Current Date

Search
Close this search box.
Search
Close this search box.

സീസിയുടെ ഈജിപ്തിൽ പുസ്തക വായന ഒരു കുറ്റകൃത്യമാണ്

യഥാർഥ ജനപിന്തുണയില്ലാത്തതിനാൽ, ഏതൊരു ഏകാധിപത്യ ഭരണകൂടത്തിനും അതിജീവനത്തിനു വേണ്ടി സെൻസർഷിപ്പിനെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നും തന്നെയില്ല, സെൻസർഷിപ്പാണ് അവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം. ഈജിപ്ത് ഇതിന് നല്ലൊരു ഉദാഹരണമാണ്. 2013ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തിനു ശേഷം ഏതാണ്ട് 500 ഓളം വാർത്താ വെബ്സൈറ്റുകളാണ് ഈജിപ്ഷ്യൻ പട്ടാളഭരണകൂടം ബ്ലോക്ക് ചെയ്തത്.

കഴിഞ്ഞ വർഷം കെയ്റോയിലെ ബലൂൺ തിയ്യറ്ററിൽ നടന്നിരുന്ന സയ്യിദ് ദർവീശ് നാടക പരിപാടിയിൽ നിന്ന് ‘يا بلح زغلول’ (യാ ബലഹ് സഗ് ലൂൽ/ ഓ, സഗ് ലൂൽ ഈത്തപ്പഴങ്ങളേ) എന്ന നാടകം ഈജിപ്ഷ്യൻ പട്ടാള ഭരണകൂടം നിരോധിക്കുകയുണ്ടായി. കാരണം പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ഇരട്ടപ്പേരാണ് ‘ബലഹ്’ (ചുവന്ന ഈത്തപ്പഴം). ഈജിപ്ത്തിൽ, ബുദ്ധിമാനാണെന്ന് അവകാശപ്പെടുന്ന ഒരു വിഡ്ഢിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബലഹ്.

ഈ വർഷം ആദ്യത്തിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ‘സിനർജി’ (Synergy) നിർമിച്ച റമദാൻ പരമ്പരയായ ‘അൽ ഇഖ്താർ’ (The Choice), 2013 ആഗസ്റ്റ് മാസം അരങ്ങേറിയ റാബിയ കൂട്ടക്കൊലയെ പുനരാവിഷ്കരിക്കുകയും മുസ്ലിം ബ്രദർഹുഡിനെ രാജ്യത്തിനും പൗരൻമാർക്കും എതിരെയുള്ള ഗുരുതരമായ ഭീഷണി എന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ടെലിവിഷനും, മീഡിയക്കും മേലുള്ള ഭരണകൂട നിയന്ത്രണങ്ങളെ കുറിച്ചാണ് വ്യാപകമായി റിപ്പോർട്ടുകൾ പുറത്തുവരുന്നതെങ്കിലും, ഈ നിയന്ത്രണങ്ങൾ ജനങ്ങൾ എന്തു വായിക്കണം എന്നതിലേക്ക് വ്യാപിച്ചിട്ട് വർഷങ്ങൾ ഒരുപാടായി. ആഖ്യാനങ്ങൾ കർശനമായി നിയന്ത്രിക്കപ്പെടുന്നുണ്ട്, ജനങ്ങൾ വായനയിലൂടെ മറ്റൊരു ലോകത്തേക്ക് രക്ഷപ്പെടുന്നതിലും, അല്ലെങ്കിൽ സ്വയം വിമർശനാത്മകമായി ചിന്തിക്കുന്നതിലും ഭരണകൂടത്തിന് താൽപര്യമില്ല.

അത്തരത്തിലുള്ള ഏറ്റവും പുതിയ നടപടിയുടെ ഭാഗമായി, മസ്ജിദ് ലൈബ്രറികളിലെ പ്രസിദ്ധീകരണങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമെന്നും തീവ്രവാദ ആശയങ്ങൾ ഉൾക്കൊള്ളുന്നവ നീക്കം ചെയ്യുമെന്നും ഈജിപ്തിലെ എൻഡോവ്മെന്റ് മന്ത്രാലയം പ്രഖ്യാപിക്കുകയുണ്ടായി. “തീവ്രവാദം തടയുന്നതിന്റെ” ഭാഗമായി മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെട്ട രചനകളിൽ നിന്ന് മസ്ജിദ് ലൈബ്രറികളെ “ശുദ്ധീകരിക്കുമെന്നും” മന്ത്രാലയം ഉറപ്പുനൽകി.

