Current Date

Search
Close this search box.
Search
Close this search box.

ബിർസ മുണ്ട; ചരിത്രത്തെ വക്രീകരിക്കുന്ന ഹിന്ദുത്വ ഇടപെടലുകൾ 

മുണ്ടയെ സ്വന്തമാക്കാനുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ ശ്രമങ്ങളുടെ പ്രധാന വശം അദ്ദേഹം ക്രിസ്ത്യൻ വിരുദ്ധനായിരുന്നു എന്ന അവകാശവാദങ്ങളാണ്. എന്നാൽ ഇത് മുണ്ടയുടെ ജീവിതത്തിലെ സങ്കീർണ്ണമായ സംഭവങ്ങളുടെ തെറ്റായ വായനയാണെന്ന് ചരിത്രകാരന്മാർ വാദിക്കുന്നു.

1875 നവംബർ 15 ന് ഉലിഹാതുവിൽ ജനിച്ച മുണ്ട, 1886 നും 1890 നും ഇടയിൽ ജർമ്മൻ പ്രൊട്ടസ്റ്റൻ്റ് മിഷനറിമാർ നടത്തുന്ന ചൈബാസയിലെ ഗോസ്നർ മിഷൻ സ്കൂളിൽ ചേർന്നു.  ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, മുണ്ടയുടെ പിതാവ് ആ പ്രദേശത്ത് സ്വാധീനമുള്ള ഒരു ജർമ്മൻ പ്രൊട്ടസ്റ്റൻ്റ് വിഭാഗമായ ഗോസ്നർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് നിയമിച്ച മതപ്രബോധകനായിരുന്നു. പിന്നീട് മുണ്ട ‘ദൗഡ്’ എന്ന പേരിൽ സ്നാനമേറ്റു.

തങ്ങളുടെ ഭൂമി കൈക്കലാക്കി സാംസ്‌കാരിക സ്വത്വത്തെ ഇല്ലാതാക്കിയ ദിക്കുകൾക്കെതിരെയും പുറത്തുള്ളവർക്കെതിരെയും മുണ്ടയുടെയും ഒറോൺ ആദിവാസികളുടെയും നേതൃത്വത്തിലുള്ള സർദാരി ലരായ് പ്രസ്ഥാനം പ്രതിഷേധിച്ചു. ഇത് മുണ്ടയുടെ യുവത്വ കാലത്തായിരുന്നു. ബാര എഴുതിയതുപോലെ, “ആദിവാസികളുടെ വ്യാപകമായ അധസ്ഥിതാവസ്ഥയും കൂടിവരുന്ന ദുരിതങ്ങളും യുവ ബിർസയുടെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു”.

സ്‌കൂളിൽ പഠിക്കുമ്പോൾ മിഷനറിമാർ സർദാർമാരെ വിമർശിക്കുകയും അവരെ വഞ്ചകർ എന്ന് വിളിക്കുകയും ചെയ്യുന്നത് മുണ്ടയെ അവരെ നേരിടാൻ പ്രേരിപ്പിച്ചുവെന്ന് ‘ബിർസ മുണ്ടയും അദ്ദേഹത്തിൻ്റെ പ്രസ്ഥാനവും’ എന്ന പുസ്തകത്തിൽ ചരിത്രകാരനും ഉദ്യോഗസ്ഥനുമായ കെ.എസ് സിംഗ് എഴുതുന്നുണ്ട്. ഇതേതുടർന്ന് മുണ്ടയെ സ്കൂളിൽ നിന്നും പുറത്താക്കി.

പുറത്താക്കിയ ശേഷം, ക്രിസ്ത്യൻ മിഷനറിമാർ മുതൽ ബ്രിട്ടീഷ് ഭരണകൂടം വരെയുള്ള എല്ലാ പ്രഭുക്കന്മാരും ഒരേ തൊപ്പി ധരിക്കുകയും ആദിവാസികളോട് ഒരേ സമീപനം പുലർത്തുകയും ചെയ്യുന്നവരാണെന്ന അർഥത്തിൽ “സാഹെബ്, സാഹെബ്, ഏക് ടോപി” എന്ന് മുണ്ട പ്രഖ്യാപിച്ചത് പ്രസിദ്ധമാണ്.

സിംഗ് പറയുന്നതനുസരിച്ച്, 1890 ൽ ബിർസയും കുടുംബവും ചൈബാസ വിട്ടുപോകുകയും സർദാരി പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്ന മിക്ക ആളുകളെയും പോലെ അവരുടെ പള്ളിയിലെ അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു.

ഇതിനുശേഷം മുണ്ട ഒരു വൈഷ്ണവ വൈദികൻ്റെ ശിക്ഷണത്തിൽ ഏതാനും വർഷങ്ങൾ ചെലവഴിച്ചു. അദ്ദേഹവുമായി പിരിഞ്ഞ ശേഷം ബിർസ ഒരു രോഗശാന്തിക്കാരനും പ്രബോധകനും തൻ്റെ സമുദായത്തിൻ്റെ നേതാവുമായി അറിയപ്പെട്ടു. 1899 ഡിസംബറിൽ അദ്ദേഹം ‘ഉൽഗുലൻ’ എന്ന പ്രസ്ഥാനം സ്ഥാപിച്ചു.  1899 ലെ ക്രിസ്മസ് തലേന്ന് മുണ്ടയും അനുയായികളും സിംഗ്ഭും, റാഞ്ചി എന്നീ ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കും പള്ളികൾക്കും നേരെ തീവെപ്പും അമ്പാക്രമണവും നടത്തിയതായി സിംഗ് എഴുതിയിട്ടുണ്ട്.

