കൂ. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് 350 മുതല്‍ 450 മില്ലി ലിറ്റര്‍ വരെ രക്തം ശേഖരിക്കാന്‍ കഴിയും.

ഒരു പ്രാവശ്യം രക്തം നല്‍കി മൂന്നു മാസത്തിനു ശേഷം മാത്രമേ പിന്നീടു ദാനം ചെയ്യാവൂ. ഓരോ പ്രാവശ്യം നല്‍കുമ്പോഴും രോഗങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രമേ രക്തദാനം നടത്തൂ. രക്തദാനം നടത്തുന്നവന്റെ ഉറക്കത്തെ കുറിച്ച് പോലും ബോധ്യപ്പെട്ടതിന് ശേഷമേ രക്തം സ്വീകരിക്കാറുള്ളൂ.

പുരുഷന്‍മാരില്‍
1. 18 വയസിനും 55 വയസിനും ഇടയില്‍ ആരോഗ്യമുള്ളവര്‍ക്കു രക്തദാനം നടത്താം.
2. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് 12.5 എങ്കിലും ഉള്ളവര്‍ക്കേ രക്തദാനം ചെയ്യാന്‍ കഴിയൂ.
3. പ്രഷര്‍, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ക്കും ഹൃദയം, കരള്‍, കിഡ്‌നി ഇവയ്ക്ക് അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും രക്തദാനം ചെയ്യാന്‍ കഴിയില്ല.
4. മദ്യപാനം, പുകവലി എന്നിവ അമിതമായുള്ള പുരഷന്മാരില്‍ നിന്നു രക്തം സ്വീകരിക്കാറില്ല.
5. വൈറല്‍ അസുഖങ്ങള്‍, ചിക്കന്‍പോക്‌സ്, ടൈഫോയിഡ്, മലേറിയ തുടങ്ങിയ അസുഖങ്ങള്‍ വന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷമേ അവരില്‍ നിന്നു രക്തം സ്വീകരിക്കൂ.
6. ഏതെങ്കിലും ശസ്ത്രക്രിയ നടന്നവരില്‍ നിന്ന് ഒരുവര്‍ഷത്തിനു ശേഷം മാത്രമേ രക്തം സ്വീകരിക്കുകയുള്ളൂ.
7. ഹെപ്പറ്റെറ്റിസ്-ബി രോഗം ബാധിച്ചവരുടെ രക്തം ഒരു കാരണവശാലും രക്തദാനത്തിനായി സ്വീകരിക്കാറില്ല.

Also read: പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

സ്ത്രീകളില്‍
1. രക്തക്കുറവുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍നിന്നു രക്തം സ്വീകരിക്കില്ല.
2. ഹിമോഗ്ലോബിന്റെ അളവ് 12.5 എങ്കിലും ഉള്ളവരില്‍ നിന്നേ രക്തം സ്വീകരിക്കൂ.

 രക്തദാനം പാടില്ലാത്തവര്‍
സ്‌ക്രീനിംഗ് കഴിഞ്ഞേ രക്തം സ്വീകരിക്കുകയുള്ളൂ എങ്കിലും എയ്ഡ്‌സ്, ഹെപ്പറ്റെറ്റിസ്-ബി എന്നിങ്ങനെ രോഗങ്ങള്‍ ബാധിച്ചവരെ ഒഴിവാക്കുകയാണു ചെയ്യാറ്. ഈ അസുഖങ്ങള്‍ ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ രോഗം തിരിച്ചറിയാനാവില്ല. ഇതിനെ (സ്‌ക്രീനിംഗ് പിരീയ്ഡ്) എന്ന് പറയുന്നു.

രക്ത ദാനത്തിന് മുന്‍പ് നടത്തുന്ന കൗണ്‍സിലിങ്ങിലൂടെ ദാതാവ് വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടയാളാണോ എന്നുവരെ അന്വേഷിച്ചിട്ടാണ് രക്തം സ്വീകരിക്കുകയുള്ളൂ. രക്തദാനം ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അപസ്മാരം, മാനസിക വൈകല്യങ്ങള്‍, ആസ്ത്മ, ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയുള്ളവര്‍ക്ക് രക്തദാനം ചെയ്യാന്‍ അതാത് വകുപ്പ് വിദഗ്ദർ അനുമതി നൽകാറില്ല.

