Current Date

Search
Close this search box.
Search
Close this search box.

എങ്ങിനെയാണ് ഇന്ത്യന്‍ ജുഡീഷ്യറി ബാബരി മസ്ജിദിനെ രാമക്ഷേത്രമാക്കിയത് ?

ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ,ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിറവേറുകയാണ്. രാഷ്ട്രീയ സ്വയം സേവകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും വിശ്വഹിന്ദു പരിഷത്തുമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് പിന്നിലുള്ളതെന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, കോടതിയും ഇതിനായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

1940ല്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി ബാബരി മസ്ജിദ് തുറന്നുനല്‍കിയതിലും 1986ല്‍ അതിന്റെ കവാടം തുറക്കപ്പെട്ടതിലും, ഒടുവില്‍ 2019 ല്‍ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കപ്പെട്ടതിലും കോടതിയുടെ കറുത്ത കരങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബാബരി തര്‍ക്കത്തിന്റെ നിയമ ചരിത്രം കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അജാസ് അഷ്‌റഫ് പറയുന്നതായി കാണാം ‘1949 മുതല്‍, ബാബരിയുടെ മേലുള്ള തീവ്ര ഹിന്ദുത്വരുടെ അവകാശവാദങ്ങളെ എല്ലാ ഘട്ടത്തിലും ജുഡീഷ്യറി അംഗീകരിച്ചിരുന്നു. അവസാനം സുപ്രീം കോടതി ബാബരി മസ്ജിദ് സ്ഥലം ഹിന്ദു വ്യവഹാരക്കാര്‍ക്ക് കൈമാറുകയും ചെയ്തു’.

തര്‍ക്കത്തിന്റെ തുടക്കം

മതപരവും രാഷ്ട്രീയവുമായ മേല്‍വിലാസങ്ങള്‍ ഒഴിവാക്കിയാല്‍, അയോധ്യ കേസ് ഒരു തുണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള സിവില്‍ തര്‍ക്കമായിരുന്നു. 1885-ല്‍ രഘുബീര്‍ ദാസെന്ന ഹിന്ദു പുരോഹിതന്‍ ബാബരി മസ്ജിദിന് സമീപമുള്ള ചബൂത്രയിലോ അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഉയര്‍ന്ന സ്ഥലത്തോ ഒരു ക്ഷേത്രം പണിയാന്‍ അനുമതി തേടുന്നത് മുതലാണ് ബാബരി കേസ് തലപൊക്കുന്നത്.

ജില്ലാ ഭരണകൂടം അദ്ദേഹത്തെ വിലക്കിയപ്പോള്‍, ക്ഷേത്രം നിര്‍മ്മിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് അദ്ദേഹം ഫൈസാബാദ് സബോര്‍ഡിനേറ്റ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു.1885-ല്‍ അദ്ദേഹത്തിന്റെ ഹരജി കോടതി തള്ളി. അടുത്ത വര്‍ഷം ഫൈസാബാദ് ജില്ലാ ജഡ്ജി അദ്ദേഹത്തിന്റെ അപ്പീലും തള്ളി. മസ്ജിദിനോട് ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കുന്നത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകുമെന്ന യുക്തിയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ രണ്ട് തീരുമാനങ്ങളും കൈകൊണ്ടിരുന്നത്. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും,നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹിന്ദുക്കള്‍ പവിത്രമായി കരുതിയ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന സ്ഥിരീകരിക്കാത്ത സിദ്ധാന്തത്തിന് ഈ രണ്ട് വിധികളും വിശ്വാസ്യത നല്‍കി.

ഹിന്ദു ആരാധനയുടെ തുടക്കം

1949 വരെ മുസ്ലീങ്ങള്‍ സാധാരണഗതിയില്‍ ആരാധന നടത്തുന്ന പള്ളിയായി തന്നെയായിരുന്നു ബാബരി നിലകൊണ്ടിരുന്നത്. ആ വര്‍ഷം ഡിസംബറില്‍, ഫൈസാബാദിലെ ജില്ലാ മജിസ്ട്രേറ്റിന്റെയും സിറ്റി മജിസ്ട്രേറ്റിന്റെയും ഒത്താശയോടെ, രാത്രിയില്‍ ഹിന്ദുത്വര്‍ രാം ലല്ലയുടെയോ ശിശു രാമന്റെയോ ഒരു വിഗ്രഹം രഹസ്യമായി കടത്തിക്കൊണ്ടുപോയി പള്ളിക്കുള്ളില്‍ സ്ഥാപിച്ചു.