വലതുപക്ഷ ഗ്രൂപ്പുകൾ മുണ്ടയുടെ സ്കൂളിലെ സംഘർഷങ്ങളും ഈ ആക്രമണങ്ങളും അദ്ദേഹം ക്രിസ്ത്യൻ വിരുദ്ധ വികാരങ്ങൾ പുലർത്തിയിരുന്നു എന്നതിൻ്റെ പ്രധാന തെളിവുകളായി അവതരിപ്പിക്കുന്നു.

വാസ്തവത്തിൽ, ബാര എഴുതിയതുപോലെ, ക്രിസ്ത്യൻ മിഷനറിമാർ പോലും മുണ്ടയോട് ശത്രുത പുലർത്തിയിരുന്നു. അദ്ദേഹത്തെ ഒരു “പക്വതയില്ലാത്ത മതഭ്രാന്തനും” “യുവ കുരങ്ങനും” ആയിട്ടാണ് അവർ ചിത്രീകരിച്ചത്.

എന്നാൽ പണ്ഡിതരായ പ്രബൽ സരൺ അഗർവാളും ഹർഷ് വർദ്ധൻ ത്രിപാഠിയും വാദിച്ചത് മുണ്ട ഇത്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും അവക്ക് “ഹിന്ദുമതത്തെ സംരക്ഷിക്കുന്നതുമായോ പ്രതിരോധിക്കുന്നതുമായോ യാതൊരു ബന്ധവുമില്ല” എന്നാണ്. മറിച്ച് വാക്കുകൊണ്ടും ശരീരം കൊണ്ടും നടത്തിയ ആക്രമണങ്ങൾ “ഛോട്ടാനാഗ്പൂരിലെ മുണ്ടകൾക്കിടയിലും ക്രിസ്ത്യൻ മിഷനറിമാർ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ളവരിൽ നിന്ന് തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന മറ്റ് ആദിവാസി സമൂഹങ്ങൾക്കിടയിലും ഒരു പ്രത്യേക സ്വത്വ ബോധം ഉയർന്നുവന്നതിനെ സൂചിപ്പിക്കുന്നു”.

ജർമ്മൻ ജെസ്യൂട്ട് മിഷനറി ജോൺ ഹോഫ്മാൻ 1900-ൽ എഴുതിയത്, തുടക്കത്തിൽ ഈ ആക്രമണങ്ങൾ ക്രിസ്ത്യൻ മുണ്ടകളെ “ഭീകരമാക്കി” “ബിർസൈറ്റ് മതവും രാജും അംഗീകരിപ്പിക്കാൻ” ഉദ്ദേശിച്ചായിരുന്നു.  എന്നാൽ ഹോഫ്മാൻ്റെ അഭിപ്രായത്തിൽ, ഈ ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം മുണ്ടയുടെ അനുയായികൾ അദ്ദേഹത്തിൽ നിന്നുമുദ്ധരിച്ച് പറഞ്ഞത്, “യഥാർത്ഥ ശത്രുക്കൾ സാഹിബ്മാരും സർക്കാരും ആണെന്നും, മുണ്ടകളിൽ നിന്നുള്ള ഒരാൾ, ക്രിസ്ത്യാനിയാവട്ടെ അല്ലാതിരിക്കട്ടെ, അയാൾ അപായമേൽക്കാതെ പോകും” എന്നാണ്.

മുണ്ടയെ ക്രിസ്ത്യൻ വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിച്ചതിനു പുറമേ, തൻ്റെ ജീവിതത്തിലൂടെ അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചുവെന്ന് വാദിക്കാനും വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമിച്ചു.

ഹിന്ദു വലതുപക്ഷ വ്യാഖ്യാതാക്കൾ അദ്ദേഹത്തെ “അനേകം ആദിവാസി ജനവിഭാഗങ്ങളെ നയിച്ച ഒരാളായി അവതരിപ്പിക്കുന്നതിനു പകരം ഹിന്ദു അനുകൂലിയും ക്രിസ്ത്യൻ വിരുദ്ധനുമായി ഉയർത്തിക്കാണിക്കാനാണ് ശ്രമിച്ചത്”, എന്ന് ബാര അഭിപ്രായപ്പെടുന്നുണ്ട്.

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി 2022 ൽ പ്രകാശനം ചെയ്ത തുഹിൻ സിൻഹയുടെയും അങ്കിത വർമ്മയുടെയും ‘ദ ലെജൻഡ് ഓഫ് ബിർസ മുണ്ട’ എന്ന പുസ്തകമാണ് മുണ്ടയുടെ സ്മരണയ്ക്ക് വേണ്ടിയുള്ള സമീപകാല ശ്രമങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത്. സിൻഹ 2016 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവാണ്. മുമ്പ് ത്രില്ലറുകളും റൊമാൻസ് നോവലുകളും എഴുതിയിട്ടുണ്ട്. “ആദിവാസി നേതാവിൻ്റെ ജീവിതത്തെക്കുറിച്ച് ‘ഉണർന്ന ലിബറൽ’ അവകാശവാദങ്ങളെ ഇല്ലാതാക്കാൻ” ആണ് പുസ്തകം ശ്രമിക്കുന്നത്. എന്നാൽ അത് ഏത് ഇനം സാഹിത്യമാണെന്ന് വ്യക്തമല്ല. അതിൻ്റെ സംഗ്രഹത്തിൽ, അത് “യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി” ഉള്ളതാണെന്ന് വിവരിക്കുന്നുണ്ട്.