എച്ച്.ഐ.വി., ഹെപ്പറ്റെറ്റിസ് -ബി, സി, സിഫിലിസ്, മലേറിയ തുടങ്ങി അഞ്ചു ടെസ്റ്റുകള്‍ നടത്തി അവ നെഗറ്റീവാണെന്നു തെളിഞ്ഞാല്‍ മാത്രമേ ദാതാവിന്റെ രക്തം രോഗിക്കു നല്‍കൂ.

രക്തശേഖരണം
ആദ്യം ശേഖരിക്കുന്ന രക്തം (വൂള്‍ ബ്ലഡ്) സിംഗിള്‍ ബാഗിലാണു ശേഖരിക്കുന്നത്. രക്തത്തെ പ്രധാനമായും പ്ലേറ്റ്‌ലറ്റ്‌സ്, പ്ലാസ്മ, സി.ആര്‍.സി. എന്നീ മുന്നു ഘടകങ്ങളായി തിരിക്കാം. ഡെങ്കിപ്പനി, എലിപ്പനി, കാൻസർ തുടങ്ങിയ രോഗം ബാധിച്ചവര്‍ക്കു പ്ലേറ്റ്‌ലറ്റ്‌സ് ധാരാളം ആവശ്യമാണ്. അപ്പോള്‍ രക്തത്തില്‍ നിന്നു പ്ലേറ്റ്‌ലറ്റ്‌സിനെ മറ്റൊരു ബാഗിലാക്കുന്നു. അങ്ങനെ പ്ലാസ്മയും സി.ആര്‍.സി.യും അതാതു രോഗികള്‍ക്ക് ആവശ്യമനുസരിച്ചു പ്രത്യേക ബാഗുകളിലാക്കി നല്‍കുന്നു.

Also read: യൂനുസ് എമെറെ: തുർക്കി ജനതയുടെ ആത്മീയ വൈദ്യൻ

രക്തദാനം : ഇസ്ലാമിക വീക്ഷണം
അനിവാര്യതയുടെ അനുവദനീയതയിലാണ് ശൈഖ് മുഹമ്മദു ബ്നു ഇബ്രാഹീം ആലുശ്ശൈഖിനെ പോലുള്ള സലഫി പണ്ഡിതർ ഇത്തരം വിഷയങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
غير باغ ولا عاد(2:173,16:115)
പരിധി വിടാതെ എന്നും
اضطرار(2:119,2:173,5:3,6:145)
അനിവാര്യതയിലും എന്നാണ് ആ വിഭാഗം പണ്ഡിതന്മാർ ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിൽ ഖറദാവിയെ പോലുള്ളവർ വിശ്വാസി ചെയ്യുന്ന സ്വദഖയുടെ പരിധിയിലാണുൾപ്പെടുത്തിയിട്ടുള്ളത്.
“ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു “. [5:32] എന്ന ഖുർആനിക വചനവും”ദുഖിതരെ സഹായിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു; ഭൗതിക ലോകത്ത് വെച്ച് ഒരാള്‍ ഒരു വിശ്വാസിയുടെ ദുഖ:മകറ്റിയാല്‍, അന്ത്യദിനത്തില്‍ അല്ലാഹു അയാളുടെ ഒരു ദുഖ:മകറ്റുമെന്ന് [ബു. മു] എന്നയർഥത്തിലുള്ള മറ്റു ഹദീസുകളും വെച്ച് കൊണ്ട് ആരോഗ്യമുള്ള ഏവർക്കും അവനെത്ര ദരിദ്രനായാലും നിർവഹിക്കുന്ന ഒരു ദാനമാണ് രക്തദാനമെന്ന് നാം മനസ്സിലാക്കുന്നു.ആയതിനാൽ രക്തദാനം ജീവദാനം തന്നെ.

(June:14 blood donors day)

Facebook Comments
Related Articles

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Check Also

Close
Close
Close