Current Date

Search
Close this search box.
Search
Close this search box.

അംബേദ്കറെ കരുവാക്കുന്ന ആർ.എസ്.എസ്

ഭരണഘടനയുടെ നിർമ്മാതാവും രാജ്യം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിൽ ഒരാളുമായിരുന്നു ഡോ. ബി.ആർ അംബേദ്കർ. പട്ടേലിനെ  ചേർത്തുപിടിക്കാൻ ശ്രമിച്ചത് പോലെ, സമീപ ദിവസങ്ങളിൽ അംബേദ്കറെയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്ന സ്വഭാവത്തിൽ ചില പരാമർശങ്ങൾ ആർ.എസ്.എസ് നേതാക്കൾ നടത്തുകയുണ്ടായി.

അംബേദ്കറുടെ തത്വശാസ്ത്രവും ആർ.എസ്.എസിന്റെ ആശയധാരയും തമ്മിൽ തീരെ പൊരുത്തമില്ലാത്തതും  ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇരു ധ്രുവങ്ങളിൽ  നില കൊണ്ടവയുമായിരുന്നു. ജാതി നിർമാർജ്ജനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ   നിലനിൽപ്പിനും സാമൂഹിക നീതിയുടെ  അനന്തതയ്ക്കും  ജീവിതം ഉഴിഞ്ഞുവെച്ചു ഡോ. ബി.ആർ അംബേദ്കർ. അതേസമയം,ആർ.എസ്.എസ് പ്രാചീന കാലഘട്ടത്തിലെ ജാതിവ്യവസ്ഥക്കായി   അവിശ്രമം നിലകൊണ്ടു. പകൽ പോലെ തെളിഞ്ഞു നിൽക്കുന്ന വൈരുദ്ധ്യങ്ങൾ അവർക്കിടയിലുണ്ടായിട്ടും ആർ.എസ്.എസിലെ ചില തലമുതിർന്നവർ  അംബേദ്കറെ നേതാവായി ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്. 

അടുത്തിടെ  അവർ ബാബാ സാഹബിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഒക്ടോബർ 24ന് വിജയദശമി ദിനത്തിൽ തന്റെ പ്രസംഗത്തിനിടെ, സർസംഘചാലക് മോഹൻ ഭഗവത് അനുയായികളോട് അംബേദ്കറുടെ പ്രസംഗം ശ്രവിക്കാൻ ഉപദേശിച്ചിരുന്നു.  പ്രത്യേകിച്ചും അവസാനമായി  നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ കേൾക്കാൻ ഭഗവത് നിർബന്ധം പിടിക്കുകയുണ്ടായി. പുകഴ്ത്തി പുകഴ്ത്തി  ഒടുവിൽ അംബേദ്‍കറെ ആർ.എസ്.എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്ഥാനത്തേക്ക് അവരോധിക്കുന്ന സാഹചര്യം പോലുമുണ്ടായി.

ചരിത്രം പരതി നോക്കുമ്പോൾ, സമത്വത്തിനായി അംബേദ്കർ ശബ്ദമുയർത്തിയപ്പോഴെല്ലാം നെറ്റി ചുളിച്ചിരുന്നവരാണ് ആർ.എസ്.എസുകാർ. സാമൂഹിക നീതിക്കായുള്ള ആദ്യകാല പോരാട്ടം ബ്രാഹ്മണ വിരുദ്ധ സമരത്തിന്റെ രൂപത്തിലാണ്  ഉടലെടുക്കുന്നത്. അതിനെ പ്രതിരോധിക്കാനായി പ്രദേശത്തെ ഭൂവുടമകളും  ബ്രാഹ്മണരും ചേർന്നു  രൂപീകരിച്ച സംഘടനയാണ് ആർ.എസ്.എസ്. മഹാരാഷ്ട്രയിൽ  ഈ പ്രസ്ഥാനം ഷെട്ജി-ഭട്ജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജ്യോതി ഭാ ഫുലയുടെ കാർമികത്വത്തിൽ അന്ന് ദളിത് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു. ഫുലെ സമൂഹത്തിലെ അധസ്ഥിത  വിഭാഗക്കാരുടെ സ്കൂൾ പ്രവേശനത്തിനായി ശക്തിയുക്തം  പോരാടി. പിന്നീട് അംബേദ്കറുടെ  നേതൃത്വത്തിലാണ് ദളിത് പ്രസ്ഥാനം തഴച്ചു വളർന്നത്  . അംബേദ്കർ രൂപം നൽകിയ    1920 ലെ “മൂക്നായക്” എന്ന പത്രവും 1923 ലെ “ബഹുജൻ ഹിത്കാരിണി സഭ” യും ദളിത് മുന്നേറ്റത്തിൽ വഹിച്ച പങ്ക് അനിഷേധ്യമാണ്  .