ഹിന്ദുമതത്തോടുള്ള മുണ്ടയുടെ അടുപ്പത്തിൻ്റെ തെളിവായി ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നിവ പഠിപ്പിച്ചിരുന്ന വൈഷ്ണവ മതപ്രഭാഷകൻ്റെ കീഴിൽ മുണ്ട ചെലവഴിച്ച വർഷങ്ങളെ സിൻഹയും വർമ്മയും ഒരു ‘ഓപ് ഇന്ത്യ’ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാനും വർഷം നീണ്ടുനിന്ന ഈ ശിക്ഷണം “ബിർസയിൽ ഒരു ആത്മീയ പരിവർത്തനത്തിന് കാരണമായി” എന്നും “ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതത്തിൽ ഒരു ഘട്ടത്തിലും ഹിന്ദുമതത്തോട് കൃത്യമായ വിരോധമൊന്നും ഇല്ല” എന്നും അവർ അവകാശപ്പെടുന്നു.

എന്നാൽ സിങ്ങിൻ്റെ പുസ്തകം ഹിന്ദുമതവുമായുള്ള മുണ്ടയുടെ ബന്ധത്തിൻ്റെ അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അവതരിപ്പിക്കുന്നത്.  മുണ്ടയുടെ അനുയായിയായ ഭാർമി മുണ്ട എഴുതിയ കൈയെഴുത്തു പ്രതിയെയും ഖുന്തിയിലെ പ്രദേശവാസികളുടെ വാക്കുകളെയും അടിസ്ഥാനമാക്കി സിംഗ് എഴുതിയ പുസ്തകത്തിൽ മുണ്ട മൂന്ന് വർഷം വൈദികൻ്റെ കീഴിൽ ചെലവഴിച്ചുവെന്നും വിശുദ്ധ നൂൽ ധരിക്കുന്നത് പോലെയുള്ള ഹിന്ദു ആചാരങ്ങൾ സ്വീകരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ മുണ്ട എതിർപ്പുകളൊന്നുമില്ലാത്ത വിശ്വസിയായിരുന്നില്ല. വാസ്തവത്തിൽ, സർദാർ പ്രക്ഷോഭത്തിലെ മുണ്ടയുടെ പങ്കാളിത്തത്തെക്കുറിച്ച് വൈദികൻ ആശങ്കാകുലനായിരുന്നു. “അവൻ്റെ വികാരം അവനെ കീഴടക്കാൻ അനുവദിക്കരുത്” എന്ന് വൈദികൻ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടായിരുന്നു. “പക്ഷേ ബിർസയ്ക്ക് തൻ്റെ ഉൾവിളിക്ക് ചെവികൊടുക്കാതിരിക്കാൻ കഴിയില്ലായിരുന്നു” എന്ന് സിംഗ് എഴുതി.  അതുകൊണ്ടുതന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ പഠനം അവസാനിച്ചു.

സിൻഹയുടെ പുസ്തകം ആദിവാസികൾ ഹിന്ദുക്കളാണെന്ന് പറയുന്നില്ല. “വൈഷ്ണവ, ശൈവ സ്വാധീനങ്ങളിൽ നിന്ന് മുക്തരായിട്ടില്ലാത്ത” “സൂര്യനെ ആരാധിക്കുന്നവർ” എന്നാണ് സിൻഹ അവരെ വിളിച്ചത്.

മുണ്ടയുടെ കാലത്ത് ആദിവാസികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായിരുന്നുവെന്നും ക്രിസ്ത്യൻ ആദിവാസികൾ ആദിവാസികളല്ലെന്നും പുസ്തകം സൂചിപ്പിക്കുന്നു. ഈ ചരിത്രപരമായ അവകാശവാദങ്ങളെ സമകാലിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിൽ, ജാർഖണ്ഡിലെ ആദിവാസി സമൂഹം “നൂറു വർഷങ്ങൾക്ക് മുമ്പുള്ളതുപോലെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിതവും പ്രോത്സാഹജനകവുമായ പരിവർത്തനത്തിന് ഇരയാകുന്നു” എന്ന് സിൻഹ വാദിച്ചു.

മുണ്ടയെക്കുറിച്ച് തിരഞ്ഞെടുത്ത വിവരണം അവതരിപ്പിക്കുന്നതിൽ സിൻഹയുടെ പുസ്തകം മാത്രമല്ല ഉള്ളത്. ഇന്ത്യൻ സാംസ്കാരിക മന്ത്രാലയം 2022 ഓഗസ്റ്റിൽ ‘സ്വാതന്ത്ര്യ സമരത്തിലെ ആദിവാസി നേതാക്കൾ’ എന്ന പേരിൽ ഒരു കോമിക് പുസ്തകം പുറത്തിറക്കിയിരുന്നു. ‘അമർചിത്രകഥ’യാണ് അത് പ്രസിദ്ധീകരിച്ചത്. ബിർസ മുണ്ടയുടെ കഥ സംക്ഷിപ്തമായി ഉൾക്കൊള്ളുന്ന അഞ്ച് പേജുകളിൽ മിഷനറിമാർ മുണ്ട ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചതിനും മുണ്ടയുടെ മതനിരാസത്തിനും കനത്ത ഊന്നൽ നൽകി.

ക്രിസ്ത്യൻ മിഷനറിമാരുടെ ആക്രമണത്തിനെതിരായി ‘ഹിന്ദുക്കളുടെ’യും ‘ഹിന്ദു സംസ്കാര’ത്തിൻ്റെയും രക്ഷകനായാണ് ഹിന്ദുത്വ ആഖ്യാനം ബിർസ മുണ്ടയെ ചിത്രീകരിക്കുന്നതെന്ന് അഗർവാളും ത്രിപാഠിയും അഭിപ്രായപ്പെട്ടു. എന്നാൽ ഇത് “ചരിത്രത്തെ ബോധപൂർവ്വം തെറ്റായി വായിക്കുന്നതും” “ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഭാഗത്തുനിന്നുള്ള ബോധപൂർവ വഞ്ചനയും” ആണെന്ന് അവർ വാദിക്കുന്നു.