പ്രതിരോധ നടപടിയുടെ ഭാഗമായി, പുസ്തകങ്ങൾ ലൈബ്രറികളിൽ ചേർക്കുന്നതിന് മുമ്പായി ഇമാമുമാർ ബന്ധപ്പെട്ടവരുടെ അനുമതി തേടേണ്ടതുണ്ട്. “ഉത്തരവുകൾ അവഗണിക്കുന്നവർ” ശിക്ഷിക്കപ്പെടുകയും ചെയ്യും.

അറബ് വിപ്ലവാനന്തരം, സ്വാതന്ത്ര്യങ്ങളുടെ നവയുഗപ്പിറവി എന്ന് വിശ്വസിക്കപ്പെട്ടിരുന്ന കാലത്ത്, ജോർജ്ജ് ഓർവൽ, മിലൻ കുന്ദേര തുടങ്ങിയവർ പുസ്തക ഷെൽഫുകളിലേക്ക് തിരിച്ചുവരികയും, മാറ്റത്തിനു വേണ്ടി നിലകൊണ്ട ഈജിപ്ഷ്യൻ പ്രസ്ഥാനമായ ‘കിഫായ’യുടെ സ്ഥാപകൻ അബ്ദുൽ ഹലീം ഖൻദീൽ രചിച്ച ‘كارت أحمر للرئيس’(പ്രസിഡന്റിനൊരു ചുവപ്പുകാർഡ്) എന്ന കൃതിക്ക് ആവശ്യക്കാർ ഏറുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ ഈ സ്വാതന്ത്ര്യങ്ങളെല്ലാം വീണ്ടും കവർന്നെടുക്കപ്പെട്ടു, കെയ്റോ അന്താരാഷ്ട്ര പുസ്തക മേളയിലെ സ്റ്റാളുകളെല്ലാം തന്നെ ഭരണകൂട പോലീസിന്റെ കർശന പരിശോധനക്ക് വിധേയമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങൾക്ക് കനത്ത പൊതുശിക്ഷകൾ നൽകുമ്പോൾ, സർക്കാർ സെൻസർഷിപ്പും ഭയത്തിനു പുറത്ത് വ്യക്തികൾ സ്വയം ചെയ്യുന്ന സെൻസർഷിപ്പും തമ്മിലുള്ള അതിർവരമ്പ് എവിടെയാണ് ആർക്കും വ്യക്തമല്ല.

ആക്രമണം എല്ലാ കോണുകളിൽ നിന്നും വരുന്നുണ്ട്. സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾ, ധാർമികത, ആചാരങ്ങൾ അല്ലെങ്കിൽ ഏകദൈവ മതങ്ങൾ എന്നിവയെ എതിർക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട പരിഭാഷകൾ വിലക്കി കൊണ്ട് പട്ടാള ഭരണകൂടത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ട്രാൻസ്ലേഷൻ കഴിഞ്ഞ വർഷം പ്രസ്താവനയിറക്കിയിരുന്നു. 2016ൽ ദാറുസ്സലാം എന്ന പ്രദേശത്തെ ഒരു ലൈബ്രറിയും അതിന്റെ മൂന്ന് ശാഖകളും റെയ്ഡ് ചെയ്ത ഈജിപ്ഷ്യൻ സുരക്ഷാസൈന്യം അവ അടച്ചുപൂട്ടുകയും പുസ്തകങ്ങൾ കണ്ടുകെട്ടുകയും, അവ രാജ്യദ്രോഹപരമായ ഇടങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ അഭിഭാഷകൻ ഗമാൽ ഈദ് സ്ഥാപിച്ച ദാറുസ്സലാം ലൈബ്രറി സ്കൂൾ വിദ്യാർഥികളുടെ പഠനകേന്ദ്രം കൂടിയായിരുന്നു. 2019ൽ, സുരക്ഷാസൈന്യം ഈദിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ ദേഹമാസകലം ചുവപ്പും മഞ്ഞയും പെയിന്റ് ഒഴിച്ച് അപമാനിക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തെ തടയാൻ വേണ്ടിയായിരുന്നു അതെല്ലാം.