അടിവേരറ്റുപോകുന്ന  സാമൂഹിക നീതിയുടെ സംസ്ഥാപനത്തിനായി  അംബേദ്കർ  ഒട്ടേറെ  ഉദ്യമങ്ങളുമായി മുന്നോട്ട് വന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു പൊതു ഇടങ്ങളിൽ ദളിതുകൾക്ക് വെള്ളം കുടിക്കാൻ അനുമതി തേടികൊണ്ടുള്ള 1927 ലെ ചാവ്ദാർ സത്യാഗ്രഹവും 1930 ലെ കളരം ക്ഷേത്രാനുമതി  പ്രസ്ഥാനവും. ബാബാ സാഹബിന്റെ ഒരൊറ്റ സംരംഭത്തോടും ആർ.എസ്.എസ് ചേർന്നുനിന്നിരുന്നില്ലയെന്നത് നഗ്ന  യാഥാർത്ഥ്യമാണ്. ഉന്നത ജാതിക്കാരായ നേതാക്കളിൽ നിന്നും  ഗാന്ധി മാത്രമായിരുന്നു ദളിതരോടും തിരസ്കൃത വിഭാഗങ്ങളോടും തെല്ല്  മമതയെങ്കിലും കാണിച്ചത്. 

തുടർന്ന് താഴ്ന്ന വിഭാഗക്കാരുടെ  ഉന്നമനത്തിനായി ഗാന്ധിയും അംബേദ്കറും കൈകോർത്തു  1932 ൽ പൂണ പാക്ട് സ്ഥാപിച്ചു. ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തിന് നാളിതുവരെ അലമുറയിട്ടവരാണ്  ആർ.എസ്.എസ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും  വെവ്വേറെ രാഷ്ട്രം വേണമെന്ന്  കിട്ടുന്ന വേദികളിലെല്ലാം പുലമ്പി കൊണ്ടിരുന്നു വി.ഡി സവർക്കർ. ആർ.എസ്.എസിന്റെ  ദ്വിരാഷ്ട്ര സങ്കല്പത്തെ  അംബേദ്കർ നിശിതമായി വിമർശിക്കുകയുണ്ടായി. 

ഹിന്ദുത്വ രാഷ്ട്ര സങ്കല്പത്തോട് തുടക്കം മുതലേ  അംബേദ്കർ നെറ്റി ചുളിച്ചിരുന്നു. “പാക്കിസ്ഥാനും ഇന്ത്യൻ വിഭജനവും” എന്ന തന്റെ കൃതിയിൽ ബാബാ പറഞ്ഞുവെക്കുന്നുണ്ട്. “ആ രാഷ്ട്രമെങ്ങാനും പിറവി കൊണ്ടിരുന്നെങ്കി, അത് ഇന്ത്യക്ക്  താങ്ങാൻ പറ്റാത്ത  ദുരന്തമായി മാറിയേനെ “. ഭൂരിപക്ഷ വാദത്തിനും എതിരായിരുന്നു അംബേദ്കർ. സമകാലിക ഇന്ത്യയിൽ  വലിയ വേരോട്ടമുള്ള  ഒരാശയമാണിത്. ഹിന്ദുമത ഭൂരിപക്ഷങ്ങൾക്കായി  മോഹൻ ഭഗവത്  സജീവമായി രംഗത്തുണ്ട്. അതിൽ എന്താണ് പ്രശ്നമുള്ളതെന്ന് ആരാഞ്ഞ് അപകടകരമായ  ഈ ആശയത്തെ  തോളിലേറ്റുന്നവരിൽ പ്രധാനിയാണ് നരേന്ദ്ര മോദിയും. ഭരണഘടനയുടെ അവസാന ഭാഗം  തയ്യാറാക്കപ്പെട്ട സമയത്ത്, ആർ.എസ്.എസ് തങ്ങളുടെ മുഖപത്രമായ  ഓർഗനൈസറിൽ ഇപ്രകാരം കുറിക്കുകയുണ്ടായി. “പുരാതന ഭാരതത്തിലെ ശേഷിപ്പുകൾ ഒന്നും രൂപം കൊണ്ട പുതിയ ഭരണഘടനയിൽ ഇല്ല”.