മുണ്ടയുടെ ജീവിതകഥയും അദ്ദേഹത്തിൻ്റെ മതാന്വേഷണങ്ങളുടെ പ്രാധാന്യവും അമിതമായി ലളിതവൽക്കരിച്ചുകൊണ്ടുള്ള അത്തരം വാദങ്ങൾ ഗോത്രസമൂഹങ്ങളുടെ “പ്രത്യേകമായ സ്വത്വം” നിഷേധിക്കുകയും “മതം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ” ആക്രമിക്കുകയും ചെയ്യുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.

കൂടാതെ മുണ്ടയെ പ്രതിബദ്ധതയുള്ള ഒരു ഹിന്ദുവായി സ്ഥാപിക്കാൻ ശ്രമിക്കുന്ന ആഖ്യാനങ്ങൾ പ്രാദേശിക ഐതിഹ്യങ്ങളുടെ പ്രധാന വിശദാംശങ്ങൾ ഒഴിവാക്കുന്നു. സിംഗ് എഴുതുന്നു,

1893ൽ മുണ്ട ‘ചൂടിയ പൂർത്തി’ എന്ന വംശത്തിലെ തൻ്റെ പൂർവ്വികരുമായി ബന്ധപ്പെട്ട ചൂടിയയിലെ ഒരു പ്രശസ്തമായ ക്ഷേത്രം സന്ദർശിച്ചു.  ബാരയുടെ പേപ്പറിൽ ഉദ്ധരിച്ച മുണ്ടയുടെ അനുയായികൾ പാടിയ ഒരു ഗാനം സൂചിപ്പിക്കുന്നത്, പൂർവികരുടെ ഭൂമി കൈക്കലാക്കുന്നതിനും ഹിന്ദുമതം അടിച്ചേൽപ്പിക്കുന്നതിനുമെതിരെയുള്ള ചെറുത്തുനിൽപ്പിൻ്റെ ഭാഗമായി ചൂടിയ ക്ഷേത്രത്തിലെ വിഗ്രഹങ്ങളോട് മുണ്ട അനാദരവ് കാണിച്ചു എന്നാണ്. ആ ഗാനത്തിലെ വരികൾ ഇങ്ങനെയാണ്, “റാഞ്ചി നിയമ കോടതി, ബിർസ, നിങ്ങൾ അത് കുലുക്കി;  ദുരാന്ദ അസംബ്ലി, ബിർസ, നിങ്ങൾ അത് നീക്കി.  ചൂടിയയിലെ ക്ഷേത്രം, ബിർസ, നിങ്ങൾ അതിനെ ചവിട്ടി;  രാമൻ്റെയും സീതയുടെയും ചിത്രങ്ങൾ, ബിർസ, നിങ്ങൾ അവരെ തകർത്തു”.

വൈദികനുമായി പിരിഞ്ഞ ശേഷം രോഗങ്ങളിൽ നിന്ന് ആളുകളെ സുഖപ്പെടുത്തുന്ന ഒരു രോഗശാന്തിക്കാരനായി മുണ്ട പ്രശസ്തി നേടി. നരവംശശാസ്ത്രജ്ഞനായ എസ്‌.സി റോയ് തൻ്റെ ‘മുണ്ടകളും അവരുടെ രാജ്യവും’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി, ഈ ജോലിയിലൂടെ മുണ്ടയുടെ പേര് “മുണ്ട രാജ്യത്തിൻ്റെ വിദൂര കോണിലേക്ക്” വ്യാപിക്കുകയും അദ്ദേഹം ഒരു “അത്ഭുത പ്രവർത്തകൻ” ആയി അറിയപ്പെടുകയും ചെയ്തു. താമസിയാതെ മുണ്ട താൻ ഒരു ദൈവമാണെന്ന് അവകാശപ്പെട്ട് “സ്വന്തം മതം പ്രസംഗിക്കാൻ” തുടങ്ങി. മുണ്ട കർശനമായ “പെരുമാറ്റച്ചട്ടം” ആവിഷ്‌കരിച്ചുവെന്നും അതിന് കീഴിൽ “മോഷണം, നുണ പറയൽ, കൊലപാതകം എന്നിവ അനാസ്ഥയാണെന്നും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെന്നും” സിംഗ് എഴുതി.

നവംബർ 19 ന് ഞാൻ ഖുന്തിയിലെ അനിഗര ഗ്രാമത്തിൽ വച്ച് മംഗ്രു മുണ്ട എന്ന ബിർസൈറ്റ് ഗുരുവിനെ കണ്ടു. മുണ്ടയ്ക്കും അദ്ദേഹത്തിൻ്റെ അനുയായികൾക്കും എതിരായ അടിച്ചമർത്തലിന് നൂറ്റാണ്ടുകൾക്ക് ശേഷം ബിർസൈറ്റുകളുടെ എണ്ണം ഏകദേശം 10,000 ആയി ഉയർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദിവാസികളെ ഹിന്ദുക്കളായി കണക്കാക്കാമെന്ന ആശയം മംഗ്രു നിരസിച്ചു. “ഹിന്ദുക്കളും ആദിവാസികളും തമ്മിൽ വ്യത്യാസമുണ്ട്, കാരണം ആദിവാസികൾ അവരുടെ സ്വന്തം വിശ്വാസമാണ് പിന്തുടരുന്നത്”, അദ്ദേഹം പറഞ്ഞു.  മുണ്ടയുടെ ക്രിസ്ത്യൻ വിരുദ്ധതയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “കൊളോണിയൽ കാലഘട്ടത്തിൽ നിരവധി ആദിവാസികളെ അവരുടെ പരമ്പരാഗത വിശ്വാസത്തിൽ നിന്ന് അകറ്റി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചിരുന്നു”.  സ്വന്തം മതം സ്ഥാപിക്കാനുള്ള മുണ്ടയുടെ നീക്കം ആദിവാസികൾക്കൊരു ബദൽ നൽകാനുള്ള ശ്രമമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഭഗവാൻ ബിർസ ഞങ്ങൾക്കായി ഒരു പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു, ലളിതമായി ജീവിക്കാനും ലളിതമായി വസ്ത്രം ധരിക്കാനും ലളിതമായി ഭക്ഷണം കഴിക്കാനും വേണ്ടി ഞങ്ങൾ അത് പിന്തുടരുന്നു”, അദ്ദേഹം പറഞ്ഞു.