ഈ നീക്കം അയോധ്യയില്‍ ക്രമസമാധാന പ്രശ്നത്തിന് കാരണമായി. പ്രശ്‌ന പരിഹാരത്തിനായി , ഒരു എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്, മസ്ജിദ് പരിസരം മുനിസിപ്പല്‍ ബോര്‍ഡിന്റെ സംരക്ഷണത്തിന് കീഴിലാക്കി. 1950 ജനുവരിയില്‍ മുനിസിപ്പല്‍ ബോര്‍ഡ് പള്ളിയുടെ പ്രവേശന കവാടം പൂട്ടി. അന്നുമുതല്‍, മുസ്ലീംകള്‍ക്ക് അവിടെ ആരാധനകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. 1950-ല്‍,മസ്ജിദ് വളപ്പില്‍ രാമനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും, അകത്തുള്ള വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെയും തടയണമെന്നും ആവശ്യപ്പെട്ട് ഒരു ഹിന്ദു ഭക്തന്‍ ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.1951-ല്‍, സിവില്‍ കോടതി ഈ കേസ് എടുത്തു. വിഗ്രഹങ്ങള്‍ നീക്കം ചെയ്യരുതെന്നും പള്ളിയുടെ പുറത്തെ മുറ്റത്ത് പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 1955ല്‍ അലഹബാദ് ഹൈക്കോടതി കീഴ്‌കോടതിയുടെ തീരുമാനത്തെ ശരിവച്ചു.

തുടരെ തുടരെയുള്ള ജുഡീഷ്യല്‍ ഉത്തരവുകളുടെ ഫലമായി, ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്ന പള്ളിയുടെ രൂപത്തിലുള്ള ക്ഷേത്രമായി മാറി ബാബരി മസ്ജിദ്. കോടതി ഒരിക്കലും പള്ളിയില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുവദിച്ചു കൊടുക്കേണ്ടതില്ലായിരുന്നുവെന്ന് 2018ലെയും 2019 ലെയും സുപ്രീംകോടതി വിധികള്‍ വരുന്നതിനു മുമ്പ് മുസ്ലിം പക്ഷത്തെ പ്രതിനിധീകരിച്ചിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ദവാന്‍ തുറന്നടിച്ചിരുന്നു.

പുനര്‍നാമകരണവും പൂട്ടു പൊളിക്കലും

1959-ല്‍ ഹിന്ദു മതവിഭാഗമായ നിര്‍മോഹി അഖാരയും പുരോഹിതനായ രഘുനാഥ് ദാസും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഒരു കേസ് ഫയല്‍ ചെയ്തു.1961-ല്‍, അതിനെതിരെ സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ്, ഭൂമി വിട്ടുനല്‍കണമെന്നും കെട്ടിടം പള്ളിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു രംഗത്തെത്തി. ഈ കേസുകള്‍ രണ്ടര പതിറ്റാണ്ടുകളോളം ഫൈസബാദ് കോടതിയില്‍ കെട്ടികിടന്നു.

1986-ല്‍, കേസുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകന്റെ അപേക്ഷയ്ക്ക് മറുപടിയായി, ഫൈസാബാദ് ജില്ലാ ജഡ്ജി, പള്ളിയുടെ ഗേറ്റുകള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചു. അതിലൂടെ ഹിന്ദു വിശ്വാസികള്‍ക്ക് പരിസരത്ത് പ്രാര്‍ത്ഥന നടത്താനുള്ള അനുമതി ലഭിച്ചു. 35 വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ഇവിടെ ആരാധന ചെയ്യുന്നുണ്ടെന്നും ഇക്കാലയളവില്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നില്ലെന്നും തട്ടിവിട്ടായിരുന്നു ജില്ലാ കോടതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജില്ലാ മജിസ്ട്രേറ്റിന്റെയും ഫൈസാബാദിലെ സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെയും ഉറപ്പിന്റെ പിന്‍ബലത്തില്‍, പള്ളി തുറക്കുന്നത് ക്രമസമാധാന പ്രശ്നത്തിലേക്ക് നയിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിഗ്രഹത്തില്‍ നിന്നും ഭക്തരെ അകറ്റുന്ന അനാവശ്യമായ പ്രകോപനവും കൃത്രിമ തടസ്സമെന്നുമായിരുന്നു പൂട്ടുകളെ കോടതി വിശേഷിപ്പിച്ചത്.