പുരുഷമേധാവിത്വം ഇല്ലാതാക്കാനും സ്ത്രീ സമത്വം സ്ഥാപിക്കാനും അംബേദ്കർ  കൊണ്ടുവന്ന  പ്രധാനപ്പെട്ട നയം ആയിരുന്നു ഹിന്ദു ബിൽ. യാഥാസ്ഥിതികരായ  ആർ.എസ്.എസുകാർ  ഇതിനെതിരെ അക്ഷീണം നിലയുറപ്പിച്ചു. ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻ  രാമചന്ദ്ര ഗുഹ എഴുതുന്നു: “ഹിന്ദു സ്ത്രീകൾക്ക് ഇതര ജാതിയിൽ നിന്നും വിവാഹം കഴിക്കാനും നിലവിലെ ഭർത്താക്കന്മാരെ മൊഴിചൊല്ലാനും മരണാനന്തരം അനന്തരം സ്വീകരിക്കാനും   അവകാശം നൽകുന്ന ഹിന്ദു ബില്ലിനെ ആർ.എസ്.എസ് എതിർക്കുകയുണ്ടായി. 1949 ൽ, ഇതിനെതിരെ രാജ്യത്ത് അനല്പം പ്രതിഷേധങ്ങൾ അവർ സംഘടിപ്പിച്ചു”. 

ഭരണഘടന അസംബ്ലി  പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും  പ്രത്യേക  സംവരണ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. അതിനെതിരെ വലതുപക്ഷ   നേതാക്കൾ രാജ്യത്തുടനീളം കുപ്രചരണങ്ങൾ അഴിച്ചുവിട്ടു. അനന്തരം 1980-1981 ലും പിന്നീട് 1985 ലും ഗുജറാത്തിൽ ദളിത് വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറി. അതുപോലെതന്നെ, ന്യൂനപക്ഷ സമുദായങ്ങൾക്കായി മണ്ഡൽ കമ്മീഷൻ  മുന്നോട്ടുവച്ച  ആനുകൂല്യങ്ങളെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഘടിപ്പിക്കപ്പെട്ട രഥയാത്രയിൽ സംഘ നേതാക്കൾ ചോദ്യം ചെയ്യുകയുണ്ടായി. ബി.ജെ.പിയുടെ തല തൊട്ടപ്പനായിരുന്ന  അടൽ ബിഹാരി വാജ്പോയി യാത്രയ്ക്കിടെ വിമർശിക്കുകയുണ്ടായി “അവർ മണ്ഡൽ കൊണ്ടുവന്നു, നമ്മൾ കാമദൽ കൊണ്ടുവന്നു”. ആശ്ചര്യകരമായ കാര്യമെന്തെന്നാൽ, അംബേദ്കറുടെ ചരമ വാർഷിക ദിനമായ ഡിസംബർ ആറിന്, ആ ദിനത്തിന്റെ  പ്രാധാന്യം തല്ലിക്കൊടുത്താനായി, മനപ്പൂർവം   ആർ.എസ്.എസ് ബാബരി മസ്ജിദ് പൊളിക്കാനുള്ള കരുക്കൾ നീക്കിയെന്നുള്ളതാണ് .