1899 ൽ ആരംഭിച്ച മുണ്ടയുടെ ഉൾഗുലൻ്റെ പ്രധാന ലക്ഷ്യങ്ങൾ “മുന്നേറുക, എല്ലാ വിദേശികളെയും പുറത്താക്കുകയോ കൊല്ലുകയോ ചെയ്യുക, മുണ്ടരാജ് സ്ഥാപിക്കുക, വാടക നൽകേണ്ടതില്ല, എല്ലാ ഭൂമിയും വാടക രഹിതമായി സൂക്ഷിക്കേണ്ടതാണ്” എന്നിവയായിരുന്നു. ഇന്നും ഉപയോഗത്തിലുള്ള ഉൾഗുലാൻ്റെ ജനപ്രിയ മുദ്രാവാക്യം “അബുവ ഡിസോം, അബുവ രാജ്”, (നമ്മുടെ രാജ്യം, നമ്മുടെ ഭരണം) എന്നാണ്.

ആദിവാസികളെ ചൂഷണം ചെയ്യുന്ന പുറത്തുനിന്നുള്ളവരെ എതിർത്താണ് വിപ്ലവം ആരംഭിച്ചത്. ദിക്കു എന്നാണവർ അറിയപ്പെട്ടിരുന്നത്. ഇതിൽ “രാജാസ്, ഹക്കിം, സെമീന്ദർ, ക്രിസ്ത്യാനികൾ” എന്നിവരും ഉൾപ്പെടുന്നുവെന്നും ബാര അഭിപ്രായപ്പെട്ടു. പുറത്തുനിന്നുള്ളവരുടെ എല്ലാതരം മേൽക്കോയ്മയും അവസാനിപ്പിക്കുക എന്നതായിരുന്നു അവർക്കെതിരെ വിപ്ലവം നയിക്കാനുള്ള പ്രധാന പ്രചോദനം.

“ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനു കീഴിലുള്ള അനീതിക്കെതിരെ ഒരു നൂറ്റാണ്ടിലേറെയായി ആദിവാസികൾ നടത്തിയ പ്രതിഷേധത്തിൻ്റെ പാരമ്യമായിരുന്നു ഉൽഗുലൻ” എന്ന് ബാര എഴുതി.

1772 മുതൽ ബ്രിട്ടീഷ് ഭരണകൂടം ഛോട്ടാനാഗ്പൂരിൽ അധികാരമേറ്റപ്പോൾ “വ്യത്യസ്‌ത രൂപത്തിലുള്ള സർക്കാർ നികുതികൾ കൊണ്ടുവരികയും ഭൂവുടമകളെ മുൻനിര ഏജൻ്റുമാരായി നിർത്തുകയും ചെയ്തു.  കൊളോണിയൽ ഗവൺമെൻ്റിൻ്റെ പ്രതിനിധി എന്ന നിലയിൽ ഭൂവുടമകളും അവരുടെ കീഴുദ്യോഗസ്ഥരും ആദിവാസി കർഷകരുടെ മേൽ പല തരത്തിലുള്ള അതിക്രമങ്ങളും നടത്തി”.

1895 ആയപ്പോഴേക്കും ബിർസയുടെ വിപ്ലവകരമായ പ്രസംഗങ്ങളും ദൈവമാണെന്ന അവകാശവാദവും കൊളോണിയൽ അധികാരികളുടെ ശ്രദ്ധയിൽപെട്ടു. 1895 ഓഗസ്റ്റ് 22ന് അദ്ദേഹത്തെ കൊളോണിയൽ പോലീസ് പിടികൂടി വിചാരണ ചെയ്യുകയും രണ്ട് വർഷം തടവിലിടുകയും ചെയ്തു. 1897ൽ മോചിതനായപ്പോൾ ബിർസൈറ്റ് മതവും രാജും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം തൻ്റെ വിപ്ലവപ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

1899 ജനുവരി 9ന് സെയിൽ റകാബ് എന്ന ഗ്രാമത്തിനടുത്തുള്ള ദൊംബാരി ബുരു കുന്നിൽ ബ്രിട്ടീഷ് സൈന്യവും ബിർസൈറ്റുകളും തമ്മിൽ ഏറ്റുമുട്ടി. ബ്രിട്ടീഷ് സൈന്യം റൈഫിളുകൾ ഉപയോഗിച്ചും ബിർസൈറ്റുകൾ മഴുവും അമ്പും ഉപയോഗിച്ചുമാണ് പോരാടിയത്.  സൈന്യത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല, അതേസമയം ബിർസൈറ്റ് വംശജരിൽനിന്നും മരണപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 10 മുതൽ നൂറുകണക്കിന് വരെയാണെന്നാണ് മുണ്ടയിൽനിന്നുള്ള  സ്രോതസ്സുകൾ പറയുന്നത്. മുണ്ട സ്ത്രീകളും കലാപത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.  “മുണ്ടയുടെ ആക്രമണമോ ചെറുത്തുനിൽപ്പോ ഒരു സായുധ പോരാട്ടമായിരുന്നില്ല, അവരുടെ കാലഹരണപ്പെട്ട ആയുധങ്ങൾ ശത്രുക്കളുടെ അത്യാധുനിക ആയുധങ്ങളുമായി കിടപിടിക്കുന്നതായിരുന്നില്ല”, സിംഗ് എഴുതി.