ഈ ഉത്തരവ്, പ്രത്യക്ഷത്തില്‍, സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കി. കേസില്‍ ഒരു വിധി പോലും പറയാതിരുന്ന മുന്‍സിഫ് കോടതിയുടെ അപ്പീലിനെതിരായിട്ടാണ് വിഷയത്തെ കോടതി പരിഗണിച്ചത്. ഉത്തരവ് തള്ളിക്കളയാനുള്ള മറുതന്ത്രമായിരുന്നു അത്. അപേക്ഷകനായ അഭിഭാഷകന്‍ യഥാര്‍ത്ഥ കേസുകളില്‍ കക്ഷിയായിരുന്നില്ല. കൂടാതെ, അര്‍ഹരായിട്ടുള്ള മുസ്ലീം കക്ഷികളെ ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചിട്ടും ജില്ലാ കോടതി നടപടികളില്‍ ഉള്‍പ്പെടുത്തുകയോ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. ഗേറ്റുകളുടെ പൂട്ട് തുറക്കല്‍ തര്‍ക്ക ഭൂമിയെ ഒരു ക്ഷേത്രമാക്കി മാറ്റി.

പള്ളി തകര്‍ക്കലും 1994ലെ സുപ്രീംകോടതി വിധിയും

1992 ഡിസംബറില്‍ ഒരു കൂട്ടം ഹിന്ദുത്വ തീവ്ര ചിന്താഗതിക്കാര്‍ പള്ളി പൊളിക്കുകയും തല്‍സ്ഥാനത്ത് ഒരു താല്‍ക്കാലിക ക്ഷേത്രം പണിയുകയും ചെയ്തു. തുടര്‍ന്നുള്ള ആക്രമണങ്ങളെ കണക്കിലെടുത്ത്,തര്‍ക്ക ഭൂമി ഏറ്റെടുക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ഒരു ഓഡിനന്‍സ് പുറത്തിറക്കി. 1993-ലെ അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുക്കല്‍ എന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ ഈ ഓര്‍ഡിനന്‍സ്, ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന തര്‍ക്കഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 1993-ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍, കോടതി, 3:2 ഭൂരിപക്ഷത്തില്‍, ഈ നിയമം ശരിവച്ചു. എന്നാല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വ്യവഹാരങ്ങള്‍ ഒഴിവാക്കാനുള്ള വ്യവസ്ഥ റദ്ദാക്കി. തല്‍ഫലമായി, തര്‍ക്ക സ്ഥലവുമായി ബന്ധപ്പെട്ട വാദങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു. തീര്‍ത്തും നിരാശജനകമായ വിധിയെന്നായിരുന്നു രാജീവ് ദവാന്‍ ഇതിനെ വിശേഷിപ്പിച്ചത്.സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം കൈവശപ്പെടുത്താനായില്ലെങ്കിലും ഭൂമിയുടെ മേല്‍ താല്‍ക്കാലികമോ നാമമാത്രമോ ആയ അധികാരം കയ്യാളാന്‍ കോടതിയുടെ വിധിയിലൂടെ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുന്ന പക്ഷം ,സ്വത്ത് കൈമാറാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകും.

അലഹബാദ് ഹൈക്കോടതി വിധി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്തില്‍, തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും 1989-ല്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. 2010-ല്‍ അലഹബാദ് ഹൈക്കോടതി വിഷയത്തില്‍ ഒരു പ്രത്യേക പ്രമേയം അവതരിപ്പിച്ചു. തര്‍ക്കഭൂമിയെ തുല്യമായി മൂന്നായി വിഭജിച്ചു, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ലയെ പ്രതിനിധീകരിച്ച് അവകാശവാദം ഉന്നയിച്ച രാം ലല്ല വിരാജ്മാന്‍ എന്നിവര്‍ക്ക് ക്രമപ്രകാരം ഓരോ ഓഹരിയും നല്‍കി.തകര്‍ക്കപ്പെട്ട മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് കീഴിലുള്ള ഭൂമി ഹിന്ദു പാര്‍ട്ടികള്‍ക്ക് പതിച്ചുനല്‍കിയത് ആ സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന വിശ്വസത്തിന്റെ പുറത്തായിരുന്നു. 1885-ല്‍ നിയമപരമായ അവകാശവാദം ഉന്നയിക്കുന്ന ചബുത്രയും ഇതില്‍ ഉള്‍പ്പെടുന്നു.തര്‍ക്ക സ്ഥലത്തിന്റെ പുറം മുറ്റം ഉള്‍പ്പെടുന്ന ഭാഗമായിരുന്നു മുസ്ലിംകള്‍ക്ക് ലഭിച്ചത്.