മതന്യൂനപക്ഷങ്ങളുടെ അത്താണിയായിരുന്നു അംബേദ്കർ. അവരുടെ അവകാശ സംരക്ഷണത്തിനായി  അദ്ദേഹം  കിണഞ്ഞു പരിശ്രമിച്ചു. സ്വാന്ത്രാനന്തര ഇന്ത്യയിൽ പൂർണ്ണാർത്ഥത്തിൽ   ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ  ഒരിക്കലും നിറവേറ്റപ്പെട്ടിരുന്നില്ല. ചെറിയ രീതിയിൽ  അവർക്ക് പരിഗണന ലഭിച്ചപ്പോഴെല്ലാം,  അതിനെ ന്യൂനപക്ഷ പ്രീണനമെന്ന് മുദ്രകുത്തി  വലതുപക്ഷ നേതാക്കൾ. യഥാർത്ഥത്തിൽ സാഹോദര്യത്തിനു വേണ്ടിയായിരുന്നു  അംബേദ്കർ പ്രവർത്തിച്ചിരുന്നത്. നേർ വിപരീതമായി സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷവും  വെറുപ്പും വിളമ്പുകയായിരുന്നു.

അംബേദ്കർ ജനാധിപത്യത്തോട് ചേർന്ന് നിൽക്കുകയും സാമൂഹിക ജനാധിപത്യമെന്ന ആശയത്തെ കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്‍തു. പൂർണ്ണ ജാതി വിരോധിയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ജാതിവിരുദ്ധ   നീക്കങ്ങളെ  പ്രതിരോധിക്കാനായി ആർ.എസ്.എസ് “സാമൂഹിക സമരത മഞ്ച്” എന്ന പ്രസ്ഥാനം രൂപീകരിക്കുകയുണ്ടായി . മുൻ സംഘടനകളെപ്പോലെ  സദുദ്ദേശപരമായിരുന്നില്ല ഈ പ്രസ്ഥാനത്തിന്റെ നീക്കങ്ങളും. പുരാതന കാലഘട്ടത്തിലെ സാമൂഹിക ശ്രേണീകരണത്തിനായി സദാ വാദിക്കുന്ന ആർ.എസ്.എസ് ധാരാളം ജാതികൾ ഹിന്ദു സമുദായത്തിന്  കെട്ടുറപ്പ് നൽകുമെന്ന്  പറഞ്ഞു പരത്തി .

മേൽപ്രസ്താവിത സംഭവങ്ങളിലൂടെ  ഇരു ധാരകൾക്കിടയിലെ വൈജാത്യത്തെ നമുക്ക്  അനായാസം അടർത്തിയെടുക്കാനാകും. ഹിന്ദു ഭൂരിപക്ഷ വാദികൾ പുതിയ രീതിയിൽ ജാതി വ്യവസ്ഥയെ  നിലനിർത്താൻ  സകല അടവുകളും പയറ്റിക്കൊണ്ടിരിക്കുന്നു. ഭരണഘടനയെ നാമമാത്രമായി അംഗീകരിച്ചു, ജാതിക്കും ലിംഗത്തിനും പ്രാമുഖ്യം ലഭിക്കപ്പെടുന്ന, ഭരണഘടനക്ക് ദ്വിതീയ പരിഗണന നൽകപ്പെടുന്ന ഒരു നാഗരിക രാഷ്ട്രമായി  അവർ ഇന്ത്യയെ ഉയർത്തിക്കാണിക്കുന്നു. വളരെ ബുദ്ധിപരമായി അദ്ദേഹത്തിന്റെ ആശയങ്ങളെ എതിർക്കുന്നതോടൊപ്പം തന്നെ, സംഘ്പരിവാർ  തങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിനായി അംബേദ്കറെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. പശു രാഷ്ട്രീയവും ഇതര കാവിവത്കൃത അജണ്ടകളും ഹിന്ദുത്വ രാഷ്ട്രീയത്തിന് കാര്യമായ മൈലേജ് നൽകാത്ത സന്ദർഭത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ജയിച്ചടക്കാനുള്ള  കുതന്ത്രമായിട്ടെ ഇതിനെ കാണാനൊക്കൂ.

Related Articles