ദൊംബാരിയിൽ തോറ്റ യുദ്ധം ബിർസയുടെ അവസാനത്തിനുള്ള തുടക്കമായിരുന്നു. മുണ്ടയുടെ വാസസ്ഥലം വെളിപ്പെടുത്താൻ ബിർസൈറ്റുകളിൽ ഒരു “ഭീകരഭരണം” അഴിച്ചുവിടുകയും അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തു. ഫെബ്രുവരി മൂന്നിന് മുണ്ടയെ പിടികൂടി. മരണം തൻ്റെ അടുത്തെത്തിയെന്ന സൂചന തോന്നിയ മുണ്ട തൻ്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു,

“ഞാൻ നിങ്ങളെ കൈവിട്ടുപോയെന്ന് കരുതരുത്. ഞാൻ നിങ്ങൾക്ക് എല്ലാ ആയുധങ്ങളും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. നിങ്ങൾ അതുപയോഗിച്ച് രക്ഷപ്പെടും”.

ഒരുപാട് ദിവസം നീണ്ടുനിന്ന അസുഖത്തെത്തുടർന്ന് ജൂൺ 9 ന് ബിർസ റാഞ്ചി ജയിലിൽ വച്ച് അന്തരിച്ചു. വിഷം നൽകി കൊലപ്പെടുത്തിയതാണെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികൾ വിശ്വസിക്കുന്നത്. ഡോംബാരി ബുരുവിലെ യുദ്ധത്തെക്കുറിച്ച് മുണ്ടാരി പാട്ടുകളിൽ അനുസ്മരിക്കുന്നുണ്ട്. രക്തസാക്ഷികളെ അനുസ്മരിക്കാൻ ആളുകൾ വർഷം തോറും ഒരു ശിലാസ്മാരകം സ്ഥാപിച്ചിരിക്കുന്ന ആ കുന്നിൽ ഒത്തുകൂടുന്നു.

മുണ്ടയുടെ ചരിത്രപരമായ പൈതൃകം ജാർഖണ്ഡിൻ്റെ വാമൊഴി പാരമ്പര്യത്തിൽ സജീവമായിട്ടുണ്ട്. സാമൂഹിക വ്യവഹാരങ്ങളിൽ സജീവമായ ഗ്രൂപ്പുകൾ അവ മുൻനിരയിലേക്കെത്തിക്കുന്നു.

“ജാർഖണ്ഡിലെ എല്ലാ പ്രസ്ഥാനങ്ങളും, മനുഷ്യാവകാശത്തിനോ ഭൂമിയുടെ മേലുള്ള അവകാശങ്ങൾക്കോ തൊഴിലാളികളുടെ അവകാശങ്ങൾക്കോ, എന്തിനുവേണ്ടിയുള്ളതുമാകട്ടെ, ബിർസയെ അവർ തങ്ങളുടെ ആരാധനാപാത്രമായി കണക്കാക്കുന്നു,” ജാർഖണ്ഡ് ജനാധികർ മഹാസഭയുടെ പ്രവർത്തകനായ അലോക കുജൂർ പറഞ്ഞു.  “അദ്ദേഹത്തിൻ്റെ പേര് ആളുകളെ ഒരുമിച്ചുകൂട്ടുകയും അദ്ദേഹം ഒരുക്കിയ പാതയിലൂടെ ഞങ്ങൾ എല്ലാവരും നടക്കുകയും ചെയ്യുന്നു”.

മുണ്ടകളുടെ ‘ഖുന്ത്കാട്ടി’ അവകാശങ്ങൾ ബിർസയുടെ കാലത്തെ സാരമായ ഭീഷണിയായിരുന്നു. വനഭൂമി വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കുന്നവർക്ക് ഭൂമിയുടെ കൂട്ടായ ഉടമസ്ഥാവകാശം നൽകുന്ന ഒരു ആചാരത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. എസ്‌.സി റോയിയുടെ പുസ്തകത്തിൽ ഉദ്ധരിച്ച 1899 ലെ ലോവർ പ്രവിശ്യകളിലെ കൊളോണിയൽ ലാൻഡ് റവന്യൂ അഡ്മിനിസ്‌ട്രേഷൻ്റെ ഒരു റിപ്പോർട്ടിൽ ഉള്ളത് ഇങ്ങനെയാണ്, “കാട്ടിലെ അവകാശങ്ങളെ സംബന്ധിച്ച തർക്കങ്ങൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, അത്തരത്തിലുള്ള അവകാശങ്ങളുടെ ഒത്തുതീർപ്പിന് എന്തെങ്കിലും മാർഗം ഉണ്ടാക്കിയില്ലെങ്കിൽ, ഒന്നുകിൽ കർഷകരുടെ പഴയ അവകാശങ്ങളോ അല്ലെങ്കിൽ വനങ്ങൾ തന്നെയോ ജില്ലയുടെ വലിയൊരു ഭാഗത്ത് നിന്നും ഉടൻ അപ്രത്യക്ഷമാകും”.

ഒരു സംഭാഷണത്തിൽ ബാര പറയുന്നത് പണ്ഡിതന്മാർ പലപ്പോഴും ആ സമൂഹത്തിനുള്ള ഭൂമിയുടെ പ്രാധാന്യം അവഗണിക്കാറുണ്ട് എന്നാണ്.  “ആദിവാസികൾ ഭൂമിക്ക് വേണ്ടി പോരാടുന്ന വെറും കർഷകരാണെന്നാണ് പണ്ഡിതന്മാർ അനുമാനിക്കുന്നത്. എന്നാൽ ഭൂമി അവർക്ക് കേവലം ഒരു ഉപജീവന മാർഗ്ഗമല്ല, അത് ആദിവാസികളുടെ നിലനിൽപ്പിൻ്റെ അടിത്തറയാണ്, അവരുടെ മുഴുവൻ സാംസ്കാരിക അസ്തിത്വവും അത് ഉൾവഹിക്കുന്നു”, അദ്ദേഹം പറഞ്ഞു.