കെയ്റോയിലെ ‘ദാർ മെറിറ്റ് പബ്ലിഷിംഗ് ഹൗസ്’ ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് റെയ്ഡ് നടത്തിയത്, ‘അൽ ബലദ്’ ബുക്ക് ഷോപ്പ് അടച്ചുപൂട്ടി, മുസ്ലിം ബ്രദർഹുഡുമായി ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ബുക്ക് സ്റ്റോർ ശൃംഖലയായ ‘അലിഫ്’ന് അവരുടെ എല്ലാ 37 ബ്രാഞ്ചുകളും അടച്ചുപൂട്ടേണ്ടി വന്നു.

ബ്രദർഹുഡിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ രുപീകരിച്ച ഭരണകൂട കമ്മിറ്റി 2017 ആഗസ്റ്റിൽ ‘അലിഫ്’ന്റെ എല്ലാ സ്വത്തുവകകളുടെയും കൈകാര്യകർതൃത്വം ഏറ്റെടുക്കുകയും, പിന്നീട് അതിന്റെ സ്ഥാപകരിൽ ഒരാളായ ഒമർ അൽശനീഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരുടെ സ്റ്റോറുകളിലെല്ലാം തന്നെ ബ്രദർഹുഡ് വിരുദ്ധ സാഹിത്യങ്ങൾ ഉണ്ടായിരുന്നെങ്കിലും കുറ്റം ചുമത്തപ്പെട്ടു.

കാൾ മാർക്സിന്റെ ‘കൂലി, വില, ലാഭം’ (Value, Price, Profit) എന്ന ഗ്രന്ഥം കൈവശം വെച്ചതിന്റെ പേരിൽ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റം ചുമത്തപ്പെട്ട് ഗമാൽ അബ്ദുൽ ഹക്കീമിന് അഞ്ചു വർഷത്തെ ജയിൽ ശിക്ഷ വിധിക്കപ്പെട്ടു. 2017ൽ സുരക്ഷാസൈന്യം അദ്ദേഹത്തെ സ്വന്തം വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത സമയത്താണ് പ്രസ്തുത ഗ്രന്ഥം കണ്ടെത്തിയത്.

അതേ വർഷം തന്നെയാണ്, “സാത്താൻ പ്രകീർത്തനം” “വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കൽ” എന്ന സൂയസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. മോനാ പ്രിൻസ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ജോൺ മിൽട്ടന്റെ ‘പാരഡൈസ് ലോസ്റ്റ്’നെ കുറിച്ച് തന്റെ വിദ്യാർഥികളോട് സംസാരിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം. സാഹിത്യ വിശകലത്തിന്റെ മറവിൽ ക്രമസമാധാനത്തിനു നേരെ വെല്ലുവിളി ഉയർത്തുകയാണ് അവർ ചെയ്തത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

ഈജിപ്തിന്റെ സെൻസർഷിപ്പ് ചരിത്രവും, വിയോജിപ്പിന്റെ ശബ്ദങ്ങൾക്കുള്ള ശിക്ഷയും കണക്കിലെടുക്കുമ്പോൾ, സാഹിത്യ നിരൂപകൻ ഹെൻറി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ വാക്കുകൾ പ്രസക്തമാണെന്ന് തോന്നുന്നു:

“നീതിയുടെ പേരിലുള്ള ആൾക്കൂട്ട കൊലപാതകം പോലെയാണ് കലയെ സംബന്ധിച്ച് സെൻസർഷിപ്പ്”

മൊഴിമാറ്റം: മുഹമ്മദ് ഇർഷാദ്

 

Related Articles