എല്ലാ കക്ഷികളും സുപ്രീം കോടതിയില്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.കക്ഷികളാരും ആവശ്യപ്പെട്ടില്ലെങ്കിലും ഭൂമി വിഭജിച്ചതിന്റെ അടിസ്ഥാനത്തില്‍ 2011 ലെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സുപ്രീം കോടതിയില്‍ വിഷയം അനിശ്ചിതത്വത്തിലായി നീങ്ങുകയായിരുന്നു.

സുപ്രീം കോടതിയുടെ അന്തിമ വിധി

2019 ജനുവരിയില്‍, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്, വിഷയം തീര്‍പ്പാക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ആ വര്‍ഷം മാര്‍ച്ചില്‍, പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥശ്രമം നടത്താന്‍ കോടതി കക്ഷികളോട് നിര്‍ദ്ദേശിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകനും പ്രശസ്ത മധ്യസ്ഥ വിദഗ്ധനുമായ ശ്രീറാം പഞ്ചു, യോഗ ഗുരുവും ആത്മീയ നേതാവുമായ രവിശങ്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ മധ്യസ്ഥ സമിതിയെ ഇതിനായി രൂപീകരിച്ചു.

മധ്യസ്ഥതയ്ക്കുള്ള ശ്രമമെന്ന് ഇതിനെ വിശേഷിപ്പിച്ചുകൊണ്ട്, 2018-ല്‍ സുപ്രീം കോടതിയില്‍ മുസ്ലീം കക്ഷികളെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍, മൂന്ന് പാനല്‍ അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് (പഞ്ചു) മധ്യസ്ഥനാവാന്‍ യോഗ്യതയുള്ളതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ നിന്നുള്ള മുസ്ലീം ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള ഹിന്ദിയോ ഹിന്ദുസ്ഥാനിയോ ഉറുദുവോ സംസാരിച്ചിരുന്നില്ലായെന്ന് രാമചന്ദ്രന്‍ തുറന്നു പറഞ്ഞു.

തര്‍ക്കം പരിഹരിക്കുന്നതില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, നവംബറില്‍ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കോടതി ദൈനംദിന വാദം കേള്‍ക്കാന്‍ തുടങ്ങി.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധിയില്‍, തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം കോടതി രാം ലല്ല വിരാജ്മാന് നല്‍കി. എന്നിരുന്നാലും, 1949-ല്‍ മസ്ജിദിനുള്ളില്‍ ദൈവവിഗ്രഹം സ്ഥാപിച്ചതും 1992-ല്‍ അത് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് കോടതി സമ്മതിച്ചു. ഇത് പറഞ്ഞയുടനെ തന്നെ മുസ്ലീം കക്ഷികളേക്കാള്‍ കൂടുതല്‍ അര്‍ഹത ഹിന്ദു കക്ഷികള്‍ക്കാണെന്നും കോടതി വിധിച്ചു.

അയോധ്യയില്‍ സുന്നി വഖഫ് ബോര്‍ഡിന് മസ്ജിദ് നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാന്‍ കോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. പല നിയമ വിദഗ്ധരും ഈ വിധിയെ നിശിതമായി വിമര്‍ശിച്ചു. ബാബരി മസ്ജിദ് തകര്‍ത്തത് തന്നെ വലിയ കുറ്റമായി ശേഷിക്കെ, ആ ഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് എത്രമാത്രം വലിയ അപരാധമാണെന്ന് രാമചന്ദ്രന്‍ ചോദിക്കുകയുണ്ടുണ്ടായി. മാധ്യമപ്രവര്‍ത്തകന്‍ അജാസ് അഷ്റഫ് പറയുന്നതു പ്രകാരം, ബാബരി മസ്ജിദ് പിടിച്ചെടുക്കല്‍ സുപ്രീം കോടതി തന്നെ നിയമവിധേയമാക്കിയിരിക്കുന്നു. വിധിയെ ചേര്‍ത്ത് പറയാന്‍ ഒരു അഭിഭാഷകന്‍ പോലും മുന്നോട്ടു വരാതിരുന്ന ഏക കേസായിരുന്നിത്.