മുണ്ടയുടെ വിപ്ലവത്തിന് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടായിരുന്നു. മുണ്ട സമുദായത്തിലെ ബിർസയെപ്പറ്റിയുള്ള പാട്ടുകളെ വിശകലനം ചെയ്യുന്ന പ്രബന്ധത്തിൽ, ഭാഷാശാസ്ത്രജ്ഞരായ രാം ദയാൽ മുണ്ടയും നോർമൻ സൈഡും ഇങ്ങനെ:  എഴുതി, “പ്രത്യക്ഷമായ തോൽവിയാണ് നേരിട്ടതെങ്കിലും ബിർസ നയിച്ച പ്രസ്ഥാനം അദ്ദേഹത്തിൻ്റെ മരണശേഷം (ഭാഗികമായെങ്കിലും) വിജയമായിരുന്നു”.  “കാർഷിക ക്രമക്കേടുകളാണ് അശാന്തിയുടെ മൂലകാരണമെന്ന് അധിനിവേശകർ മനസ്സിലാക്കിയിരുന്നു.  ബിർസയുടെ കലാപം മുമ്പത്തെ – സർദാറുകൾക്കെതിരെയുള്ളതും മറ്റ് അറിയപ്പെടാത്തതുമായ – പ്രക്ഷോഭങ്ങളുടെ പാരമ്യമായിരുന്നു” എന്ന് അവർ അഭിപ്രായപ്പെട്ടു.

ഇത് നയത്തിലും നിയമത്തിലും കാര്യമായ മാറ്റങ്ങൾക്ക് കാരണമായി.  “1902 ലെ ‘സർവേ ആൻഡ് സെറ്റിൽമെൻ്റ് ഓപ്പറേഷനിൽ’ ആരംഭിച്ച കാർഷിക നടപടികളുടെ പരമ്പര അവസാനിച്ചത് ടെനൻസി അഥവാ കുടിയാൻ നിയമത്തിനുള്ള വ്യവസ്ഥയിലാണ്”. ആദിവാസികളുടെ ഭൂമി വിൽക്കുന്നത് നിരോധിക്കുകയും ഭൂമി കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന 1908 ലെ ഛോട്ടാനാഗ്പൂർ കുടിയാൻ നിയമം മുണ്ടയുടെ വിപ്ലവത്തിൻ്റെ ഫലമാണെന്നാണ് ഇന്ന് പരക്കെ വിശ്വസിക്കപ്പെടുന്നത്.

“ജൽ, ജംഗൽ, ജമീൻ എന്നിവയ്‌ക്കായുള്ള അദ്ദേഹത്തിൻ്റെ പോരാട്ടമാണ് ഞങ്ങൾക്ക് ചോട്ടനാഗ്പൂർ കുടിയാൻ നിയമം നൽകുകയും ഭൂമിയുടെ മേൽ ഞങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്‌തത്”, ഉലിഹാതു ഗ്രാമവാസിയായ നെൽസൺ മുണ്ട പറഞ്ഞു.

ഭൂമിയും അതിൽ നിന്നും രൂപപ്പെട്ട സാംസ്കാരിക സ്വത്വവും ജാർഖണ്ഡ് പ്രസ്ഥാനത്തിൻ്റെ പ്രത്യേക സംസ്ഥാനത്തിനായുള്ള പോരാട്ടത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്നു.  “ജാർഖണ്ഡി സാംസ്കാരിക പൈതൃകത്തിൽ ഭൂമി ജീവനാണ്”, ജാർഖണ്ഡ് പാർട്ടിയുടെ നേതാക്കൾ 1987 ൽ കേന്ദ്ര സർക്കാരിന് അയച്ച മെമ്മോറാണ്ടത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

ബ്രിട്ടീഷ് കൊളോണിയലിസത്തിലും അതിനുശേഷവും പ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ മൂലകാരണം ഭൂമിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. “വിഭവങ്ങൾ തേടിയുള്ള കോളനിവൽക്കരണം അവരുടെ പ്രദേശത്തേക്ക് തുളച്ചുകയറാൻ തുടങ്ങിയപ്പോഴാണ് ജാർഖണ്ഡികളെ പുറത്താക്കുന്ന പ്രക്രിയ ആരംഭിച്ചത്”, എന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. ബ്രിട്ടീഷുകാരുടെ വിടവാങ്ങലോടെ “ജാർഖണ്ഡിലെ ബാഹ്യമായ കൊളോണിയലിസം അവസാനിച്ചു”, എന്നാൽ “ആഭ്യന്തര കൊളോണിയലിസത്തിൻ്റെ” ഘട്ടം അതിനെ പിന്തുടരുകയും “ജാർഖണ്ഡികളുടെ പുറന്തള്ളൽ തടസ്സമില്ലാതെ തുടരുകയും ചെയ്യുന്നു” എന്നത് കൂട്ടിച്ചേർത്തു.