ബെഞ്ചിലെ ഒരു അജ്ഞാത ജഡ്ജിയുടെ അനുബന്ധം വിധി ന്യായത്തില്‍ അടങ്ങിയിരുന്നു. നിയമങ്ങളെ യഥാവിധിയല്ല കേസില്‍ ഉപയോഗിക്കപ്പെട്ടതെന്ന് സാമൂഹ്യശാസ്ത്രജ്ഞയും നിയമ ഗവേഷകയുമായ കല്‍പന കണ്ണബീരന്‍ പറഞ്ഞു. പൂര്‍ണ്ണമായും പിഴച്ച ഒന്ന് എന്നായിരുന്നു വിധിയെ ധവാന്‍ വിശേഷിപ്പിച്ചത്. പ്രധാനമായും രണ്ടു പ്രശ്‌നങ്ങളായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. 1989 ല്‍ രാം ലല്ല വിരാജ്മാന്‍ ഫയല്‍ ചെയ്ത ടൈറ്റില്‍ സ്യൂട്ടിന് പരിമിതി നിയമം ബാധകമാക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. ഇതിനെ ‘അസംബന്ധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരിമിതി എന്നത് നിയമപരമായി നിര്‍ദ്ദിഷ്ടമായ ഒരു കാലയളവിനെ സൂചിപ്പിക്കുന്നു. അതിനപ്പുറം ഒരു സ്വത്തവകാശവും തുടരില്ല. ഇന്ത്യയില്‍, ഭൂമിയില്‍ അവകാശം ഉന്നയിക്കുന്നതിനുള്ള പരിമിതി കാലയളവ് 30 വര്‍ഷമാണ്.

ഹിന്ദുക്കള്‍ക്ക് നിയമപരമായി നിക്ഷിപ്തമായ ഉടമസ്ഥാവകാശം എന്നതിലുപരി, തുറന്നതും നിരന്തരവുമായ ഉപയോഗത്തിലൂടെയും കൈവശം വയ്ക്കുന്നതിലൂടെയും നേടിയെടുത്ത അവകാശം മാത്രമേ ഉള്ളൂവെന്നുമായിരുന്നു രണ്ടാമതായി അദ്ദേഹം മുന്നോട്ടുവെച്ച പ്രശ്‌നം. 1885 ലെ കോടതി വിധി അത് മുസ്ലീങ്ങളുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.വിധി തികച്ചും രാഷ്ട്രീയപരമാണെന്നും ഒരിക്കലും നീതിയുക്തപരമല്ലായിരുന്നുവെന്നും രേഖപ്പെടുത്തിയായിരുന്നു രാമചന്ദ്രന്‍ വാക്കുകള്‍ അവസാനിപ്പിച്ചത് . നീതി പൂര്‍ണ്ണമായും തോറ്റിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബരി മസ്ജിദിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍ രാമക്ഷേത്രം സ്ഥാപിച്ചതും രാമജന്മഭൂമി പ്രസ്ഥാനത്തെ സ്ഥലകാല ബോധമില്ലാത്തവരുടെ വിനാശകരമായ ഭ്രമണപഥത്തിലേക്ക് നയിച്ചതും ഉന്നത ജുഡീഷ്യറിയാണെന്ന് കണ്ണബീരന്‍ തറപ്പിച്ചു പറഞ്ഞു. ജസ്റ്റിസ് ഗൊഗോയ് വിരമിച്ച് നാല് മാസത്തിന് ശേഷം മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാമക്ഷേത്രം സ്ഥാപിച്ചതിന് അസമിന്റെ പരമോന്നത സിവില്‍ ബഹുമതി അദ്ദേഹത്തിന് ലഭിക്കാനിടയുണ്ടെന്ന് അന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ വിരമിച്ച് ഒരു മാസത്തിന് ശേഷം ആന്ധ്രാപ്രദേശ് ഗവര്‍ണറായി കേന്ദ്രം നിയമിച്ചു. കേസിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷണിന് വിരമിച്ച് നാല് മാസത്തിന് ശേഷം നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണായി സ്ഥാനക്കയറ്റം ലഭിച്ചു.

 

വിവര്‍ത്തനം: ഇബ്‌നു ബഷീര്‍ കാരിപറമ്പ്
അവലംബം: scroll.in

Related Articles