പ്രത്യേക സംസ്ഥാന രൂപീകരണത്തിന് ശേഷവും ജാർഖണ്ഡിലെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുത്തുന്ന കാര്യം നിർണായക വിഷയമായി തുടരുകയാണ്. 2016ൽ രഘുബർ ദാസിൻ്റെ കീഴിലുള്ള ഭാരതീയ ജനതാ പാർട്ടി സർക്കാർ ജാർഖണ്ഡിൽ അധികാരത്തിലിരുന്നപ്പോൾ ഛോട്ടാനാഗ്പൂർ കുടിയാൻ നിയമത്തിലും സന്താൽ പർഗാനാസ് നിയമത്തിലും ഭേദഗതികൾ കൊണ്ടുവന്നു. ഭൂമിയുടെ മേലുള്ള തങ്ങളുടെ അവകാശങ്ങളിൽ ഈ ഭേദഗതികൾ മായംചേർത്തതായി നിരവധി ആദിവാസികൾ വിശ്വസിക്കുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയരുകയും 2017 ൽ സർക്കാർ ആ ഭേദഗതികൾ പിൻവലിക്കുകയും ചെയ്തു.

ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം നിയോഗിക്കപ്പെട്ട ആദ്യത്തെ ആദിവാസി ഇതര മുഖ്യമന്ത്രിയായിരുന്നു ദാസ്. 2019 ലെ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള പ്രധാന കാരണം ഈ ഭേദഗതികളാണെന്ന് ആദിവാസി വിദഗ്ധർ വാദിച്ചു.

അതിനുശേഷം, 1970 കളിലെ ജാർഖണ്ഡി പ്രസ്ഥാനത്തിൽ നിന്ന് ഉടലെടുത്ത പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ച അധികാരത്തിൽ വന്നു. ആദിവാസി സ്വത്വത്തിൻ്റെ ഹിന്ദുത്വവൽക്കരണത്തെ ജാർഖണ്ഡ് മുക്തി മോർച്ച നിരാകരിക്കുകയും സർന മതത്തെ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബിർസ മുണ്ടയുടെ പൈതൃകം കേവലം ചരിത്രപരമോ അക്കാദമികമോ അല്ലെന്നും രാഷ്ട്രീയമായും തെരഞ്ഞെടുപ്പുപരമായും ജാർഖണ്ഡിൽ അതിൻ്റെ കളി തുടരുകയാണെന്നും ഭൂമിയുടെയും സാംസ്കാരിക സ്വത്വത്തിൻ്റെയും പേരിലുള്ള തുടർച്ചയായ തർക്കങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ വലതുപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ ചിലതെങ്കിലും വിജയം കണ്ടിട്ടുണ്ടെന്ന് ആദിവാസി പണ്ഡിതർ സമ്മതിക്കുന്നു. വലതുപക്ഷ ഗ്രൂപ്പുകൾ, ദേശീയ തലത്തിൽ അവഗണിക്കപ്പെടുന്ന, ആദിവാസികളുമായി അടുത്ത ബന്ധമുള്ള കാരണങ്ങളുടെ പക്ഷംപിടിച്ചു വാദിച്ച് അവരെ വിജയിപ്പിക്കാൻ ശ്രമിച്ചത് ഒരു ഉദാഹരണമാണ്.

ഈ വർഷത്തെ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷങ്ങളെക്കുറിച്ച് എഴുതുമ്പോൾ, സാമൂഹ്യശാസ്ത്രജ്ഞയായ വിർജീനിയസ് സാക്സ അഭിപ്രായപ്പെട്ടത് ഇതാണ്, “ആദിവാസി സമൂഹങ്ങൾ അവരുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും ചരിത്രപരമായ ഐക്കണുകളടങ്ങിയ പൈതൃകത്തിലും അഭിമാനിക്കുന്നു. ആദിവാസി മനസ്സിൻ്റെ ഈ വശം ബി.ജെ.പി ഉചിതമായി വകവെച്ചുകൊടുക്കയും അതിനെ രാഷ്ട്രീയത്തിൻ്റെ ഒരു സുപ്രധാന അജണ്ടയാക്കി മാറ്റുകയും ചെയ്തു”.

ജൻജാതിയ ഗൗരവ് ദിവസിൽ പുതിയ പദ്ധതികളിലൂടെ “ആദിവാസി വികസനം” എന്ന പേരിലുള്ള പരിപാടിക്കും സർക്കാരിൻ്റെ ക്ഷേമത്തിനും വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്ന് ബർല കുറിച്ചു. എന്നാൽ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ, ആദിവാസി ഭൂമിയുടെ സംരക്ഷണത്തിനുള്ള പ്രധാന നിയമങ്ങളായ അഞ്ചാം ഷെഡ്യൂൾ, ഛോട്ടാ നാഗ്പൂർ കുടിയാൻ നിയമം, സന്താൽ പർഗാനാസ് കുടിയാൻ നിയമം എന്നിവ തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായി ബർല പറയുന്നു. “ഈ ഭരണഘടനാപരമായ അവകാശങ്ങളെല്ലാം പാതി നിർജീവമാക്കിയിരിക്കുന്നു”, അവർ പറഞ്ഞു.  “ഭൂബാങ്ക്, സ്വാമിത്വ യോജന തുടങ്ങിയ പുതിയ പദ്ധതികൾ പഴയ നിയമങ്ങളെ നേർപ്പിക്കുന്നു”. ഇത് “യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ” ചെയ്തതാണെന്ന് അവർ വാദിച്ചു.

“ബിർസയുടെയും മറ്റെല്ലാ ആദിവാസി രക്തസാക്ഷികളുടെയും പോരാട്ടം ഒരാളുടെ ഭൂമിയും പൈതൃകവും സ്വത്വവും സംരക്ഷിക്കാനായിരുന്നുവെന്നും” അവർ കൂട്ടിച്ചേർത്തു.  “അദ്ദേഹം പോരാടിയ അതേ അവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ ഇന്നും പോരാടുന്നത്”.

വിവ: ഹിറ പുത്തലത്ത്

ആദ്യ ഭാഗം വായിക്കാൻ: https://islamonlive.in/politics/how-hindutwa-groups-reshape-birsa-munsa-legend/

Related Articles